Thursday 09 March 2023 02:41 PM IST : By സ്വന്തം ലേഖകൻ

സൈക്കിൾ ചിറകിലേറി കോട്ടയത്തു നിന്ന് തേക്കടിക്ക്

keg cycles tour1

നാടും നഗരവും കാടും പുഴകളും കടന്ന് 161 കിലോമീറ്റർ താണ്ടി കോട്ടയത്തു നിന്ന് തേക്കടിയിലേക്ക് സൈക്ലിങ് ടൂർ. ലോകോത്തര മത്സരങ്ങളിലെ വെല്ലുവിളികൾക്ക് ഒപ്പമെത്തുന്ന കയറ്റങ്ങളിലൂടെ മത്സര സവാരി. മാർച്ച് 11 ന് കെഗ് ടൂർ ഓഫ് തേക്കടി അരങ്ങേറാനിരിക്കെ കഴിഞ്ഞ വർഷത്തെ സൈക്ലിങ് ടൂർ അനുഭവത്തിലൂടെ...

നൂറ്റി അറുപതു കിലോമീറ്റർ സഞ്ചരിക്കാൻ ഏതു വണ്ടി വേണം? ഏതെങ്കിലും നാലുചക്ര വാഹനമായിരിക്കും പലരും പറയുക. മോട്ടർബൈക്കിനു വേണ്ടി വാദിക്കുന്നവരും കാണും. എന്നാൽ ഈ ദൂരം മുഴുവൻ സൈക്കിളിൽ പോയാലോ? സംശയിക്കേണ്ട, രസകരമായ സൈക്കിൾ സവാരി. കാഴ്ച കണ്ട്, മലകൾ കയറിയിറങ്ങി, കാറ്റിനൊപ്പം ഒഴുകി, നഗരവും ഗ്രാമവും കാടും കടന്നുള്ള രസകരമായ സഞ്ചാരം. അത്തരമൊരു ട്രിപ്പായിരുന്നു കോട്ടയം കെഗ് ബൈക്കേഴ്‌സ് സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച സിരിസ്‌ ടൂർ ഒഫ് തേക്കടി 2022.

keg cycles tour2 Photos : Boney Panicker

കൊടി വീശി ടിനു യോഹന്നാൻ

ഏപ്രിൽ 30, ശനിയാഴ്ച പുലർച്ചെ അഞ്ചിന് അൻപതിലേറെ സൈക്കിൾ സഞ്ചാരികൾ കോട്ടയത്ത് ഒന്നിച്ചുകൂടി. കെഗ് ബൈക്കേഴ്സ് സൈക്ലിങ് ക്ലബ് സംഘടിപ്പിക്കുന്ന കോട്ടയം–തേക്കടി സൈക്കിള്‍ ടൂറിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ഇവർ. നഗരത്തിൽ ദർശന കൾച്ചറൽ സെന്ററിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ക്രിക്കറ്റ് ടീം പരിശീലകനുമായ ടിനു യോഹന്നാൻ ഫ്ലാഗ് ഓഫ് ചെയ്തതോടെ സൈക്കിളുകൾ മുന്നോട്ടു നീങ്ങിത്തുടങ്ങി. മനോഹരമായ പ്രഭാതത്തിന്റെ ഉൻമേഷം പൂർണായും ഉൾക്കൊണ്ട് ഏറ്റുമാനൂർ വഴി പാലായിലേക്കാണ് സൈക്കിളുകൾ ആദ്യം കുതിച്ചത്.

ദീർഘദൂര സൈക്ലിങ്ങിന് അനുയോജ്യമായ വസ്ത്രങ്ങളും സംരക്ഷണ ഉപകരണങ്ങളും ധരിച്ച് ഒരുകൂട്ടമാളുകൾ സൈക്കിൾ ചവിട്ടി നീങ്ങുന്നത് വഴിയോരങ്ങളിലുള്ളവരുടെ ശ്രദ്ധയാകർഷിച്ചു. പാലാ കടന്ന് കൊല്ലപ്പിള്ളി എത്തിയപ്പോൾ പാതയിലെ ആദ്യ വലിയ കയറ്റം നീലൂർകുന്ന്. മുൻപോട്ടുള്ള വഴിയിൽ കാത്തിരിക്കുന്ന കുന്നുകളുടെ മാതൃക മാത്രമാണ് ഇത്. ചവിട്ടിക്കയറാവുന്നവർ നീലൂർകുന്ന് ചവിട്ടിക്കയറി. ചിലർ സൈക്കിളിൽ നിന്ന് താഴെയിറങ്ങി സാവധാനം സൈക്കിളുന്തി നടന്നു കയറി. സമയമെടുത്ത് സാവധാനമാണ് മുൻപോട്ടു നീങ്ങിയത്.

നീലൂർ കടന്ന് മുട്ടം എത്തി. അവിടെ താഴേക്ക് ഇറക്കമിറങ്ങിയതിനൊപ്പം മുകളിലേക്കു ചവിട്ടിക്കയറിയതിന്റെ ക്ഷീണവും അകന്നതുപോലെ തോന്നി. മനസ്സിന്റെ താളം കാലുകളിലൂടെ സൈക്കിൾ പെഡലുകളിലേക്കെത്തിയപ്പോൾ ദൂരം താണ്ടുന്നതും സമയം കടന്നുപോകുന്നതും അറിഞ്ഞതേയില്ല.

ഓരോ 25 അല്ലങ്കിൽ 30 കിലോമീറ്റർ താണ്ടുമ്പോഴും കെഗ് ബൈക്കേഴ്സിന്റെ പ്രവർത്തകർ കുടിവെള്ളവും ലഘുഭക്ഷണങ്ങളുമായി കാത്തു നിന്നിരുന്നു. സൈക്ലിങ് റൂട്ടിലുച്ചുള്ള സംശയങ്ങൾ പരിഹരിക്കാനും അത് സഹായകമായി.

ഡാമിനും മലനിരകൾക്കും ഇടയിലൂടെ

ഇടതുവശത്ത് മലങ്കര ഡാമിന്റെ ജലസംഭരണിക്കും വലതുവശത്ത് ഇലവീഴാപ്പൂഞ്ചിറ മലനിരകൾക്കും ഇടയിലൂടെയുള്ള യാത്ര കണ്ണിനു കുളിർമയേകി. എന്നാൽ, അത് കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയായിരുന്നു. അൽപദൂരം ചെന്നപ്പോഴേക്ക് ഇടുക്കിയിലേക്കു തിരിയുന്ന ഭാഗമെത്തി. ഇനി 12 കിലോമീറ്റർ കയറ്റമാണ്, 12 ഹെയർപിൻ വളവുകളുള്ള കയറ്റം! അൽപദൂരം ചവിട്ടിയും പിന്നെ ഇറങ്ങി നടന്നും വീണ്ടും ചവിട്ടിക്കയറിയും ക്രമമായി ഓരോ വളവുകളും കടന്നു. നാടുകാണി എത്തി. താഴെ ഇടതുവശത്ത് മൂലമറ്റം പവർഹൗസ് കാണാം. ഇറക്കം ഇറങ്ങി ചെന്നത് കുളമാവ് അണക്കെട്ടിന്റെ പരിസരത്തേക്കാണ്.

keg cycles tour3

തുടർന്ന് 30 കിലോമീറ്റർ കാനനവഴിയിലൂടെയാണ്... ആനകളെ സൂക്ഷിക്കണം, ശ്രദ്ധിക്കണം എന്നൊക്കെ അടയാളപ്പെടുത്തിയ മുന്നറിയിപ്പുകൾ വഴിയിൽ കണ്ടു. എന്നാൽ മൃഗങ്ങളൊന്നും ആ വഴി വന്നില്ല. കയറ്റവും ഇറക്കവും മാറി വന്ന വഴിയിലൂടെ വൃക്ഷത്തലപ്പുകളുടെ തണലിൽ സൈക്കിൾ ചവിട്ടി നീങ്ങുമ്പോൾ‍ മറ്റേതൊരു യാത്രയെക്കാളും രസകരമായി ഈ റൈഡ്. കാട് അവസാനിച്ചിടത്തു നിന്ന് മുന്നോട്ടു നീങ്ങി ചെറുതോണി ടൗണിലെത്തി.

ഡാം കണ്ട് സൈക്കിൾ കുതിക്കുമ്പോൾ പാതയുടെ വലതു വശത്ത് ഇടുക്കി ആർച്ച് ഡാമിന്റെ കൂറ്റൻ രൂപം. അതിനു സമീപമാണ് ‘മഹേഷിന്റെ പ്രതികാര’ത്തിലെ ഫുട്ബാൾ ഗ്രൗണ്ടിൽ കിടന്നുളള അടി ചിത്രീകരിച്ച ഗ്രൗണ്ട്. ഇടുക്കി ഡാമിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ പകർത്തി സവാരി തുടർന്നു.

കാൽവരി മൗണ്ടിലെ കാഴ്ചകൾ

ചെറിയ കയറ്റങ്ങൾ കയറി ചെന്നപ്പോൾ ഒരു വളവിൽ വച്ച് ഡാമിന്റെ മനോഹരമായ ദൂരക്കാഴ്ച കണ്ടു. കുറത്തി മലയുടെ സമീപത്തുകൂടി സൈക്കിൾ നീങ്ങി. ഒന്നര മണിക്കൂർ കൊണ്ട് 8 കിലോമീറ്റർ ചവിട്ടി എത്തിയത് കാൽവരി മൗണ്ടിൽ. അവിടെ സൈക്കിളൊതുക്കി, വിശ്രമിച്ചപ്പോഴാണ് മുകളിലേക്ക് കയറിച്ചെന്നാൽ ഇടുക്കി ജലസംഭരണിയുടെ സുന്ദരദൃശ്യം കാണാമെന്നറിയുന്നത്.

keg cycles tour4

കോട്ടയം–തേക്കടി റൈഡിൽ ആദ്യം ഫിനിഷ് ചെയ്യുന്നവർക്ക് പ്രഖ്യാപിച്ചിട്ടുള്ള സമ്മാനങ്ങളിൽ താൽപര്യമുണ്ടെങ്കിൽ റൈഡിന് വേഗം വർധിപ്പിക്കേണ്ട സമയമായി. ഇനി കട്ടപ്പന ടൗൺ വരെ ഒന്നാന്തരം ഇറക്കമാണ്. ഹൈറേഞ്ചിന്റെ ഭംഗി മുഴുവൻ പകർന്നു നിൽക്കുന്ന പ്രദേശങ്ങളിലൂടെ ശ്രദ്ധാപൂർവം സൈക്കിൾ പറത്തി.

വെയിലുണ്ടെങ്കിലും ചൂട് അറിയാനേയില്ല. നന്നേ കനം കുറഞ്ഞ മൂടൽമഞ്ഞ് പരന്നു കിടക്കുന്ന പ്രതീതി. സാമാന്യം ഗതാഗത തിരക്കുള്ള കട്ടപ്പന ടൗൺ കടക്കാൻ അൽപം സമയം എടുത്തു. അടുത്തതാണ് ഈ പാതയിലെ ഏറ്റവും കുത്തനെയുള്ള കയറ്റം. ചവിട്ടി കയറാൻ തന്നെ പരിശ്രമിച്ചു. ആദ്യന്തം സൈക്കിളുന്തി നടന്നു കയറാം എന്നു ചിന്തിച്ചവരും ഉണ്ടായിരുന്നു. 40 മിനിറ്റ് വേണ്ടി വന്നു മുകളിലെത്താൻ. ഏലത്തോട്ടങ്ങൾക്കിടയിലൂടെ നീളുന്ന താഴേക്കുള്ള വഴി കണ്ടപ്പോൾ മനസ്സിലുണ്ടായ ആനന്ദം, അതു പറഞ്ഞറിയിക്കാനാവില്ല. വണ്ടൻമേടു കടന്ന് താഴേക്കുള്ള റൈഡ് ഊട്ടിയിലെയും മറ്റും പ്രശസ്തമായ സൈക്കിൾ സവാരികളെയാണ് മനസ്സിലെത്തിച്ചത്. ആ ഇറക്കം അവസാനിച്ചത് കുമളി തേക്കടി ഹോട്ടൽ ട്രീ ടോപ് റിസോർട്ടിൽ, സിരിസ്‌ ടൂർ ഒഫ് തേക്കടിയുടെ അന്തിമ ഡെസ്റ്റിനേഷനിലായിരുന്നു.

keg cycles tour5

ലോകോത്തര വെല്ലുവിളികൾ

ദീർഘദൂര റൈഡ് പരിചയമുള്ളവരാണെങ്കിൽ 12–14 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാവുന്നതാണ് ഈ ടൂർ. 160 കിലോമീറ്റർ താണ്ടുന്നതു മാത്രമല്ല, 3060 മീറ്റർ എലിവേഷൻ ഗെയിൻ നേടുന്നു എന്നതും ഈ സൈക്ലിങ് പാതയുടെ സവിശേഷതയാണ്. ഒരു സൈക്ലിങ് റൈഡിൽ സവാരിക്കാരൻ ആകെ കയറുന്ന ഉയരത്തെയാണ് എലിവേഷൻ ഗയിൻ എന്നു വിളിക്കുന്നത്. (യാത്രയിൽ 700 മീറ്റർ ഉയരത്തിലേക്ക് കയറുകയും 400 മീറ്റർ ഇറക്കം ഇറങ്ങി വീണ്ടും 900 മീറ്റർ കയറ്റം കയറുകയും ചെയ്താൽ 1600 മീറ്റർ എലിവേഷൻ ഗയിൻ എന്നാണ് പറയുന്നത്) 1190 മീറ്ററാണ് ഈ പാതയിലെ ഏറ്റവും ഉയരമേറിയ പോയിന്റ്. ‌

എലിവാലി–നീലൂർ, അറക്കുളം–നാടുകാണി, കുളമാവ്–വലിയമാവ്, ഇടുക്കി–കാൽവരി മൗണ്ട്, കട്ടപ്പന–കമ്പനിപ്പടി എന്നീ ഭാഗങ്ങൾ കഠിനമാണെന്നു മാത്രമല്ല, ലോകോത്തര സൈക്ലിങ് ടൂറുകളിലെ വെല്ലുവിളികൾക്കൊപ്പം നിൽക്കുന്നവയുമാണ്.

keg cycles tour6

സൂര്യനസ്തമിച്ചു. തണുപ്പിന്റെ പുതപ്പണിഞ്ഞ രാത്രിയിൽ ഫിനിഷ് ചെയ്ത റൈഡേഴ്സിന്റെയും സംഘാടകരുടെയും സാന്നിധ്യത്തിൽ കട്ടപ്പന ഡിവൈഎസ്പി വി. എ. നിഷാദ്മോൻ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. 5 മണിക്കൂർ 15 മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്ത ശ്രീനാഥ് ലക്ഷ്മികാന്ത് വ്യക്തിഗത വിഭാഗത്തിൽ വിജയിയായി. ചേർത്തല സ്വദേശിയും ഇപ്പോൾ ഊട്ടിയിൽ ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലന കേന്ദ്രം നടത്തുകയും ചെയ്യുന്ന ശ്രീനാഥിന്റെ ശരാശരി വേഗം 29.2 കിലോമീറ്ററായിരുന്നു. റൈഡിൽ മണിക്കൂറിൽ 69 കിലോമീറ്റർ വേഗം വരെ കൈവരിച്ചാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

അക്ഷയ് ക്ലീറ്റസ്, അഭിനവ് കെ. സി. എന്നിവർ വ്യക്തിഗത വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയപ്പോൾ ടീം ഇനത്തിൽ ആദ്യ സ്ഥാനങ്ങൾ ടീം കൈറ്റ്, ടീം സ്‌ക്വാഡ്, ടീം ഇമ്പ്രെവിസിബിൾ എന്നിവർക്കാണ് ലഭിച്ചത്. അടുത്ത ടൂർ ഒഫ് തേക്കടി ഇവന്റിന് കൂടുതൽ പങ്കാളികളെത്തുമെന്നാണ് കൈഗ് ബൈക്കേഴ്സിന്റെ പ്രതീക്ഷ. പുതുതലമുറ ഏറെ ആവേശത്തോടെ സ്വീകരിക്കുന്ന സൈക്ലിങ് ടൂറിസം രംഗത്തും പുതിയ പാത തുറക്കും. അതിന് ഇത്തരം ഇവന്റസ് ഏറെ സഹായിക്കും.

2023 ലെ കെഗ് ടൂർ ഓഫ് തേക്കടി മാർച്ച് 11 ന് ആണ്.

Tags:
  • Manorama Traveller
  • Kerala Travel