കഴിഞ്ഞ അഞ്ചു വർഷങ്ങളായി നീണ്ട യാത്രകളായിരുന്നു. ആടുജീവിതം എന്ന നോവലിനെ സിനിമയാക്കാൻ അനുയോജ്യമായ പശ്ചാത്തലം തിരഞ്ഞുള്ള യാത്ര. മലയാളികളുടെ മനസ്സിലേക്ക് അക്ഷരങ്ങളിലൂടെ നടന്നു കയറിയ കഥാപാത്രമാണ് ആടുജീവിതത്തിലെ നജീബ്. അയാളുടെ കണ്ണുകളിലൂടെ വായനക്കാർ മനസ്സിലാക്കിയ ഒരു കഥാഭൂമികയുണ്ട്. അവരുടെ മനക്കോട്ടയിലെ ചിത്രങ്ങൾക്ക് കോട്ടംതട്ടാതെയുള്ള ദൃശ്യാവിഷ്കാരം നടത്തിയാൽ മാത്രമേ സിനിമ കാണുന്നവരുടെ നെഞ്ചിടിപ്പിനൊപ്പം കഥ സഞ്ചരിക്കുകയുള്ളൂ.
പ്രവാസികളിലൂടെ മലയാളികൾക്കു പരിചിതമായ സൗദി അറേബ്യയിലാണ് നജീബിനെ ആ നോവലിന്റെ രചയിതാവായ ബെന്യാമിൻ കണ്ടത്. ആയതിനാൽ, പ്രമേയത്തിന്റെ റിയാ ലിറ്റിയിൽ നിന്നു കടുകിട മാറാതെ രംഗപടങ്ങൾ ക്രമീകരിക്കാനുള്ള ചുമതലയിൽ ഒത്തുതീർപ്പിന് സാധ്യതയില്ല.
ആടുജീവിതത്തിന് ലൊക്കേഷൻ തിരഞ്ഞ് രാജസ്ഥാൻ, മൊറോക്കോ, അബുദാബി, മസ്കത്ത്, ബഹറിൻ, ദോഹ, സൗദി അറേബ്യ, ടുണീഷ്യ, ജോർദാൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. മരുപ്പച്ച തേടിയ നജീബിന്റെ ജീവിതം സിനിമയാക്കാൻ അഞ്ചു വർഷം വേണ്ടി വന്നു.
ഹൃദയസ്പന്ദനത്തിന്റെ പകുതിയും പട്ടിണി വിഴുങ്ങിയപ്പോഴും നജീബിനെ വഴി നടത്തിയത് ജീവിക്കാനുള്ള മോഹമായിരുന്നു. അയാളുടെ മെലിഞ്ഞ കാൽപാടുകൾ തിരഞ്ഞ് രാജസ്ഥാനിലെ മരുഭൂമിയിൽ നിന്നാണ് ഞാൻ നടത്തം തുടങ്ങിയത്. ഷൂട്ടിങ്ങിന്റെ അവസാന ദിവസം ഫൈനൽ ക്ലാപ്പടിച്ച് ജോർദാനിൽ നിന്നു മടങ്ങിയതു മറക്കാനാകില്ല. മണലാരണ്യങ്ങളിലെ ചൂടേറ്റ് മുഖവും കൈകാലുകളും കരുവാളിച്ചിരുന്നു. തലമുടിയും താടിരോമങ്ങളും വളർന്ന് ജടാധാരിയായി. കോവിഡ് ലോക്ഡൗണിൽ ആളുകൾ വീടിനുള്ളിലേക്ക് ഒതുങ്ങിയതിനും മുൻപേ മനസ്സിനു പുറത്തേക്കുള്ള വാതിലുകൾ കൊട്ടിയടയ്ക്കുന്ന ശബ്ദം ഞാൻ കേട്ടു. വലതു കയ്യിൽ ഗ്ലൂക്കോസ് കയറ്റാനുള്ള കാനുലയുമായി വീൽചെയറിലാണ് തിരുവല്ലയിൽ മടങ്ങിയെത്തിയത്.
കണ്ണിൽ മരുഭൂമി മാത്രം
കണ്ണുകളിൽ മരുഭൂമിയുടെ വരണ്ട നിറമാണ്. മുറിയിലെ വെളിച്ചം പോലും എന്നെ അലോസരപ്പെടുത്തുന്നു. ഇതിനെ എങ്ങനെയെങ്കിലും തലയിൽ നിന്നു പറിച്ചെറിയണം Ð ഡോക്ടറോടു പറഞ്ഞു. സമാധാനപ്രിയനായ ഡോക്ടർ മെഡിക്കൽ റിപ്പോർട്ടുകൾ കാണിച്ചു. സോഡിയം ലെവൽ താഴ്ന്നിരിക്കുന്നു. നിർജലീകരണം സംഭവിച്ച് ശരീരം തളർന്നിരിക്കുകയാണ്, അദ്ദേഹം വിശദീകരിച്ചു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി. നാലഞ്ചു ദിവസം പിന്നിട്ടപ്പോഴും നിറമുള്ള കാഴ്ചകൾ എന്റെ ബോധമനസ്സിനു പിടിതരാതെ അകലേക്കു മാറി നിന്നു. ശിരസിലേന്തിയ കഥയുടെ പളുങ്കുപാത്രം ഇറക്കി വയ്ക്കാതെ സന്തോഷം മടങ്ങിയെത്തില്ലെന്നുള്ള തിരിച്ചറിവ് എന്നെ കൂടുതൽ അസ്വസ്ഥനാക്കി.
മൗനം എനിക്കു പുതുമയുള്ള കാര്യമല്ല. കോളജിൽ പഠിക്കുന്ന കാലത്തു പോലും മൗനം ഭജിക്കാറുണ്ടായിരുന്നു. കൗമാരം ഓരോരുത്തർക്കും വ്യത്യസ്തമായ രീതിയിലാണല്ലോ അനുഭവപ്പെടുക. ചെറുപ്പത്തിന്റെ തീക്ഷ്ണതകളെ മൗനംകൊണ്ടു വെല്ലുവിളിക്കാനാണ് ആ പ്രായത്തിൽ ഞാൻ ഇഷ്ടപ്പെട്ടത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം സ്വയം പക്വത നേടാനുള്ള ധ്യാനത്തിന്റെ ഭാഗമല്ല. കഥാനുഗതമായ ഏകാഗ്രതയുടെ ഭ്രമരം ചിന്തകളെ അട്ടിമറിച്ചിരിക്കുകയാണ്. ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂർണതയ്ക്കായുള്ള സമർപ്പണം മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു; മുക്തി വേണം.
എങ്ങോട്ടെങ്കിലും പോകാം എന്നൊരു പോംവഴിയിലേക്ക് എത്തിച്ചേരാൻ എട്ടു ദിവസം വേണ്ടി വന്നു. എങ്ങോട്ട്?
2004ൽ കാഴ്ച റിലീസായപ്പോൾ വേളാങ്കണ്ണിയിൽ പോയിരുന്നു. എന്റെ ആദ്യ സിനിമയായ കാഴ്ചയുടെ നിർമാതാവ് സേവി മനോ മാത്യുവാണ് അന്നു കൂടെയുണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്മാത്ര ഇറങ്ങി. ഭാര്യയേയും മക്കളേയും കൂട്ടി വീണ്ടും വേളാങ്കണ്ണി സന്ദർശിച്ചു. ഹൃദയനൊമ്പരത്തിനു പരിഹാരം തേടി ജനസഹസ്രം അവിടുത്തെ കടൽത്തിരമാലയിൽ സ്നാനം ചെയ്യുന്ന ദൃശ്യം ആ യാത്രയിൽ എന്റെ മനസ്സിനെ ആകർഷിച്ചു. പതിനേഴു വർഷങ്ങൾക്കു ശേഷം അനിവാര്യമായി തീർന്നിരിക്കുന്ന മാറ്റത്തിനായി വേളാങ്കണ്ണിയിലേക്കാണ് പോകേണ്ടതെന്നു മനസ്സു മന്ത്രിച്ചു.
നോക്കരുത് പ്ലീസ്, ഇതു ഞാനല്ല
വേളാങ്കണ്ണിയിലേക്കുള്ള ട്രെയിനിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യണം - മാനേജരോടു പറഞ്ഞു. ഞാൻ മാത്രമേ പോകുന്നുള്ളൂ എന്നറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്തു ഭാവഭേദമുണ്ടായില്ല. ഏതു വിധേനയും എന്നെ പുറത്തിറക്കാൻ അവരൊക്കെ അത്രയേറെ ആഗ്രഹിച്ചിരുന്നു.
ഞാൻ ജനിച്ചു വളർന്ന നാടാണ് തിരുവല്ല. ഓരോ ഇടവഴികളും എനിക്കറിയാം. ജീവിതത്തിലേക്കു സിനിമ കടന്നെത്തിയതിനു ശേഷം എന്റെ ഗ്രാമത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയായി ആരെങ്കിലും കൂടെയുണ്ടാകും. എന്നാൽ, ഇപ്പോൾ എന്റെ മനസ്സ് അങ്ങനെയൊരു അവസ്ഥയിലല്ല. എല്ലാവരിൽ നിന്നും മാറി നിൽക്കാനാണ് തോന്നിയത്. ഈ പ്രശ്നം മറികടക്കാൻ ഏകാന്തയാത്ര നല്ലതാണെന്നു സ്വയം തീരുമാനിച്ചു. യാത്രാവേളയിൽ കുടുംബത്തോടുള്ള കർമബന്ധം കാത്തുസൂക്ഷിക്കാൻ ചില പദ്ധതികൾ ആസൂത്രണം ചെയ്തു.
അത്താഴം കഴിക്കുന്നതിനിടെയാണ് വേളാങ്കണ്ണി യാത്രയെക്കുറിച്ച് ഭാര്യയോടു പറഞ്ഞത്. വേളാങ്കണ്ണി പോയി തിരിച്ചെത്തുന്നതു വരെ ഫോണിൽ സംസാരിക്കില്ല, ചാറ്റ് ചെയ്യില്ല. മനസ്സിന് തൃപ്തി തോന്നുന്ന സ്ഥലത്തു ചെല്ലുമ്പോൾ ഫോട്ടോ അയയ്ക്കാം Ð ഞാൻ മനസ്സു തുറന്നു. സ്നേഹത്തിന്റെ ചരടിലാണു കുടുംബബന്ധം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് ആ നിമിഷത്തിൽ വ്യക്തമായി. എന്റെ ന്യായവീഥിയിൽ കാഴ്ചക്കാരായി നിൽക്കാമെന്ന് അവർ സമ്മതിച്ചു.
എറണാകുളത്തു നിന്നു വേളാങ്കണ്ണിയിലേക്കു പോകുന്ന ട്രെയിനിൽ കയറാനായി ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തി. ആരും എന്നെ തിരിച്ചറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതു സാധ്യമാക്കാൻ അന്നത്തെ സാഹചര്യത്തിൽ മാസ്ക് മതിയായിരുന്നു. എന്നിട്ടും തലയിലൊരു തൊപ്പി വച്ച് തിരിച്ചറിയപ്പെടാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കി.
ട്രെയിൻ പുറപ്പെട്ടു. ഭാഗ്യമെന്നു പറയാം, വിൻഡോയുടെ അരികിലുള്ള സീറ്റ് കിട്ടി. ചെറിയ ബാഗ് മാത്രമേ കയ്യിലുള്ളൂ. അതിനകത്ത് നാളെയിടാനുള്ള മുണ്ടും ഷർട്ടുമാണ്. ചോറും മെഴുക്കുവരട്ടിയും വാട്ടിയ ഇലയിൽ പൊതിഞ്ഞ് ഭാര്യ മിനി തന്നയച്ചിരുന്നു. പതിവിലേറെ രുചി അനുഭവപ്പെട്ടപ്പോൾ അതു വാരിക്കഴിച്ചു. അതിനു ശേഷം ബാഗ് തലയണയാക്കി നിവർന്നു കിടന്നു. കാലം എന്റെ മുന്നിൽ ചൂളം വിളിച്ചു കുതിച്ചു പായുകയാണ്. നര കയറിയ മുടിയിൽ തലോടിക്കൊണ്ട് കടന്നു പോയ വർഷങ്ങളെക്കുറിച്ച് ആലോചിച്ചു.
കണ്ണാടിയിൽ കണ്ടത്
ട്യൂബ്‌ലൈറ്റിന്റെ വെളിച്ചത്തിലേക്ക് ക ണ്ണു തുറന്നപ്പോഴാണ് കുറേ നേരം ഉറങ്ങിയെന്നു തിരിച്ചറിഞ്ഞത്. വേളാങ്കണ്ണി തീർഥാടകർ ഇറങ്ങുന്ന നാഗപട്ടണത്ത് ട്രെയിൻ എത്തിച്ചേർന്നിരിക്കുന്നു. വരണ്ട പ്രഭാതത്തിലെ തണുത്ത കാറ്റിലേക്ക് ഞാനിറങ്ങി. കടൽത്തീരപട്ടണം ഉണരുന്നതേയുള്ളൂ. ടാക്സി ഡ്രൈവർമാർ ട്രെയിനിൽ വന്നിറങ്ങിയവരുടെ പുറകേ നടക്കുന്നതു കണ്ടു. മുന്തിയ ഹോട്ടലിൽ താമസിക്കില്ലെന്ന് നേരത്തേ തീരുമാനിച്ചതിനാൽ ആ ഭാഗത്തേക്കു നോക്കിയില്ല. കൂട്ടമായി നീങ്ങിയ ആളുകളോടൊപ്പം ഞാനും നടന്നു.
‘വേളാങ്കണ്ണി ചർച്ച്, വേളാങ്കണ്ണി ചർച്ച്’ മിനിബസ്സിന്റെ അരികിൽ നിന്ന് കണ്ടക്ടർ ഉറക്കെ വിളിക്കുന്നതു കേട്ടു. ആളുകൾ സീറ്റ് പിടിക്കാനായി ആ ബസ്സിലേക്കു കുതിച്ചു, പുറകെ ഞാനും. തമിഴിൽ എന്തൊക്കെയോ പറയുന്ന രണ്ടു പേരാണ് തൊട്ടടുത്തിരുന്നത്. ഈ തെരുവോരത്ത് എവിടെയാണ് എനിക്കുള്ള താമസസ്ഥലം?
ആലോചന പൂർത്തിയാക്കുന്നതിനു മുൻപേ ഇറങ്ങാനുള്ള സ്ഥലമെത്തി. കുളിക്കണം, വസ്ത്രം മാറണം; അത്രയേ വേണ്ടൂ. കണ്ണുകൾ ആ പട്ടണത്തിന്റെ ചുമരുകളിലൂടെ വട്ടം കറങ്ങി. ‘ലോഡ്ജ്’ എന്നെഴുതിയ ബോർഡിനരികിലേക്കു നടന്നു. 750 രൂപയാണു വാടക. പഴയ കെട്ടിടത്തിന്റ നിറം മങ്ങിയ ഗോവണിയിലൂടെ മുകളിലെ നിലയിലുള്ള മുറിയിൽ പ്രവേശിച്ചു. ബാഗും തൊപ്പിയും മേശപ്പുറത്തു വച്ചു. കൈക്കുടന്നയിൽ വെള്ളമെടുത്ത് മുഖം കഴുകി. വാഷ്ബേസിനരികത്ത് ഒരു കണ്ണാടിയുണ്ട്. എത്രയോ ആളുകളുടെ സൗന്ദര്യ സങ്കൽപങ്ങൾക്കു കാന്തിപകർന്ന കണ്ണാടിയിൽ അൽപനേരം നോക്കി നിന്നു.
ഒരാഴ്ച മുൻപു വരെ സമയമില്ലെന്നു കരുതി തിരക്കുകളിൽ നീന്തിയ ഞാൻ ഇതാ മണിക്കൂറുകൾ എണ്ണുന്നു. മൊബൈൽ ഫോണിൽ കണ്ണുഴിഞ്ഞു കലങ്ങിപ്പോയ സമയത്തിന്റെ കണക്കെടുപ്പു നടത്താൻ സ്വയം ആജ്ഞാപിച്ചു. നഷ്ടബോധം പുകഞ്ഞ് തല പെരുക്കുന്നതായി തോന്നി. കണ്ണുകൾ ഇറുക്കിയടച്ച് കുളിക്കാനൊരുങ്ങി. ബക്കറ്റിലേക്ക് ഇരമ്പിയ വെള്ളത്തിൽ ഭാവിജീവിതത്തിന്റെ തന്മാത്രകൾ നുരഞ്ഞു.
മഞ്ഞനിറമുള്ള മൊട്ടത്തലകൾ
വേളാങ്കണ്ണി മാതാവിന്റെ പള്ളിയിലേക്കു പോകാനായി മുറിയിൽ നിന്നിറങ്ങി. പട്ടണത്തിന്റെ ബഹളം ആസ്വദിക്കുന്ന പോലെ പരക്കംപായുകയാണ് ജനം. കണ്ണുകളിൽ മണലാരണ്യത്തിന്റെ നിഴലായിരുന്നതിനാൽ കുനിഞ്ഞ ശിരസ്സുമായി ഞാൻ പള്ളിയിലേക്കു നീങ്ങി.
അനേകം മുഖങ്ങൾ, വാടിക്കൂമ്പിയ പൂക്കൾ പോലെ അവ ശാന്തം. ഭക്തിയുടെ പാത ഭയത്തിന്റേതു കൂടിയാണ്. ഐക്യപ്പെടലിന്റെ സ്പന്ദനം എന്റെ ഹൃദയത്തെയും തൊട്ടു... നിശബ്ദതയിൽ സ്വയം സമർപ്പിച്ച ശേഷമേ പുറത്തിറങ്ങിയുള്ളൂ.
തീർഥാടകർ സമീപത്തുള്ള ഹാളിലേക്കാണു നടന്നത്. ഞാനും അവിടെയെത്തി. 20 രൂപ Ð മേശയുടെ മുന്നിലിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു, ബ്ലേഡിന്റെ ഒരു കഷണവും എനിക്കു നൽകി. തലമുടിയും ദീക്ഷയും മുണ്ഡനം ചെയ്യുന്ന സ്ഥലത്താണ് എത്തിയിട്ടുള്ളത്. കേശഭാരമിറക്കൽ വേളാങ്കണ്ണിയിലെ നേർച്ചയാണ്.
സ്വതന്ത്ര മനസ്സാണ്. ഹൃദയം ശൂന്യമാണ്. ശിരോഭാരങ്ങൾ പറിച്ചെറിയാനാണ് ഇവിടെ എത്തിയിട്ടുള്ളത്. കൂടുതലൊന്നും ആലോചിക്കാതെ നിലത്തു കുത്തിയിരുന്നു. എനിക്ക് അഭിമുഖമായി പീഠത്തിലിരുന്നയാൾ ബ്ലേഡിന്റെ കഷണം ആവശ്യപ്പെട്ടു. അയാൾ എന്റെ തലമുടിയും താടിരോമങ്ങളും വടിച്ചിറക്കി. അതിനുശേഷം, ഉരുളയാക്കിയ ചന്ദനവും മഞ്ഞളും ഒരു പ്ലാസ്റ്റിക് ബക്കറ്റും തന്നു. അദ്ദേഹം സന്തോഷിക്കാൻ സാധ്യതയുള്ള തുക സമ്മാനമായി കൊടുത്ത ശേഷം ബക്കറ്റുമായി കടൽത്തീരത്തേക്കു നടന്നു. മഞ്ഞളും ചന്ദനവും പുരട്ടിയപ്പോൾ തലയിൽ കാറ്റും വെളിച്ചവും തലോടി. അതിന്റെ തണുപ്പ് ശരീരത്തിലേക്കു പടർന്നു. പള്ളിയിൽ നിന്നു കടൽത്തീരം വരെ മൊട്ടത്തലകളുടെ നിര. മഞ്ഞ നിറത്തിൽ ശിരസ്സുകളുടെ പ്രയാണം ഞാൻ ആസ്വദിച്ചു.
കടൽത്തീരത്തു കുറേ കച്ചവടശാലകളുണ്ട്. മെഴുകുതിരിയും വിശുദ്ധന്മാരുടെ രൂപങ്ങളും മാലയുമാണ് വിൽപനയ്ക്കു വച്ചിട്ടുള്ളത്. താൽക്കാലിക ഷെഡുകൾക്കു നടുവിലൂടെ കടൽത്തീരത്തേക്ക് പാത രൂപപ്പെട്ടിരിക്കുന്നു.
‘‘അണ്ണാ കുളി കഴിഞ്ഞ് ബക്കറ്റ് ഇവിടെ ഏൽപിച്ചാൽ മതി. ’’ എന്റെ മുന്നിലേക്ക് ഓടിയെത്തിയ സ്ത്രീ അവരുടെ കട ചൂണ്ടിക്കാട്ടി. ശരിയെന്നു തലയാട്ടിക്കൊണ്ട് തീരത്തേക്കു നടന്നു.
മറ്റൊരാളുടെ ഭക്തിയിൽ നമുക്കെന്തു കാര്യം?
ഞാൻ എത്തുന്നതിനു മുൻപേ നൂറുകണക്കിനാളുകൾ കുളിക്കാനിറങ്ങിയിരുന്നു. അവരെ പിൻതുടർന്ന് ഉപ്പു കലർന്ന മണലിൽ പാദങ്ങളാഴ്ത്തി. ഉടലിലേക്ക് തണുപ്പു പടർന്നു. വെള്ളത്തിന് കറുപ്പു നിറമാണ്. ആളുകൾ വിമുഖതയില്ലാതെ അതു കോരിയെടുത്ത് ശിരസ്സിലൊഴിച്ചു. അനേകം മനുഷ്യരുടെ ഉടൽച്ചൂടു കലർന്ന ജലത്തിൽ നിന്നു കുറച്ചെടുത്ത് ഞാനും നെറുകയിലൊഴിച്ചു. ആഹ്ലാദത്തോടെ കടലിൽ ചാടി നീന്തുന്നവരെ കണ്ടപ്പോൾ യുക്തി ചിന്തകൾ അലിഞ്ഞു.
ഭക്തി എപ്പോഴും ബഹുമാനത്തിന്റേതു കൂടിയാണ്. മറ്റൊരാളുടെ ഭക്തി നമ്മളിൽ അറപ്പും ദേഷ്യവും ഉ ണ്ടാക്കുന്നുവെങ്കിൽ ആത്മപരിശോധന നടത്തണം. മറ്റുള്ളവരുടെ ഭക്തിയോട് ആദരവും ബഹുമാനവും നഷ്ടപ്പെടുന്നത് അസഹിഷ്ണുതയാണ്. ഇ ന്നു നമ്മുടെ സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണത്.
കുളിക്കാനിറങ്ങിയവരുടേയും സ്നാനം കഴിഞ്ഞു മടങ്ങുന്നവരുടേയും ഇടയിലൂടെ തിരികെ നടന്നു. നേരത്തേ എന്നെ വഴിയിൽ തടഞ്ഞു നിർത്തിയ സ്ത്രീ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നാലഞ്ചു മാലകളും രൂപങ്ങളും അവർ എനിക്കു നേരേ നീട്ടി. അതൊന്നും എനിക്ക് ആവശ്യമുള്ള സാധനങ്ങളായിരുന്നില്ല. എങ്കിലും, ഭക്തിയും നേർച്ചയും ഉപജീവനമായി മാറിയ ദൈന്യത കണ്ടില്ലെന്നു നടിക്കാനായില്ല. അവരുടെ അഭ്യർഥനക്കു വഴങ്ങി മൂന്നു മാലകൾ വാങ്ങി.
വില കൊടുത്തു വാങ്ങിയ മാലകളുമായി പള്ളിയിലേക്കു നടന്നു. വിശുദ്ധരുടെ രൂപങ്ങളിൽ അവ അണിയിച്ചു. ആ സമയത്ത് എന്നെ അസ്വസ്ഥനാക്കിയത് മൊബൈൽ ഫോണുകളാണ്. വിശ്വാസത്തിന്റെ പടവുകളിൽ ശിരസ്സു നമിക്കുന്നവരുടെ ഫോട്ടോ പകർത്താനും അവർക്കിടയിൽ നിന്നു സെൽഫി എടുക്കാനും നിരവധിയാളുകൾ തിരക്കു കൂട്ടുന്നതു കണ്ടു. അവരിലേറെയും മലയാളികളായിരുന്നു. അമ്മയുടെ മൃതദേഹത്തിനൊപ്പം നിന്നു സെൽഫിയെടുക്കുന്ന പോലെ മര്യാദകേട്, അല്ലാതെന്തു പറയാൻ.
ലോഡ്ജിലേക്കു മടങ്ങി. പത്തു മണിയായതേയുള്ളൂ. എനിക്കു മാത്രമായി ചെലവഴിക്കാൻ എഴോ എട്ടോ മണിക്കൂറുകൾ ബാക്കിയുണ്ട്. കടലിൽ കുളിച്ചപ്പോൾ മനസ്സു മാത്രമേ തൃപ്തിയായിരുന്നുള്ളൂ. ശരീര ശുദ്ധിക്കായി ലോഡ്ജിലെ ബാത്റൂമിൽ കുളിച്ചു. വസ്ത്രം മാറി വീണ്ടും പള്ളിയിലേക്കു നടന്നു. മാതാവിന്റെ അൾത്താരയിൽ ആരാധന കഴിഞ്ഞ് സമീപത്തുള്ള രണ്ടു പള്ളികൾ കാണാനിറങ്ങി.
കോൺക്രീറ്റ് പാതയിൽ എന്റെ കണ്ണുകൾ നിശ്ചലമായി. കുറേയാളുകൾ മുട്ടുകുത്തി നീങ്ങുന്നു. ഒരു പള്ളിയിൽ നിന്ന് അടുത്ത പള്ളിയിലേക്ക് അര കിലോ മീറ്ററിലേറെ ദൂരമുണ്ട്. രണ്ടു മീറ്റർ പോലും മുട്ടിലിഴയാൻ എനിക്കു കഴിയില്ല. വിശ്വാസത്തിന്റെ മൂർധന്യതയിൽ വേദന മറക്കുന്നവർക്കു വേണ്ടി ഞാൻ ഓരം ചേർന്നു നിന്നു.
ദേഹം നോവിക്കുംവിധം ത്യാഗങ്ങളിലൂടെ ആത്മാർപ്പണം നടത്താൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കാം? എന്റെ ചിന്ത അതായിരുന്നു. സഹനത്തിന്റെ ദൂരം താണ്ടി പള്ളിയിൽ എത്തിയവരുടെ മുഖത്തു തെളിഞ്ഞ നിർവൃതിയിൽ, ആനന്ദാശ്രുക്കളിൽ എ ന്റെ ചോദ്യത്തിനുള്ള മറുപടിയുണ്ടായിരുന്നു.
കാഴ്ചയുടെ തന്മാത്രകൾ
എറണാകുളത്തേക്കുള്ള ട്രെയിൻ വൈകിട്ടാണ് പുറപ്പെടുക. വാതിലടച്ച് മുറിയിലിരിക്കുന്ന മാനസികാവസ്ഥ മാറിക്കഴിഞ്ഞു. ബാഗും തൊപ്പിയുമെടുത്ത് ലോഡ്ജിനു പുറത്തിറങ്ങി. സ്റ്റേഷനിലേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്തേക്ക് കുറച്ചു ദൂരം നടക്കണം. ഓട്ടോറിക്ഷകൾ ഹോണടിച്ച് തലങ്ങും വിലങ്ങും പായുന്നുണ്ട്. അതു വേണ്ട, നടക്കാൻ തീരുമാനിച്ചു.
മഹാപ്രളയത്തെ അതിജീവിച്ച സ്ഥലമാണ് വേളാങ്കണ്ണി. രാക്ഷസത്തിരമാലകൾ നൂറുകണക്കിനാളുകളുടെ ജീവനെടുത്തു. അതിന്റെ ഇരട്ടിയോളം മനുഷ്യരുടെ സ്വപ്നങ്ങൾ വെള്ളത്തിൽ മുങ്ങി. ഇപ്പോൾ അവിടെയുള്ള ഒട്ടുമിക്ക നിർമിതികളും പ്രളയത്തിനു ശേഷം കെട്ടിപ്പൊക്കിയതോ നവീകരണം നടത്തിയതോ ആണ്. ആ പട്ടണത്തിന്റെ അതിജീവന ചരിത്രം എനിക്കു സാന്ത്വനമായി.
വീതിയുള്ള ചില്ലുകളും തട്ടുപൊളിപ്പൻ പാട്ടുമായി കൊട്ടാരം പോലെയൊരു ബസ് കടന്നു വന്നു. ഡപ്പാൻകൂത്തിന്റെ താളം ആസ്വദിച്ച് അതിനുള്ളിൽ കയറിക്കൂടി. തമിഴ്നാട്ടിലെ ബസ് യാത്ര രസകരമായ അനുഭവമാണ്. സിനിമയ്ക്കും പാട്ടിനും അവരുടെ ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കാൻ കുറച്ചു ദൂരം ബസ് യാത്ര നടത്തിയാൽ മതി.
അജ്ഞാതവാസത്തിന്റെ ഭാരമിറക്കിയ ഞാൻ റെയിൽവേ സ്റ്റേഷനിലെ ആളൊഴിഞ്ഞ ബെഞ്ചിൽ കാത്തിരുന്നു. മൊബൈൽ ഫോൺ തുറന്ന് കഴിഞ്ഞ മണിക്കൂറുകളിൽ എന്തൊക്കെയാണു സംഭവിച്ചതെന്നു നോക്കി. എവിടെ എത്തിയെന്നു ഭാര്യയെ അറിയിക്കാ നായി ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമേ അത്രയും നേരം ഫോൺ ഉപയോഗിച്ചിരുന്നുള്ളു. ചിന്തയിലും പ്രവർത്തിയിലും അതിന്റെ ഉന്മേഷം അനുഭവിച്ചറിഞ്ഞു. ബ്ലെസി എന്ന ചലച്ചിത്രകാരനെ മാറ്റിവച്ച് ഞാൻ നടത്തിയ ഏകാന്തയാത്രയിലൂടെ ഈ വിധം പല തിരിച്ചറിവുകളുമുണ്ടായി.
ഒരുപാടു പേർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ചുറ്റിലും ആരൊക്കെയുണ്ടെങ്കിലും യാത്രയിൽ തനിച്ചാകുന്നയാളാണ് ഞാൻ. നിസാരമെന്നു മറ്റുള്ളവർ കരുതാൻ സാധ്യതയുള്ള പലതും ഒറ്റയ്ക്കാകുമ്പോഴാണ് എനിക്ക് വലിയ സംഭവങ്ങളായി തോന്നാറുള്ളത്. കാഴ്ചകൾ ആസ്വദിക്കാനുള്ള ശാന്തതയാണ് ഏകാന്തയാത്രയുടെ ബോണസ്. അത്തരം യാത്രകളിൽ നിന്ന് ഓർമയിൽ സൂക്ഷിക്കാൻ ഒരുപാട് അനുഭവങ്ങൾ ലഭിക്കും. മറക്കാനുള്ളതൊന്നും ഞാൻ ഓർക്കാറില്ല, ഓർക്കണമെന്നു കരുതുന്നത് മറക്കാറുമില്ല.