Monday 18 April 2022 04:31 PM IST : By സ്വന്തം ലേഖകൻ

ഒറ്റക്കൽ വിസ്മയങ്ങൾ ലാലിബേല പള്ളികൾ

lalibela1

വിശ്വാസത്തിന്റെ കരുത്ത് കല്ലിൽ കൊത്തിയെടുത്ത മനോഹര നിർമിതികളാണ് എത്യോപ്യയിലെ ലാലിബേല ആരാധനാലയങ്ങൾ. കല്ലുകൊണ്ട് നിർമിച്ച ശിൽപഭംഗിയൊത്ത കോട്ടകളും ക്ഷേത്രങ്ങളും ഇന്ത്യയിലും വിദേശത്തും ഒട്ടേറെ കാണാം. ഗോഥിക് ശൈലിയിൽ കല്ലിൽ നിർമിച്ച ക്രൈസ്തവ ദേവാലയങ്ങൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. എന്നാൽ ആഫ്രിക്കയിലെ ചരിത്ര നഗരമായ ആഡിസ് അബാബയ്ക്കു സമീപം ലാലിബേലയിലെ 11 ക്രൈസ്തവ ദേവാലയങ്ങൾ ഒറ്റക്കല്ലില്‍ കൊത്തി എടുത്തവയാണ്. ഇവയുടെ നിർമിതിയിൽ കരിങ്കൽ ഖണ്ഡങ്ങളോ സിമന്റോ കോൺക്രീറ്റോ ഉപയോഗിച്ചിട്ടില്ല, അടി മുതൽ മുടിവരെ ഒറ്റ കല്ലിൽ ചെത്തി എടുത്തതാണ് ഓരോ പള്ളിയും.

ലാലിബേലയും മാലാഖമാരും

എത്യോപ്യൻ ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ പുണ്യനഗരമാണ് രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ലാലിബേല. എഡി 400 ൽ തന്നെ ക്രിസ്തുമത വിശ്വാസം പ്രചാരത്തിലായ രാജ്യമാണ് എത്യോപ്യ. എഡി 800 ൽ ഗബ്രി മെസ്കൽ ലാലിബേല എന്ന രാജാവ് 1600 മൈൽ അകലെയുള്ള ജറുസലേമിലേക്കു തീർഥാടനത്തിനു പോയി, അദ്ദേഹം മടങ്ങി എത്തിയതിനു പിന്നാലെ ഇസ്‌ലാമിക പടയോട്ടത്തിൽ ജറുസലേം കീഴടക്കപ്പെട്ടു എന്നറിഞ്ഞു. തുടർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്കായി ഒരു പുതുജറുസലേം ഒരുക്കുക എന്നതായിരുന്നു ലാലിബേല രാജാവിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലാലിബേല പള്ളികൾക്കു സമീപം ഒഴുകുന്ന നദിയുടെ പേര് ജോർദാൻ നദി (പ്രാദേശിക ഭാഷയിൽ യോർദാനോസ്) എന്നു മാറ്റുകപോലും ചെയ്തു.

കരിങ്കല്ലിൽ കൊത്തിയെടുത്ത പള്ളികൾ ഉദ്ദേശം 200 എണ്ണമുണ്ട് എത്യോപ്യയിൽ ആകെ. എങ്കിലും ലാലിബേല പ്രദേശത്താണ് ഇത്രയധികം നിർമിതികൾ ഒരുമിച്ചുള്ളത്. എഡി 1200 ആണ് ഇവയുടെ നിർമാണ കാലഘട്ടം. മാലാഖമാരുടെ സഹായത്തോടെ 24 വർഷംകൊണ്ട് ലാലിബേല കൊത്തി എടുത്തതാണ് ഈ പള്ളികളെന്ന് കിങ് ഗബ്രി മെസ്കൽ ലാലിബേലയുടെ ജീവചരിത്രവും പ്രാദേശിക വിശ്വാസവും രേഖപ്പെടുത്തുന്നു. എങ്കിലും പുരാവസ്തു വിദഗ്ധർ നാലോ അഞ്ചോ ഘട്ടങ്ങളായിട്ടാണ് ഇവയുടെ നിർമാണം നടന്നിട്ടുള്ളത് എന്ന് അനുമാനിക്കുന്നു. പ്രാചീന എത്യോപ്യൻ വാസ്തു വിദ്യയായ അകുസ്മൈറ്റ് ശൈലിയോട് സാദൃശ്യം പുലർത്തുന്നതിനാൽ സാഗ്‌വി ജനങ്ങളാണ് ഈ പള്ളികളുടെ നിർമാണം നടത്തിയത് എന്നും പറയപ്പെടുന്നു.

lalibela2

ഭൂപ്രകൃതി അനുസരിച്ചുള്ള നിർമാണ കൗശലം

യോർദാനോസ് നദിയുടെ ഇരു കരകളിലുമായി അഞ്ച് ദേവാലയം വീതം അടങ്ങുന്ന രണ്ട് സമുച്ചയങ്ങളായിട്ടാണ് പള്ളികൾ സ്ഥിതി ചെയ്യുന്നത്. 11ാമത്തെ പള്ളി തെക്കേ കരയിലെ പള്ളികളിൽ നിന്ന് അൽപം കിഴക്കോട്ട് മാറി പ്രത്യേകമായി നിൽക്കുന്നു. ഈ പള്ളികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതകളും തുരങ്കങ്ങളും സഭാകെട്ടിടങ്ങളും ധാന്യപ്പുരകളും ശവകുടീരങ്ങളും ഈ പള്ളികൾക്ക് അനുബന്ധമായിട്ടുണ്ട്.

സമുദ്ര നിരപ്പിൽനിന്ന് 2650 മീറ്റർ ഉയരത്തിലുള്ള അബുന യൂസഫ് പർവത നിരകളുടെ താഴ്‌വരയിൽ നിർമിച്ച ഈ പള്ളികളുടെ ഘടന നിർണയിച്ചത് ഇവിടുത്തെ ഭൂപ്രകൃതി തന്നെയാണ്. സമീപ പ്രദേശങ്ങളിലെ കെട്ടിടനിർമാണ ശൈലി ചെങ്കല്ലിൽ തീർത്ത വൃത്താകൃതിയുള്ള ഇരുനില കെട്ടിടങ്ങളാണ്. എങ്കിലും ദൈവികമായ നിർമിതിക്ക് സാധാരണയിൽനിന്നു വേറിട്ട ഒരു ശൈലി വേണമെന്ന ചിന്തയാകാം ശിലാ നിർമിതികളുടെ പിറവിക്കു കാരണമായത്. അഗ്നി പർവതജന്യമായ ഇവിടുത്തെ ശിലയ്ക്ക് കടുപ്പം കുറവാണെന്നതും ഈ തീരുമാനത്തെ സ്വാധീനിച്ചിരിക്കും.

lalibela3

മുകളിൽ നിന്നു താഴോട്ടുള്ള നിർമാണം

നിർമാണത്തിന് അനുയോജ്യമായൊരു ശിലാഖണ്ഡം കണ്ടെത്തിയാൽ അതിനു ചുറ്റുമുള്ള മണ്ണു മാറ്റി ഒരു സമചതുര കല്ലായിട്ട് അതിനു വെട്ടിയെടുക്കുന്നു. തുടർന്ന് അവയുടെ നാലു വശത്തും വാതിലുകളും ജനലുകളും ചെത്തി എടുത്ത് പാറക്കല്ലിനുള്ളിലേക്ക് തുരന്നു കയറും. ഇങ്ങനെ ആയിരുന്നിരിക്കാം ഈ പള്ളികൾ നിർമിച്ചത് എന്നു കണക്കാക്കുന്നു. 11 പള്ളികളിൽ അധികവും സമചതുര രൂപത്തിലുള്ളതാണ്. കെട്ടിടത്തിനുള്ളിൽ വലിയ സ്തംഭങ്ങളും താങ്ങുപലകകളും ബീമുകളും കൊത്തി എടുത്തിട്ടുണ്ട്. തറ ചെത്തി നിരപ്പാക്കിയ കരിങ്കല്ലു തന്നെയാണ്. എന്നാൽ ഓരോ സ്ഥാനത്തിന്റെയും വിശുദ്ധിയനുസരിച്ച് തറയുടെ പൊക്കത്തിനു വ്യത്യാസം കാണാം. ഓരോ കെട്ടിടത്തോടും ചേർന്നു പണിതിരിക്കുന്ന വെള്ളം ഒഴുകി പോകുന്നതിനുള്ള ചാലുകളും കുഴികളും പ്രദക്ഷിണവഴികളും ധ്യാനഗുഹകളും ഒക്കെ നിർമിച്ചിട്ടുണ്ട്.

lalibela4

ബൈറ്റ് മെഥാനി ആലം അഥവാ ലോകരക്ഷകന്റെ ഭവനം എന്ന പേരിൽ അറിയപ്പെടുന്ന പള്ളിയാണ് ഏറ്റവും വലുത്. ബൈറ്റ് ജോർജിസ് (സെന്റ് ജോർജിന്റെ ഭവനം) പള്ളി കുരിശുരൂപത്തിലുള്ളതാണ്. ബൈറ്റ് ഗോൽഗോത്ത മിഖായേൽ പള്ളിയുടെ ഉള്ളിൽ മനുഷ്യ രൂപങ്ങൾ കൊത്തിവച്ചിട്ടുള്ളതും ബൈറ്റ് മറിയമിലെ ചുമർ ചിത്രങ്ങളും ശ്രദ്ധേയങ്ങളാണ്. ചുമർചിത്രത്തിൽ ജ്യാമിതീയ രൂപങ്ങളും ബൈബിൾ കഥാ സന്ദർഭങ്ങളും കാണാം. 11 പള്ളികളിൽ എല്ലാ നിർമിതികളും ആദ്യം ആരാധനാലയങ്ങളായിരുന്നില്ല എന്നും ബെറ്റ് മെർകോറിയസും ബൈറ്റ് ഗബ്രിയേൽ‍ റഫേലും ആദ്യകാലത്ത് രാജകീയ ഗൃഹങ്ങളായിരുന്നു എന്നും ലാലിബേല രാജാവിന്റെ ‘പുതുജറുസലേം’ എന്ന സങ്കൽപത്തിന്റെ ചുവടുപിടിച്ചു വാദിക്കുന്നവരുണ്ട്.

lalibela5

12ാം നൂറ്റാണ്ടു മുതൽ എത്യോപ്യൻ ക്രിസ്തുമത വിശ്വാസികളുടെ തീർഥാടന സ്ഥലങ്ങളായിരുന്നു ഇവിടം എന്നതിനും തെളിവുകളുണ്ട്. മധ്യകാലത്തെ ഈ ഒറ്റക്കൽ നിർമിതികളായ ആരാധനാലയങ്ങളെ അവയുടെ കലാപരമായ നിർമിതി കൊണ്ടും വേറിട്ട നിർമാണ ശൈലികൊണ്ടും ആത്മീയവും ചരിത്രപരവുമായ പ്രാധാന്യം കൊണ്ടും യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:
  • Manorama Traveller