മനസ്സിലും ജീവിതത്തിലും ഒരുപാട് നിറങ്ങളുള്ള പെൺകുട്ടികളെപ്പോലെ ചില നാടുകളുണ്ട്. വർണങ്ങളിലൂടെ അവർ വസന്തം തീർക്കും. പൂവാസത്തിലൂടെ കഥകൾ പറയും. ഇളം കാറ്റിൽ അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ടേയിരിക്കും... എത്ര കണ്ടാലും മതി വരാത്ത നാടുകൾ. അങ്ങനെയൊരിടത്തേക്ക് യാത്ര പോകാൻ ആരാണ് മോഹിക്കാത്തത്? വരൂ, നമുക്കു പോകാം; ഗുണ്ടൽപ്പേട്ടിലേക്ക്. ഓണം വിരിയുന്ന ഗ്രാമങ്ങളിലേക്ക്. പൂക്കളങ്ങൾക്ക് നിറം പകരുന്ന പൂപ്പാടങ്ങളിലേക്ക്... നിറങ്ങൾ കൊണ്ട് കണ്ണെഴുതിയ കഥകളിലേക്ക്.

മഞ്ഞുനനവുള്ള സുന്ദരിയെ തേടി...
‘‘രാവിലെയാണ് ഓരോ പൂവും കൂടുതൽ സുന്ദരിയാവുന്നത്. മഞ്ഞിന്റെ തണുപ്പ് ബാക്കിയാവുന്ന നേരത്ത് അവളുടെ കണ്ണിനു തിളക്കമേറും. ഹൃദയത്തിൽ പ്രണയവും...’’– പൂപ്പാടങ്ങൾ തേടിയാണ് യാത്രയെന്നറിഞ്ഞപ്പോൾ പൂക്കളോടും ചെടികളോടും കൂട്ടുകൂടി നടക്കുന്ന കൂട്ടുകാരി പറഞ്ഞു. ഒരു ദിവസത്തെ ഉറക്കം പോയാലും തരക്കേടില്ല. അതികാലത്തെഴുന്നേറ്റ് വയനാടൻ ചുരം കയറി. മഞ്ഞും ഇരുട്ടും പുതപ്പു വിരിക്കുന്ന ഹെയർപിൻ വളവുകൾ പിന്നിട്ടപ്പോൾ കാടിന്റെ കാറ്റ്. മനസ്സു പാറിപ്പറക്കുന്ന പോലെ. മുകളിലെത്തിയപ്പോഴേക്കും ആകാശത്തിന്റെ കോണിൽ ഇത്തിരി നീലിമ പടർന്നിരുന്നു. വ്യൂപോയിന്റിൽ വാഹനമൊതുക്കി. ചുരം കയറിച്ചെല്ലുമ്പോൾ ഇവിടെ നിർത്താതെ എങ്ങനെ മുന്നോട്ടു പോകും? പുലർകാലത്തു ചുരത്തിനു മുകളിൽ നിന്നുള്ള കാഴ്ച കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കാണണം. വാക്കുകൾക്കു വിവരിക്കാനാവാത്ത അനുഭവമാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലു പോലെ മേഘങ്ങളുടെയും മഞ്ഞിന്റെയും കടൽ. ആളും ആരവവുമില്ല. കാടിന്റെ താളംപിടിക്കലുകളും നമ്മുടെ നിശ്വാസവും മാത്രം. ഇടയ്ക്ക് പച്ചപ്പിനിടയിലൂടെ ചെറിയ വെട്ടം കാണാം; ചുരം കയറി വരുന്ന ചരക്കുലോറികളുടെ ഹെഡ്‌ലൈറ്റാണ്. ‘‘രാവിലെയാണ് പൂക്കളുടെ ഹൃദയത്തിലെ പ്രണയത്തിന്...’’ ഫൊട്ടോഗ്രഫർ ഓർമിപ്പിച്ചു. ചുരത്തിൽ കറങ്ങിനടന്ന മനസ്സിനെ പിടിച്ചു കാറിലിട്ട് മുന്നോട്ടു പോയി. സുൽത്താന്റെ ബത്തേരി കടന്നു മുത്തങ്ങയുടെ കാനനഛായയിലെത്തിയപ്പോഴേക്കും വെളിച്ചം പരന്നു തുടങ്ങി. രാത്രി കറങ്ങാനിറങ്ങിയ മാൻകൂട്ടങ്ങൾ റോഡരികിലുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഒന്നു തല വെട്ടിച്ചു നോക്കും. നിർത്തുകയാണെന്ന് തോന്നിയാൽ കാടിനുള്ളിലേക്ക് ഒറ്റയോട്ടം. കർണാടകയുടെ അതിർത്തി അടയാളപ്പെടുത്തുന്ന മൂലഹോളെ ചെക്പോസ്റ്റും കടന്ന് കാഴ്ചകളിലൂടെ മുന്നോട്ടു പോകുമ്പോൾ കാറ്റിന്റെ ഭാവം മാറുന്ന പോലെ. കാടിന്റെ കഥ പറഞ്ഞിരുന്ന കാറ്റിനു പൂവിന്റെ മണമായിത്തുടങ്ങി. പച്ചപ്പിനു പകരം കൃഷിയിടങ്ങൾ.
ഇത്തിരി ദൂരെയായിക്കാണാം; ചെണ്ടുമല്ലിയുടെ കടൽ...

റോഡരികിലെ വർണക്കടൽ കാട് കടന്നു ചെന്നെത്തുന്നത് ‘മദൂരി’ലേക്കാണ്. കർണാടകയുടെ തെക്കേ അറ്റത്ത്, കേരളവുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപേട്ട് താലൂക്കിലെ ഗ്രാമം. ഇവിടെത്തുടങ്ങുകയാണ് പൂപ്പാടങ്ങൾ. അറ്റമില്ലാതെ പരന്നു കിടക്കുന്ന വർണക്കടൽ. ദേശീയപാത 212ന് ഇരുവശത്തുമായിട്ടാണ് കൃഷിയിടങ്ങളുള്ളത്. റോഡരികിൽ നിന്നു തുടങ്ങുന്ന പാടങ്ങൾ ദൂരെയുള്ള കുന്നുകളിലേക്ക് നീളുന്നു. ചെണ്ടുമല്ലി പൂത്തു നിൽക്കുന്ന പാടങ്ങളിലൊന്നിനരികിലെത്തി. വെയിലിനു നേരിയ ചൂടുണ്ട്. കുന്നിൻമുകളിലെ തണുപ്പുമായി വരുന്ന കാറ്റാണ് ആശ്വാസം. പൂവു പറിക്കാനൊരുങ്ങുകയാണ് കർഷകർ. കൂടുതലും സ്ത്രീകളാണ്. അവധി ദിനത്തിൽ അമ്മയ്ക്കു കൂട്ടു വന്ന പെൺകുട്ടികളുമുണ്ട് കൂട്ടത്തിൽ. തലയിലെ തൊപ്പി നേരെയാക്കി, അരയിലെ ചാക്കിന്റെ കെട്ടു മുറുക്കി അവർ പൂപ്പാടങ്ങളിലേക്കിറങ്ങി. പൂക്കൾക്കിടയിൽ നിന്നു വിളവായതു മാത്രം നിമിഷ നേരം കൊണ്ടു കണ്ടുപിടിക്കുന്ന അവരുടെ വിരലുകൾക്ക് ഒരു പ്രത്യേക താളമുണ്ട്. ഇടതൂർന്നു വളർന്നു നിൽക്കുന്ന ചെടികൾക്കിടയിലൂടെ ഒന്നിനെപ്പോലും നോവിക്കാതെ അവർ ഒഴുകി. അരയിലെ ചാക്കു നിറയുമ്പോൾ വലിയ ചാക്കിലേക്കു മാറ്റി കെട്ടിവച്ചു. ‘‘ഒരു ചാക്കിൽ അമ്പതു കിലോ പൂവ് വരെ കാണും. ഒരു കിലോയ്ക്കു നമുക്കു കിട്ടുന്നത് അഞ്ചര രൂപയാണ്. നാട്ടിൽ വിൽക്കുന്നത് കൂടിയ വിലയ്ക്കാണെന്നൊക്കെ കേൾക്കാറുണ്ട്’’ ചാക്കിൽ കെട്ടിയ പൂവ് തണലിലേക്കു മാറ്റിവയ്ക്കുന്നതിനിടെ സിദ്ധപ്പ പറഞ്ഞു. ഹൈവേയ്ക്കരികിലെ രണ്ടു ചെറിയ പാടങ്ങളിലാണ് സിദ്ധപ്പയുടെയും കുടുംബത്തിന്റെയും കൃഷി. റോഡരികിലെ പൂക്കടൽ കാണാൻ ഇടയ്ക്കിടെ സഞ്ചാരികൾ വാഹനമൊതുക്കുന്നു. സെൽഫിയെടുപ്പും കുട്ടികളുടെ ചിത്രമെടുപ്പുമായെല്ലാം പാടത്തേക്കിറങ്ങുമ്പോൾ സിദ്ധപ്പ ഓടിച്ചെല്ലും – ‘‘ഒരാൾക്കു പത്തു രൂപ’’. ഓണക്കാലത്ത് കൃഷിക്കാർക്കു കിട്ടുന്ന അധികവരുമാനമാണ് ഈ ഫോട്ടോ ചാർജ്.
കാളവണ്ടി മാത്രം പോകുന്ന നാട്...

റോഡരികിലെ പൂപ്പാടങ്ങളിൽ വച്ചാണ് മാധവനെ പരിചയപ്പെടുന്നത്. സുൽത്താൻ ബത്തേരിക്കാരനാണ്. വർഷങ്ങളായി ഗുണ്ടൽപ്പേട്ടിൽ കൃഷിക്കാരൻ. ‘‘ഉള്ളിലേക്കു പോയാൽ കുറച്ചുകൂടി വലിയ പാടങ്ങളുണ്ട്. ആ ഗ്രാമങ്ങളിലാണ് നമ്മുടെ ഓണം വിരിയുന്നത്’’ – അയാൾ പറഞ്ഞു. ഇതിനെക്കാളും വലിയ പൂപ്പാടങ്ങളോ? എങ്കിൽ പോയിട്ടു തന്നെ കാര്യം. വണ്ടി മാധവന്റെ റൂട്ടിലോടി. ‘കക്കൽത്തുണ്ടി കഴിഞ്ഞ് ഉള്ളിലോട്ടു തിരിഞ്ഞു. ‘ബേരമ്പാടി’യെത്തിയപ്പോൾ കൃഷിയിടങ്ങൾക്കു നടുവിലൂടെയുള്ള റോഡിലേക്ക് മാധവൻ വിരൽചൂണ്ടി – ‘‘ആ മൺപാതയിലൂടെയാണു നമുക്കു പോകേണ്ടത്’’. സിനിമകളിൽ മാത്രം കാണാറുള്ള നാട്ടുവഴികൾ. മൺപാതയാണ്. ഇരുവശത്തും വിശാലമായ പൂപ്പാടങ്ങൾ. റോഡരികിൽ കണ്ടതിനെക്കാൾ കടുപ്പമുള്ള ചെണ്ടുമല്ലി. അതിനോടു ചേർന്നു സൂര്യകാന്തിപ്പാടങ്ങൾ. ദൂരെ നിന്നു നോക്കുമ്പോൾ മഞ്ഞയും ഓറഞ്ചും നിറമുള്ള പട്ടുമെത്ത വിരിച്ചതുപോലെ... ‘‘ഇനി കാറു പോവില്ല. കാളവണ്ടികൾ മാത്രം’’– മൺപാതയിലൂടെ കുറച്ചു ദൂരം ചെന്നപ്പോൾ മാധവൻ പറഞ്ഞു. ഉച്ചവെയിലിലും ഗ്രാമത്തിലെ കാറ്റിനു നേർത്ത തണുപ്പ്. ആ തണുപ്പിന്റെ അരികുപറ്റിയാണ് നമുക്ക് ഓണം വിരിയിക്കാൻ ഇവിടത്തുകാർ അധ്വാനിക്കുന്നത്. തോട്ടത്തിനു നടുവിൽ പൂവ് പറിക്കുന്നവർ, ചാക്കിലാക്കിയ പൂക്കൾ റോഡരികിലേക്കു മാറ്റിയിടുന്നവർ, കാളകളെ ഉപയോഗിച്ച് അടുത്ത വിളയ്ക്കായി നിലമൊരുക്കുന്നവർ, നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്ന മുതിർന്നവർ... കാലത്തിന്റെ കോട്ടം തട്ടാത്ത ഗ്രാമക്കാഴ്ചകളാണ് ചുറ്റിലും. ‘‘ഓണക്കാലത്ത് ഇവിടെ പൂക്കൾ വിരിയും. ഇതു കഴിഞ്ഞാല‍്‍ അടുത്ത കൃഷി. ചോളം, തക്കാളി, ബീൻസ്, മുതിര, കാബേജ്... ഇവിടത്തുകാരുടെ അധ്വാനത്തിനു മുന്നിൽ എന്തും വിളയും’’– മാധവൻ ഗ്രാമവിശേഷങ്ങൾ പങ്കുവച്ചു. മൺപാതയിലേക്കു വലിയ ലോറികൾ വന്നുതുടങ്ങിയിരുന്നു. പൂക്കൾ കൊണ്ടുപോകാനാണ്. വാഹനമെത്താത്ത പാടങ്ങളിൽ നിന്നു കാളവണ്ടിയിലാണ് പൂവ് കൊണ്ടുവരുന്നത്. വെയിലാറിയപ്പോഴേക്കും ലോറികൾ നിറഞ്ഞു മടങ്ങി. ‘‘ഇനിയും ഗ്രാമങ്ങൾ കാണാൻ മോഹമുണ്ടെങ്കിൽ മടക്കം ‘കന്നേകാല ഹള്ളി’ വഴിയാക്കിക്കോളൂ. ‘ഹംഗാല’യിലെത്തിച്ചേരാം. അവിടെ നിന്ന് ഹൈവേ വഴി പോകാം’’– മടങ്ങാനൊരുങ്ങിയപ്പോൾ മാധവൻ പുതിയ റൂട്ട് പറഞ്ഞു തന്നു. ഗ്രാമങ്ങളുടെ ഇരുവശത്തും സൂര്യകാന്തിയും ചെണ്ടുമല്ലിയും ഇടവിട്ട് കൈവീശുന്നു. ആട്ടിൻപറ്റങ്ങളെ മേയ്ച്ചു പോകുന്ന ഗ്രാമീണർ. മൺപാതകളിൽ ചോളമുണക്കാനിടുന്ന സ്ത്രീകളും ചക്രമുരുട്ടിക്കളിക്കുന്ന കുട്ടികളും. ക്യാമറയ്ക്കു നേരെ നാണത്തോടെ നോക്കുന്ന പെൺകുട്ടികൾ.... ബെൻസും ഫെറാരിയും ചീറിപ്പായുന്ന ദേശീയപാതയോടു ചേർന്ന് ഇങ്ങനെയൊരു ലോകമുണ്ടെന്ന് പുറമേ നിന്നു നോക്കുമ്പോൾ തോന്നുകയേ ഇല്ല. അസ്തമയസൂര്യന്റെ ചുവപ്പ് ആകാശത്തു പടർന്നു തുടങ്ങിയപ്പോള്‍ മടങ്ങി. ആകാശത്ത് ചെഞ്ചായം. താഴെ അറ്റമില്ലാത്ത പൂപ്പാടങ്ങളുടെ പ്രണയച്ചുവപ്പ്. വൈകുന്നേര കാറ്റിനു പൂവാസം. അപ്പോഴും കാണാം പൂപ്പാടങ്ങൾക്കു നടുവിൽ പൂവിനെ തലോടുന്ന, അടുത്ത കൃഷിക്കായി നിലമൊരുക്കുന്ന കർഷകരെ; നമ്മുടെ ഓണം വിരിയുന്നത് അവരുടെ കലപ്പത്തുഞ്ചത്താണല്ലോ... •

എത്തിച്ചേരാൻ...
4 കിലോമീറ്ററാണ് പൂപ്പാടങ്ങൾ ആരംഭിക്കുന്ന മദൂരിലേക്കുള്ള ദൂരം. മദൂരിനടുത്താണ് കക്കൽത്തുണ്ടി.കക്കൽത്തുണ്ടി– ബേരമ്പാടി–ലക്കിപുര– ദേവരഹള്ളി വഴി ഹിമവദ് ഗോപാൽസ്വാമി ബേട്ട ക്ഷേത്രത്തിനടുത്തേക്കെത്തുന്ന റോഡുണ്ട്. ദൂരം 16 കിലോമീറ്റർ. ഗുണ്ടൽപേട്ട് – ബന്ദിപ്പുർ ദേശീയപാതയിൽ, ഹംഗാലയിലാണ് ഈ നാട്ടുപാത ചെന്നുചേരുന്നത്. അവിടെ നിന്ന് ഗുണ്ടൽപ്പേട്ട് – മുത്തങ്ങ വഴി മടങ്ങാം.
