ഇടവഴിയിലെ ചങ്ങലകിലുക്കവും മൂക്കിലേക്ക് അടിച്ചുകയറുന്ന ആനച്ചൂരും പൂരത്തിന്റെ വരവറിയിക്കുന്നതോടെ തൃശൂരിലെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ഉത്സവലഹരി പടർന്നുപിടിക്കും. പിന്നെ, ആനപ്പെരുമകളുടെ വാക്കേറ്റങ്ങളും അളവഴകുകൾ തിട്ടപ്പെടുത്തലും ചായക്കടകളിലെ പോലും സംസാരവിഷയമാവും. തൃശൂരിലെ എല്ലായിടത്തെയും പോലെ ആന ഒരു വികാരമായി നിലകൊള്ളുന്ന നാടാണ് ചേർപ്പും. പക്ഷേ, ഈ നാടിന്റെ ആനപ്രേമം കുറച്ച് വ്യത്യസ്തമാണ്. ചങ്ങലകിലുക്കത്തിൽ, തലയെടുപ്പോടെ നിന്ന് പൂരം കൊഴുപ്പിക്കുന്ന ലക്ഷണമൊത്ത കൊമ്പന്മാരുടെ പെരുമയല്ല ചേർപ്പിലേത്. മറിച്ച് ഇവിടത്തെ കലാകാരന്മാർ തടിയിൽ തീർക്കുന്ന ഗജവീരന്മാരുടെ നിർമാണ വൈദഗ്ധ്യമാണ് ഈ നാടിനെ അടയാളപ്പെടുത്തുന്നത്. പൂരക്കാലം കഴിഞ്ഞാലും ചേർപ്പിലെ ആനച്ചന്തം അവസാനിക്കുന്നില്ല. സാംസ്കാരികവകുപ്പിന്റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ഇരുപത് പൈതൃക ഗ്രാമങ്ങളിലൊന്നാണ് ചേർപ്പ്.
ദാരുശിൽപ്പികളുടെ നാട്
ഈട്ടി, വാക, കുമിഴ്, റോസ്‌വുഡ് തുടങ്ങിയ മരത്തടികളിലാണ് ഇവിടത്തെ ആന നിർമാണം. കേരളത്തിന് അകത്തും പുറത്തും പലയിടങ്ങളിൽ ആനകളെ മരത്തടിയിൽ നിർമ്മിക്കുന്നുണ്ടെങ്കിലും കാലിലെ നഖങ്ങളുടെ തികവ്, തൊലിയിലെ ചുളിവുകളും വരകളും കുറുകൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു തുടങ്ങിയവയാണ് ചേർപ്പിലെ ആനകളുടെ പ്രത്യേകത. തടിയിൽ ആനരൂപം വരച്ചെടുക്കുന്നതാണ് നിർമാണത്തിന്റെ ആദ്യപടി. ശേഷം ആകൃതിയിൽ കൊത്തിയെടുക്കുന്നു. ഉരസി മിനുക്കുന്നു. വെള്ള നിറമുള്ള കുമിഴ് തടി ഉപയോഗിച്ചാണ് കണ്ണും നഖവും കൊമ്പും നിർമിക്കുന്നത്. ശിൽപനിർമാണത്തിന്റെ ഒരു ഘട്ടത്തിലും യന്ത്രസഹായം തേടുന്നില്ല. ഒറ്റത്തടിയിലാണ് മിക്ക ആനപ്രതിമകളുടെയും നിർമാണം.
ചേർപ്പിലെ ദാരുശിൽപ്പികളെ സംരക്ഷിക്കാനും ഉൽപന്നത്തിന്റെ വിപണന സാധ്യത ഉറപ്പുവരുത്താനും ഗവൺമെന്റിന്റെ സഹായത്തോടെ ഒരു സഹകരണസംഘം രൂപീകരിച്ചിട്ടുണ്ട്. പൂർണമായും പണികഴിഞ്ഞ ഇത്തിരിക്കുഞ്ഞൻ ആനകൾ മുതൽ അഞ്ചടി ഉയരമുള്ള ഗജവീരൻ വരെ സൊസൈറ്റിയുടെ ഉള്ളിലും പണിപ്പുരകളിലുമായുണ്ട്. സൊസൈറ്റിയോടു ചേർന്നാണ് തടിമില്ല്. ഓർഡർ അനുസരിച്ചോ അല്ലാതെയോ ഇവിടെ പ്രതിമ നിർമിക്കാറുണ്ട്. ഉയരവും തടിയുടെ നിലവാരവുമാണ് വില നിശ്ചയിക്കുന്നതിനടിസ്ഥാനം. മൂവായിരം മുതൽ പത്ത് ലക്ഷം രൂപ വരെ വിലയുള്ള ആനകൾ നിലവിലിവിടെയുണ്ട്.
സംരക്ഷിക്കണം പാരമ്പര്യം
പണ്ട്, ആയിരത്തിലധികം ദാരുശിൽപികളുണ്ടായിരുന്ന നാടായിരുന്നു ചേർപ്പ്. പെരുവനം ക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐതീഹ്യകഥകളാണ് ഈ നാടിന്റേത്. ആനപ്പൂരം എന്നായിരുന്നു ആറാട്ടുപുഴപ്പൂരം അറിയപ്പെട്ടിരുന്നത്. 101 ആനകൾ നിരന്നുനിന്ന് നടക്കുന്ന ഉത്സവമായിരുന്നു ഇവിടുത്തേത്.
തടിയിൽ തീർത്ത ആനകളുടെ നിർമാണം വ്യാവസായികാടിസ്ഥാനത്തിൽ തുടങ്ങുന്നത് ബ്രിട്ടീഷുകാരുടെ കാലം മുതലാണത്രേ. ശിൽപങ്ങൾ വിദേശത്തേക്ക് വ്യാപാരം നടത്തുന്ന തമിഴ്നാട്ടുകാരനായ ഒരു ചെട്ടിയാർ ഇവിടെയെത്തിയിരുന്നെന്നും അദ്ദേഹമാണ് ചേർപ്പിലെ കലാകാരന്മാരെ കണ്ടെത്തി തടിയിൽ ആനകളെ ഉണ്ടാക്കി തുടങ്ങിയതെന്നും പറയപ്പെടുന്നു. വിദേശത്തേക്ക് കയറ്റി അയച്ച ചേർപ്പിലെ ആനകളുടെ പ്രത്യേകത കാരണം വ്യാപാരം കൂടി. ക്ഷേത്രങ്ങളിലും മറ്റും കൊത്തുപണി ചെയ്ത് ജീവിച്ച കൂടുതൽ ശിൽപികൾ കൂടി ആനനിർമ്മാണ മേഖലയിലേക്ക് കടന്നുവന്നു. അതോടെ ചേർപ്പിലെ ആന കരകൗശലവിദ്യ പ്രശസ്തിയാർജിച്ചു.
സൊസൈറ്റിയിലേത് കൂടാതെ ചേർപ്പിലെ കുറച്ച് വീടുകളിൽ ആനനിർമ്മാണം നടക്കുന്നുണ്ട്. തെക്കിനേടത്ത് സുബ്രഹ്മണ്യന്റെ യുണിറ്റിലേക്കാണ് ആദ്യം പോയത്. മുറ്റത്ത് അഞ്ചേമുക്കാൽ അടി ഉയരമുള്ള ലക്ഷണമൊത്ത ഒരു ആന. ആദ്യകാഴ്ചയിൽ ജീവനുള്ള പോലെ... ഇരുപത് ലക്ഷം രൂപയാണ് അതിന്റെ വില. സുബ്രഹ്മണ്യന്റെ മകൻ അരുൺകുമാറാണ് ഇപ്പോൾ യൂണിറ്റ് നോക്കിനടത്തുന്നത്. ‘തൊണ്ണൂറുകൾ വരെ ആനനിർമാണം അതിന്റെ സുവർണകാലഘട്ടമായിരുന്നെന്നു പറയാം. ഇന്ന് ഈ പാരമ്പര്യ കല നിലനിർത്താൻ വളരെ പ്രയാസകരമാണ്. വിപണിയില്ല. തൊഴിലാളികളെ കിട്ടാനില്ല, തടിയുടെ ലഭ്യതക്കുറവ്...തുടങ്ങി മുന്നിൽ തടസ്സങ്ങൾ ഏറെയുണ്ട്. ഗൾഫിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഞാൻ. തടിയിൽ ഉളികൊട്ടുന്ന ശബ്ദം കേട്ടാണ് കുട്ടിക്കാലം മുതൽ വളർന്നത്. അച്ഛന്റെ യൂണിറ്റിൽ അന്ന് ഇരുപത്തിയഞ്ചിലധികം തൊഴിലാളികളുണ്ടായിരുന്നു. ശാരീരിക അവശതകൾ മൂലം അച്ഛനു യൂണിറ്റ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ച് പാരമ്പര്യതൊഴിൽ സംരക്ഷിക്കാനായി ഇറങ്ങിത്തിരിച്ചത്. പുതിയതലമുറയൊന്നും ഈ രംഗത്തേക്ക് കടന്നുവരുന്നില്ല. നിലവിലുള്ളവരെല്ലാം അൻപത് വയസ്സിനു മുകളിലുള്ളവരാണ്. ഈ പാരമ്പര്യതൊഴിലിന്റെ ഭാവി മുന്നിലൊരു ചോദ്യചിഹ്നമാണ്.... അരുൺകുമാർ പറയുന്നു.
നാടിനെ അടയാളപ്പെടുത്തുന്നത്
ചേർപ്പ് എന്ന നാടിനെ അടയാളപ്പെടുത്തുന്നതാണ് തടി ആനകൾ. ഇതിന്റെ പരമ്പരാഗത മേന്മ മുൻനിർത്തി ഭൂപ്രദേശ സൂചകം അഥവാ ജി ഐ ടാഗ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ കലാകാരന്മാർ. മികച്ച ഗുണനിലവാരവും സമാനതകളില്ലാത്തതുമായ ചേര്‍പ്പ് ആനകൾക്ക് ജി ഐ ടാഗ് നേടാനായാൽ രാജ്യാന്തര വിപണിയിലെ വ്യാപാര സാധ്യത ഉയരും. കലാകാരന്മാർ പാരമ്പര്യതൊഴിലിലേക്ക് മടങ്ങി വരും. അന്യം നിന്നു പോകാറായ പാരമ്പര്യത്തെ നാളേക്ക് കരുതിവയ്ക്കാനാകും.