ബാലിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ചേർത്തിണക്കി കിടിലനൊരു യാത്രാപാക്കേജ് ഒരുക്കിയിരിക്കുകയാണ് റെയിൽവേ ടൂറിസം. Bissful Bali Premium Package (EHO041) എന്നു പേരിട്ടിരിക്കുന്ന പാക്കേജ് അഞ്ച് രാത്രിയും ആറുപകലും നീണ്ടുനിൽക്കുന്നു. കൊൽക്കത്തയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ജൂൺ 3, ഓഗസ്റ്റ് 11 എന്നീ തീയതികളാണ് നിലവിൽ യാത്രയ്ക്കായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ജൂൺ മൂന്നിന് കൊൽക്കത്തയിൽ നിന്ന് രാത്രി 12.10 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 6.05 ന് കോലാലംപൂരിൽ എത്തും. ഇവിടുന്ന് രാവിലെ 9.20 ന് പുറപ്പെടുന്ന വിമാനം 12.20 യ്ക്ക് ബാലിയിലെ ഡെൻസാപാർ എയർപോർട്ടിലെത്തും. ആദ്യത്തെ ദിനം പാക്കേജ് പ്രകാരം കാഴ്ചകളൊന്നും പ്ലാൻ ചെയ്തിട്ടില്ലാത്തതിനാൽ സഞ്ചാരിയ്ക്ക് തന്റെ താൽപര്യപ്രകാരം കാഴ്ചകളും ഷോപ്പിങ്ങും നടത്താം.

രണ്ടാം ദിനം പാക്കേജ് പ്രകാരമുള്ള യാത്ര ആരംഭിക്കും. ജലവിനോദങ്ങൾക്ക് പേരുകേട്ടിട്ടുള്ള തൻജംഗ് ബെനോവ ബീച്ചിലേക്കാണ് ആദ്യയാത്ര. ഉച്ചകഴിഞ്ഞ് ഉലുവാട്ടുക്ഷേത്രത്തിലേക്കാണ് പോകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 70 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കെട്ടിനു മുകളിൽ കാടിനുള്ളിലാണ് ഉലുവാട്ടു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്നാമത്തെ ദിവസത്തെ യാത്ര സെലുക്ക് സിൽവർ ആർട് വില്ലേജ് സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് മാസ് വുഡൻ കാർവ്ഡ് ആർട് വില്ലേജ്, കിന്റമണി ഹോട്ട് സ്പ്രിങ് (ഭൂമിയ്ക്കടിയിൽ നിന്ന് സ്വാഭാവികമായി വരുന്ന ചൂടുനീരുറവ) എന്നിവിടങ്ങൾ സന്ദർശിക്കാം.

നാലാമത്തെ ദിവസത്തെ യാത്ര ഉലുന്ദനു ബെരാട്ടൻ ക്ഷേത്ര സന്ദർശനത്തോടെയാണ് തുടങ്ങുന്നത്. ജലക്ഷേത്രങ്ങളിൽ ഒന്നാണിത്. മഹാദേവനാണ് ഇവടുത്തെ പ്രതിഷ്ഠ.ഉച്ചയ്ക്ക് ശേഷം തനഹ്ലോട്ട് ക്ഷേത്രത്തിലേക്കാണ് പോകുന്നത്. കടലിനോടു ചേർന്നുള്ള പാറക്കെട്ടിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ സൂര്യാസ്തമയമാണ് പ്രധാനകാഴ്ച.

ഡെൻപാസർ സിറ്റിടൂറാണ് അഞ്ചാം ദിനത്തെ പ്രധാന ആകർഷണം. ജഗനാഥക്ഷേത്രം കാണാനും പ്രാദേശിക, തനത് ബാലി വിഭവങ്ങൾ മേടിക്കാനും അവസരമുണ്ടായിരിക്കും. ആറാമത്തെ ദിനം മടക്കം.

ബാലി യാത്ര ടിക്കറ്റ് നിരക്ക് ഇപ്രകാരമാണ്; സിംഗിൾ ഷെയറിങ് 91,270 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 79,590 രൂപ, ട്രിപ്പിൾ ഷെയറിങ് ഒരാൾക്ക് 74,470 രൂപ, ബെഡ് ആവശ്യമില്ലാത്ത കുട്ടിയ്ക്ക് 71,040 രൂപ.
പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. ഇന്തൊനീഷ്യയിലേക്കുള്ള വീസ ഓൺ അറൈവൽ ചെലവുകൾ യാത്രക്കാർ വഹിക്കേണ്ടതാണ്.