കടലുകൾക്കപ്പുറം നിലകൊള്ളുന്ന ഇസ്രയേലിലെ ജറുസലം എന്ന വിശുദ്ധനഗരത്തിന് ഇങ്ങ് തെക്കേഇന്ത്യയിൽ ‘പേരുകൊണ്ട് ഒരു അപരൻ’ ഉണ്ടെന്ന കേട്ടറിവാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലേക്കുള്ള സഞ്ചാരത്തിന് ആക്കം കൂട്ടിയത്. ‘ചിന്നയെറുശലേം’ എന്നറിയപ്പെടുന്ന വിശുദ്ധനാട് കാണാൻ സൂര്യനുണരും മുൻപേ കോട്ടയത്ത് നിന്നും യാത്രതിരിച്ചു. കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു ക്രിസ്ത്യൻപള്ളി എന്ന ഏകദേശ ചിത്രമാണ് മനസ്സിൽ. പുനലൂർ–തെന്മല–തെങ്കാശിയിലേക്ക് കടന്നതും തമിഴ്നാട്ടിലേക്ക് സ്വാഗതം പറഞ്ഞെന്നോണം ചാറ്റൽമഴപെയ്ത്ത്. വഴിയരികിലെ ചായപീടികയോടു ചേർന്ന് വണ്ടിയൊതുക്കി.

ആവിപാറുന്ന ചൂടുചായയ്ക്കൊപ്പം മഴയാസ്വദിച്ചു. തെങ്കാശിയിലെ കാശി വിശ്വനാഥർ കോവിലായിരുന്നു ആദ്യ ലക്ഷ്യസ്ഥാനം. മുല്ലയുടെയും പിച്ചിയുടെയും സുഗന്ധം നിറയുന്ന ക്ഷേത്ര പരിസരം. ക്ഷേത്രാങ്കണത്തിൽ കണ്ണുകളടച്ച് കുറച്ചുസമയം നിന്നു. കച്ചവടക്കാരുടെയും ഭിക്ഷാടനത്തിന് ഇറങ്ങിയവരുടെയും നിരന്തരമായ പിൻവിളികൾ പ്രാർഥന മുറിച്ചു, തിരിച്ച് നടന്നു. അസ്തമയത്തിന് മുൻപ് ചിന്നയെറുശലേമിലെത്തേണ്ടെതിനാൽ പിന്നീടങ്ങോട്ട് വഴിയരികിലെ കാഴ്ചാസ്വാദനത്തിന് സമയപരിധി നിശ്ചയിച്ചു.
ചുവന്ന മരുഭൂമിയിലൂടെ...
തെങ്കാശിയിൽ നിന്ന് തിരുനെൽവേലി ഹൈവേയിലേക്ക് കടന്നു. ആലംങ്കുളത്തിനപ്പുറം മാരീജപുരത്ത് എത്തുമ്പോൾ റോഡിന് അരികെ വലിയൊരു കുന്നിൻ മുകളിൽ സീതാദേവിയുടെ ക്ഷേത്രം കാണാം. പച്ചനിറം വാരിപൊത്തിയ ഗ്രാമങ്ങൾ ഓരോന്നും പിന്നിട്ട് മണപ്പാട് ലക്ഷ്യമാക്കി മുന്നോട്ട്. മണപ്പാട് എന്ന പേര് കേൾക്കുമ്പോൾ കേരളത്തിലെ ഏതോ സ്ഥലമെന്നേ തോന്നൂ. എന്നാൽ തൂത്തുക്കുടിയ്ക്ക് ജില്ലയിൽ തിരുച്ചെന്തൂരിൽ നിന്ന് കന്യാകുമാരി റൂട്ടിൽ 17 കിലോമീറ്റർ അകലെയുള്ള കടലോരഗ്രാമമാണ് മണപ്പാട്. ഇവിടമാണ് ചിന്നയെറുശലേം എന്നറിയപ്പെടുന്നത്.
ഗ്രാമീണപച്ചപ്പ് മങ്ങി മണ്ണിന്റെ നിറം മാറിത്തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ അന്നേരം നീങ്ങിക്കൊണ്ടിരിക്കുന്ന റൂട്ടിനടുത്തായി കടുംചുവപ്പ് ചേർന്ന പ്രദേശം കണ്ടു. തെക്കേ ഇന്ത്യയിലെ ചുവന്ന മരുഭൂമി എന്ന പേരിൽ അറിയപ്പെടുന്ന തേരിക്കാട് കുടിയിരിപ്പായിരുന്നു അത്. മാപ്പിലെ ചുവപ്പ് നോക്കി മുന്നോട്ടു നീങ്ങി. അവിടവിടെയായി തലയുയർത്തി നിൽക്കുന്ന മുൾച്ചെടികളൊഴിച്ചാൽ ഹൊറർ സിനിമയ്ക്ക് സെറ്റിട്ട പോലെ പേടിപ്പെടുത്തുന്ന, തീർത്തും വിജനമായ പ്രദേശം. പക്ഷേ, 12000 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ ചുവന്ന മരുഭൂമി ആരെയും വിസ്മയിപ്പിക്കും. അസുരൻ ഉൾപ്പെടെ നിരവധി സിനിമകൾക്ക് ഇവിടം ലൊക്കേഷനായിട്ടുണ്ട്.

ദൈവം കാക്കും കടൽത്തീരം

മണപ്പാട് തീരത്തേക്കുള്ള കവാടം കടന്നതും വേറെയൊരു ലോകത്തിൽ എത്തിപ്പെട്ട അനുഭൂതി. കടൽത്തീരത്ത് നിലകൊള്ളുന്ന വലിയൊരു മല. മലയാണോ അതോ മണൽക്കൂനയാണോ എന്ന് സംശയം തോന്നുന്ന പ്രകൃതം. അതിനു മുകളിൽ മനോഹരമായൊരു പള്ളി. പള്ളിയുടെ മുന്നിൽ ഇരുവശത്തുമായി അനുഗ്രഹം ചൊരിഞ്ഞ് നിലകൊള്ളുന്ന മാലാഖമാർ. കടൽത്തീരത്ത് നിന്ന് മലയുടെ മുകളിലേക്കു നീളുന്ന റോഡ്. മുകളിലെത്തിയാൽ ചുറ്റുകടലാണ്. ഒരുഭാഗത്ത് ശാന്തമായ കടലെങ്കിൽ മറുഭാഗത്ത് ആർത്തലയ്ക്കുന്ന കടൽ. ശാന്തമായ കടൽ പെൺ കടലും ആർത്തലയ്ക്കുന്ന കടൽ ആൺ കടലുമാണെന്ന് ഗൈഡായി കൂടെ വന്ന മനോ പറഞ്ഞു. അസ്തമയചുവപ്പ് പടർന്നതും ദൂരെ വിളക്കുകൾ കൺതുറന്നു. മറ്റെങ്ങും കണ്ട് പരിചിതമല്ലാത്ത വിധം മനോഹരമായ തെരുവുകൾ. അവയ്ക്ക് പലഭാഗത്തായി തലയെടുപ്പോടെ നിൽക്കുന്ന പതിനാലോളം പള്ളികൾ. മലമുകളിലെ ഹോളിക്രോസ് പള്ളിയ്ക്ക് അകത്ത് കയറി. ആ ദിവസത്തെ അവസാന കുർബാനചടങ്ങുകൾ നടക്കുകയാണ്. കണ്ണുകളടച്ച് കുറച്ചുനേരം അവിടെയിരുന്നു. മനസ്സ് ഭാരം കുറഞ്ഞ് അപ്പൂപ്പൻതാടിപോലെ പാറിപ്പറന്നു. മുടിയിഴകളെ തലോടി കടൽക്കാറ്റ് കടന്നുപോകുമ്പോൾ അൾത്താരയിൽ നിന്ന് ഇറങ്ങിവന്ന് ദൈവത്തിന്റെ കരങ്ങൾ തഴുകുന്ന പ്രതീതി. പോകാം, മനോ വിളിച്ചപ്പോൾ സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു.
പള്ളിയ്ക്ക് മുന്നിലായി വർഷങ്ങൾ പഴക്കമുള്ള വലിയൊരു കുരിശ് കാണാം. പള്ളിയ്ക്ക് പുറകിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലൈറ്റ് ഹൗസ്. കുന്നിനു താഴെ വിശുദ്ധഫ്രാൻസിസ് സേവ്യറുടെ സ്മാരകം, അതിനുതാഴെ ഒരു ഗുഹയുണ്ട്. അതിനകത്ത് വറ്റാത്ത കിണറും. 1542 ലാണ് വിശുദ്ധഫ്രാൻസിസ് സേവ്യർ ഇവിടെയെത്തിയത്. പത്തുവർഷക്കാലം അദ്ദേഹം കടൽത്തീരത്തെ ഗുഹയിൽ താമസിച്ചു. ഇപ്പോൾ ഈ ഗുഹ ഫ്രാൻസിസ് സേവ്യയറിന്റെ പേരിലുള്ള ദേവാലയമാണ്.

കാൽവരിയിലെ വിശുദ്ധകുരിശിന്റെ ഒരു ഭാഗമാമെന്ന് കരുതുന്ന തിരുശേഷിപ്പ് 1583 ൽ റോമിൽ നിന്ന് കൊച്ചിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് നിരവധിയാളുകൾ കാൽനടയായി ഇവിടെയെത്തിച്ച് പ്രതിഷ്ഠിക്കുകയായിരുന്നത്രേ. സെപ്റ്റംബർ മാസത്തിലാണ് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചത്. പിന്നീട് എല്ലാവർഷവും സെപ്റ്റംബർ 4 മുതൽ 14 വരെ പളളിയിൽ പെരുന്നാൾ ആഘോഷിക്കുന്നു. പത്തുദിനം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ നിരവധി മലയാളികൾ ചിന്നയെറുശലേമിൽ എത്താറുണ്ട്.

പള്ളിയ്ക്ക് താഴെ കടൽത്തീരത്ത് നിരയായി നാലു കിണറുകളുണ്ട്. എല്ലാ കിണറുകളിലും ശുദ്ധജലം. ഈ പ്രദേശത്തുകാരെല്ലാം തങ്ങളുടെ ദൈനംദിന ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത് കടൽത്തീരത്തെ കിണറുകളിൽ നിന്നാണ്. പള്ളിയും അതിനെ ചുറ്റിപറ്റിയുള്ള കാഴ്ചകളും ഓരോ നിമിഷവും അദ്ഭുതപ്പെടുത്തി.

പായ്മരം കൊണ്ട് പണിത കുരിശ്

പതിനാറാം നൂറ്റാണ്ടിൽ ആഫ്രിക്കയുടെ ഗുഡ്ഹോപ്പ് തീരം വഴി പോവുകയായിരുന്നൊരു പോർച്ചുഗീസ് കപ്പൽ ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട് തകർന്നു. ഏതെങ്കിലും തീരത്ത് കപ്പൽ അടുത്ത് തങ്ങൾക്ക് രക്ഷപ്പെടാനായാൽ ആ കപ്പലിന്റെ പായ്മരം കൊണ്ടൊരു കുരിശ് സ്ഥാപിക്കാം എന്ന് ക്യാപ്റ്റൻ നേർച്ച നേർന്നു. കപ്പലടുത്തത് കുലശേഖരപ്പട്ടണത്തിനടുത്തുള്ള തീരത്തിലാണ്. അങ്ങനെയാണ് പിന്നീട് നേർച്ച നടപ്പിലാക്കി കുരിശ് സ്ഥാപിക്കപ്പെട്ടത്. പിൽക്കാലത്ത് ഇന്നാട്ടുകാരനായ ഒരാൾ കുരിശ് ചവിട്ടി താഴെയിടുകയും അയാൾക്ക് മാറാവ്യാധി പിടിപെടുകയും ചെയ്തു. എണ്ണ ഉപയോഗിച്ച് കുരിശ് വൃത്തിയാക്കാനും പുനസ്ഥാപിക്കുകയും ചെയ്തശേഷമാണ് അദ്ദേഹത്തിന്റെ രോഗം മാറിയത്. രോഗം മാറാനുള്ള എണ്ണ നേർച്ച ഇന്നും പള്ളിയിൽ പിന്തുടരുന്നുണ്ട്. പിന്നീട് 1600 ലാണ് കുരിശിനോടനുബന്ധമായി ഇവിടെ പള്ളി നിർമിക്കുന്നത്. പോർച്ചുഗീസുകാർ പണിത കുരിശ് ഇന്നും അൾത്താരയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്. മണപ്പാട് ഗ്രാമത്തിലെ മറ്റു കാഴ്ചകൾ തേടി പള്ളിയിൽ നിന്ന് ഇറങ്ങി.
മണപ്പാട് എന്ന വിശുദ്ധനാട്
മണിരത്നത്തിന്റെ കടൽ (2013), ഗൗതം വാസുദേവ് മേനോന്റെ നീ താനെ യെൻ പൊൻ വസന്തം (2012), ഹരി സംവിധാനം ചെയ്ത സിൻഗം 2, സൂർജിത് സർകാറിന്റെ മദ്രാസ് കഫേ (2013) തുടങ്ങി നിരവധി സിനിമകൾക്ക് മണപ്പാട് ലൊക്കേഷനായിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ നാടിനെ ചിന്നയറുശലേം എന്നു വിളിക്കുന്നതെന്ന് പള്ളിയും പരിസരവും കണ്ടാൽ ചോദിക്കേണ്ട ആവശ്യമേ വരുന്നില്ല. എങ്കിലും അതിനു പിന്നില്‍ മറ്റെന്തെങ്കിലും കഥയുണ്ടോ എന്ന് അന്വേഷിച്ചു. ഉത്തരം നൽകിയത് ഇന്നാട്ടിലെ സ്കൂൾ അധ്യാപകനായ വാലന്റൈൻ ഇളങ്കോ ആയിരുന്നു. ‘ ഹോളിക്രോസ് പള്ളിയും പ്രദേശവും തന്നെയാണ് ആ വിശേഷണത്തിന്റെ പ്രധാനകാരണം. മറ്റൊന്ന് റോമിലേതു പോലെ അല്ലെങ്കിൽ വിദേശരാജ്യങ്ങളിലേതു പോലെ സമാന്തരമായി നിലകൊള്ളുന്ന വഴികളാണ് ഇവിടെ. ഊടുവഴികൾ ഇല്ലെന്നർഥം. അതുപോലെ ഇവിടുത്തെ സ്ട്രീറ്റുകളും അതിന്റേതായ പ്രത്യേകതയിൽ നിലകൊള്ളുന്നു. 14 ഓളം പള്ളികളും 27 ലധികം കുരിശടികളും ഈ പ്രദേശത്തുണ്ട്.

നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത ആർജിച്ച നാടാണ് മണപ്പാട്. ആറോളം പള്ളിക്കൂടങ്ങൾ, ലൈബ്രറി, റേഡിയോനിലയം, പോസ്റ്റ് ഓഫിസ്, വിക്ടോറിയ ഹോസ്പിറ്റൽ,സഹകരണബാങ്ക്, ടെന്നീസ് കോർട് തുടങ്ങിയവയെല്ലാം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപേ ഇവിടെയുണ്ടായിരുന്നു. അന്നത്തെ അതേ പോസ്റ്റ് ഓഫിസ് തന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്. 1900 ത്തിലാണ് ലൈബ്രറി സ്ഥാപിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
ടൈം ട്രാവലിലൂടെ മറ്റേതോ കാലഘട്ടത്തിലേക്ക് തിരിച്ചുപോയ പ്രതീതിയാണ് മണപ്പാട് ഓരോ നിമിഷവും നൽകിയത്. തമിഴ് കവി ഭാരതിദാസൻ ഈ നാടിനെ കുറിച്ച് ‘അഴകിൻ സിരിപ്പിൽ’ എഴുതിയതു പോലെ, ‘ ഊര്ക്ക് കെഴക്കേയുള്ള പെരുങ്കടൽ ഓരമെല്ലാം, കീരിയിൻ ഉടൽവണ്ണം പോൽ മണൽമെത്തൈകൾ...