ADVERTISEMENT

ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അദ്ഭുതക്കാഴ്ചകൾ എവിടേയും പ്രതീക്ഷിക്കാം. സ്ഥിരം ഡെസ്‌റ്റിനേഷനുകളിൽ കാണുന്നതിനെക്കാൾ ആവേശം ജനിപ്പിക്കുന്ന അനുഭവങ്ങൾ പല പട്ടണങ്ങളിലും മറഞ്ഞുകിടക്കുന്നുണ്ടാവും. വിമാനത്തിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ നഷ്ടമാകുന്ന ഇത്തരം വിസ്മയങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചേരുമെന്നതാണ് റോഡ് യാത്രയുടെ നേട്ടം. ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ–മ്യാൻമർ മോട്ടോർസൈക്കിൾ യാത്രയിൽ ലക്നൗ നൽകിയ അനുഭവം ഇത്തരം ഒന്നായിരുന്നു.

‘ഭൂൽഭുലയ്യ’ എന്നു കേൾക്കുമ്പോൾ ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പ് ആയിരിക്കും സിനിമ പ്രേമികൾ ഓർക്കുക. ചിത്രത്തിൽ എല്ലാവരെയും വട്ടം കറക്കുന്ന നായികയെ പോലെ ചെല്ലുന്നവരെ സംഭ്രമിപ്പിക്കുന്ന കെട്ടിടമുണ്ട് ലക്നൗവിൽ, പേര് ഭൂൽഭുലയ്യ... ആയിരത്തിലേറെ ഇടനാഴികളും കാഴ്ചയിൽ ഒരുപോലെ തോന്നുന്ന നൂറുകണക്കിനു വാതിലുകളുമുള്ള നിർമിതി. ആ കെട്ടിടം നന്നായി പരിചയമില്ലാത്ത ആരെങ്കിലും വിശാലമായ പ്രവേശന ഹാളിൽനിന്ന് ഉള്ളിലേക്ക് കയറിയാൽ പുറത്തിറങ്ങുക അസാധ്യമാണത്രേ. അതു മാത്രമല്ല, രാജഭരണകാലത്ത് കാവൽഭടൻമാർക്ക് അവരുടെ സ്ഥാനത്തു നിന്നു തന്നെ കവാടം കടന്നെത്തുന്നവരെ കാണാനുള്ള സൗകര്യം, ഭൂമിക്കടിയിലൂടെയുള്ള ജലപ്രവാഹവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജലാശയം തുടങ്ങി ഒരു എൻജിനീയറിങ് അദ്ഭുതമാണ് ഭൂൽഭുലയ്യ. റൂമി ഗേറ്റ്, ബാരാ ഇമാം മസ്ജ്ദ് തുടങ്ങിയ സമീപകാഴ്ചകൾ കൂടി ആയപ്പോൾ ലക്നൗ ഒരു വിശേഷ അനുഭവമായി മാറി.

lucknowroomigate
ADVERTISEMENT

ലക്നൗവിലെ തുർക്കി ഗേറ്റ്

രാത്രിയായി ലക്നൗവിൽ എത്തിയപ്പോൾ. ഇന്ത്യയിലെ മെട്രോ നഗരങ്ങളോടു കിട പിടിക്കുന്ന പട്ടണം. മുൻപ് ഈ വഴി കടന്നു പോയിട്ടുണ്ടെങ്കിലും ഗൗരവമായി കാഴ്ച കണ്ടിട്ടില്ല. നഗരത്തിന്റെ ലാൻഡ് മാർക്കായ റൂമി ഗേറ്റ് നിയോൺ ലൈറ്റിന്റെ പ്രകാശത്തിൽ പ്രഭാപൂരിതമായിരിക്കുന്നു. 60 അടി ഉയരമുള്ള ഈ കവാടം തുർക്കിയിലെ ബാബ്–ഇ–അലി എന്ന ഗോപുരത്തിന്റെ മാതൃകയിൽ 1784–86 കാലത്ത് നിർമിച്ചതാണ്. തുർക്കിഷ് ഗേറ്റ്, റൂമി ദർവാസ എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്.

lucknowroomigatefrontandbackview
ADVERTISEMENT

ഗേറ്റിന്റെ ഇരുവശവും വ്യത്യസ്തമായ കാഴ്ചകളാണ് നൽകുന്നത്. കിഴക്കു നിന്നു നോക്കുമ്പോൾ തെക്കു വടക്കു നീളത്തിലുള്ള ഒരു ബഹുനില മന്ദിരത്തിനു മധ്യത്തിലൂടെ മൂന്നു പടുകൂറ്റൻ കമാനങ്ങളായി അനുഭവപ്പെടും. കമാനങ്ങളുടെ മുകൾ ഭാഗം രജപുത്ര ശൈലിയുമായി സാമ്യം തോന്നും വിധമാണ്. പടിഞ്ഞാറു വശത്ത് അറബ് ശൈലിയിലുള്ള ഒരൊറ്റ വളച്ചു വാതിൽ. രണ്ടു വശത്തുനിന്നും രണ്ടു രീതിയിൽ അനുഭവപ്പെടുന്നതിനാൽ റൂമി ഗേറ്റിനെ തുർക്കിയിലെ ഗോപുരവുമായി താരതമ്യം ചെയ്യുന്നതു തെറ്റാണെന്നും സമാനതകളില്ലാത്ത നിർമിതിയാണ് ഇതെന്നും വാദിക്കുന്നവരുമുണ്ട്. റൂമി ഗേറ്റിനു നടുവിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഇരട്ടവരി പാതയും കടന്നു പോകുന്നുണ്ട്. റോഡിനു നടുവിലുള്ള ഈ നിർമിതി നഗരപുരോഗതിക്ക് ഒരിക്കലും തടസ്സമായി നിന്നിട്ടില്ല.

lucknowbhoolbhulayias

ശരിയായ വഴി ഒന്നുമാത്രം

ADVERTISEMENT

ലക്നൗവിലെ രണ്ടാം ദിനം. തലേന്നു രാത്രി നിയോൺ ലൈറ്റിന്റെ വെളിച്ചത്തിൽ പ്രകാശിച്ച റൂമി ഗേറ്റിനു പകൽ സൂര്യപ്രകാശത്തിലും തിളക്ക കുറവൊന്നുമില്ല. ഗേറ്റിനു സമീപത്തെ വിശാലമായ മൈതാനത്താണ് ഭൂൽഭുലയ്യ. അകത്തേക്കു കടക്കാൻ ടിക്കറ്റ് എടുക്കണം, 25 രൂപ. മൈതാനത്ത് എത്തിയാൽ വലതു ഭാഗത്ത് മിനാരങ്ങളോടുകൂടിയ അറേബ്യൻ ശൈലിയിലുള്ള കെട്ടിടം കാണാം. വലിയ പടിക്കെട്ടുകൾ ചവിട്ടി കയറിച്ചെന്നാൽ വിശാലമായ ഹാളിലേക്കു പ്രവേശിക്കാം. നവാബുമാരുടെയും ഭരണചക്രം തിരിച്ച പ്രധാനികളുടെയും ചിത്രങ്ങളും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള മസ്ജിദുകളുടെ ചെറു രൂപങ്ങളും അവിടെ കാണാം. 30 അടി മുകളിലുള്ള മച്ച് പൂക്കളുടെയും മറ്റും ചിത്രങ്ങളാൽ അലംകൃതമാണ്.

lucknowbhoolbhulayiainside

വിശാലമായ ഈ ഹാളിൽനിന്നാണ് ഭൂൽഭുലയ്യ എന്ന വിസ്മയത്തിലേക്കു കടക്കുന്നത്. ഹാളിന് ഇടതും വലതും വശങ്ങളിൽ ഓരോ കവാടം കാണാം. ഈ കെട്ടിടം നന്നായി പരിചയിച്ചിട്ടുള്ള ഗൈഡിന് ഒപ്പമേ അകത്തേക്കു കടക്കാൻ പറ്റു. ഒരു വാതിലിൽ കൂടി പ്രവേശിച്ചാൽ തുടർന്നങ്ങോട്ട് ഒട്ടേറെ വഴികൾ കാണാം. അതിൽ ഒരെണ്ണം മാത്രമേ ശരിയായ വഴിയുള്ളു. മറ്റു വഴികളിലൂടെയൊന്നും പുറത്തിറങ്ങാൻ സാധിക്കില്ല. ഈ വഴികളെല്ലാം കാഴ്ചയിൽ സമാനമായി തോന്നിക്കുന്നു എന്നത് കുരുക്ക് ഇരട്ടിയാക്കുന്നു.

lucknowbhoolbhulayiadoors

ഭൂൽഭുലയ്യയുടെ ചരിത്രം വിശദമാക്കിക്കൊണ്ട് ഗൈഡ് മുന്നേ നടന്നു. ആദ്യ നിരയിൽ നിന്ന് ഒരാൾക്കു മാത്രം കടന്നുപോകാവുന്ന കുഞ്ഞൻ വാതിലുകളും ചെറിയ ഗോവണി പടികളും ഇടനാഴിയും കടന്നു. ഇടനാഴി അവസാനിക്കുന്നിടത്ത് മൂന്നോ നാലോ വഴികൾ കാണാം. സംസാരം തുടർന്നുകൊണ്ടു തന്നെ ഗൈഡ് അതിൽ ഒരു വഴിയിലേക്കു തിരിഞ്ഞു. ഒന്നിനു പിറകെ ഒന്നായി മൂന്നോ നാലോ നിലകൾ കയറി. ഇടയ്ക്കു പുറത്തേക്കു തുറക്കുന്ന കിളിവാതിലുകൾ കാണാം. അവ കാവൽക്കാരുടെ നിരീക്ഷണ ജാലകങ്ങൾ ആയിരുന്നു. ഇവിടെ കാവൽക്കാർ സന്ദേശങ്ങൾ കൈമാറിയിരുന്നത് ചുമരുകളിലൂടെ അയിരുന്നു. ഉള്ളു പൊള്ളയായ ചുമരിൽ മുഖം അമർത്തി അറിയിക്കേണ്ട കാര്യം സംസാരിച്ചാൽ അകലെയുള്ള കാവൽക്കാർ വരെ ചെവി ഭിത്തിയോടു ചേർത്തു വച്ച് മനസ്സിലാക്കും.

ക്ഷാമകാലത്തെ ക്ഷേമത്തിന്

lucknowbhoolbhulayia

1784 ൽ നവാബ് അസാഫ്ഉദിന്റെ കാലത്താണ് ഭൂൽഭുലയ്യ നിർമിച്ചത്. രാജ്യതലസ്ഥാനം ഫൈസാബാദിൽ നിന്നും ലക്നൗവിലേക്കു മാറ്റിയതും ഇദ്ദേഹമാണ്. ലക്നൗ നഗരം ഇന്ത്യയുടെ തന്നെ മുഖ്യധാരയിലേക്ക് എത്താനും ഈ തലസ്ഥാന പദവിയാണ് കാരണമായതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അക്കാലത്ത് അവധ് പ്രവിശ്യയിൽ കൊടും വരൾച്ചയും ക്ഷാമവും അനുഭവപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്ടു. ഒട്ടേറെ മരണം സംഭവിച്ചു. പട്ടിണിക്കു പരിഹാരമായി തൊഴിലാളികൾക്കു തൊഴിൽ നൽകുന്നതിനായിട്ടാണ് ഭൂൽഭുലയ്യയുടെ നിർമാണം ആരംഭിച്ചത്. അവധിലെ തൊഴിലാളികൾക്കു പ്രാതിനിധ്യം ഉറപ്പാക്കിയും അവർക്കു കൂടുതൽ കൂലി അനുവദിച്ചും ദാരിദ്ര്യത്തിനു ശമനം നൽകാൻ നവാബിനു സാധിച്ചു.

lucknowbhoolbhulayiaterraceview

ചരിത്രം കേട്ട് നടക്കുന്നതിനിടയിൽ ഏതാനും തവണ ഇടത്തോട്ടും അത്ര തന്നെ വലത്തോട്ടും തിരിഞ്ഞ് പടികൾ കയറിയപ്പോൾ മുകളിലെ മട്ടുപ്പാവിൽ എത്തി. സമീപത്തുള്ള റൂമി ദർവാസയുടേയും ബാരാ ഇമാംബ്രയുടേയും ഭൂൽഭുലയ്യ സമുച്ചയത്തിലേക്കു പ്രവേശിക്കുമ്പോൾ കടന്നു പോന്ന ഗംഭീര കവാടങ്ങളുടേയും മനോഹരമായ ദൃശ്യങ്ങൾ കണ്ടു. അകത്തേക്കു വന്നപോലെ ഗൈഡിനെ പിൻപറ്റി പടവുകൾ ഇറങ്ങിയും വഴി തിരിഞ്ഞും താഴെ എത്തി.

ADVERTISEMENT