ADVERTISEMENT

കർണാടകയിലെ ശിൽപവിസ്മയങ്ങളായ ബേലൂരു, ഹാലേബിഡു, സോമനാഥപുര ഹൊയ്സാല ക്ഷേത്രങ്ങളെ 2022–23 വർഷത്തെ യുനെസ്കോ ലോകപൈതൃക പദവിക്കു വേണ്ടി ഇന്ത്യ നാമനിർദേശം ചെയ്തു. ‘സേക്രഡ് എൻസംബിൾസ് ഓഫ് ഹൊയ്സാല’ എന്ന പേരിൽ 2014 മുതൽ യുനെസ്കോയുടെ താൽക്കാലിക പട്ടികയിൽ ഇടം പിടിച്ചിരുന്നു ഈ ക്ഷേത്ര സമുച്ചയങ്ങൾ. മനുഷ്യന്റെ സർഗാത്മക പ്രതിഭയുടെ ഉദാത്ത മാതൃകയും രാജ്യത്തിന്റെ സാംസ്കാരിക, ചരിത്ര പൈതൃകത്തിന്റെ സാക്ഷ്യവുമായിട്ടാണ് ഹൊയ്സാല ക്ഷേത്രങ്ങളെ കണക്കാക്കുന്നത്. ഇവയെ ലോകപൈതൃക പദവിക്കു പരിഗണിക്കാനുള്ള ഔദ്യോഗിക അപേക്ഷ യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഡയറക്ടർ ഓഫ് വേൾഡ് ഹെറിറ്റേജിനു മുന്നിൽ തിങ്കളാഴ്ച സമർപ്പിച്ചു.

അജന്ത, എല്ലോറ, ഖജുരാഹോ, ഹംപി, ബദാമി, പട്ടടക്കൽ, കൊണാർക്, ഭുവനേശ്വർ, മഹാബലിപുരം തുടങ്ങിയ ശിൽപകലാ പ്രകടനങ്ങൾ പോലെ ഏറെക്കാലമായി സഞ്ചാരികളുടെയും കലാസ്വാദകരുടെയും ആകർഷണണങ്ങളിലൊന്നാണ് ഹൊയ്സാല സ്മാരകങ്ങൾ. ഇവിടത്തെ നിർമാണ കലയുടെ ഏറ്റവും വലിയ സവിശേഷത സൂക്ഷ്മമായ വിശദാംശങ്ങളോടുകൂടിയ കൊത്തുപണികളാണ്. ബേലൂരുവിലെയും ഹാലെബിഡുവിലെയും സോമനാഥപുരയിലെയും ക്ഷേത്രങ്ങളിലെ സങ്കീർണമായ കൊത്തുപണികൾ കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തും. ബേലൂരു ചെന്നകേശവക്ഷേത്രം 1117 ലും ഹാലേബിഡുവിലെ കേദാരേശ്വരക്ഷേത്രം 1219 ലും സോമനാഥപുരയിലെ കേശവക്ഷേത്രം 1258 ലും നിർമിച്ചതാണ്. ഇപ്പോൾ ഈ സമുച്ചയങ്ങളെല്ലാം ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളാണ്.

hoysalabeluruchennakesva
ADVERTISEMENT

ഹൊയ്സാല നിർമിതികളിൽ കരിങ്കല്ലുകൊണ്ട് നക്ഷത്രാകൃതിയിൽ കെട്ടിയ അധിഷ്ഠാനത്തിൻമേലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്, ഓരോ അധിഷ്ഠാനത്തിലുമുള്ള ശ്രീകോവിലുകളുടെ എണ്ണം ഒന്നോ രണ്ടോ മൂന്നോ ആകാം. മൃദുവായ കരിങ്കല്ലാണ് (സോപ്സ്‌റ്റോൺ) നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഏറെ വിശദാംശങ്ങളോടു കൂടിയ കൊത്തുപണിക്ക് സഹായകമായ ഘടകം ഇതാണ്.

ഹൊയ്സാലക്ഷേത്രങ്ങളിലെ ശിൽപങ്ങളിൽ കാണപ്പെടുന്ന രൂപങ്ങളുടെ വൈവിധ്യം വളരെ വലുതാണ്. മനുഷ്യരും മൃഗങ്ങളും ദേവഗണങ്ങളും പുരാണ കഥകളും ഹൊയ്സാല ക്ഷേത്രങ്ങളിലെ കൊത്തുപണികളിൽ കാണാം. ചെന്നകേശവ ക്ഷേത്രത്തിലെ പുറംഭിത്തിയിലെ സ്തംഭങ്ങളുടെ ബ്രാക്കറ്റ് ഫിഗേർസ് അന്നത്തെ സമൂഹത്തിന്റെ പരിഛേദമാണ്. വിവിധ ദിശകളിലെ താങ്ങുപലകകളിലായി മുപ്പതിലധികം രൂപങ്ങള്‍ കാണാം. അതിൽ ശ്രദ്ധേയമായ ചിലതാണ് വീണാവാദകി, വാദ്യനർത്തകി, പങ്കസുന്ദരി, മൃഗയാവിനോദിനി, രുദ്രവീണവാദകി, പർണശബരി തുടങ്ങിയവ.

hoysalasomanathapuraandhalebidu
ADVERTISEMENT

മൈസൂരുവിൽനിന്ന് 171 കിലോമീറ്ററുണ്ട് ബേലൂരുവിലേക്ക്, ബെംഗലൂരുവിൽ നിന്ന് 221 കിലോമീറ്ററും. ബേലൂർ–ഹാലേബിഡു 16 കിലോമീറ്ററും. മൈസൂരുവിൽ നിന്ന് 40 കിലോമീറ്ററുണ്ട് സോമനാഥപുരയിലേക്ക്.

ലോകപൈതൃകപദവി നേടാനുള്ള ആദ്യ പടവാണ് യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്ററിനു മുന്നിൽ അപേക്ഷ സമർപ്പിക്കുക എന്നത്. അടുത്ത മാസം അപേക്ഷയുടെ സാങ്കേതിക പരിശോധന നടക്കും. തുടർന്ന് സെപ്തംബർ–ഒക്ടോബർ സമയത്ത് വേൾഡ് ഹെറിറ്റേജ് സെന്റർ സ്ഥലപരിശോധന നടത്തുകയും 2023 ജൂലൈ ഓഗസ്റ്റ് സമയത്തിൽ അപേക്ഷയിൽ തീരുമാനമെടുക്കുമെന്നുമാണ് കരുതുന്നത്. ഇന്ത്യയിൽ 40 കേന്ദ്രങ്ങൾക്കാണ് ഇതുവരെ ലോകപൈതൃക പദവി ലഭിച്ചിട്ടുള്ളത്. ധോലാവിര ചരിത്ര ശേഷിപ്പ്, കാകതീയ രാമപ്പ ക്ഷേത്രം എന്നിവയ്ക്ക് 2021ലും ജയ്പുർ നഗരത്തിന് 2019ലും ലോകപൈതൃക പദവി ലഭിച്ചിരുന്നു.

hoysalasculptures
ADVERTISEMENT

ADVERTISEMENT