Friday 18 June 2021 03:11 PM IST

നരകത്തിന്റെ കവാടം ‘കണ്ടെത്തി’: ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ നടുവിൽ തീയാളുന്നു

Baiju Govind

Sub Editor Manorama Traveller

1- hell

ഭൂമിയിലെ ജീവിതം അവസാനിച്ച് മരണം പൂകിയവരുടെ യാത്രയയപ്പിന് എത്തുന്നവർ കാണാനായി സെമിത്തേരിയുടെ ഭിത്തിയിൽ ‘സ്വർഗത്തിന്റെ വാതിൽ’ എന്ന് എഴുതി വയ്ക്കാറുണ്ട്. സത്കൃത്യങ്ങൾ ചെയ്താൽ മരണത്തിനു ശേഷം സ്വർഗത്തിൽ എത്താമെന്നു സാരോപദേശ കഥകൾ പറഞ്ഞു പഠിപ്പിക്കുന്നു. പകൽ കഴിഞ്ഞാൽ രാത്രിയും, കയറ്റത്തിനു ശേഷം ഇറക്കവും ഉണ്ടെന്നു സന്മാർഗ പാഠങ്ങളിൽ സ്വർഗത്തിന്റെ എതിർവശത്താണു നരകം. സ്വർഗം എവിടെയെന്നു കണ്ടെത്തിയിട്ടില്ലാത്തതിനാൽ നരകത്തിന്റെ ‘ലൊക്കേഷനും’ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതു പരലോകത്തെക്കുറിച്ച് ആകുലപ്പെടുന്നവരുടെ കാര്യം. നാം ജീവിച്ചിരിക്കുന്ന ഭൂമിയിൽ നരകത്തിന്റെ വാതിലുണ്ടെന്നും അവിടെ നിരന്തരം തീയാളുകയാണെന്നും പറയുന്നു ഒരു ഗവേഷകൻ. തുർക്ക്മെനിസ്ഥാനിലെ മരുഭൂമിയുടെ നടുവിലാണ് തീയാളുന്ന നരക കവാടം കണ്ടത്. കാനഡ സ്വദേശിയാണു ഭൂഗർഭശാസ്ത്ര ഗവേഷകനായ ജോർജ് കുറോണിസ്.

2- hell

‘ദർവാസാ ക്രേറ്റർ’ എന്ന പ്രതിഭാസം എന്താണെന്ന് അന്വേഷിക്കാനാണ് കാനഡയിൽ നിന്നു ജോർജ് തുർക്ക്മെനിസ്ഥാനിൽ എത്തിയത്. തദ്ദേശീയരുടെ സഹായത്തോടെ ‘കാരക്കും’ മരുഭൂമിയിലെത്തി. തുർക്ക്മെനിസ്ഥാന്റെ എഴുപതുശതമാനം ഭൂപ്രദേശം അടങ്ങുന്നതാണു കാരക്കുംമരുഭൂമി. മരമോ ചെടിയോ നിഴലോ ഇല്ലാത്ത മണൽപ്പരപ്പ് മുപ്പത്തഞ്ചു ലക്ഷം സ്ക്വയർ കി.മീ. പരന്നു കിടക്കുന്നു. സൂര്യപ്രകാശം പരക്കുമ്പോൾ മുതൽ ചുട്ടുപഴുക്കുന്ന മരുഭൂമിയിലൂടെ ജോർജ് കിലോമീറ്ററുകൾ സഞ്ചരിച്ചു. ക്ഷീണിതനായി അദ്ദേഹം ഒടുവിൽ തീയാളുന്ന കുഴിയുടെ മുൻപിലെത്തി. അറുപത്തൊൻപതു മീറ്റർ വൃത്താകൃതിയിലുള്ള ഗർത്തം. മുകളിൽ നിന്നു നോക്കി മനസ്സിലാക്കിയതു പ്രകാരം, ഉദ്ദേശം മുപ്പതു മീറ്റർ ആഴം. കുഴിയിൽ ഇന്ധനം ഒഴിച്ചു തീകൊളുത്തിയ പോലെ രാപകൽ വേർതിരിവില്ലാതെ തീയാളുന്നു. ‘ദി ഗേറ്റ് ഓഫ് ഹെൽ’ – നരകത്തിന്റെ വാതിൽ ഇതാണ് – ജോർജ് കുറിച്ചു.

തുർക്ക്മെനിസ്ഥാനിൽ ഒരു വർഷം ആറായിരം സന്ദർശകരാണ് എത്താറുള്ളത്. അവരെല്ലാം കരാക്കും മരുഭൂമിയിലെ ദർവാസാ ക്രേറ്റർ കാണാൻ പോകാറുണ്ട്. രാത്രിയും പകലും സഫാരി നടത്തി നരക കവാടത്തിൽ എത്തിയവരിൽ ചിലർ അണയാത്ത തീയുടെ ഉറവിടം തേടി. പക്ഷേ, രഹസ്യം വെളിപ്പെട്ടില്ല. എന്നാൽ കാരക്കും മരുഭൂമിയുടെ സമീപത്തു താമസിക്കുന്നവർക്ക് ഇതിനെക്കുറിച്ചു പറയാൻ ഒരു കഥയുണ്ട്. മനുഷ്യവാസമില്ലാത്ത മരുപ്രദേശമാണു കരാക്കും. മരുഭൂമിയുടെ വടക്കു – തെക്കു ഭാഗത്താണു നരകതുല്യം തീയാളുന്നത്. സോവിയറ്റ് റഷ്യയുടെ അധീനതയിലായിരുന്നപ്പോൾ ഈ പ്രദേശത്ത് പ്രകൃതി വാതകത്തിനായി ഖനനം നടത്തിയിരുന്നു. വാതകം കണ്ടെത്താനുള്ള ശ്രമത്തിനിടെ മണൽപ്പരപ്പ് ഇടിഞ്ഞു താഴ്ന്നു. വാതകം നിയന്ത്രണാധീതമായി അന്തരീക്ഷത്തിലേയ്ക്കു വമിച്ചു. അപകടം ഒഴിവാക്കാൻ മറ്റു വഴികളില്ലാതെ വന്നപ്പോൾ അന്നത്തെ ക്യാപ്റ്റൻ കുഴിയിൽ തീകൊളുത്താൻ നിർദേശിച്ചു. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ തീയണയുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, സോവിയറ്റ് റഷ്യയുടെ പരമാധികാരം അവസാനിച്ച് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും വാതകച്ചോർച്ച നിലച്ചില്ല. അതിനാൽത്തന്നെ ഇപ്പോഴും തീയണയ്ക്കാൻ സാധിച്ചിട്ടില്ല.

3- hell

തുർക്ക്മെനിസ്ഥാൻ മരുഭൂമിയുടെ സമീപത്തുകൂടി ട്രാൻസ് – കാസ്പിയൻ റെയിൽപ്പാത (സെൻട്രൽ ഏഷ്യൻ റെയിൽവേ) കടന്നു പോകുന്നുണ്ട്. സെൻട്രൽ ഏഷ്യയിൽ സാമ്രാജ്യം വികസിപ്പിക്കാനായി പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യൻ ചക്രവർത്തിമാരാണ് മിലിറ്ററി ആവശ്യങ്ങൾക്കായി ഈ റെയിൽപ്പാത നിർമിച്ചത്.