ദുബായിയിൽ എത്തുന്നവർക്ക് ഈ നാടിനോട് അഭിനിവേശം തോന്നും. വിടപറയാൻ തോന്നാത്ത വിധം ഇഴയടുപ്പം അനുഭവപ്പെടും. മനസില്ലാ മനസോടെ ഇങ്ങോട്ടു വിമാനം കയറിയവർ പോലും നാട്ടിലേക്കു മടങ്ങുമ്പോൾ നൊമ്പരത്തോടെയാണു യാത്ര പറയാറുള്ളത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ദുബായിൽ എത്തുന്നത്.
മൂന്നര മണിക്കൂറിൽ ദുബായിൽ എത്താമെന്നതാണ് വലിയ ആകർഷണം. യാത്ര ചെലവ്, താമസ ചെലവ് തുടങ്ങിയവ മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ദുബായിൽ വളരെ കുറവാണ്. മാസ ശമ്പളക്കാരന്റെ പോക്കറ്റിനു പോലും ദുബായ് യാത്ര വലിയ ഭാരമാകില്ല.
സന്ദർശകർക്ക് ഇവിടെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സഞ്ചരിക്കാം, കാഴ്ചകൾ ആസ്വദിക്കാം. 24 മണിക്കൂറും പൊതുഗതാഗതം ലഭ്യം.സംശയമന്യേ പറയാം, സഞ്ചാരികളുടെ പറുദീസയാണു ദുബായ്.
മായിക ലോകമെന്നു തോന്നുംവിധം മനോഹരമാണു ദുബായ് നഗരം. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകൾ ചേരുന്നതാണു യുഎഇ. ദുബായിൽ മാത്രം 150ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ളവർ ജീവിക്കുന്നുണ്ടെന്നാണു കണക്ക്.
സാഹചര്യങ്ങളെ സാധ്യതകൾ കൊണ്ടു കീഴടക്കിയതാണു യുഎഇയുടെ ചരിത്രം. അതിൽ എടുത്തു പറയേണ്ടതു ദുബായ് നഗരത്തിന്റെ വളർച്ചയാണ്. മരുഭൂമിയിൽ വിസ്മയ കാഴ്ചയുടെ അദ്ഭുതം സൃഷ്ടിക്കുന്നു ഈ നഗരം. വൃത്തിയും വെടിപ്പുമുള്ള തെരുവുകൾ, വിസ്താരമുള്ള പാതകൾ, രുചികരമായ വിഭവങ്ങൾ... മരുഭൂമിയിൽ ഒരുക്കിയ തടങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അൻപതു ഡിഗ്രി താപനിലയെ മറികടന്നും പുൽമേടുകളും ചെടികളും വളർന്നു നിൽക്കുന്നു അഥവാ വളർത്തി പരിപാലിച്ചു പോരുന്നു.
ബുർജ് ഖലീഫയിൽ നിന്നു തുടങ്ങാം
ദുബായിലെത്തുന്നവർ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യം കുറിച്ചിടുന്ന പേരാണു ബുർജ് ഖലീഫ. ഓരോ ഭാഗത്ത് നിന്നു നോക്കുമ്പോഴും വെവ്വേറെ സൗന്ദര്യമാണ് ഈ കെട്ടിടത്തിന്. ബുർജ് ഖലീഫയിലേക്ക് മെട്രോ സർവീസും പബ്ലിക് ബസും ടാക്സി സർവീസുമുണ്ട്. മെട്രോ ട്രെയിനിൽ കയറി ബുർജിലേക്കു പോകുന്നവർ അൽപ ദൂരം നടക്കേണ്ടി വരും. മെട്രോ സ്റ്റേഷനിൽ നിന്നു പാലം കയറി ദുബായ് മാളിലൂടെ വേണം ബുർജ് ഖലീഫയുടെ മുന്നിലെത്താൻ. ബുർജ് ഖലീഫയുടെ മുന്നിൽ നേരിട്ടു ചെന്നിറങ്ങാൻ ടാക്സിയാണു മികച്ച മാർഗം. ടാക്സി വാടക മിനിമം 12 ദിർഹം (270 രൂപ).
830 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ മുന്നിൽ നിന്നു പടമെടുക്കലാണ് ദുബായ് യാത്രക്കാരുടെ വലിയ സന്തോഷം. ബുർജ് ഖലീഫയുടെ താഴെ, മുൻവശത്തായി മ്യൂസിക്കൽ ഫൗണ്ടേൻ ഉണ്ട്. വൈകുന്നേരങ്ങളിൽ അര മണിക്കൂർ ഇടവിട്ട് ഇതു പ്രവർത്തിക്കുന്നു. കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ കയറണമെന്ന് ആഗ്രഹിക്കുന്നവരും അനവധി. 163 നിലകളുള്ള ബുർജ് ഖലീഫയുടെ 124, 125 നിലകളിലും 148ാം നിലയിലും സന്ദർശകർക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സീസൺ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകും. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്ക്.
പുതുവർഷ പുലരിയിൽ ബുർജ് ഖലീഫയിൽ നടത്താറുള്ള വെടിക്കെട്ടാണ് ഇവിടുത്തെ പ്രധാന ആഘോഷം. ന്യൂ ഇയർ പുലരിയിലെ ആകാശപ്പൂരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്തുന്നു.
ദുബായ് മാൾ
ബുർജ് ഖലീഫ കാണാൻ വരുന്നവർക്ക് ദുബായ് മാളിലൂടെയാണു പ്രവേശനം. (അല്ലാതെയും വഴിയുണ്ടെങ്കിലും ദുബായ് മാളിനുള്ളിലൂടെയാണ് പരമ്പരാഗത പാത). ലോകോത്തര ബ്രാൻഡുകളുടെ നേരിട്ടുള്ള ഔട്ട്‌ലെറ്റുകൾ ദുബായ് മാളിൽ തുറന്നിട്ടുണ്ട്. സിനിമാശാല, അക്വേറിയം കുട്ടികൾക്കുള്ള കളി സ്ഥലം എന്നിവയെല്ലാം പുതുമയുടെ അവസാന വാക്കായി അറിയപ്പെടുന്നു.
ദുബായ് മാളിനുള്ളിെല വെള്ളച്ചാട്ടത്തിനു മുന്നിൽ നിന്നു ഫോട്ടോ എടുക്കുന്നത് കാനഡയിലെ നയാഗ്രയ്ക്കു മുന്നിൽ നിന്നു പടം പിടിക്കുന്ന പോലെ പ്രധാനമായി കരുതുന്ന സന്ദർശകരെ അവിടെ കാണാം. അക്വേറിയത്തിൽ പെൻഗ്വീനുകളെ അടുത്തു കാണാം.
ദുബായ് ഫ്രെയിം
ദുബായിക്കു രണ്ടു മുഖങ്ങളുണ്ട് – പഴയ ദുബായ്, പുതിയ ദുബായ്. ഓരോ ദിവസവും ദുബായ് നഗരം അപ്ഡേറ്റാകുന്നു. പഴമയുടേയും പുതുമയുടേയും മധ്യത്തിൽ സ്ഥാപിച്ച ഫ്രെയിം സന്ദർശകർക്ക് വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഫ്രെയിമിൽ കയറിയാൽ ഒരു വശത്ത് പഴയ ദുബായിയും മറുവശത്ത് പുതിയ ദുബായിയും കാണാം. ഫ്രെയിമിന്റെ ഏറ്റവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടിപ്പാലത്തിലൂടെ സാഹസിക യാത്ര നടത്താനും അവസരമുണ്ട്.
ഭാവിയുടെ മ്യൂസിയം
ദുബായിലെ പുതിയ കാഴ്ചകളിലൊന്നാണു മ്യൂസിയം ഓഫ് ഫ്യൂചർ. ഡോണറ്റ് പോലെ തോന്നിക്കുന്ന ഓവൽ നിർമിതിയാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എഴുതിയ കവിതകളാണ് ഫ്യൂചർ മ്യൂസിയത്തിന്റെ അകം ചുവരിനെയും പുറം ചുവരിനെയും അലങ്കരിക്കുന്നത്. രാത്രിയിൽ വിളക്കു തെളിക്കുന്നതോടെ അക്ഷരങ്ങൾ പ്രഭാപൂരിതമാകുന്നു. സാങ്കേതിക വിദ്യ, വാഹനങ്ങൾ, വസ്ത്രങ്ങൾ എന്നിങ്ങനെ നാളെയുടെ കാഴ്ചകൾ ഈ മ്യൂസിയം അവതരിപ്പിക്കുന്നു.
സ്വർണ കൂമ്പാരവും അബ്രകളും
ദുബായിയുടെ പൈതൃകങ്ങൾ കണ്ടാസ്വദിക്കാൻ രണ്ടു സ്ഥലങ്ങളാണുള്ളത് – ഗോൾഡ് സൂഖ്, മീനാ ബസാർ. നല്ല സ്വർണം വാങ്ങാൻ എത്തുന്നവരാണ് ഗോൾഡ് സൂഖ് സന്ദർശകർ. സന്ദർശക വീസയിൽ വരുന്നവർക്ക് അവരുടെ പാസ്പോർട്ട് വിവരങ്ങൾ നൽകി സ്വർണം വാങ്ങാം. നികുതി ഒഴിവാക്കി സ്വർണം ലഭിക്കും എന്നുള്ളതാണു നേട്ടം. അതായത്, സ്വർണത്തിന്റെ വിലയ്ക്കൊപ്പം നികുതിപ്പണവും ജ്വല്ലറിയിൽ അടയ്ക്കണം.
സ്വർണക്കടകൾ മുട്ടിയുരുമ്മുന്ന സ്ഥലമാണു സൂഖ്. ഇന്ത്യയിൽ നിന്നുള്ളവർ അവിടെയെത്തുമ്പോൾ സ്വർണത്തിന്റെ കമനീയശേഖരം കണ്ടു കണ്ണുകൾ വിടരുന്നു. സ്വർണം വാങ്ങിയില്ലെങ്കിലും കണ്ടു കൊതിതീർക്കുന്നവരെ അവിടെ കാണാം.
സൂഖിനു സമീപത്താണു മീനാ ബസാർ. വീതി കുറഞ്ഞ വഴികൾ, നിരയായി കടകൾ. ബെംഗളൂരു, മുംബൈ വ്യാപാരത്തെരുവുകൾ ഓർമിപ്പിക്കുന്നു ഈ ബസാർ. തെരുവിലൂടെ നടന്നാൽ പഴയ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും കാണാം. ആ നടത്തം അൽസീഫ് എന്ന ക്രീക്കിലെത്തിക്കും. വൈകുന്നേരങ്ങളിൽ വട്ടമണഞ്ഞിരുന്ന വർത്തമാനം പറയാൻ പറ്റിയ സ്ഥലമാണിത്. ബോട്ട് സവാരിക്കും ക്രൂസുകളിലെ വിരുന്നിനും എത്തുന്നവരാണ് അതിഥികൾ. ദുബായിയിലെ
ട്രഡീഷനൽ സിറ്റികളായ ബർ ദുബായ്, ദെയ്റ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ‘അബ്ര’കൾ ഇവിടെയുണ്ട്. പണ്ടു കാലത്ത് അബ്രകളിൽ കയറി കടൽ താണ്ടിയാണ് നിരവധി പേർ ഗൾഫിലെത്തിയത്.
ദുബായ് മറീന
ദുബായ് നഗരം തലയുയർത്തി ആകാശത്തെ ചുംബിക്കുന്നതു മറീനയിലാണ്. ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇന്റർ ലോക്ക് റോഡുകൾ, വഴിയോരത്തുകൂടി പായുന്ന ട്രാമുകൾ, കടൽത്തീരം, യോട്ടുകൾ, സ്കൈ ഡൈവിങ്, പാരഷൂട്ട്, ജയന്റ് വീൽ എന്നിവയെല്ലാം ഇവിടെയെത്തുന്നവർക്കു കാഴ്ചയുടെ വിരുന്നൊരുക്കുന്നു.
ബീച്ചനരികെ അത്യാഢംബര യോട്ടുകൾ നിരത്തിയിട്ടിരിക്കുകയാണ്. ഓരോ അഞ്ചു മിനിറ്റിലും സ്കൈ ഡൈവർമാരുമായി ചെറു വിമാനങ്ങൾ കുതിച്ചുയരുന്നതു കാണാം. മഴ പെയ്യും പോലെ സാഹസികർ ആകാശത്ത് നിന്ന് പാരഷ്യൂട്ടിൽ പറന്നിറങ്ങുന്നു. കിടപ്പു മുറി, സ്വീകരണ ഹാൾ, ബാർ, ഗെയിം സോൺ എന്നിങ്ങനെ എല്ലാ ആഢംബരങ്ങളുമുള്ളതാണ് യോട്ടുകൾ.
കടലിൽ വിടർന്നു നിൽക്കുന്ന പടുകൂറ്റൻ പനയാണു പാം ജുമൈറ. മറീനയിൽ നിന്ന് പാം ജുമൈറയിലേക്ക് ഏറെ ദൂരമില്ല. പാം ജുമൈറയുടെ ആകാശ കാഴ്ചകൾ കാണാൻ മോണോ റെയിൽ നിർമിച്ചിട്ടുണ്ട്. ഈ വാഹനത്തിൽ പോകുന്നവർക്ക് പനയുടെ ഓരോ ശിഖരത്തിലേക്കും നേരിട്ടു പോകാം. ലോകത്തിലെ ഏറ്റവും ആഢംബര വീടുകളും അപ്പാർട്ടമെന്റുകളും വില്ലകളും ഫ്ലാറ്റുകളും ഇവിടെ കാണാം. മോണോ റെയിലിന്റെ യാത്ര അവസാനിക്കുന്നത് ആഢംബരത്തിന്റെ അവസാന വാക്കായ അറ്റ്‌ലാന്റിസ് ഹോട്ടലിനു മുന്നിലാണ്. അകലെയല്ലാതെ തന്നെ സപ്ത നക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബ് കാണാം.
ഗ്രാൻഡ് മോസ്ക്
യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗ്രാൻഡ് മോസ്ക്ക്. ദുബായിൽ നിന്നു കാറിൽ ഒന്നര മണിക്കൂർ യാത്ര. യുഎഇ ഭരണാധികാരി ഉൾപ്പടെ വിശ്വാസികളായ ലോക നേതാക്കൾ പ്രാർഥിക്കാനെത്തുന്ന പള്ളിയാണിത്. പള്ളിയോടു ചേർന്ന് ഷോപ്പിങ് കേന്ദ്രവുമുണ്ട്. സ്വർണ നിറമുള്ള തൂണുകൾ, കൊത്തുപണികൾ കൊണ്ടു വിസ്മയിപ്പിക്കുന്ന മിനാരങ്ങൾ, അപൂർവ വിളക്കുകൾ എന്നിവ പള്ളി സന്ദർശിക്കുന്നവർക്ക് കൗതുകം പകരുന്നു.
ബിഎപിഎസ് ക്ഷേത്രം
അബുദാബിയിലെ വിസ്മയ നിർമിതിയാണു ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം. പരമ്പരാഗത ക്ഷേത്ര നിർമാണ രീതിയിൽ ഗൾഫ് മേഖലയിൽ നിർമിച്ച ആദ്യ ക്ഷേത്രമിതാണ്. വിശ്വാസികളും വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നു. രാജസ്ഥാനിലെ പിങ്ക് സ്റ്റോണിലാണ് ക്ഷേത്രത്തിന്റെ പുറം ചുവരുകൾ നിർമിച്ചിട്ടുള്ളത്. ഉൾവശം ഇറ്റാലിയൻ മാർബിളിൽ പണിതതാണ്. പൂർണമായും ഇന്ത്യയിൽ നിർമിച്ച്, കപ്പലിൽ അബുദാബിയിൽ എത്തിച്ച്, കൂട്ടിച്ചേർത്തതാണ് ഈ ക്ഷേത്രം.
ദുബായിയിലെ ഓരോ കാഴ്ചകളും അദ്ഭുതങ്ങളുടെ തുടർച്ചയാണ്. ഓരോ ദിവസവും ഈ നഗരം മുഖംമിനുക്കിക്കൊണ്ടിരിക്കുന്നു. ഒരിക്കൽ ഇവിടെ വന്നു പോയവർ അടുത്ത തവണ എത്തുമ്പോഴേക്കും പുതുതായി കാണാൻ കൗതുകങ്ങൾ നിരവധിയുണ്ടാകും. മിറക്കിൾ ഗാർഡൻ, ഡോൾഫിനേറിയം, ദുബായ് സഫാരി, സിർ ബനിയാസ് ഐലൻഡ്, ലൗ ലേക്ക്, ജുമൈറ ബീച്ച്, ദ് പോയിന്റ്, ഡൗൺ ടൗൺ, ഗ്ലോ ഗാർഡൻ, ദ് പ്ലാനറ്റ്, ഗ്ലോബൽ വില്ലേജ്, ഡെസേർട്ട് സഫാരി അങ്ങനെ പ്രോഗ്രാമുകൾ വേറെയുമുണ്ട്. അബുദാബിയും ദുബായും പിന്നിട്ടാൽ ഷാർജയും ഫുജൈറയും റാസൽഖൈമയും അജ്മാനും ഉമ്മുൽഖുവൈനും ഒരുക്കി വച്ചിരിക്കുന്ന കാഴ്ചകൾ വേറെ.