പിച്ച വയ്ക്കുന്ന പഞ്ഞിക്കെട്ടുകൾ പോലെ വെള്ള മേഘത്തുണ്ടുകൾ നിറഞ്ഞ നീലാകാശം വെള്ളി താമ്പാളത്തിലെന്നപോലെ നെല്യാടിപ്പുഴയിൽ പ്രതിഫലിച്ചു. വഞ്ചിയും ബോട്ടും കാഴ്ചകളും ഭക്ഷണവുമൊക്കെയായി പുഴയോരത്തെ പുതുക്കാഴ്ചകളുടെ കൗതുകം തേടി പരിസരവാസികളെപ്പോലെ സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും എത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചകളൊന്നുമില്ലാതെ, വേണ്ട മുൻകരുതലുകൾ എല്ലാമെടുത്ത, പരിചയ സമ്പന്നരായ ക്രൂവിനൊപ്പമുള്ള നദീയാത്രയുടെ നേരനുഭവത്തിനാണ് സഞ്ചാരികൾ പലരും ഇവിടെയെത്തിയിരിക്കുന്നത്.
നദിയിലേക്ക് ഇറക്കിക്കെട്ടിയ ബോട്ട് ജെട്ടിക്കപ്പുറത്ത് ശിക്കാര വള്ളവും പെഡൽ ബോട്ടും സ്പീഡ് ബോട്ടും കയാക്കിങ് വഞ്ചിയുമൊക്കെ സഞ്ചാരികളെ കാത്ത് ജലപ്പരപ്പില്‍ തയാർ... നദിയിലൂടെയുള്ള സഞ്ചാരാനുഭവത്തെയും ജല വിനോദങ്ങളെയും പുതിയ തലത്തിലേക്ക് ഉയർത്തുന്ന ഈ സംരംഭം കൊയിലാണ്ടിക്കടുത്ത് കൊടക്കാട്ടുമുറി നെല്യാടിപ്പുഴയിലാണ് നീരണിഞ്ഞിരിക്കുന്നത്.
ആദ്യം ശിക്കാര വഞ്ചിയിൽ
ശിക്കാര വള്ളത്തിലെ സീറ്റുകൾ ഏകദേശം നിറഞ്ഞതോടെ വഞ്ചി, കടവിൽനിന്ന് പുറപ്പെടാൻ ഒരുങ്ങി. നീളവും വീതിയുമുള്ള, കൊടക്കാട്ടുമുറി എന്ന് അണിയത്ത് പേരുകൊത്തിയ ഫലകം പതിപ്പിച്ച ശിക്കാരയുടെ പുതുമ വിട്ടകന്നിരുന്നില്ല. പതിനേഴ് പേരാണ് ഈ ശിക്കാരയുടെ പരമാവധി ശേഷി.
ലൈഫ് ജാക്കറ്റണിഞ്ഞ് യാത്രക്കാർ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചതോടെ വഞ്ചിയുടെ എൻജിൻ സ്‌റ്റാർട് ചെയ്തു. പുഴയിലെ തെളിഞ്ഞ, നിശ്ചല ജലത്തിൽ മടക്കുകൾ വീഴ്ത്തിക്കൊണ്ട് വഞ്ചി മുൻപോട്ട് നീങ്ങി. വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ജലവാഹനങ്ങൾ നിയന്ത്രിച്ച് ഏറെ പരിചയ സമ്പത്തുള്ള കുഞ്ഞിക്കണാരേട്ടനാണ് ശിക്കാര വഞ്ചിയുെട അമരത്ത്. സഞ്ചാരികൾ പരസ്പരം പരിചയപ്പെട്ടു തുടങ്ങിയപ്പോഴേക്ക് വഞ്ചി കരയിൽ നിന്ന് ഏറെ അകന്നിരുന്നു.
മായാതെ കേരപെരുമ
കേരളത്തിന്റെ കേരപെരുമയ്ക്ക് മങ്ങലേറ്റിട്ടില്ല എന്നു തോന്നിപ്പിക്കും വിധമുള്ള തെങ്ങിൻ തോട്ടങ്ങളാണ് ശിക്കാര യാത്രയുടെ തുടക്കത്തിൽ കാണുന്നത്. വെയിലിനു കടുപ്പമേറിയെങ്കിലും ചൂട് അറിയാനില്ല. തെങ്ങിൻതോപ്പിനെ തൊട്ട് പുഴയെ തലോടിയെത്തുന്ന കുളിർകാറ്റ് ചൂടിനെയും ക്ഷീണത്തെയും പുഴയ്ക്ക് അക്കരെ കടത്തുന്നു.
റിവർ ടൂറിസത്തെ പരമാവധി പരിസ്ഥിതിയോട് ചേർന്നു നിന്നു തന്നെ അവതരിപ്പിക്കാനാണ് കോഴിക്കോട് ലെഷർ ടൂറിസം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ശിക്കാര വള്ളത്തിന്റെ മേൽക്കൂരയായി പ്ലാസ്റ്റിക്കോ ഫൈബറോ ഒന്നും ഉപയോഗിക്കാതെ തഴപ്പായയാണ് ഉപയോഗിച്ചിട്ടുള്ളത്. വഞ്ചിയുടെ എൻജിന്‍ തിരഞ്ഞെടുത്തപ്പോഴും മലിനീകരണം പരമാവധി കുറഞ്ഞ മോഡൽ കണ്ടെത്തിയാണ് വാങ്ങിയത്.
നെല്യാടിപ്പുഴയുടെ വിരിമാറിലൂടെ കാഴ്ചകൾ കണ്ടാസ്വദിച്ച് വഞ്ചി നീങ്ങിക്കൊണ്ടിരുന്നു. പുഴയുടെ ചില ഭാഗത്ത് മീനുകൾ ജലോപരിതലത്തിലേക്ക് കുതിച്ച് ചാടിയിട്ട് മുങ്ങാംകുഴിയിടുന്നത് കണ്ടു. തെങ്ങിൻതോപ്പുകളിൽ ചില ഭാഗത്ത് കരിക്ക് കൂനയായി കൂട്ടിയിരിക്കുന്നത് കാണാം,
കണ്ടൽ കണ്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒറ്റപ്പെട്ട ചില തുരുത്തുകളും കടന്ന് ശിക്കാര വഞ്ചി നീങ്ങി. പെട്ടെന്ന് പുഴയുടെ വശങ്ങളിൽ കണ്ടൽച്ചെടികൾ കണ്ടു. ക്രമേണ അത് കണ്ടൽക്കാടുകളായി മാറി. നീർപക്ഷികൾ സദാ ചിറകടിച്ചു പറക്കുന്ന പച്ചപ്പ് നിറഞ്ഞ ചെടിക്കൂട്ടങ്ങൾ നദിക്ക് ഇരുവശത്തുമുണ്ട്. നെല്യാടി റിവർ ടൂറിസത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ഈ സഞ്ചാരം തന്നെ. ഉപ്പുരസമുള്ള ജലങ്ങളിൽ തീരപ്രദേശത്തോട് ചേർന്ന് വളരുന്ന കുറ്റിച്ചെടികളാണ് കണ്ടലുകൾ. പരിസ്ഥിതിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുണ്ട് ഇവയ്ക്ക്. പൊന്തക്കാടുകൾ പോലെ ഏറെ ഉയരത്തിലല്ലാതെ, ഇടതൂർന്ന് വളരുന്നസസ്യങ്ങൾ സവിശേഷ ആവാസവ്യവസ്ഥ ഒരുക്കുന്നു. അതിൽ ഒട്ടേറെ അപൂർവ ജീവികൾ വസിക്കുകയും ചെയ്യുന്നു.
കൊയിലാണ്ടിക്കു സമീപം കണയങ്കോട് മുതൽ നെല്യാടി കടവ് വരെ കിലോമീറ്ററുകൾ നീളത്തിൽ പുഴയുടെ ഇരുവശവും കണ്ടൽ ചെടികൾ സുലഭമായി വളരുന്ന പ്രദേശമാണ്. ആനക്കണ്ടൽ, നക്ഷത്രക്കണ്ടൽ, ചുള്ളിക്കണ്ടൽ തുടങ്ങി ഇരുപതോളം ചെടികളെ ഈ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. കണ്ടൽ ചെടികളുടെ ലോകം കണ്ട്, അവയുടെ വിശേഷങ്ങൾ കേട്ട് വഞ്ചി സാവധാനം ഒഴുകുന്നതറിഞ്ഞില്ല. അതിന്റെ തണലും തണുപ്പും ആസ്വദിച്ച് അൽപനേരം ചെലവിട്ട ശേഷം വഞ്ചി തിരിച്ച് കടവിലേക്ക് നീങ്ങി. ചെറുവള്ളങ്ങളിൽ ചൂണ്ടയിട്ട് ഇരിക്കുന്നവരെയും നെല്യാടി കടവ് പാലത്തിനു മുകളിൽ കാറ്റുകൊണ്ട് നിൽക്കുന്നവരെയും പിന്നിട്ട് കടവിലെത്തുമ്പോൾ യാത്ര തുടങ്ങിയിട്ട് ഒരുമണിക്കൂറിലേറെ കഴിഞ്ഞിരുന്നു.
സ്പീഡ് ത്രിൽസ്
ശിക്കാരയിൽ നിന്ന് ഇറങ്ങിയ സാഹസികരായ ചിലർക്ക് സ്പീഡ് ബോട്ടിൽ കയറാൻ ആഗ്രഹം. ടിക്കറ്റ് എടുത്താൽ മതി, ബോട്ടും ഡ്രൈവറും റെഡി. നിമിഷങ്ങൾ കൊണ്ട് സ്പീഡ് വർധിപ്പിച്ച ബോട്ട് നെല്യാടിപ്പുഴയുടെ ജലപ്പരപ്പിനെ കീറി മുറിച്ച് പാഞ്ഞു. സാഹസികത ആഗ്രഹിച്ചവരെ ഒട്ടും നിരാശപ്പെടുത്താതെ ഓളക്കീറുകളുടെ മുകളിലൂടെ ബോട്ട് ചാടിച്ചും ബോട്ട് മറിയുന്നതുപോലെ ചെരിച്ച് വളച്ചെടുത്തും ഡ്രൈവിങ്ങിലെ തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു ബോട്ട് ഡ്രൈവർ.
സ്പീഡിൽ താൽപര്യമില്ല, സാവധാനം സഞ്ചരിച്ചാൽ മതി എന്നുള്ളവർക്ക് പെഡൽ ബോട്ട് ഉണ്ട്. ജലനിരപ്പിനു താഴെ നീന്തി നടക്കുന്ന മീൻ പറ്റങ്ങളെ കണ്ട് ആറിലെ വെള്ളത്തിൽ കൈയിട്ട് ഇളക്കി, പെഡൽ ചവിട്ടി ഇരുന്നാൽ മതി. പുഴയുടെ ഓരോ സ്പന്ദനവും തൊട്ടറിയാൻ സഹായിക്കുന്ന ക്രൂസ് ആകും അത്. ഒട്ടേറെ സവിശേഷതകളുള്ള സ്ഥലത്താണ് നെല്യാടി റിവർ ടൂറിസം ഒരുങ്ങിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം, പുഴയുടെ ആഴം തീരെ കുറഞ്ഞ ഭാഗമാണിത് എന്നതാണ്. ജലം സമൃദ്ധമായുള്ളപ്പോൾ പോലും അഞ്ചോ ആറോ അടി താഴ്ചയിലെ ജലം കാണൂ. പൊതുവെ അപകട സാധ്യത കുറവാണ്.
അതുകൊണ്ടാവാം, വളരെക്കാലമായി സായാഹ്നവേളകളിൽ ആളുകൾ ഒന്നിച്ചിരിക്കാനും അസ്തമയം ആസ്വദിക്കാനുമൊക്കെ ഈ പ്രദേശത്തെ പുഴക്കരയിൽ എത്തുക പതിവായിരുന്നു. കൊച്ചുകുട്ടികൾക്ക് പോലും പേടികൂടാതെ നദിയിലിറങ്ങാവുന്ന സ്ഥലം എന്നാണ് പ്രദേശവാസികൾ ഉറപ്പിച്ചു പറയുന്നത്. കേവലം നദീസഞ്ചാരങ്ങൾക്കപ്പുറം നദീതീരത്തെ അനുഭവമാക്കി മാറ്റാനാണ് കോഴിക്കോട് ലെഷർ ടൂറിസം നിർദേശിക്കുന്നത്. അതിഥികൾ മുൻകൂട്ടി അറിയിച്ചാൽ മാജിക് ഷോ, കളരിപ്പയറ്റ്, മോഹിനിയാട്ടം തുടങ്ങിയവയുടെ പ്രദർശനം ഒരുക്കി കൊടുക്കുന്നു. ഇതിനായി കടവിനു സമീപം മനോഹരമായി പണി കഴിപ്പിച്ച ആംഫി തിയറ്ററുമുണ്ട്. ജൻമദിനമോ വിവാഹ വാർഷികമോ ഗെറ്റ് റ്റുഗദറോ വേറിട്ടരീതിയിൽ ആ
ഘോഷിക്കണമെങ്കിൽ നെല്യാടിപ്പുഴക്കരയിൽ കാൻഡിൽ ലൈറ്റ് ഡിന്നറോടു കൂടി ആകട്ടെ.... അതിനും സൗകര്യങ്ങളുണ്ട്. മാത്രമല്ല, മുൻകൂട്ടി അറിയിച്ചാൽ ഏതു ഭക്ഷണവും റിവർ സൈഡ് റസ്‌റ്ററന്റിൽ തയാറാക്കി ലഭിക്കും. സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും സമീപവാസികളായ ഗ്രാമീണരെക്കൂടി ഈ പദ്ധതിയുടെ പങ്കാളികളായും ഗുണഭോക്താക്കളായും കൂടെക്കൂട്ടിയുമാണ് നെല്യാടി ടൂറിസം മുന്നേറുന്നത്.
പുഴയോരത്തിരുന്ന് കാറ്റുകൊണ്ട് കഥ പറയുന്ന ഗ്രാമീണരെയും മരംകയറി കളിക്കുന്ന കുട്ടികളെയും വീശുവല എറിഞ്ഞ് മീൻ പിടിക്കുന്ന നാടൻ മുക്കുവരെയും കണ്ട് പുഴയോരത്ത് കൂടി നടന്നു. സൂര്യൻ നെറുംതലയിലെത്തിയെങ്കിലും തണുത്ത കാറ്റ് നിർലോഭം തലോടുന്നതിനാൽ ചൂട് അറിയുന്നതേയില്ല. കൊടക്കാട്ടുമുറിയുടെ ടൂറിസം സാധ്യതകളെ തിരിച്ചറിഞ്ഞ്, മികച്ച രീതിയിൽ വിനോദസഞ്ചാരികൾക്ക് നൽകുന്ന നെല്യാടിപ്പുഴയിലെ ഈ പദ്ധതി കുടുംബമായി സഞ്ചരിക്കുന്നവർക്ക് ഒന്നാന്തരം ഡെസ്റ്റിനേഷനാണ്. ഓലകളാട്ടി വിടപറയുന്ന തെങ്ങിൻതോപ്പിനെ ഒരിക്കൽക്കൂടി നോക്കിക്കൊണ്ട് മടക്കയാത്ര തുടങ്ങുമ്പോൾ മനസ്സിൽ കുറിച്ചിട്ടു, നെല്യാടിപ്പുഴയിലെ ഈ ഇടം നല്ലിടം..
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കു സമീപമാണ് കൊടക്കാട്ടുമുറി. കൊയിലാണ്ടിയിൽ നിന്ന് മേപ്പയൂർ റൂട്ടിൽ കെപികെ സ്‌റ്റോപ്പിനു സമീപമാണ് ടൂറിസം സെന്റർ. ശിക്കാര വഞ്ചിയില്‍ പരമാവധി 17 പേർക്ക് സഞ്ചരിക്കാം. സമയം ആവശ്യാനുസരണം ക്രമീകരിക്കാം. അര മണിക്കൂർ കയാക്കിങ്, പെഡൽ ബോട്ട്, സ്പീഡ് ബോട്ട്, കനോയിങ് എന്നിവ മറ്റു വിനോദങ്ങൾ . എല്ലാ യാത്രകളും ഇൻഷുവേഡ് ആണ്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. കൂടുതൽ വിവരങ്ങൾക്ക് 8921086898