വൃക്ഷങ്ങൾ ഇടതിങ്ങി വളരുന്ന കാട്ടിലും പുല്ലു വിരിച്ച താഴ്‌വരകളിലും കോടമഞ്ഞു പുതയ്ക്കുന്ന മലകളിലും നടന്ന് ആനയെയും കടുവയെയും കാട്ടുപോത്തുകളെയും ക്യാമറയ്ക്കു വിരുന്നാക്കിയവർ കാതങ്ങൾക്കപ്പുറം, കുറ്റിക്കാടുകളും മണലാരണ്യങ്ങളും മാത്രമുള്ള നാട്ടിൽ എന്തു ചെയ്യും? ഫൊട്ടോഗ്രഫിക്കൊപ്പം പ്രകൃതിയെ പ്രണയിക്കുന്ന ഒരാൾക്ക് ക്യാമറയുമായി തന്റെ മുന്നിലുള്ള ലോകത്തേക്ക് ഇറങ്ങാതിരിക്കാനാകില്ല. ജീവിതത്തിൽ പച്ചപ്പൊരുക്കാൻ സൗദി അറേബ്യയുടെ മണൽച്ചൂടിൽ എത്തിയ വനം, വന്യജീവി ഫൊട്ടോഗ്രഫർ കൗഷിക് വിജയന്റെ മുന്നിലുണ്ടായിരുന്നതും ഇതേ മാർഗമായിരുന്നു.
എണ്ണിച്ചുട്ട അവധിക്കു നാട്ടിലെത്തുമ്പോൾ ബന്ധുഗൃഹങ്ങളിലേക്കു പോകുന്നതുപോലെ കബനി, തഡോബ, കോർബറ്റ്, പെഞ്ച് കാടുകളിലേക്ക് സഞ്ചരിച്ചു. പ്രവാസ ദിനങ്ങളിൽ സൗദി അറേബ്യയിലെ പ്രകൃതി സ്പന്ദനങ്ങൾ തേടി ഇറങ്ങിയപ്പോഴാണ് തിരിച്ചറിയുന്നത് ക്യാമറയ്ക്കു മുന്നിലെത്തുന്ന പക്ഷികൾ മരീചിക അല്ല, ഫൊട്ടോഗ്രഫി സാധ്യതകളുടെ പറുദീസതന്നെ ആയിരുന്നു എന്ന്. കൗഷിക് വിജയന്റെ മണലാര്യണത്തിലെ ഫൊട്ടോഗ്രഫി സഞ്ചാരങ്ങളിലൂടെ
ഇത്ര ഏറെ പക്ഷികളോ!

‘15 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഫൊട്ടോഗ്രാഫി ഗൗരവമായി എടുത്തത് അഞ്ച് വർഷം മുൻപാണ്..ഡിഎസ്‌എൽആർ ക്യാമറയിൽ പതിയുന്ന ഫ്രെയിമുകൾ ഓരോന്നായി മാറി മറിഞ്ഞു വന്നപ്പോൾ അവിചാരിതമായാണ് മണലാരണ്യത്തിലെ പക്ഷികൾ ക്യാമറയിൽ പതിഞ്ഞത്. ക്രമേണ ശ്രദ്ധ പൂർണമായും അതിലേക്കായി. പലപ്പോഴായി പകർത്തിയ ചിത്രങ്ങൾ കാണുമ്പോൾ പ്രവാസലോകത്തെ സുഹൃത്തുക്കൾ ചോദിക്കാറുണ്ട്, ഇവിടെ ഇത്രയും പക്ഷികളോ! കടൽത്തീരത്ത് ചെറുമരങ്ങളിലും കുറ്റിച്ചെടികളിലും പറന്നു നടക്കുന്ന കുഞ്ഞിക്കുരുവികളെയും മറ്റും പകർത്തിയായിരുന്നു തുടക്കം. പിന്നീട് പ്രാവ്, കടൽക്കാക്ക, തീരപ്രദേശത്ത് കാണപ്പെടുന്ന സ്‌റ്റിൽറ്റുകൾ, മണലാരണ്യത്തിലെ പരുന്തുകൾ, മൂങ്ങകൾ അങ്ങനെ ഫോക്കസ് മാറി. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് 300 ലേറെ ഇനം പക്ഷികളുടെ ചിത്രങ്ങൾ പകർത്താൻ അവസരം കിട്ടിയിട്ടുണ്ട്.

മരുഭൂമിയിൽ ഏറെയുള്ളതും എന്നാൽ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടുള്ളതുമായ പക്ഷിയാണ് മൂങ്ങ. നന്നേ ചെറിയ ലിറ്റിൽ ഔൾ എന്ന ഇനം മുതൽ വളരെ വലിയ ഈഗിൾ മൂങ്ങകൾ വരെ ഇരുപതോളം ഇനത്തിലുള്ള മൂങ്ങ സൗദിയിലുണ്ട്. മണലാരണ്യങ്ങളുടെ ഉൾപ്രദേശത്ത് പാറക്കെട്ടുകളുടെ ഇടയിലാണ് പൊതുവെ ഇവയെ കാണപ്പെടുക. സ്ഥലപരിചയം, ഓഫ് റോഡ് സഞ്ചരിക്കാനുള്ള സൗകര്യം, പക്ഷികളുടെ സങ്കേതം അറിയുക തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ മറികടക്കേണ്ടിയിരുന്നു മൂങ്ങകളെ ക്യാമറയ്ക്കു മുന്നിലെത്തിക്കാൻ.

ഉൾനാടുകളിലേക്ക് സഞ്ചരിക്കാനും പക്ഷികളുടെ സങ്കേതങ്ങൾ കണ്ടെത്താനും നാട്ടുകാരുടെ സഹായം ആവശ്യമാണ്. അതിന് ദമാമിനോടു ചേർന്നു കിടക്കുന്നു ഖത്തീഫിലെ പക്ഷിനിരീക്ഷകരും ഫൊട്ടോഗ്രഫേഴ്സുമായിട്ടുള്ള കുറച്ച് ആളുകളുമായി സൗഹൃദം സ്ഥാപിച്ചു. അതിൽ ഫൈസൽ എന്നൊരാൾ എന്നെ ഒരുപാട് സഹായിച്ചു.
ഫൈസലിനോട് ഞാൻ എന്റെ ആഗ്രഹങ്ങൾ പങ്കുവച്ചിരുന്നു. ഒടുവിൽ സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ ഞങ്ങൾ ഒന്നിച്ച് മരുഭൂമിയുടെ ഉള്ളിലേക്ക് സഞ്ചരിക്കാൻ ഇറങ്ങി. നഗരം വിട്ടാൽ കിലോമീറ്ററുകൾ റോഡിന് ഇരുവശവും മണൽ മാത്രം. കുറേ സഞ്ചരിച്ച ശേഷം റോഡിൽ നിന്ന് ഞങ്ങൾ മണലിലേക്കു തിരിഞ്ഞു. ഒരു കിലോമീറ്റർ ഉള്ളിലേക്ക് പോയി വണ്ടി നിന്നത് പാറക്കെട്ടുകൾ നിറഞ്ഞ ഒരു ഭാഗത്താണ്. അവിടെ ചെല്ലുമ്പോൾ കണ്ടത്, ദൂരെ പാറയുടെ അറ്റത്ത് ആണും പെണ്ണുമായി രണ്ടു വലിയ മൂങ്ങകൾ ഇരിക്കുന്നതാണ്. ഈഗിൾ മൂങ്ങകളുടെ കൂട്ടത്തിലുള്ള ഫറവോ ഈഗിൾ ഔൾ എന്ന വലിയ ഇനം മൂങ്ങയായിരുന്നു അത്.
ചിത്രം പകർത്താൻ ശ്രമിക്കവെ, ആൺ മൂങ്ങ പറന്നു പോയി. പെൺ മൂങ്ങ പാറക്കെട്ടിന് എതിർ വശത്ത് ചെന്നിരുന്നു. പിന്നെ ഞങ്ങളെ കളിപ്പിക്കാനെന്നവണ്ണം അത് അങ്ങോട്ടും ഇങ്ങോട്ടും പാറി നടന്നു. കിട്ടിയ അവസരം കളയാതെ അതിന്റെ ചിത്രങ്ങൾ എടുത്തുകൊണ്ടേയിരുന്നു. അതിനിടയ്ക്ക് ഒരു വട്ടം പാറക്കെട്ടിന് മുകളിൽ നിന്നു പകർത്തിയതാണ് മണലിൽ നിഴൽ പരത്തിക്കൊണ്ട് പറന്നു പൊങ്ങുന്ന ഫറവോ ഈഗിൾ ഔളിന്റെ ഫോട്ടോ.

വലുപ്പം തന്നെയാണ് ഫറവോ മൂങ്ങകളുടെ സവിശേഷത. ഓറഞ്ച് നിറത്തിലുള്ള വലിയ ഉണ്ടക്കണ്ണുകൾ. തലയിൽ കൊമ്പ് പോലെ ചെറിയ തൂവലുകൾ. മനുഷ്യരെ അത്ര പേടിയില്ല ഇവയ്ക്ക്.... ഫറവോമാരെ അനശ്വരരാക്കിയ പിരമിഡുകൾ കണ്ടതുപോലുള്ള സന്തോഷത്തോടെയാണ് അന്ന് ഫറവോ ഈഗിൾ ഔളിനെ ക്യാമറയിൽ പകർത്തി മടങ്ങിയത്.

പിടി തരാത്ത കുഞ്ഞൻ
ദമാം, ജുബൈൽ, അൽ ഹസ എന്നിവിടങ്ങളിൽ ഫറവോ ഈഗിൾ മൂങ്ങയെ കണ്ടു. അൽ ഹസയിലാണ് കൂടുതൽ പ്രാവശ്യം ഇവയെ കണ്ടത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിലാണ് ഇവയുടെ താമസം. മിക്കപ്പോഴും മരുഭൂമിയുടെ അകത്തേക്ക് നീളുന്ന ഒറ്റപ്പെട്ട വഴികളിൽ, ഏതെങ്കിലും പാറക്കെട്ടിന്റെ ഇടയിലാണ് ഇവയെ കാണുക. ജുബൈലിൽ റോഡ് അരികിൽ നിന്ന് ഏറെ ഉള്ളിൽ അല്ലാത്ത പാറക്കൂട്ടത്തിൽ ഈ മൂങ്ങയെ കാണുകയും പലവട്ടം ചിത്രം എടുക്കുകയും ചെയ്തു.
സൗദിയിലെ മൂങ്ങകളിൽ ഏറ്റവും ചെറുത് എന്ന വിശേഷണമുള്ള ലിറ്റിൽ ഔളിനെ തേടി പലവട്ടം സഞ്ചരിച്ചു. പക്ഷേ, അതിനെ നന്നായി കാണാൻപോലും പറ്റിയിട്ടില്ല. പൊതുവെ മനുഷ്യവാസമില്ലാത്ത ഇടങ്ങളിലാണ് ഇവ വസിക്കുന്നത്. അതിനാൽ കണ്ടെത്തുകയും പിന്തുടരുകയും ചെയ്യുന്നത് ഒട്ടും എളുപ്പമല്ല.

അൽകോബർ എന്ന ഭാഗ്യ ഇടം
ഗൾഫ് നാടുകളിൽ ഒട്ടേറെ ദേശാടനക്കിളികൾ എത്തുന്നത് തണുപ്പുകാലത്താണ്. കടൽക്കാക്കകൾ തന്നെ എണ്ണി തീർക്കാനാകാത്തത്ര ഉണ്ടാകും. അവ എല്ലാം കാഴ്ചയിൽ ഒരുപോലെ ഇരിക്കുമെങ്കിലും അവ പലവിധമുണ്ടെന്ന അറിവ് കൗതുകമുണർത്തി. നന്നേ ചെറിയ പക്ഷികളായ പ്ലോവർ മുതൽ വലുപ്പമേറിയ ഫ്ലെമിംഗോ, ഗ്രേറ്റർ കോർമറന്റുകൾ വരെ അക്കാലത്ത് അവിടെത്തും. ആയിരക്കണക്കിനു കിലോമീറ്റർ താണ്ടി എത്തുന്നവയാണ് അവയിൽ പലതും. കടൽത്തീരം കഴിഞ്ഞാൽ പക്ഷികൾ കൂടുതൽ കാണപ്പെടുന്നത് മരുഭൂമിയിലെ ഉൾപ്രദേശങ്ങളിൽ, ജലലഭ്യതയുള്ള സ്ഥലങ്ങളിലാണ്. കൃഷിയിടങ്ങൾക്കു സമീപവും വെള്ളക്കെട്ടുകൾക്ക് അ

ടുത്തുമൊക്കെയാവും ഈ പ്രദേശങ്ങൾ. തണുപ്പുകാലത്ത് ഇവിടെയൊക്കെ ദേശാടനക്കിളികൾ ഏറെ വരാറുണ്ട്. താമസസ്ഥലത്തിന് ഏറ്റവും സമീപമുള്ള ലൊക്കേഷൻ ആയിരുന്നു അൽകോബർ. കടലിൽ നിന്നു കരയിലേക്ക് ജലം കയറി കിടക്കുന്ന വെള്ളക്കെട്ടാണ് അവിടേക്ക് പക്ഷികളെ എത്തിക്കുന്നത്. തണുപ്പ് കാലത്ത് ദേശാടനക്കിളികൾ ഏറെ വന്നിരുന്നു ഇവിടെ. അൽകോബറിൽ ചില സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന വിരുന്നുകാരാണ് ഗ്രേറ്റർ ഫ്ലെമിങ്ഗോകൾ. മനുഷ്യന്റെ നിഴലനക്കം കണ്ടാൽ പറന്നകലുന്ന അവയുടെ ചിത്രത്തിനായി വെള്ളക്കെട്ടിന്റെ മറുവശത്ത് വണ്ടിയൊതുക്കി നടന്നു. വെള്ളക്കെട്ടിനു സമീപത്ത്, വിഷപ്പാമ്പുകൾ ചുരുണ്ട് കിടക്കാൻ ഇടയുള്ള കുറ്റിക്കാടുകളിലൂടെ പതുങ്ങി നിരങ്ങിയാണ് വലിയ അരയന്നകൊക്കുകളുടെ സമീപഷോട്ടുകൾ എടുക്കാൻ പറ്റുന്നത്ര അടുത്ത് എത്തിയത്. അൽകോബറിൽ നിന്നു കിട്ടിയ മനോഹരമായ മറ്റൊരു ചിത്രമാണ് സൂചി ചുണ്ടൻ കടൽകാക്കയുടെ മീൻപിടിത്തം. ജലപ്പരപ്പിനു മുകളിൽ ഇരുന്ന് ജലാശയത്തിലെ മീനുകളെ നിരീക്ഷിക്കും. അവസരം വരുമ്പോൾ ഇരിപ്പിടത്തിൽ നിന്ന് മുകളിലേക്കൊന്നു പൊങ്ങിയശേഷം കുത്തനെ താഴേക്കു വന്ന് വെള്ളത്തിലേക്ക് മുങ്ങും. ഉയരുമ്പോൾ ചുണ്ടിൽ മീനുണ്ടാകും. പറയുമ്പോൾ ലളിതമാണെങ്കിലും പക്ഷിക്കൂട്ടം ജലാശയത്തിനു ,സമീപം ഇരിക്കുമ്പോൾ ഏതിനെ ഫോക്കസ് ചെയ്യണം എന്ന ആശയക്കുഴപ്പമായിരിക്കും ഫൊട്ടോഗ്രഫർമാർക്ക്. ഒന്നിനെ ഫോക്കസ് ചെയ്ത് ഇരിക്കുമ്പോഴാവും മറ്റൊന്ന് വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇടുന്നത്. ഏറെ നാൾ പരിശ്രമിച്ച്, ഒട്ടേറെ ഷോട്ടുകൾ എടുത്ത ശേഷമാണ് ആശിച്ച ചിത്രം കിട്ടിയത്.
വർണ പതംഗം
ദമാമിൽ നിന്ന് 100 കിലോമീറ്റർ മാറിയുള്ള ജുബൈൽ ആണ് മറ്റൊരു സ്ഥിരം ലൊക്കേഷൻ.. അത് കൃഷിയിടങ്ങളും ഒറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങളുമുള്ള പ്രദേശമായതിനാൽ പക്ഷികൾ ഒട്ടേറെ. സ്വസ്ഥമായി ചിത്രങ്ങൾ പകർത്താനും സാധിക്കും.. പലവിധ പക്ഷികളുടെ ചിത്രങ്ങൾ അവിടെ നിന്ന് കിട്ടിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രമിച്ചത് യൂറോപ്യൻ ബീ ഈറ്ററിന്റെ ഫോട്ടോയ്ക്കാണ്. കൃഷിയിടങ്ങളിലാണ് ഇവയെ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്.. ചെടികൾക്കിടയിലെ പ്രാണികളെ തേടി കൂട്ടത്തോടെ പാടങ്ങളിൽ എത്തുന്നവയാണ് ഈ പക്ഷികൾ. മഞ്ഞ, നീല, തവിട്ട്, കറുപ്പ് നിറങ്ങളെല്ലാം ഒന്നിക്കുന്ന ഈ സുന്ദര പക്ഷികളുടെ ആക്ഷൻ സീനുകൾ പകർത്താനായാൽ ഗംഭീരമാണ്. 15 വർഷത്തെ സൗദി ജീവിതത്തിൽ മനസ്സും ക്യാമറയും നിറച്ചത് പക്ഷികളെത്തേടി മണൽക്കാടുകളിലേക്കു നടത്തിയ ‘സഫാരി’കളാണ്. പ്രവാസം അവസാനിപ്പിച്ച്, നാട്ടിൽ മുഴുവൻ സമയ വനം, വന്യജീവി ഫൊട്ടോഗ്രഫറാകാൻ ഒരുങ്ങുമ്പോഴും മരുപ്പച്ചപോലെ ക്യാമറയ്ക്കു വിരുന്നായ മരുപ്പക്ഷികളുടെ ചിത്രങ്ങൾ കുളിരോർമകളാണ്..