ഹിമശിഖരങ്ങൾ അതിരു തീർത്ത കൊച്ചു ഗ്രാമങ്ങളും കാറ്റത്ത് ഊയലാടുന്ന തൂക്കുപാലങ്ങളും അലസമായി മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകളും മന്ത്രജപം മുഴങ്ങുന്ന ബുദ്ധവിഹാരങ്ങളും വിരുന്നൊരുക്കുന്ന ഹിമാലയൻ ഗ്രാമവഴികൾ സഞ്ചാരികളുടെ സ്വപ്നമാണ്. കഥകളിൽ മാത്രം കേട്ടറിഞ്ഞ ഹിമഗിരിയിലെ കിന്നരദേശത്തേക്കാണ് ആ യാത്രയെങ്കിൽ അതിനിത്തിരി മധുരമേറും. ചെറുതും വലുതുമായ നൂറോളം ഗ്രാമങ്ങളുള്ള കിന്നൗർ താഴ്‌വരയിലെ ശിശിരവും ഗ്രീഷ്മവും വസന്തവുമെല്ലാം യാത്രികർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. കണ്ണും മനസും തുറന്നു വെച്ച് ആസ്വദിക്കാൻ കഴിയുന്നവർക്ക് ഒരു മാന്ത്രിക കഥ പോലെയാണ് ഇവിടത്തെ വഴികൾ...
ഡെൽഹി, ഷിംല പിന്നെ റെക്കോംഗ് പിയോ
കിന്നരദേശത്തെ അവസാന ഗ്രാമം ചിത്കുലാണ് ലക്ഷ്യസ്ഥാനം. നീലേശ്വരത്ത് നിന്നു ട്രെയിൻ കയറി രണ്ടാം ദിവസം വൈകിട്ട് ഡെൽഹി എത്തി. ഡൽഹി – ഷിംല ബസിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നതിനാൽ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ നീണ്ട നിര ഒഴിവാക്കാനായി. വർണ്ണ വെളിച്ചത്തിൽ കുളിച്ചു നിന്ന ഡൽഹി തെരുവോരങ്ങളിലൂടെ ഒച്ചിഴയും വേഗത്തിൽ ബസ് നീങ്ങി. ചരിത്രമുറങ്ങുന്ന ജുമാ മസ്ജിദും പുരാനി ദില്ലിയും ചെങ്കോട്ടയും താണ്ടി പഞ്ചാബ് പ്രവിശ്യയിലേക്ക് നീങ്ങി.
സമയം പുലർച്ചെ അഞ്ച്. പുറത്ത് ചാറ്റൽമഴ. ജനാലച്ചില്ല് കൈകൊണ്ട് തുടച്ച് പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ബസ് മലനിരകൾ കയറുകയാണ്. അടുക്കിവെച്ച തീപ്പെട്ടിക്കൂടുകൾ പോലെ പല നിറത്തിൽ, തട്ടു തട്ടുകളായി നിരന്നു കിടക്കുന്ന ഷിംല പട്ടണത്തിലെ ഭംഗിയുള്ള വീടുകൾ. കോടമഞ്ഞു നിറഞ്ഞ ആ പുലരിയിൽ വാക്കുകൾ ഉച്ചരിക്കുമ്പോൾ പുക തുപ്പുന്ന മനുഷ്യരെ കണ്ട് കൗതുകം തോന്നി. അൽപ സമയത്തിനകം ബസ് ഷിംല ഇന്റർ സ്‌റ്റേറ്റ് ബസ്സ്റ്റാൻഡിൽ എത്തി.

ഷിംലയിൽ നിന്നും നേരിട്ട് ചിത്കുലിലേക്ക് ഏതാനും ബസുകൾ മാത്രമേ ഉള്ളൂ. അതിനാൽ ആദ്യം കിന്നൗർ താഴ്‌വരയിലെ ഏറ്റവും വലിയ പട്ടണം റെക്കോംഗ് പിയോയിലേക്ക് പോകാൻ തീരുമാനിച്ചു. അന്ന് അവിടെ താമസിച്ച് അടുത്ത ദിവസം ചിത്കുലിലേക്ക് പോകാം. പിയോയിൽ നിന്നും ഓരോ മണിക്കൂർ ഇടവിട്ട് ചിത്കുലിലേക്ക് ഹിമാചൽ ബസുണ്ട്. താമസിയാതെ തന്നെ റെക്കോംഗ് പിയോയിലേക്കുള്ള ഹിമാചൽ പരിവഹൻ ബസ് എത്തി. അതിൽ കയറി കയ്യിലുള്ള വലിയ ബാഗ് മുകളിൽ തിരുകി ജനലരികിൽ ഇരിപ്പുറപ്പിച്ചു. ചെറിയ കാത്തിരിപ്പിനു ശേഷം ബസ് ഷിംല പട്ടണത്തോട് വിട പറഞ്ഞു.
നിൽക്കണേ, ആൾ ഓട്ടത്തിൽ...

രാംപുർ മുതൽ മുന്നോട്ട് കാഴ്ചകളുടെ ഘോഷയാത്രയാണ്. റോഡിന് വലതു വശത്ത് സത്‌ലജ് നദി ശാന്തമായി ഒഴുകുന്നു. കടന്നു പോകുന്ന പാത പല ഭാഗത്തും വലിയ പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയതാണ്. ഒരു വാഹനത്തിന് മാത്രം പോകാൻ സാധിക്കുന്ന ഇടുങ്ങിയ വഴിയിൽ യാതൊരു ഭയവും ഇല്ലാതെ ശരവേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കണം. ബസ്സിലെ പാട്ടുപെട്ടിയിൽ നിന്നും കിന്നൗരി ഭാഷയിൽ പഹാഡിഗാനവും കേട്ട്, അടുത്ത വളവിൽ എന്തു സംഭവിക്കും എന്നറിയാതെ ജീവനും കയ്യിൽ പിടിച്ചുള്ള യാത്ര സുഖകരമാണോ ഭയമുളവാക്കുന്നതാണോ എന്ന് ചോദിച്ചാൽ ഉത്തരമില്ല.
രാംപുറിന് ശേഷമുള്ള വലിയ പട്ടണം തപ്രിയിൽ നിന്നും ചിത്കുലിലേക്ക് ബസ് സർവീസ് ഉണ്ടെന്ന് സഹയാത്രികരിൽ ഒരാൾ പറഞ്ഞു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് മുൻപായി തപ്രിയിൽ എത്തിയാൽ റെക്കോംഗ് പിയോയിൽ പോകാതെ ഇന്നു തന്നെ ചിത്കുലിൽ എത്താം.
പക്ഷേ, തപ്രിയിൽ എത്തിയപ്പോഴേക്കും സമയം മൂന്നു കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ റെക്കോംഗ് പിയോയിലേക്കു യാത്ര തുടർന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തപ്രിയിൽ നിന്നും ചിത്കുലിലേക്ക് പോകുന്ന ബസ് ദൂരെ ചുരം കയറുന്നതു കണ്ടത്.. എന്റെ ബസിലെ ഡ്രൈവർ ഉച്ചത്തിൽ ഹോൺ മുഴക്കി ആ ബസിനെ മറികടന്ന് ഒതുക്കി നിർത്തി. ഒരു നന്ദിവാക്കിന് പോലും കാത്തു നിൽക്കാതെ ബാഗ് എന്റെ കൈകളിലേക്ക് എറിഞ്ഞു തന്ന് വേഗം ആ ബസിൽ കയറാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.

പുതിയ ബസിൽ നിറച്ചു യാത്രക്കാരായിരുന്നു. പഹാഡി ഭാഷയിൽ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന പല്ലില്ലാത്ത മുത്തശ്ശിമാരും ആപ്പിൾ പഴത്തിന്റെ ചേലുള്ള കൊച്ചു കുട്ടികളും കിന്നൗരി തൊപ്പി ധരിച്ച കിന്നരീ കിന്നരൻമാരും ആട്ടിടയൻമാരുമെല്ലാം ബസിലുണ്ട്.
ആടുകളുടെ മടക്കയാത്ര
സത്‌ലജ് നദിയുടെ ഓരം ചേർന്നുള്ള യാത്രയ്ക്കൊടുവിൽ ബസ് കർച്ചം ഡാമിന് അടുത്തെത്തി. പ്രകൃതി ഭംഗി കൊണ്ട് ആവോളം അനുഗ്രഹിച്ച മനോഹരമായ മനുഷ്യ നിർമിതി. സമുദ്ര നിരപ്പിൽ നിന്നും 5900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിന് ദിനം പ്രതി 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അണക്കെട്ടിന് കുറുകെയുള്ള പാലത്തിലൂടെ രൗദ്രഭാവത്തിൽ ഒഴുകുന്ന സത്‌ലജ് നദി മുറിച്ചു കടന്ന് യാത്ര തുടർന്നു.

ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് പാമ്പിഴയും പോലെ നീങ്ങുന്ന ബസിൽ ഓരോ സ്‌റ്റോപ്പ് കഴിയുമ്പോഴും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കിന്നൗർ താഴ്‌വരയിലെ തന്നെ സാംഗ്‌ള എത്തിയപ്പോഴേക്കും 5 മണിയായി. ഇനിയുള്ള 25 കിലോമീറ്റർ പിന്നിടാൻ ഒന്നര മണിക്കൂർ വേണം.
മുന്നോട്ടുള്ള വഴി ഇടുങ്ങിയതും കുഴികൾ നിറഞ്ഞതും ആയിരുന്നു. പാതയോരങ്ങളിൽ ആട്ടിടയന്മാർ മേയ്‌ച്ചു നടക്കുന്ന ചെമ്മരിയാടുകൾ ഒരുപാട് തവണ വഴി മുടക്കി. ബാസ്‌പ നദി പൂണൂൽപോലെ താഴ്‌വരയുടെ മാറിൽ ഒഴുകി നീങ്ങുന്ന കാഴ്ച്ച കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ബസ്സിൽ പുതിയ വിരുന്നുകാർ വന്നെത്തി, ചെമ്മരിയാടുകൾ.

ചിത്കുൽ ഗ്രാമവാസികൾ രാവിലെ മേയ്ക്കാനായി ആട്ടിടയന്മാരുടെ കയ്യിൽ ഏൽപ്പിക്കുന്ന ചെമ്മരിയാടുകളെ വൈകിട്ട് തിരിച്ചു ചിത്കുലിലേക്ക് എത്തിക്കുന്നത് ഈ ബസ്സിലാണ്. ഓരോ വളവിലും നാട്ടുകാർ ബസ് നിർത്തി ചെമ്മരിയാടുകളെ മാത്രം ബസ്സിൽ കയറ്റി വിടും. അങ്ങനെ നിറയെ ചെമ്മരിയാടുകളും കുറച്ചു സഞ്ചാരികളും രണ്ടോ മൂന്നോ നാട്ടുകാരുമായി ആ ബസ് ചിത്കുൽ ഗ്രാമത്തിൽ യാത്ര അവസാനിപ്പിച്ചു.
സമയം ആറ് കഴിഞ്ഞതെ ഉള്ളൂ എങ്കിലും ആ പ്രദേശമാകെ കൂരിരുട്ടാണ്. ചെമ്മരിയാടുകളെ കൈപ്പറ്റാൻ വന്ന നാട്ടുകാരുടെ കയ്യിലെ ടോർച്ച് വെളിച്ചത്തിൽ തപ്പിത്തടഞ്ഞ് ബസിൽ നിന്ന് ഇറങ്ങി. ബാഗും എടുത്ത് അടുത്തുള്ള ഹോസ്റ്റലിലേക്കു നടന്നു. അവർ ഡോർമെട്രിയിൽ എനിക്ക് ഒരു കിടക്ക ഒരുക്കി.
ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ തന്നെ മൂന്നു ദിവസത്തെ യാത്രാക്ഷീണം പമ്പ കടന്നു. അതിനിടയിൽ ഹോസ്റ്റലിൽ താമസിക്കുന്ന സഞ്ചാരികളിൽ ചിലരെ പരിചയപെട്ടു. ഞങ്ങൾ ഒന്നിച്ചിരുന്നു തീ കായും നേരം ചിത്കുൽ ഗ്രാമം ബാസ്പ നദിയെ പുൽകി നിദ്രയിലാണ്ടു..

നദിയിലെ ഓളങ്ങളുടെ ശബ്ദം കേട്ടാണ് അടുത്ത ദിവസം ഉറക്കമുണർന്നത്. പാതി തുറന്നു വെച്ച ഡോർമെട്രിയുടെ വാതിലിൽ കൂടി തണുത്ത കാറ്റടിക്കുന്നു. ജനൽ വാതിൽ തുറന്നു പുറത്തെ കാഴ്ചകൾ നോക്കി കുറച്ചു നേരം കട്ടിലിൽ തന്നെ ഇരുന്നു. ജാക്കറ്റും തൊപ്പിയും ധരിച്ച് പുറത്തേക്കിറങ്ങി. അപ്പോഴേക്കും കഴിഞ്ഞ ദിവസം പരിചയപ്പെട്ട 4 സഞ്ചാരി സുഹൃത്തുക്കൾ ബാസ്‌പ നദിക്കരയിലേക്ക് പോകാൻ തയ്യാറായി നില്പുണ്ട്.
ചിത്കുലിന്റെ വിശേഷങ്ങൾ
കിന്നൗർ കൈലാസ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ബാസ്പ നദിയുടെ തീരത്തെ കൊച്ചു ഗ്രാമമാണ് ചിത്കുൽ. പരമശിവന്റെ ഭൂതഗണത്തിൽപ്പെട്ട കിന്നരൻമാർ വാഴുന്ന ഈ നാടിന് ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. യാതൊരു പെർമിറ്റും കൂടാതെ സന്ദർശിക്കാൻ സാധിക്കുന്ന അപൂർവം ചില ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ ഒന്നാണ് ഇവിടം. ഈ ഗ്രാമത്തിൽ നിന്നും നാലു കിലോമീറ്ററുണ്ട് ഇന്ത്യ-ടിബറ്റ് അതിർത്തി ചെക്ക് പോസ്റ്റിലേക്ക്.
ചിത്കുലിന്റെ ജീവനാഡിയാണ് ബാസ്‌പ നദി. ബാസ്‌പ പർവതനിരകളിൽ ഉത്ഭവിക്കുന്ന നദി ആദ്യം ഒഴുകിയെത്തുന്നത് ഈ ഗ്രാമത്തിലാണ്. ഗംഗ പോലെ പവിത്രമാണ് ഇവർക്ക് ബാസ്പ. ഈ നദിയുടെ കരയിലാണ് ഗ്രാമവാസികൾ കൃഷി ചെയ്യുന്നത്. കൃഷിയും കമ്പിളി വസ്ത്ര നിർമ്മാണവും ആണ് ഇവരുടെ പ്രധാന വരുമാന മാർഗം. ലോകത്ത് ഏറ്റവും രുചികരമായ കിന്നൗർ ആപ്പിൾ കൃഷി ചെയ്യുന്ന ഗ്രാമങ്ങളിൽ ഒന്നാണ് ചിത്കുൽ .
ബാസ്‌പ നദിക്ക് കുറുകെ കെട്ടിയുണ്ടാക്കിയ ഇരുമ്പ് പാലം കടന്ന് മുന്നോട്ടുള്ള വഴിലൂടെ നടന്നു. ആ പാത ചെന്നെത്തുന്നത് പൈൻമരങ്ങൾ നിറഞ്ഞ മലനിരകളിലേക്കാണ്.

രൻഗ്രിക്കിനു മുകളിൽ
കാട്ടിനുള്ളിലൂടെ കുറച്ചു ദൂരം നടന്ന ശേഷം ഞങ്ങൾ നദിക്കരയിലെത്തി. അധികം ഒഴുക്കില്ലാത്ത നദിയിൽ കാലും നീട്ടിയിരുന്ന് ഉരുണ്ട കല്ലുകൾ അടുക്കിവെച്ച് ഗോപുരം തീർത്തു. രൻഗ്രിക് മലനിരകളുടെ അടിവാരത്തിലാണ് ചിത്കുൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനപ്പുറം ടിബറ്റ്. നദിക്കരയിൽ നിന്ന് എഴുന്നേറ്റ് ആ മലനിരകൾ ലക്ഷ്യമാക്കി നടന്നു. ചെറിയ ഉരുളൻ കല്ലുകൾക്കു മുകളിലൂടെ അഭ്യാസികളെപ്പോലെ ചാടിക്കടന്ന് ഞങ്ങൾ മലമുകളിലെത്തി. അവിടെ നിന്നും താഴേക്ക് നോക്കിയാൽ ബാസ്പ നദിക്കരയിൽ ഒരു കിളിക്കൂട് പോലെ ചിത്കുൽ ഗ്രാമം കാണാം. മലയുടെ മറുവശത്ത് ടിബറ്റിൽ ബോർഡർ പോലീസിന്റെ ചെക്ക് പോസ്റ്റിൽ ഇന്ത്യൻ ദേശീയ പതാക പാറിപ്പറക്കുന്നു. മേഘപാളികൾ വട്ടമിട്ടു പറക്കുന്ന രൻഗ്രിക്കിൽ ഞങ്ങൾ കുറച്ചു നേരം വിശ്രമിച്ചു. ഹിമാചൽ സുന്ദരി മൊണാൽ പക്ഷികളെ മുന്നിൽ കണ്ട സന്തോഷത്തോടെ ഞങ്ങൾ സാവധാനം മലയിറങ്ങി.
ഒരു കൂട്ടം സഞ്ചാരികൾ ലാംഖാഗ പാസ് ട്രെക്കിംഗിനായി രൻഗ്രിക് മല കയറിപ്പോകുന്നത് കണ്ടു. ചിത്കുലിനെ ഉത്തരാഖണ്ഡിലെ ഹർഷിലുമായി ബന്ധിപ്പിക്കുന്ന ചുരമാണ് 17320 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാംഖാഗ പാസ്. ഇന്ത്യ - ടിബറ്റ് അതിർത്തിക്കു സമീപമുള്ള ഈ ചുരത്തിലുടെ യാത്ര ചെയ്യാൻ കിന്നൗർ ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്. മലയിറങ്ങിയ ശേഷം ഞങ്ങൾ ഹോസ്റ്റലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ചിത്കുൽ ഗ്രാമം ചുറ്റിക്കറങ്ങാൻ പുറപ്പെട്ടു.
ജൂലെ... ജൂലെ...
ചിത്കുൽ ഗ്രാമങ്ങളിലെ വീടുകളിൽ നിന്നും അതിരാവിലെ ഉയർന്നു പൊങ്ങുന്ന നീരാവിക്കൂട്ടങ്ങൾ ആകാശത്ത് വെളളി മേഘങ്ങൾ പോലെ ഒഴുകി നടക്കുന്നതു കണ്ട് ഞങ്ങൾ ഗ്രാമ വഴികളിലൂടെ നടന്നു. പഴയ വീടുകൾക്കെല്ലാം നിറങ്ങൾ നൽകി സന്ദർശകർക്ക് താമസിക്കാനായി പുതുക്കി പണിതിട്ടുണ്ട്. അവയുടെ ചുവരുകൾ എണ്ണച്ചായ ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നത് കാണാൻ പ്രത്യേക ഭംഗി. വഴിവക്കിൽ കണ്ട ഗ്രാമവാസികൾ എല്ലാം നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളോട് പറഞ്ഞു : "ജൂലെ.." ലഡാക്കി ഭാഷയിലാണ് ‘ജൂലെ’ എന്നു പറഞ്ഞത്. നമ്മൾ ഒരാളെ കാണുമ്പോൾ ഹായ്, ഹലോ, ബൈ, നമസ്കാരം എന്നൊക്കെ പറയുന്ന അതേ അർഥമാണ് ഈ വാക്കിനും.

ആയിരത്തിൽ താഴെ മാത്രം ജനസംഖ്യ ഉള്ള ചിത്കുൽ ഗ്രാമത്തിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികൾ ആണ്. ബുദ്ധമത പ്രാർത്ഥനകളും ആചാരങ്ങളും അനുഷ്ഠിക്കുന്ന കുറച്ചു പേർ ഇവിടെയുണ്ട്. ബുദ്ധമത പ്രാർത്ഥനകൾക്കായി വർഷങ്ങൾക്ക് മുൻപ് രൂപപ്പെടുത്തിയെടുത്ത സ്തൂപങ്ങളും പ്രാർത്ഥനാ ചക്രങ്ങളും തോരണങ്ങളും ഈ ഗ്രാമത്തിൽ ഇപ്പോഴും ശേഷിക്കുന്നുണ്ട്.
അതിർത്തി ഗ്രാമമാണെങ്കിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുൻപന്തിയിലാണ് ചിത്കുൽ. ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച സർക്കാർ ഹയർ സെക്കന്ററി സ്കൂൾ , പ്രാഥമിക ആരോഗ്യ കേന്ദ്രം, പൊതുവിതരണ കേന്ദ്രം, ITBP യുടെ ഹെലിപ്പാഡ് എല്ലാം ഈ കൊച്ചു ഗ്രാമത്തിലുണ്ട്.
ബദരീനാഥന്റെ പത്നി മാത്തി ദേവി
ചിത്കുൽ ഗ്രാമത്തിലെ ഏക ആരാധനാലയമാണ് മാത്തി ദേവി ക്ഷേത്രം. ചിത്കുൽ ജനതയുടെ കുലദേവതയാണ് മാത്തി ദേവി.. ദേവതാരു വൃക്ഷത്തിന്റെ തടി കൊണ്ട് നിർമ്മിച്ച ക്ഷേത്രവാതിൽ കടന്ന് ഞങ്ങൾ അകത്ത് പ്രവേശിക്കുമ്പോൾ നാലുകെട്ടിനകത്ത് ഗ്രാമത്തിലെ കുട്ടികൾ ഒന്നിച്ചിരുന്ന് പകിട കളിക്കുകയായിരുന്നു.

ക്ഷേത്രസമുച്ചയത്തിനകത്ത് മൂന്ന് ദേവാലയങ്ങളുണ്ട്. അവയിൽ ഏറ്റവും പഴക്കം ചെന്നത് അഞ്ഞൂറ് വർഷം മുമ്പ് ഗഡ്‌വാൾ നിവാസികൾ നിർമ്മിച്ചതെന്ന് വിശ്വസിക്കുന്ന മാത്തി ദേവി ക്ഷേത്രമാണ്. ഇരുവശത്തുമായിട്ടുള്ള രണ്ടു ക്ഷേത്രങ്ങളിൽ ക്ഷേത്രപാലകരായ ഉപദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐതിഹ്യം അനുസരിച്ച്, ബദരിനാഥന്റെ ഭാര്യയാണ് മാത്തി ദേവി. ഒരിക്കൽ വൃന്ദാവനത്തിൽ നിന്ന് യാത്ര ആരംഭിച്ച ദേവി മഥുര, ബദരിനാഥ് വഴി ഗഡ്‌വാളിലും പിന്നെ സിർമോർ വഴി ബുഷാറിലെ സർഹാനിലും എത്തിച്ചേർന്നു.

ഈ ഭൂപ്രദേശങ്ങളെ എല്ലാം ദേവി ഏഴ് താഴ്‌വരകളായി തിരിച്ച് ഓരോ ദേവതകൾക്കു നൽകി. യാത്രമദ്ധ്യേ ചിത്കുലിൽ എത്തിയ ദേവി സാംഗള താഴ്‌വരയിലെ കമരു കോട്ടയിൽ ബദരിനാഥന്റെ സാന്നിദ്ധ്യം അറിഞ്ഞു. അങ്ങനെ തന്റെ യാത്ര അവസാനിപ്പിച്ച ദേവി ഏഴ് താഴ്‌വരകൾക്കും കാവലായി ചിത്കുൽ ഗ്രാമത്തിൽ കുടിയിരുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രനടയിൽ കുറച്ച് നിമിഷം പ്രാർത്ഥനയിൽ മുഴുകി എല്ലാവരും പുറത്തേക്കിറങ്ങി.ക്ഷേത്രത്തിന് വലതുവശത്തായി കണ്ട ചായക്കടയുടെ പേര് ഞങ്ങളുടെ കണ്ണിലുടക്കി. ‘‘The Last coffee shop” ഇന്ത്യ-ടിബറ്റൻ അതിർത്തിയിലെ അവസാനത്തെ ചായക്കട എന്ന പ്രശസ്തിയാർജ്ജിച്ച ഭക്ഷണശാലയാണിത്. ഞങ്ങൾ ആ കടയിൽ കയറി ആവി പറക്കുന്ന ആലു പറാത്തയും തൈരും അച്ചാറും കഴിച്ചു. കടയുടെ അകത്തെ മര ബെഞ്ചിൽ ഇരുന്നാൽ രൻഗ്രിക് മലനിരകളും ബാസ്പ നദിയും ഹോസ്റ്റൽ കെട്ടിടവുമൊക്കെ കാണാം. യാത്രാ കഥകളും നാട്ടുവിശേഷങ്ങളും പറഞ്ഞ് കുറേ നേരം അവിടെ ചെലവഴിച്ചു.
ആപ്പിളിന്റെ രുചി
ഭക്ഷണം കഴിച്ച ശേഷം നദീതീരത്തു കൂടി ഞങ്ങൾ ഗ്രാമത്തിലേക്ക് തിരിച്ചു നടന്നു. പോകുന്ന വഴിയിലെ മരങ്ങളിൽ അപ്പിൾ കായ്ച്ച് നിൽക്കുന്നത് കൊതിയോടെ നോക്കി നിന്നപ്പോൾ നാട്ടുകാരിൽ ഒരാൾ ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കരിങ്കൽ പാളികൾ കൊണ്ട് മേൽക്കൂര തീർത്ത പരമ്പരാഗത ശൈലിയിലുള്ള മരവീട്ടിലാണ് ഞങ്ങൾ എത്തിയത്. വീടിന്റെ താഴത്തെ നില ധാന്യങ്ങൾ ശേഖരിച്ച് വെയ്ക്കാനും മൃഗങ്ങളെ പാർപ്പിക്കാനും നീക്കിവെച്ചിരിക്കുന്നു. മുകളിലെ നിലയിൽ ഒന്നോ രണ്ടോ മുറികളും അടുക്കളയും ചെറിയൊരു വരാന്തയും ഉണ്ട്.
അദ്ദേഹത്തിന്റെ അനുവാദത്തോടെ ആപ്പിൾ പറിച്ചെടുത്തു കഴിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള ആപ്പിൾ കഴിക്കുന്നത്. ആപ്രിക്കോട്ട്, വാൾ നട്ട്, കടുക്, ക്യാരറ്റ്, ബീറ്റ്റൂട്ട് , ഉരുളക്കിഴങ്ങ് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ വീടുകളിൽ കുളിക്കാനും അലക്കാനും അടുക്കള - കൃഷി ആവശ്യത്തിനുമുള്ള വെള്ളം ബാസ്‌പ നദിയിൽ നിന്നും പൈപ്പുകളിലൂടെ എത്തുന്നു.
നാട് ചുറ്റിക്കറങ്ങി നടന്ന് സമയം പോയതറിഞ്ഞില്ല. കൂടെയുള്ളവർ ചിത്കുലിൽ ഇന്ന് താമസമാക്കി നാളെ വൈകിട്ടേ ഡെൽഹിക്ക് മടങ്ങുന്നുള്ളൂ. എന്നാൽ സാംഗ്‌ളയിൽ നിന്നും വൈകിട്ട് അഞ്ചു മണിക്കുള്ള ബസ്സിൽ എനിക്ക് ഡൽഹിയിലേക്ക് തിരിച്ചു പോകണം. ഞാൻ ഹോസ്റ്റലിൽ എത്തി ബാഗും എടുത്ത് സുഹൃത്തുക്കളോടു യാത്ര പറഞ്ഞ് ഇറങ്ങി.
കഴിഞ്ഞ രാത്രി ബസ് ഇറങ്ങിയ സ്ഥലത്തേക്ക് ഞാൻ നടന്നു. പക്ഷെ ബസിനായി ഇനിയും മണിക്കൂറുകൾ കാത്തിരിക്കണമെന്ന് അറിഞ്ഞപ്പോൾ വേറെ വാഹനം വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചു മുന്നോട്ട് നടന്നു. ചിത്കുലിൽ നിന്നും കിന്നൗർ ആപ്പിൾ കയറ്റി ഷിംലയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ലോറി റോഡരികിൽ കണ്ടു. സാംഗ്ള വരെ എന്നേയും കൂട്ടാമോ എന്നു ചോദിക്കും മുൻപേ ലോറിയുടെ മുൻവാതിൽ അവർ തുറന്നു തന്നു.. . ചുരങ്ങൾ താണ്ടി സാംഗ്ല ഗ്രാമത്തിൽ എത്തിയപ്പോൾ സ്വർഗം വിട്ടിറങ്ങിയ നൊമ്പരമായിരുന്നു മനസ്സിൽ. ചിത്കുൽ കാഴ്ചകളുടെ സുഖമുള്ള ഓർമ്മകളും പേറി ഇനി നാട്ടിലേക്കുള്ള മടക്കയാത്ര.
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ നിന്നും 180 കിലോമീറ്റർ ദൂരത്താണ് കിന്നൗർ താഴ്‌വര.
ഡെൽഹിയിൽ നിന്ന് ബസ്സിലോ ട്രെയിനിലോ ഷിംലയിൽ വന്ന് തുടർന്ന് ബസ് മാർഗം ചിത്കുലിൽ എത്തിച്ചേരാം