സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് കാഴ്ചകൾ തേടി പോകുന്ന സഞ്ചാരികൾക്ക് ബജറ്റ് ഫ്രണ്ട്‌ലി പാക്കേജൊരുക്കി ഐആർസിടിസി. അയോധ്യ ടു അംഗോർ വാട്ട് സമ്മർ ഡിലൈറ്റ് (NLO 13) എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജിൽ വിയന്റിയൻ (ലാവോസ്), ഹനോയ്, ഹോ ടി മിൻ (വിയറ്റ്നാം), സീം റീപ്പ് (കംമ്പോഡിയ) എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. മേയ് 19 ന് ആരംഭിക്കുന്ന യാത്ര ഒൻപത് പകലും പത്ത് രാത്രിയും പിന്നിട്ട് 28 ന് തിരികെയെത്തും. ലക്നൗ എയർപോർടിൽ നിന്നാണ് ബാങ്കോക്ക് വിമാനത്താവളത്തിലേക്കുള്ള യാത്ര. മേയ് 20 ന് രാത്രി 12.55 ന് ബാങ്കോക്കിലെത്തിയ ശേഷം രാവിലെ 5 നാണ് വിയറ്റ്നാമിലേക്കുള്ള വിമാനം. 7.25 ന് വിയറ്റ്നാമിലെത്തും. തുടർന്ന് ഫാ ദറ്റ് ലംഗ്, വാട്ട് സിസാകേത് ക്ഷേത്രം, വാട്ട് പ്രാകിയോ, കോപ് സെന്റർ, ബുദ്ധപാർക്ക് എന്നീ കാഴ്ചകളിലേക്ക് ഇറങ്ങാം.

മൂന്നാമത്തെ ദിവസം ഹാനോയിലേക്കാണ് പോകുന്നത്. ഉച്ചയ്ക്ക് 2.20 ന് പുറപ്പെടുന്ന വിമാനം 3.30 ന് അവിടെയെത്തും.ടെംപിൾ ഓഫ് ലിറ്ററേച്ചർ, ഹനോയ് ട്രാൻ ക്വോക്ക് പഗോഡ, വെസ്റ്റ് ലേക്ക്, ഹാനോയ് ഓൾഡ് ക്വാർട്ടർ, എൻഗോക് സൺ ടെംപിൾ, ഹോൻ കീം തടാവൺ പില്ലർ പഗോഡ, ഡോങ് സുവാൻ മാർക്കറ്റ്, ഹാങ് ഗായ് ഷോപ്പിങ് സ്ട്രീറ്റ് തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ. നാലാം ദിനം വിയറ്റ്നാമിലെ പ്രശസ്തമായ ക്രൂസ് യാത്രകൾക്കുള്ളതാണ്. അഞ്ചാമത്തെ ദിവസം കൂടുതൽ വിയറ്റ്നാം കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാം. അടുത്ത ദിനം ഹോചിമിനിലേക്ക് പോകും. വിയറ്റ്നാം യുദ്ധകാലത്ത് ഉപയോഗിച്ചിരുന്നകു ചി ടണൽ, വാർ മ്യൂസിയം, ചൈനാടൗൺ, ബിൻടായ് മാർക്കറ്റ് എന്നിവിടങ്ങളും സന്ദർശിക്കും. ഏഴാമത്തെ ദിനം മെകോംങ് ഡെൽറ്റയും എട്ടാം ദിനം സിയം റീപ്പുമാണ് കാണാൻ പോകുന്നത്.


അവസാന രണ്ടുദിനങ്ങളിൽ അംഗോർവാട്ട് ക്ഷേത്രം, ബയോൺ ക്ഷേത്രം, കോംപോങ് ഫുൽക് ഫ്ലോട്ടിങ് ഗ്രാമം, ബാഫൂൺ ക്ഷേത്രം, ടോൺ സാപ്പ് തടാകം കാണാം. തുടർന്ന് സിയം റീപ്പിൽ നിന്ന് ബാങ്കോക്കിലേക്കും അവിടെ നിന്ന് ലക്നൗവിലേക്കും മടക്കം. കംഫർട്ട് ക്ലാസ് സിംഗിൾ ഒക്യൂപൻസി 200800 രൂപ, ഡബിൾ ഒക്യൂപൻസി 155400 രൂപയും ട്രിപ്പിൾ ഒക്യൂപൻസി 155400 രൂപയുമാണ് നിരക്ക്. രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളുടെ ബുക്കിങ് ഐആർസിടിസി കൗണ്ടറിലെത്തി നേരിട്ട് നടത്തണം.