സമ്മർ സീസണിലെ തിരക്ക് പരിഗണിച്ച് രാജ്യത്തുടനീളം 6,369 അധിക ട്രെയിൻ ട്രിപ്പുകളുമായി ഇന്ത്യൻ റെയിൽവേ. നിലവിലെ ആവശ്യകത പരിഗണിച്ച് 380 സ്പെഷൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1770 ട്രിപ്പുകളാണ് ഇക്കൊല്ലം അധികം. 2022 ലെ വേനൽക്കാലത്ത് ആകെ 4599 ട്രിപ്പുകളാണ് സ്പെഷലായി റെയിൽവേ നടത്തിയത്. ഇതിനായി 348 ട്രെയിനുകൾ സർവീസ് നടത്തി. അതായത് കഴിഞ്ഞ വർഷം ഒരു ട്രെയിൻ ശരാശരി 13 ട്രിപ്പുകൾ ഓടിയതെങ്കിൽ, ഈ വർഷം പതിനേഴോളം ട്രിപ്പുകള്‍ നടത്തേണ്ടി വരുമെന്ന് റെയിൽവേ അറിയിച്ചു.
380 പ്രത്യേക ട്രെയിനുകൾ നടത്തുന്ന 6369 ട്രിപ്പുകളിലായി 25794 ജനറൽ കോച്ചുകളും 55243 സ്ലീപ്പർ കോച്ചുകളുമുണ്ട്. ഒരു ജനറൽ കോച്ചിന് 100 യാത്രക്കാരെയാണ് ഉൾക്കൊള്ളിക്കാൻ കഴിയുന്നത്.
പട്ന– സെക്കന്ദരാബാദ്, പട്ന– യശ്വന്ത്പുർ, ബറൗണി–മുസാഫർപുർ, ഡൽഹി–പട്ന, ന്യൂഡൽഹി–കത്ര, ചണ്ഡീഗഡ്– ഗോരഖ്പുർ, ആനന്ദ്‌വിഹാർ–പട്ന, വിശാഖപട്ടണം, പുരി– ഹൗറ, മുംബൈ–പട്ന, മുംബൈ– ഗോരഖ്പുർ എന്നീ റൂട്ടുകളിലാണ് കൂടുതൽ സർവീസുകളും വരുന്നത്.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെല്ലാം ട്രെയിൻ സർവീസുകളുണ്ട്.
കർണാടക മേഖലയിൽ പ്രധാനമായും സർവീസ് നടത്തുന്ന സൗത്ത് വെേസ്റ്റൺ റെയിൽവേയാണ് ഈ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തുന്നത്. 1790 ട്രിപ്പുകളാണ് ഈ വർഷം നടത്തുന്നത്. കഴിഞ്ഞ വർഷമിത് 779 എണ്ണമായിരുന്നു. ഗുജറാത്ത് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന വെേസ്റ്റൺ റെയിൽവേ കഴിഞ്ഞ വർഷത്തെ 438 ട്രിപ്പുകളെ അപേക്ഷിച്ച് 1470 ട്രിപ്പുകളാണ് ഈ വർഷം നടത്തുക. സൗത്ത് സെൻട്രൽ റെയിൽവേ 784, നോർത്ത് വെേസ്റ്റൺ റെയിൽവേ 400, ഈസ്റ്റ് സെൻട്രൽ റെയിൽവേ 380, നോർത്തേൺ റെയിൽവേ 324 ട്രിപ്പുകൾ എന്നിങ്ങനെയാണ് കണക്ക്.