Saturday 29 June 2024 11:44 AM IST

ജീവൻ പണയം വച്ച് അഭ്യാസ പ്രകടനം നടത്തുന്ന സർക്കസ് താരങ്ങൾക്ക് ഒരു അവാർഡു പോലും നൽകുന്നില്ല

Baiju Govind

Sub Editor Manorama Traveller

1 circus

ഞാണിൽ നിന്നു മരണത്തിൽ തൊട്ടുള്ള കളി. അതാണു സർക്കസ്. ഡ്യൂപ്പില്ല, ഡ്യൂപ്ലിക്കേറ്റില്ല – എല്ലാം റിയാലിറ്റി. മുകളിൽ നിന്നു കൈവിട്ടു ചാടുമ്പോഴും സർക്കസ്സുകാരന്റെ ചുണ്ടത്തു പുഞ്ചിരിയുണ്ടാവണം. അതു കണ്ടു കാണികൾ ചിരിക്കണം, കയ്യടിക്കണം. അങ്ങനെ നാട്ടിലുള്ളവരെയെല്ലാം ചിരിപ്പിച്ച്, ഒരു ദേശത്തു നിന്നു മറുനാട്ടിലേക്കു നിരന്തരം യാത്ര ചെയ്യുന്നവരാണു സർക്കസ്സുകാർ. പത്തോ പതിനാലോ വയസ്സു മുതൽ ജീവിതാന്ത്യം വരെ ഊരു ചുറ്റുന്ന സർക്കസ്സുകാരുടെ ജീവിതകഥ പറയുന്ന ഒരു സിനിമ പുറത്തിറങ്ങിയിരുന്നു 1970ൽ – മേരാ നാം ജോക്കർ. ഈ സിനിമയിലെ ഒരു ഗാനം പിൽക്കാലത്ത് ലോകം മുഴുവനുമുള്ള സഞ്ചാരികളുടെ ഉണർത്തു പാട്ടായി മാറി.

‘ജീനാ യഹാം മർനാ യഹാം

ഇസ്കേ സിവാ ജാനാ കഹാം’

ഇവിടെ ജീവിക്കുന്നു, ഇവിടെത്തന്നെ മരിക്കുന്നു. അപ്പോൾ, ഇതൊക്കെ ഉപേക്ഷിച്ച് എവിടേക്കു പോകാനാണ് – പാട്ടിന്റെ അർഥവ്യാപ്തിക്കു മുന്നിൽ സഞ്ചാരികളുടെ പാത വിശാലമായി. കാലമിത്ര കഴിഞ്ഞിട്ടും ഓരോ യാത്രികരും സർക്കസ്സ് കൂടാരത്തിനു മുന്നിൽ വാഹനമൊതുക്കുന്നതിനു കാരണവും മറ്റൊന്നല്ല. കോട്ടയം നാഗമ്പടം മൈതാനത്തു തമ്പടിച്ച സർക്കസ് കൂടാരത്തിനു മുന്നിലേക്കു കടന്നു ചെന്നപ്പോൾ ഈവ്‌നിങ് ഷോയുടെ അനൗൺസ്മെന്റ് അണപൊട്ടി – അതിശയമാണു സർക്കസ്, ആവേശമാണു സർക്കസ്...

സർക്കസിലെ അതികായൻ

ഷോ തുടങ്ങുന്നതേയുള്ളൂ. ഒട്ടുമിക്ക കസേരകളിലും കാണികളുണ്ട്. അവർക്കു ബോറടിക്കാതിരിക്കാൻ പ്ലേ ചെയ്തിട്ടുള്ളതു തേസാബിലെ ഏക് ദോ തീൻ എന്ന പാട്ടാണ്. എത്രയോ തവണ കേട്ടിട്ടുണ്ടെങ്കിലും പലരും കൈത്താളമിടുന്നതു കണ്ടു. വാസ്തവം പറഞ്ഞാൽ, സന്തോഷം വാരിവിതറുന്ന പാട്ടുകളാണ് തമ്പിന്റെ ഇമ്പവും ഈണവും.

2 circus

തമ്പടിക്കുക എന്ന പ്രയോഗമുണ്ടായതു സർക്കസ്സിൽ നിന്നാണ്. ‘പോൾ’ നാട്ടി അതിനു ചുറ്റും ശീല കെട്ടിയ കൂടാരമായിരുന്നു ആദ്യകാല സർക്കസ് കൂടാരം അഥവാ തമ്പ്. കൂടാരം കെട്ടുന്ന നെടുംതൂണിനെയാണു സർക്കസ്സുകാർ പോൾ എന്നു പറയുന്നത്. സർക്കസ് വലുതായപ്പോൾ തൂണിന്റെ എണ്ണവും കൂടി. ജംബോ സർക്കസ്സിന്റെ കൂടാരത്തിൽ നാലു തൂണുകളുണ്ട്. അതിനു ചുറ്റുമാണ് വിസ്താരമുള്ള കുടാരം കെട്ടിപ്പൊക്കിയിട്ടുള്ളത്.

നാലു തൂണുകളുടെ നടുവിലെ വട്ടമാണു കളിക്കളം. ഷോ തുടങ്ങാനുള്ള ബെൽ മുഴങ്ങുന്നതോടെ കർട്ടൻ നീങ്ങുന്നു, ജോക്കർമാർ രംഗപ്രവേശം നടത്തുന്നു. ഇനിയങ്ങോട്ട് ശ്വാസം അടക്കിപ്പിടിച്ചിരുന്ന് ആസ്വദിക്കാനുള്ള അഭ്യാസ പ്രകടനങ്ങളാണ്. അതിലേക്കു കടക്കും മുൻപ് ഈ കലാപരിപാടിയുടെ അതികായനായ ഒരാളെക്കുറിച്ചുള്ള ഓർമ പങ്കുവയ്ക്കാം. പേര് – മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. ‘ജെമിനി ശങ്കരൻ’ എന്നു പറഞ്ഞാൽ ആളെ പെട്ടന്നു മനസ്സിലാകും. ഇന്ത്യൻ സർക്കസിനെ ലോകത്തിനു പരിചയപ്പെടുത്തിയയാളാണ് സർക്കസ് ഉടമയും സർക്കസ്സുകാരനുമായിരുന്ന തലശ്ശേരി സ്വദേശിയായ ‘ശങ്കരേട്ടൻ’.

ശങ്കരേട്ടൻ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ ഇന്ത്യയിലെ സർക്കസിന്റെ മുഴുവൻ ചരിത്രവുമുണ്ട്. ശങ്കരേട്ടനെക്കുറിച്ച് പ്രമുഖരുടെ ഓർമക്കുറിപ്പു വായിച്ചാൽ തലശ്ശേരി മുതൽ റഷ്യ വരെ മലയാളികളുടെ പേരുയർത്തിയ സർക്കസിന്റെ പെരുമയറിയാം. ജവഹർലാൽ നെഹ്റു മുതൽ പിണറായി വിജയൻ വരെയുള്ള രാഷ്ട്രീയക്കാരുടെ തോഴനായിരുന്നു തൊണ്ണൂറ്റൊൻപതാം വയസ്സിൽ വിട പറഞ്ഞ ശങ്കരേട്ടൻ. സർക്കസിന്റെ അതികായനായി അറിയപ്പെട്ടിരുന്ന ശങ്കരനെ കാണാനെത്തിയ ചിലരുടെ പേരുകൾ പറയാം. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എകെജി, ഇഎംഎസ്, ലാൽ ബഹദൂർ ശാസ്ത്രി, മാർട്ടിൻ ലൂഥർ കിങ്...

3 circus

‘1951ൽ ഗുജറാത്തിലെ ബില്ലിമോറിയിലായിരുന്നു ജെമിനി സർക്കസിന്റെ ആദ്യ പ്രദർശനം’ ജെമിനി ശങ്കരന്റെ മകനും ഇപ്പോൾ ജംബോ സർക്കസിന്റെ ഉടമയുമായ അജയ് ശങ്കർ സുവർണകാലം ഓർത്തു.

ആരാധകരിൽ ഇന്ദിരഗാന്ധിയും

ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള യാത്രയാണ് സർക്കസുകാരുടെ ജീവിതം. ഒരിടത്തും സ്ഥിര താമസമില്ല. പുതിയ നാട്, പുതിയ കാണികൾ, പുതിയ അനുഭവങ്ങൾ... സഞ്ചാരി എന്ന വിശേഷണത്തിന് പൂർണ യോഗ്യതയുള്ളവരാണു സർക്കസുകാർ. 1970ൽ സിനിമാ നടന്മാരേക്കാൾ പ്രതിഫലം വാങ്ങിയ സർക്കസ്സുകാരുണ്ടായിരുന്നു. അക്കാലത്ത് സിനിമാ നടന്മാരല്ല, സർക്കസുകാരാണു താരങ്ങളായി അറിയപ്പെട്ടിരുന്നത്.

സർക്കസ് കണ്ടവരെല്ലാം അക്കാലത്തു സർക്കസിന്റെ ആരാധകരായി. ജെമിനി സർക്കസ് കണ്ടതിനു ശേഷം ഇന്ദിരാഗാന്ധിയും സർക്കസിന്റെ ഇഷ്ടക്കാരിയായി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ശങ്കരൻ നേരിൽ കണ്ടതിനെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്:

ഒന്നാലോചിച്ചു നോക്കൂ, ഇന്ദിരാഗാന്ധി അടുക്കളയിൽ പാചക സമയത്ത് ഇടുന്ന ഏപ്രണുമായി ഒരു സന്ദർശകനെ സ്വീകരിക്കുന്നു. ആ സന്ദർശകൻ, മറ്റാരുമല്ല ജെമിനി ശങ്കരനായിരുന്നു.

ഡൽഹിയിൽ സർക്കസ് കാണാൻ ഇന്ദിരാഗാന്ധിയെ ക്ഷണിക്കാൻ പോയ ശങ്കരന് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. അടുക്കളയിൽ എന്തോ പാചകം ചെയ്യുകയായിരുന്ന അതേ വേഷത്തിൽ ഇന്ദിര പുറത്തു വന്ന് ശങ്കരേട്ടനുമായി സംസാരിച്ചു.

ബാല്യകാലത്ത് നാട്ടിൻപുറത്തെത്തിയ സർക്കസ്സുകാരനിൽ നിന്നാണ് ശങ്കരനിലേക്ക് സർക്കസ് ആവേശിച്ചത്. പിൽക്കാലത്ത് പട്ടാളത്തിൽ വയർലെസ് ഓപ്പറേറ്റായി ജോലി കിട്ടിയെങ്കിലും മനസ്സിലെ ആഗ്രഹം കലശലായപ്പോൾ അതുപേക്ഷിച്ച് സർക്കസ് കൂടാരങ്ങൾ തിരഞ്ഞ് ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. ലോക സർക്കസ്സിലെ പ്രധാന ഐറ്റമായിരുന്ന ‘ഹൊറിസോണ്ടൽ ബാർ’ കളിക്കാരനായി ശങ്കരൻ തിളങ്ങി. പിന്നീട് സ്വന്തമായി സർക്കസ് ട്രൂപ്പ് ആരംഭിച്ചു. ജെമിനി, ജംബോ, അപ്പോളോ, വാഹിനി എന്നീ സർക്കസ് കമ്പനികൾ സ്വന്തമാക്കിയത് ബാക്കി ചരിത്രം.

4 circus

കോമാളി കരയരുത്

കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ സർക്കസുക്കാർക്ക് വീരപരിവേഷമായിരുന്നു. ആരാധനയോടെ അവരെ കാണാനെത്തിയവർ അനവധിയുണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള ഷോകളിൽ ടിക്കറ്റ് കിട്ടാതെ ‘ബ്ലാക്കിൽ’ ടിക്കറ്റെടുത്ത് സർക്കസു കാണാൻ ആളുകൾ തിക്കിത്തിരക്കുമായിരുന്നു. അക്കാലത്ത് ആളുകൾ മൃഗങ്ങളെയും പക്ഷികളെയും കണ്ടിരുന്നത് സർക്കസ് കൂടാരത്തിലായിരുന്നു. സഞ്ചരിക്കുന്ന മൃഗശാലകളായിരുന്നു സർക്കസ് കൂടാരങ്ങൾ.

ഒരിക്കൽ ലോക സർക്കസ് പ്രതിനിധികളുടെ സംഗമം റഷ്യയിലെ മോസ്കോയിൽ വച്ചു സംഘടിപ്പിക്കപ്പെട്ടു. അന്ന് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സർക്കസ് പ്രതിനിധികളെ നയിച്ചത് ജെമിനിയുടെ ഉടമയായ ശങ്കരനായിരുന്നു. ഇന്ത്യൻ സർക്കസിനു തിളക്കമാർന്ന സാന്നിധ്യം ഉറപ്പിച്ചതിന് ജവഹർലാൽ നെഹ്റു നേരിട്ട് ശങ്കരനെ അഭിനന്ദിച്ചത് ജെമിനിയുടെ പ്രശസ്തിയിലെ മറ്റൊരു നേട്ടം.

ശങ്കരന്റെ ബാല്യകൗതുകത്തിനു മൂർച്ച കൂട്ടിയത് കിട്ടുണ്ണി എന്നയാളുടെ ഒറ്റയാൾ പ്രകടനമായിരുന്നു.അണിയറയിലും കളത്തിലും ഒരാൾ മാത്രം. കിട്ടുണ്ണിയുടെ വൺമാൻഷോ കണ്ട് ഒറ്റയ്ക്കു നടത്തുന്ന പ്രസ്ഥാനങ്ങളെയൊക്കെ ‘കിട്ടുണ്ണി സർക്കസ്’ എന്നു പറയാറുണ്ടായിരുന്നു. അക്കാലത്ത് കിട്ടുണ്ണി അവതരിപ്പിച്ച പ്രധാന ഐറ്റം പിൽക്കാലത്ത് സർക്കസ്സിലെ ജോക്കർമാർ ഏറ്റെടുത്തത് മറ്റൊരു കഥ. ആ സംഭവം ഇങ്ങനെ:

5 circus

സർക്കസിനെ പരിഷ്കരിക്കാൻ കിട്ടുണ്ണിയൊരു കാട്ടുപൂച്ചയെ വളർത്തി. പൂച്ചയുമായി കൂടാരത്തിലിറങ്ങിയ കിട്ടുണ്ണി അതിനെ പരിചയപ്പെടുത്തിയത് വ്യത്യസ്തമായ രീതിയിലായിരുന്നു.

‘‘പുലി വരുന്നു. കാട്ടു പുലി’’ പൂച്ചയെ ഉയർത്തിക്കൊണ്ട് കിട്ടുണ്ണി അലറുന്നു.

‘‘ഇത് പൂച്ചയല്ലേ, പൂച്ച’ കാണികളെ നോക്കി അദ്ദേഹം ഉടൻ തന്നെ മാറ്റി പറയുന്നു. കാണികളിൽ ചിലർ അപ്പോൾ അതു പൂച്ചയാണെന്ന് ഉറക്കെ വിളിച്ചു പറയും.

‘‘സംശയമുള്ളവർ കടന്നു വരൂ. ഇതിന്റെ വായിൽ കയ്യിട്ടു നോക്കാം’’

കിട്ടുണ്ണിയുടെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഒരിക്കൽപ്പോലും ആരും തയാറായില്ല!

സിനിമാ നടന്മാരേക്കാൾ വലിയ താരങ്ങൾ

കളിക്കാരും ഓഫീസ് സ്റ്റാഫുമായി ജംബോ സർക്കസിൽ നാനൂറു പേരുണ്ടായിരുന്നു. മൃഗങ്ങളെ സർക്കസിൽ നിന്നൊഴിവാക്കാൻ ഉത്തരവു വന്നതോടെ കുറേയാളുകൾ പുറത്തായി. ഇപ്പോൾ നൂറ്റൻപതു പേരാണുള്ളത്. കളിക്കാരിലേറെയും ഉത്തരേന്ത്യക്കാരാണ്. സീസണിൽ മാത്രം റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആർട്ടിസ്റ്റുകളെ കൊണ്ടു വരും. സർക്കസിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ആർട്ടിസ്റ്റുകളെ കൂടാരത്തിനുള്ളിൽ പിടിച്ചു നിർത്തുന്നത്.

നാടകം, സീരിയൽ, റിയാലിറ്റി ഷോ, സിനിമ എന്നിങ്ങനെയുള്ള കലാവിഷ്കാരങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമാണ് സർക്കസ്. ഷോ കഴിഞ്ഞാലുടൻ സർക്കസുകാർ ഷോപ്പിങ്ങിനു പോവുകയല്ല. പുതിയ ഐറ്റത്തിന്റെ പരിശീലനം തുടങ്ങുകയാണ്. ഉറക്കം കഴിഞ്ഞാൽ വ്യായാമം, അതു കഴിഞ്ഞ് പരിശീലനം. അപ്പോഴേക്കും നൂൺ ഷോ തുടങ്ങും. ഓരോ താരങ്ങൾക്കും മേക്കപ്പ് നിർബന്ധം. പല നിറങ്ങളിലുള്ള വൈദ്യുത വിളക്കുകളുടെ തിളക്കത്തിലാണ് ഷോ അവതരിപ്പിക്കുന്നത്. കറുത്ത തുണി ഉപയോഗിച്ച് കണ്ണു മറച്ചുള്ള അഭ്യാസങ്ങളുമുണ്ട്. ഇരുമ്പു ഗോളത്തിനുള്ളിൽ തലങ്ങും വിലങ്ങും ഓടിക്കുന്ന ബൈക്കിന് ബ്രേക്ക് ഇല്ല. ആക്സിലറേറ്ററിലെ കയ്യൊതുക്കമാണ് അതിന്റെ നിയന്ത്രണം. ഒപ്പത്തിനൊപ്പം ബൈക്ക് ഓടിക്കുന്ന നാലു പേരിലൊരാളുടെ കൈ അയഞ്ഞാൽ...

യൗവ്വനത്തിന്റെ നിറവിൽ മാത്രമേ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കൂ. പരമാവധി നാൽപത്തഞ്ചു വയസ്സ്. അതു കഴിഞ്ഞാൽ റിട്ടയർമെന്റ്. തൊഴിലിൽ നിന്നു വിരമിച്ചവരും കൂടാരം വിട്ടു പോകാറില്ല. ശിഷ്ടകാലം മറ്റൊരു റോളിൽ അവിടെത്തന്നെ തുടരുന്നു.

1990 വരെ പ്രശസ്തമായ അൻപതിലേറെ സർക്കസ് കമ്പനികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ജംബോ, ജെമിനി, ഒളിംപിക്, അജന്ത, റെയ്മണ്ട്, ഭാരത്, ഓറിയന്റൽ, റോയൽ എന്നിവ മലയാളികൾക്കു സുപരിചിതമായ പേരുകളാണ്. ജംബോയും ജെമിനിയും ഉൾപ്പെടെ പത്തെണ്ണമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂ. ഈ അവസ്ഥയിൽ എത്തിയിട്ടും ശേഷിക്കുന്ന സർക്കസ് കമ്പനികൾക്ക് സബ്സിഡിയുള്ള ലോൺ പോലും സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നില്ല. എന്തിന്, ജീവൻ പണയം വച്ച് അഭ്യാസ പ്രകടനം നടത്തുന്ന സർക്കസ് താരങ്ങൾക്ക് ഒരു അവാർഡു പോലും നൽകുന്നില്ല.

6 circus

ദസറ, ദീപാവലി, ഗണേശോത്സവം എന്നിവയാണ് ഉത്തരേന്ത്യയിലെ സർക്കസ് സീസൺ. ഓണവും റംസാനും, ക്രിസ്മസുമാണ് കേരളത്തിലെ സീസൺ. കേരളത്തിൽ മഴക്കാലം തുടങ്ങുമ്പോൾ രാജസ്ഥാനിലേക്കു പോകും. അവിടെ ചൂടേറുമ്പോൾ മഹാരാഷ്ട്രയിലേക്കു നീങ്ങും. അതു കഴിഞ്ഞാൽ ഗുജറാത്ത്, കർണാടക, തമിഴ്നാട്... കാലാവസ്ഥയും ഉത്സവങ്ങളും അവധിക്കാലവും കണക്കാക്കി റൂട്ട് നിശ്ചയിച്ചുള്ള യാത്രയാണ്. ശക്തിയായി കാറ്റടിച്ചാൽ, കനത്തിലൊരു മഴ പെയ്താൽ കണക്കു കൂട്ടലുകളെല്ലാം പാളും. രണ്ടു സ്ഥലത്തെ കളി നഷ്ടത്തിലായാൽ ഒരു വർഷത്തെ മൊത്തം വരുമാനം വെള്ളത്തിലാവും.

7 circus

ഇത്രയും റിസ്ക് ഉണ്ടായിട്ടും എന്തിനാണ് ഇതു കൊണ്ടു നടക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അച്ഛൻ കെട്ടിയുണ്ടാക്കിയ കൂടാരമാണിത്. ഈ കൂടാരമാണ് ഞങ്ങൾക്ക് നല്ലൊരു ജീവിതമുണ്ടാക്കി തന്നത്. അതിനെല്ലാമുപരി, ഈ കൂടാരത്തിനുള്ളിലുള്ളവർക്ക് പോകാൻ മറ്റൊരിടമില്ല.

അജയ് ശങ്കർ സർക്കസുകാരുടെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങൾ പറഞ്ഞവസാനിപ്പിച്ചു.

8 circus