രാജ്യത്തിന്റെ വടക്കേ അറ്റത്ത് നിന്ന് തെക്കേ ദിക്കിലേക്ക് സഞ്ചരിച്ച് തിരിച്ചെത്തുന്ന അപൂർവമായൊരു പഠനയാത്ര തുടങ്ങിയിരിക്കുകയാണ് കശ്മീരിലെ വിവിധ കലാശാലകളിലെ വിദ്യാർഥിനികൾ. ബാഗും പുസ്തകങ്ങളുമായി ട്രെയിനിൽ സഞ്ചരിച്ച് നാട് കണ്ട്, ആളുകളുമായി സംസാരിച്ച് ജീവിതവും സംസ്കാരവും പരിചയപ്പെട്ട് യാഥാർഥ്യം തൊട്ടറിയുന്ന കോളജ് ഓൺ വീൽസ് എന്ന പഠന യാത്ര ജമ്മു കശ്മീർ ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്.
19ാം തീയതി ഞായറാഴ്ചയാണ് ജമ്മുവിലെ കത്ര സ്‌റ്റേഷനിൽ നിന്ന് ജെകെ ജ്ഞാനോദയ എക്സ്പ്രസ് എന്ന പ്രത്യേക ട്രെയിൻ യാത്ര പുറപ്പെട്ടത്. കേന്ദ്രഭരണ പ്രദേശത്തെ വിവിധ സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുത്ത 780 വിദ്യാർഥിനികളാണ് ഈ പദ്ധതിയുടെ ഭാഗമാകുന്ന സഞ്ചാരികൾ.
രാജ്യമെങ്ങും ട്രെയിനിൽ സഞ്ചരിച്ച് ജനസമൂഹത്തിന്റെ ജീവിതം തൊട്ടറിഞ്ഞ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഭിപ്രായപ്പെട്ടു. യാത്രയ്ക്കിടയിൽ ഇന്ത്യൻ നാവിക സേനയുടെയും ഐഎസ്ആർഒയുടെയും ഒക്കെ ഒന്നാംകിട സ്ഥാപനങ്ങളും വാർധ ആശ്രമംപോലുള്ള ഇടങ്ങളും സന്ദർശിക്കും. ക്ലാസ് മുറികൾ, പഠനശാഖകൾ തുടങ്ങി വിഭജനങ്ങൾ ഇല്ലാതെ പ്രോജക്ടുകളിൽ അധിഷ്ഠിതമായും ആശയങ്ങൾ അനുഭവിച്ചറിഞ്ഞും പരസ്പര സഹകരണത്തോടെയുമുള്ള പഠനാനുഭവങ്ങൾ ഈ യാത്രയിലൂടെ വിദ്യാർഥികൾക്കു ലഭിക്കുമെന്ന് കോളജ് ഓൺ വീൽസ് പദ്ധതിയുടെ അമരക്കാരനും ജമ്മു സർവകലാശാല വെസ്ചാൻസലറുമായ ഉമേഷ് റായി പറഞ്ഞു.
രണ്ടാം ദിവസമായ തിങ്കളാഴ്ച ട്രെയിൻ ഡൽഹിയിലെ സഫ്ദർജങ് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എത്തി. വിദ്യാർഥികൾ രാഷ്ട്രപതി ഭവനും പുതിയതും പഴയതുമായ പാർലമെന്റ് മന്ദിരങ്ങളും സന്ദർശിക്കുകയും ലോക്സഭ സെക്രട്ടറി ജനറലുമായി സംവദിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അഹമ്മദാബാദ്, മുംബൈ, ഗോവ, ബെംഗളൂരു, വാർധ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഡിസംബർ 2 ന് ജമ്മുവിൽ മടങ്ങിയെത്തും വിധമാണ് ജ്ഞാനോദയ എക്സ്പ്രസിന്റെ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. അധ്യാപകരും പാരാമെഡിക്കൽ സ്റ്റാഫും അടക്കം നൂറോളം പേർ കുട്ടികളുടെ സഹായത്തിനായി സഞ്ചരിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയുടെയും ജമ്മു കശ്മീർ പൊലീസിന്റെയും സേനകൾ സംയുക്തമായി ട്രെയിനിന്റെ സുരക്ഷാ ചുമതല വഹിക്കുന്നു.
ജമ്മു കശ്മീരിലെ വിവിധ സർവകലാശാലകളിലെ കുട്ടികളിൽ നിന്ന് ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രൊജക്ടുകൾ ക്ഷണിച്ച് അവ വിലയിരുത്തിയാണ് സഞ്ചാരികളെ തിരഞ്ഞെടുത്തത്. നൂറിലേറെ പ്രൊജക്ടുകളാണ് ഇപ്പോൾ സഞ്ചരിക്കുന്ന കുട്ടികൾ ഏറ്റെടുത്തിട്ടുള്ളത്. അതിൽ പഠനയാത്രകളുടെ അനുഭവ തലം മുതൽ രാജ്യത്തെ ഭക്ഷണ വൈവിധ്യവും ചരിത്രസ്മാരകങ്ങളും ഗാന്ധിയൻ ജീവിതരീതികളുടെ കാഴ്ചകളും ജലം, മണ്ണ്, വായു ഗുണനിലവാര പഠനവും രാജ്യത്തിന്റെ ഗ്രാമ–പട്ടണ വിഭജനങ്ങളും വനിത ട്രെയിൻ സഞ്ചാരികളിൽ മെൻസ്ട്രുവൽ ഹൈജിൻ പ്രൊമോഷൻ വരെ ഉൾപ്പെടുന്നുണ്ട്.
ഡിഗ്രി തലത്തിൽ പഠിക്കുന്നവർ മുതൽ ഗവേഷകരായിട്ടുള്ളവർ വരെ വിവിധ ക്ലാസുകളിലുള്ളവർ ഈ സഞ്ചാരത്തിൽ പങ്കെടുക്കുന്നുണ്ട്. അതിലുപരി, കശ്മീരിനു പുറത്തേക്ക് ആദ്യമായി സഞ്ചരിക്കുന്നവരും ആദ്യമായി ട്രെയിനിൽ കയറുന്നവരുമൊക്കെ കോളജ് ഓൺ വീൽസിന്റെ തുറന്ന ‘ക്ലാസ് റൂമു’കളിലുണ്ട്. ഈ പഠനയാത്രയുടെ ചെലവ് പൂർണമായും സർക്കാരാണ് വഹിക്കുന്നത്. ജമ്മുവിലെ വിദ്യാർഥികൾക്കൊപ്പം വിദേശത്തു നിന്നുള്ള കുട്ടികളെക്കൂടി പങ്കെടുപ്പിക്കുന്ന രണ്ടാമത്തെ ജ്ഞാനോദയ എക്സ്പ്രസ് ആസൂത്രണം ചെയ്യുകയാണെന്ന് ജമ്മു കശ്മീർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അറിയിച്ചു.
ചിത്രങ്ങൾ – ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഓഫിസ് ട്വിറ്ററിൽ പങ്കുവച്ചത്.