അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ മുകളിലൂടെ സാഹസിക സഞ്ചാരം... ചാദർ ട്രെക്ക്. ഇന്ത്യയിലെ ഏക ഫ്രോസൺ റിവർ ട്രെക്കിങ്ങിന്റെ പുതു സീസൺ കാത്തിരിക്കുകയാണ് ട്രെക്കിങ് പ്രിയർ. തണുത്തുറഞ്ഞ സൻസ്കർ നദിയിലൂടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന സഞ്ചാരം 2025 ജനുവരിയോടെ ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ പല ട്രെക്കിങ് ക്ലബ്ബുകളും സംഘാടകരും ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ചാദർ ട്രെക്കിങ്ങിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു ഷീബ മനോജ്.
ഉരുളൻകല്ലുകൾ ഒളിപ്പിച്ച മണ്ണിന്റെയും കോട്ടകണക്ക് ഉയർന്ന മലനിരകളുടെയും ഇരുണ്ട നിറങ്ങൾക്കിടയിൽ തൂവെൺമ പുതച്ച സൻസ്കർ... പ്രളയജലം പോലെ ഒഴുകുന്ന നദി മുറിച്ചുകടക്കാൻ അത് ഉറങ്ങുന്നതുവരെ കാത്തിരുന്നവരുടെ കഥ കുട്ടിക്കാലത്തെന്നോ വായിച്ചത് ഓർമയിലെത്തി. ഞങ്ങളും കാത്തിരിക്കുകയായിരുന്നു, മഞ്ഞിന്റെ ‘ചാദറി’ൽ പൊതിഞ്ഞ് സൻസ്കർ നദി ഉറങ്ങാൻ... ഹിന്ദിയിൽ ‘ചാദർ’ എന്നാൽ പുതപ്പ്, മഞ്ഞുകാലം അതിന്റെ മൂർധന്യത്തിലെത്തുന്നതോടെ സൻസ്കർ മഞ്ഞിന്റെ പുതപ്പിനടിയിലാകും. നദിയുടെ ഉപരിതല ജലം ശിലാപാളി പോലെ ഉറച്ചതാകും. അതിനടിയിൽ നദി ഉറങ്ങിക്കിടക്കും. ആ നദിയിലൂടെ നടക്കാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.
ലെയിലെ കടമ്പ
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ തലസ്ഥാനമാണ് ലെ നഗരം. സമുദ്ര നിരപ്പിൽ നിന്ന് 11,562 അടി ഉയരത്തിലുള്ള ഇവിടെത്തിയാൽ അന്തരീക്ഷവും കാലാവസ്ഥയും പരിചയപ്പെടാൻ സമയം ആവശ്യമാണ്. അക്ലിമൈസേഷൻ വിൻഡോ എന്നറിയപ്പെടുന്നു ഈ ദിവസങ്ങൾ. അതിനാൽ ട്രെക്കിങ് ആരംഭിക്കുന്നതിന് മൂന്നു ദിവസം മുൻപെങ്കിലും ലെയിൽ എത്തണം. ബെംഗളൂരുവിൽ നിന്ന് ഞാനും രേഖയും ലിസയും അടക്കം മൂന്നു മലയാളികളും ഹൈദരാബാദിൽ നിന്നുള്ള ശാന്തിയും തിരുവനന്തപുരം സ്വദേശി അഡ്രിയേലും കൂടിയായപ്പോൾ ട്രെക്കിങ് സംഘത്തിൽ കോറം തികഞ്ഞു. മിക്കവരും ലെയിൽ വന്നിട്ടുള്ളവരാണ്, ഹൈ മൗണ്ടൻ ട്രെക്കിങ് പരിചയിച്ചിട്ടുള്ളവരും. അക്ലിമൈസേഷൻ ദിവസങ്ങളിൽ ലെയിലെയും പരിസരങ്ങളിലെയും കാഴ്ചകൾ കാണാം. സമുദ്രനിരപ്പില്‍ നിന്ന് 18,379 അടി ഉയരത്തിലുള്ള മോട്ടറബിൾ റോഡ് ഖര്‍ദുങ് ലാ ചുരത്തിലേക്ക് ആയിരുന്നു ആദ്യ സഞ്ചാരം. നന്നേ വീതി കുറഞ്ഞ പാതയുടെ ഒരു വശത്ത് മഞ്ഞ് പുതച്ച ഹിമാലയ നിരകളും മറുവശത്ത് അഗാധമായ മലഞ്ചെരിവും. താപനില ഏത് നിമിഷവും മൈനസ് 30 വരെ താഴാം, ഒപ്പം ഓക്സിജന്‍ കുറവും. അത് വേറിട്ട അനുഭവമായിരുന്നു.
ലെ നഗരത്തിൽ നിന്ന് 40 കിലോമീറ്ററേ ഉള്ളു എങ്കിലും ഇത്തരം ദുഷ്കരമായ സാഹചര്യങ്ങൾ കൊണ്ടാവാം അധികം ആളുകളെ അവിടെ കണ്ടില്ല. അടുത്ത ദിവസം ചാദർ ട്രെക്കിന്റെ മുന്നോടിയായ നിർബന്ധിത വൈദ്യപരിശോധനയാണ്. അതിൽ പൂർണ ആരോഗ്യം കണ്ടെത്തിയാലേ സ്വപ്നതുല്യമായ നടത്തത്തിന് അനുമതി കിട്ടു. ‘ഏയ്, കുഴപ്പമൊന്നുമുണ്ടാകില്ല’ എന്നു പരസ്പരം സമാധാനിപ്പിച്ചെങ്കിലും ഉള്ളിന്റെയുള്ളിൽ അൽപം ഭയം എല്ലാവർക്കുമുണ്ടായിരുന്നു. ശരീരത്തിലെ ഓക്സിജൻ ലെവൽ ആണ് പ്രധാനമായി നോക്കുന്നത്. റെഗുലർ മെഡിക്കൽ ചെക്ക് അപ്പിനും മറ്റും ലെ ടൗണിൽ ഉള്ള ചാദർ ട്രെക്ക് റജിസ്ട്രേഷൻ സെന്ററിൽ രാവിലെ എത്തി. കഴിഞ്ഞ രാത്രി തന്നെ ഫോം പൂരിപ്പിച്ച്, ഫോട്ടോ ഒട്ടിച്ചു വെച്ചിരുന്നു. മൂന്നു ദിവസം മുൻപു ലെയിൽ എത്തിയെന്ന് കാണിക്കാൻ ബോർഡിങ് പാസും വെച്ചു.
അവിടെ എത്തുമ്പോൾ വലിയ തിരക്ക്. ചാദർ ട്രെക്കിങ് അനുമതി കാത്ത് നിൽക്കുന്നവരാണ് എല്ലാരും. ലെ മാർക്കറ്റിൽ കറങ്ങി, മിലിറ്ററി ഷോപ്പിൽ നിന്നു വൂളൻ സോക്സും ക്യാപ്പും വാങ്ങി. ഉച്ച ഭക്ഷണം ലെ മോമോസും തുപ്പകയും ആയിരുന്നു. മെഡിക്കൽ ചെക്ക് അപ്പ് ക്ലിയർ ചെയ്ത്, എൻവയോർമെൻറ്, വൈൽഡ് ലൈഫ്, മെഡിക്കൽ ചെക്ക് അപ്പ്, റെസ്ക്യൂ സർവീസ്, എൻ ഒ സി സി, ഇൻഷുറൻസ് തുടങ്ങിയ ഫീസ് എല്ലാം അടച്ച് പ്രാഥമിക കാര്യങ്ങൾ പൂർത്തിയാക്കി. ചാദർ ട്രെക്കിനു യോഗ്യത നേടിയ സന്തോഷത്തിലാണ് എല്ലാവരും റൂമിലേക്ക് മടങ്ങിയത്.
നടക്കാൻ പഠിക്കാം!
ആദ്യ ദിവസം വാഹനത്തിൽ മൂന്നര മണിക്കൂർ കൊണ്ട് 60 കിലോമീറ്റർ സഞ്ചരിച്ച് സർ താഴ്‌വരയിലെ ചില്ലിങ് ഗ്രാമത്തിൽ എത്തി. അവിടെ നിന്നാണ് ചാദർ ട്രെക്ക് തുടങ്ങുന്നത്. റോഡിൽ നിന്നാൽ താഴെ തണുത്തുറഞ്ഞ് ഐസ് ആയി മാറിയ സൻസ്കർ നദി കാണാം. അവിടേക്ക് ഇറങ്ങിയത് തന്നെ ഏറെ അധ്വാനിച്ചായിരുന്നു. തണുത്തുറഞ്ഞ് ഐസ് പാളിയായി കിടക്കുന്ന സൻസ്കറിന്റെ പ്രതലത്തിലൂടെയുള്ള അതികഠിനമായ നടത്തമാണ് ഈ ട്രെക്കിന്റെ വിശേഷതയും കടമ്പയും.
തണുപ്പു കാലത്ത് വഴികളെല്ലാം മഞ്ഞ് വീണ് തടസ്സപ്പെട്ട് പോകും. അപ്പോൾ ഉറഞ്ഞു കിടക്കുന്ന നദിയിലൂടെയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. ഇതാണ് ചാദർ ട്രെക്കിങ്ങായത്. പൂജ്യം ഡിഗ്രിയിൽ തുടങ്ങി മൈനസ് 25 വരെ എത്തിനിൽക്കുന്ന താപനിലയാണ് ട്രെക്കിങ്ങിലുടനീളം അനുഭവപ്പെടുന്നത്. അൽപകാലം മുൻപ് വരെ ചില്ലിങ്ങ് മുതൽ നെരാങ് വരെയുള്ള നടത്തമാണ് ചാദർ ട്രെക്കിന്റെ പാതയിൽ ഉണ്ടായിരുന്നത്, ഇപ്പോൾ അത് സുമോ വാട്ടർ ഫാൾ വരെ ആക്കി കുറച്ചു. അവിടെ നിന്ന് നേരക്കിലേക്ക് നടന്നു പോകാൻ അനുമതി ഇല്ല, എന്നാൽ അവിടേക്ക് ലെയിൽ നിന്ന് റോഡ് മാർഗം പോകാം. ആറ് മണിക്കൂറോളമാണ് യാത്ര.
തണുത്തുറഞ്ഞ നദി കണ്ട അമ്പരപ്പിൽ ആയിരുന്നു എല്ലാവരും. ഇത്ര വീതിയിലും നീളത്തിലും ഒരു പ്രവാഹം അങ്ങനെ തന്നെ ഐസ് ആയി മാറുക, അവിശ്വസനീയം! ഐസിലൂടെ നടക്കാനുള്ള പരിശീലനമായിരുന്നു ആദ്യം. സ്ലൈഡ് ചെയ്തു പോകാനാണ് പറ്റുക, നടക്കുന്നത് അത്ര എളുപ്പമല്ല. പിന്നീട് ഓരോ തരത്തിലുള്ള ഐസ് ഫോർമേഷൻ പരിചയപ്പെട്ടു. എവിടെ ഐസ് പൊട്ടിപ്പോകും, എവിടെ വഴുതും, എങ്ങോട്ടു പോകരുത് അങ്ങനെ പലവിധ നിർദേശങ്ങൾ അതിനൊപ്പം വന്നു.
ആദ്യദിവസം ഒന്നര മണിക്കൂറായിരുന്നു നടന്നത്. താപം മൈനസ് ഏഴു ഡിഗ്രി, ട്രെക്കിങ്ങ് ബാഗ് പുറത്തുണ്ട്, നടത്തം ഉറുമ്പു പോകുന്ന സ്പീഡിൽ ആയിരുന്നു തുടടങ്ങുമ്പോൾ. പിന്നെ അൽപം ആത്മവിശ്വാസമായി. ഇടയ്ക്ക് വഴുതുന്നൊക്കെയുണ്ട്. ചില സ്ഥലത്തു നദി ഐസ് പാളികൾക്ക് ഇടയിൽ, കൊച്ചരുവി പോലെ ഒഴുകുന്നതും കണ്ടു.
ദേ, ഞാൻ വീണു...
ഐസിൽ കുറച്ചു ദൂരം നടന്നതും ഞാൻ ദാ കിടക്കുന്നു ഐസ് ഷീറ്റിന്റെ മുകളിൽ. തുടർന്ന് താഴേക്ക് സ്ലിപ് ആയി പോകാൻതുടങ്ങി. കാല് വെള്ളത്തിൽ ആയി, ബാഗ് എന്റെ മുതുകത്ത് കിടക്കുന്നുണ്ട്. എഴുന്നേല്‍ക്കാൻ വയ്യ. ഒരു താങ്ങിനു പിടിക്കാൻ പോലും ഒന്നുമില്ല. എവിടെത്തൊട്ടാലും വഴുതുന്നു. ചുറ്റുമുള്ളവർ പരിഭ്രാന്തരായി. ഗൈഡ് ഓടി വന്നു, ‘എഴുന്നേൽക്കു’ എന്നു പറഞ്ഞു കൈ പിടിച്ചു വലിച്ചു, കാല് വെച്ച് ഇവിടെ ചവുട്ടി എഴുന്നേക്കു എന്ന് കാണിക്കുന്നുണ്ട്, എന്റെ ബൂട്സിനുള്ളിൽ വെള്ളം കയറി, സോക്സ് നനഞ്ഞു. കാൽ വിരലുകൾ മരവിക്കുന്നതു അറിയാം. കഠിനമായ ശ്രമത്തിനൊടുവിൽ എങ്ങനെയൊക്കെയോ എഴുന്നേറ്റു.
വെള്ളം കയറി നനയാതിരിക്കാനാണ് ട്രെക്കിങ് ഷൂവിനു പകരം ബൂട്സ് ഉപയോഗിക്കുന്നത്. എഴുന്നേറ്റ ഉടനെ ബൂട്ട് അഴിച്ചു മാറ്റി, സോക്സ് ഊരാൻ ശ്രമിച്ചു. ഒറ്റക്കാലിലൊന്നും നിൽക്കാൻ പറ്റില്ല, വീണ്ടും വഴുതി. എവിടെ ഇരിക്കാൻ, ഐസിലോ? വേഗം ബാഗ് നിലത്തു ഐസിൽ വെച്ച് അതിനു മുകളിൽ ഇരുന്നു. രണ്ടു ലെയർ സോക്സ് മാറ്റിയപ്പോഴേക്ക് പാദങ്ങൾ ഐസ് പോലെ ആയിരുന്നു, രേഖ അപ്പോഴേക്കും ബാഗ് തുറന്നു, പുതിയ രണ്ടു ജോഡി സോക്സ് തയാറാക്കി വെച്ചിരുന്നു. സമയം കളയാതെ അതു ധരിച്ച്, വാമർ ഉള്ളിൽ വെച്ചു.ആ നിമിഷങ്ങൾ പറഞ്ഞറിയിക്കുക വയ്യ.
ആദ്യ ദിവസം ടെന്റ് സൈറ്റ് യുക്‌മയിൽ ആയിരുന്നു. മനോഹരമായ സ്ഥലം, അവിടെ ഞങ്ങൾ മാത്രം പിന്നെ സൻസ്കർ നദിയും. ടെന്റ് കെട്ടാനും ഭക്ഷണം പാകം ചെയ്യാനും അഞ്ചംഗ സംഘം കൂടെ ഉണ്ടായിരുന്നു. അവർ സാധനങ്ങൾ ഒക്കെ മരത്തിന്റെ ചങ്ങാടം പോലുള്ള വണ്ടിയിൽ കെട്ടി വലിക്കുകയാണ് ചെയ്യുന്നത്. അവിടത്തെ മൈനസ് 10 ഡിഗ്രിയിൽ അവർ തന്ന ഭക്ഷണത്തിനും ചായയ്ക്കും സൂപ്പിനുമൊക്കെ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്തത്ര രുചികരമായിരുന്നു. .
ടെന്റും സ്ലീപ്പിങ് ബാഗും ഹോട് വാട്ടർ ബാഗും ഒക്കെ ആയി തണുപ്പിനെ തോൽപ്പിക്കാൻ ഞങ്ങൾ സജ്ജമായി. രാത്രി ആയപ്പോൾ അന്തരീക്ഷ താപം -25 വരെ ആയി താഴ്ന്നു, ശരീരത്തണിയുന്ന വസ്ത്രങ്ങൾ ആറും എഴും പാളികളായി ഉയർന്നു.
സമ്മിറ്റ് പോയിന്റിലേക്ക്
രാവിലെ പല്ലു തേക്കാൻ അൽപം ചൂടുവെള്ളം കിട്ടി, ബ്രഷ് കഴുകി താഴെവെച്ചിട്ട് വായ കഴുകി തിരിഞ്ഞപ്പോഴേക്ക് ബ്രഷിലെ വെള്ളം തണുത്തുറഞ്ഞതാണ് കണ്ടത്. എല്ലാത്തിന്റേം അവസ്ഥ അതുതന്നെ. സുമോ വാട്ടർ ഫാൾ ആണ് രണ്ടാമത്തെ ദിവസം ഞങ്ങളുടെ സമ്മിറ്റ് പോയിന്റ്, 6 മണിക്കൂറോളം സൻസ്കർ നദിയിലൂടെ നടക്കണം, മിക്ക സംഘങ്ങളും സമ്മിറ്റിനു മുൻപ് ഒരു സ്ഥലത്തു ക്യാംപ് ചെയ്തു അടുത്ത ദിവസമാണ് സുമോ വാട്ടർ ഫാൾ കാണാൻ പോകുക. ചെറു ഗ്രൂപ്പ് ആയതു കൊണ്ടുമാത്രമല്ല എല്ലാവരും നല്ല ട്രെക്കിങ് പരിചയം ഉള്ളവർ ആയതുകൊണ്ടും അന്നുതന്നെ സമ്മിറ്റ് വരെ നടക്കാൻ സന്നദ്ധരായി.
വഴിനീളെ ഫോട്ടോ എടുത്തും കഥ പറഞ്ഞും മറ്റു ട്രെക്കേഴ്സിനോട് വിശേഷങ്ങൾ പറഞ്ഞും നടന്നു കൊണ്ടിരുന്നു. ഇതിനിടയിൽ എല്ലാരും പല പ്രാവശ്യം വീഴുകയും ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് മഞ്ഞിനു മുകളിൽ ചെറു സോളർ ചിമ്മിനി സ്റ്റൗ ഉപയോഗിച്ച് ഉച്ച ഭക്ഷണം പാകം ചെയ്തു തന്നു. മുകളിൽ നീലാകാശം, താഴെ വെളുപ്പ് നിറത്തിൽ ഖനീഭവിച്ച നദി. ഇരുവശത്തും കോട്ട കെട്ടിയപോലെ മലനിരകൾ. ഭക്ഷണത്തിനു ശേഷം വീണ്ടും നടന്നു. അങ്ങകലെ സുമോ വാട്ടർഫാൾ... അതിൽ അപ്പോഴും വെള്ളം ഒഴുകുന്നുണ്ട്, അരികിലൊക്കെ ഐസ് പരലുകൾ രൂപപ്പെട്ടു വന്നിട്ടുണ്ട്. മൂക്കിലെ തുള പോലെ രണ്ട് ദ്വാരങ്ങൾ ഏറെ ഉയരത്തിൽ കാണാം. അതിൽ ഒന്നിൽ നിന്ന് മാത്രം വെള്ളം താഴോട്ട് കുതിച്ചു വീഴുന്നു, രണ്ടാം ദ്വാരം അടഞ്ഞിരിക്കുന്നു.
ഈ വെള്ളച്ചാട്ടത്തെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. ചാദർ വഴി ടിബറ്റിലേക്ക് സഞ്ചരിച്ച ഒരാളുടെ കൈവശം ബുദ്ധമതത്തിലെ ലാമ ലോഹപ്പെട്ടി കൊടുത്തുവിട്ടു. വഴിയിൽ അതിന്റെ ഭാരം കൂടിയാലും നേരഖ് ഗ്രാമത്തിലെത്തും മുൻപ് പെട്ടി തുറന്നു നോക്കരുതെന്ന് ലാമ പറഞ്ഞിരുന്നു. എങ്കിലും സഞ്ചാരിക്ക് ജിജ്ഞാസ അടക്കാനാവാതെ തുറന്ന് നോക്കി. അതിൽ നിന്നു പുറത്തു വന്ന രണ്ട് മത്സ്യങ്ങൾ പാറ തുരന്ന് ഉള്ളിലേക്ക് കയറിപ്പോയി. അവ തുളച്ചുകയറിയ ദ്വാരങ്ങളിൽ നിന്നാണ് വെള്ളച്ചാട്ടം രൂപപ്പെട്ടത്. പിന്നീട് ആ ലാമ അതുവഴി വന്നപ്പോൾ കയ്യിലുണ്ടായിരുന്ന തലയോട്ടി വെച്ച് ഒരു ദ്വാരം അടച്ചു എന്നാണ് ഐതിഹ്യം. ചെറു ചൂടുള്ള വെള്ളച്ചാട്ടമായതിനാലാണ് അത് ഐസ് ആവാതെ ഇരിക്കുന്നത്. അവിടെ നിന്ന് കുറച്ചു മുൻപോട്ട് നീങ്ങിയാണ് അന്ന് ക്യാംപ് ചെയ്തത്.
വീണ്ടും യോക്മയിൽ
അടുത്ത ദിവസം രാവിലെ തന്നെ തിരിച്ചു നടന്നു യോക്മയിലേക്ക്. കാഴ്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതുപോലെ തന്നെ. എന്നാൽ ഉറഞ്ഞു കിടക്കുന്ന നദിക്ക് ആദ്യന്തം ഒരേ സ്വഭാവമല്ല. ചില ഭാഗത്ത് കരിങ്കല്ലു പോലെ ഉറച്ച നദീജലം, മറ്റു ചില സ്ഥലങ്ങളിൽ നദിയുടെ പാതി ഐസും പാതി ഒഴുകുന്ന നദിയും. ഇനിയും ചില സ്ഥലത്ത് മുകളിൽ സ്ഫടികം പോലെ സുതാര്യമായ ഐസ് പാളി, താഴെ നദീജലം കാണാം, ആദ്യ ദിനം ക്യാംപ് ചെയ്ത യോക്മ മനോഹരമായ സൈറ്റാണ്, സുരക്ഷിതവും. അവിടെത്തിയതും. എല്ലാരും സൂര്യന്റെ ചെറു ചൂട് കിട്ടുന്ന സ്ഥലത്തെ നോക്കി ക്യാംപ് ചെയ്യാൻ ആവേശത്തോടെ ഓടി. യോക്മയിലെ രാത്രിയും മറക്കാനാവാത്ത അനുഭവമാണ്. നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശത്തിനു താഴെ മാനം നോക്കി നിൽക്കാൻ കൊതിക്കുമെങ്കിലും തണുപ്പിന്റെ കാഠിന്യം എല്ലാവരെയും അതിൽ നിന്നു പിൻതിരിപ്പിക്കും.
സഞ്ചാരം വട്ടമെത്താൻ ചില്ലിങ് ഗ്രാമത്തിലേക്ക് ഒന്നര മണിക്കൂർ കൂടി നടക്കണം നാലാം ദിവസം. മറ്റു സംഘങ്ങളെ അപേക്ഷിച്ച് ഞങ്ങൾ ഒരു ദിവസം കുറവാണ് ട്രെക്ക് ചെയ്തത്. അപ്പോൾ രണ്ടും മൂന്നും ദിവസങ്ങളിൽ കൂടുതൽ ദൂരം താണ്ടാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ലെയിൽ മടങ്ങി ചെന്നിട്ട് നേരക് വാട്ടർ ഫാൾ കാണാനുള്ള ആഗ്രഹമായിരുന്നു ആ സാഹസികതയ്ക്ക് പ്രേരിപ്പിച്ചത്. ചാദറിന്റെ ഭംഗിയും നടത്തത്തിന്റെ കഷ്ടതയും അതിശൈത്യവും തളർത്തിയിരുന്നു. ലെയിലേക്കുള്ള വാഹനയാത്രയിൽ സംഗം പോയിന്റും പത്ഥർ സാഹിബ് ഗുരുദ്വാരയും കാണാൻ മറന്നില്ല.
നേരക് ഫ്രോസൺ വാട്ടർ ഫാൾ
മുൻപ് ചാദർ ട്രെക്കിന്റെ ലാസ്റ്റ് പോയിന്റ് ആയിരുന്നു നേരക് വാട്ടർ ഫാൾ. ഇപ്പോൾ ലെയിൽ നിന്ന് റോഡ് മാർഗം പോകാനെ പറ്റു. രണ്ടു ഹൈ പാസ് കടന്ന് സിഗ്‌സാഗ് രൂപത്തിലുള്ള റോഡിലൂടെ സഞ്ചരിക്കണം. ഒരു വലിയ വെള്ളച്ചാട്ടം ഒഴുകി വീഴുമ്പോൾ തന്നെ ഉറഞ്ഞ് ഐസ് ആയി മാറിയത് അപൂർവ കാഴ്ച അസാമാന്യം തന്നെ. സൻസ്കർ നദിയിലേക്ക് പതിക്കുന്നതാണ് ഈ ജലധാര. ആ യാത്ര ചാദർ പോലെ തന്നെ ത്രില്ലിങ് ആയിരുന്നു മഞ്ഞു മൂടികിടക്കുന്ന മലകൾക്കിടയിലൂടെ കിലോമീറ്ററുകൾ നീളുന്ന സഞ്ചാരം തന്നെ വേറിട്ട അനുഭവമാണ്. കുറേ ദൂരം ടാർ ചെയ്ത റോഡ് ആണ്, പിന്നീട് നിർമാണം പാതി പിന്നിട്ട ചെറു വഴികളും. അതിങ്ങനെ കയറി കയറി ഹെയർപിൻ കർവ് പോലെ ഓരോ മലകളിലും കയറി ഇറങ്ങി നീണ്ടു. സിർസിർ ല ചുരവും സിംഖേല ചുരവും കടന്ന് നേരക് ഗ്രാമത്തിലെത്തി. വീണ്ടും സൻസ്കറിന്റെ ഓരം പറ്റി നടന്നു, ഉറഞ്ഞുപോയ വെള്ളച്ചാട്ടത്തിനരികിലേക്ക്. ഒഴുകി വരവെ ‘പോസ്’ ചെയ്ത് നിർത്തിയതുപോലെ ഒരു വെള്ളച്ചാട്ടം. അവർണനീയമായ കാഴ്ച അക്ഷരാർഥത്തിൽ പല രീതിയിൽ ആസ്വദിച്ച ശേഷം ഞങ്ങൾ തിരികെ നടന്നു. ഒരിക്കലും മറക്കാനാകാത്ത കുറേ അനുഭവങ്ങൾകൂടി പായ്ക്ക് ചെയ്ത് ലെയിൽ നിന്നു മടക്കയാത്രയ്ക്ക് തയാറാകുമ്പോൾ ദിവസങ്ങൾക്കു മുൻപ് ഒരു രാത്രി 11 മണിക്കടുത്തു വന്ന ഫോൺ കോൾ ഓർമയിലെത്തി. സ്ത്രീകളെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയും അവരുടെ ട്രിപ്സ് സംഘടിപ്പിക്കുകയും ചെയ്യുന്ന അപ്പൂപ്പൻ താടി എന്ന കൂട്ടായ്മയുടെ സ്ഥാപക സജ്ന അലിയുടെ കോളായിരുന്നു അത്. സൻസ്കറിന്റെ മഞ്ഞ് പുതപ്പിനു മുകളിലൂടെ നടന്നതും ഇന്ത്യയിൽ മറ്റൊരിടത്തും ലഭിക്കാൻ സാധ്യതയില്ലാത്ത വിധം കഠിനമായ ഫ്രോസൻ റിവർ ട്രെക്ക് വിജയകരമായി പൂർത്തിയാക്കിയതുമൊക്കെ ഓർക്കുമ്പോൾ ആഹ്ലാദം അപ്പൂപ്പൻതാടി പോലെ മനസ്സിൽ പാറി നടക്കുന്നു..
അറിഞ്ഞിരിക്കുക
ശൈത്യ കാലമായ ജനുവരി–ഫെബ്രുവരിയാണ് ചാദര്‍ ട്രെക്കിങ്ങിന്റെ സീസണ്‍. ജനുവരി പകുതി മുതല്‍ ഫെബ്രുവരി അവസാനത്തോളം നദി പൂര്‍ണമായും തണുത്തുറയാറുണ്ട്. ഗവൺമെന്റ് ആണ് ട്രെക്കിങ് സീസൺ നിശ്ചയിക്കുക. അടുത്ത സീസൺ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ആയിട്ടില്ല. ട്രെക്കിങ് സംഘാടകർ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
കഠിനവും സാഹസികവുമായ ചാദർ ട്രെക്കിങ്ങിന് പ്രഫഷനല്‍ ട്രെക്കിങ് ഗ്രൂപ്പിന്റെ കൂടെ പോകുന്നതാണ് നല്ലത്. ഒരാള്‍ക്ക് ₨25,000 മുതലുള്ള ട്രെക്കിങ് പാക്കേജുകള്‍ ലഭ്യമാണ്. ഭക്ഷണവും താമസവുo അനുഭവപരിചയമുള്ള ഗൈഡുമാരും പോർട്ടർമാരും ഒക്കെ ഇതിനൊപ്പം ലഭിക്കും. നല്ല ശാരീരിക ക്ഷമത ആവശ്യമുണ്ട് ട്രെക്കിങ്ങിന്. ശരിയായ തയാറെടുപ്പും വേണം. .ചില ട്രെക്കിങ്ങ് കമ്പനികൾ 35 മിനിറ്റു കൊണ്ട് അഞ്ച് കിലോമീറ്റർ ഓടാൻ പറ്റുമോ എന്നൊക്കെ നോക്കി ആണ് ശാരീരിക ക്ഷമത പരിശോധിക്കാറുള്ളത്.
സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ ആയതിനാൽ ശ്വാസതടസം ഉണ്ടാകാം, അതുകൊണ്ടു തന്നെ ബ്രീത്തിങ് എക്സർസൈസ് പരിശീലിക്കുന്നതും നല്ലതാണ്. മനോധൈര്യത്തിനും ഏറെ പ്രാധാന്യമുണ്ട്. ഏത് തരത്തിലുള്ള സാഹചര്യങ്ങളെയും മുന്നില്‍ കണ്ടു വേണം യാത്ര തുടങ്ങാൻ. തണുത്തുറഞ്ഞ പ്രതലത്തിലൂടെയും ദുഷ്‌കരമായ കാലാവസ്ഥയിലും നടക്കാൻ ട്രെക്കിങ്ങ് ബൂട്ട്, ടീഷർട്, വാർമെർ, ഫ്‌ളീസ്, പാഡഡ് ജാക്കറ്റ് അങ്ങനെ പലതും ആവശ്യമാണ്. മെഡിക്കല്‍ ചെക്ക് അപ്പ്, ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്.
അത്യാവശ്യ ഘട്ടത്തിൽ ഹെലിക്കോപ്റ്റർ ഇവാക്വേഷനുള്ള സമ്മതവും നൽകേണ്ടതുണ്ട്.