സൈക്കോളജിക്കൽ നോവൽപോലെ പോലെ, സൈക്കോളജിക്കൽ ഫിലിമുകൾ പോലെ സൈക്കോളജി അടിസ്ഥാനമാക്കി ഒരു പാർക്ക്, ഈ നമ്മുടെ സംസ്ഥാനത്തു തന്നെ. ചരിത്രവും തത്ത്വങ്ങളും വിശദമാക്കുന്ന മ്യൂസിയമല്ല, മനശ്ശാസ്ത്രത്തെ അനുഭവത്തിന്റെ തലത്തിൽ ആസ്വദിക്കാൻ സഹായിക്കുന്ന തീം പാർക്ക്... തിരുവനന്തപുരത്തിനു സമീപം വെള്ളനാടാണ് ഈ സൈക്കോപാർക്ക് പ്രവർത്തിക്കുന്നത്.
പേര് കേട്ട് നാട്ടുഭാഷയിലെ ‘സൈക്കോ’ വ്യക്തികൾക്കുള്ള പാർക്ക് എന്നു കരുതിയെങ്കിൽ തെറ്റി. ഇവിടെ വന്നവരാരും സൈക്കോ ആകാനിടയില്ല, ആയിത്തീരാനും സാധ്യത നന്നേ കുറവ്. ആ വാക്കിന് ശരി അർഥം മനസ്സുമായി ബന്ധപ്പെട്ടത് എന്നേയുള്ളു.
തിരുവനന്തപുരം വെള്ളനാടുള്ള ഈ പാർക്കിന് മനസ്സുമായും മനശ്ശാസ്ത്രവുമായും മനുഷ്യനുമായും അങ്ങേയറ്റം ബന്ധമുണ്ട്. ഇവിടെ വന്ന് ആസ്വദിച്ച് അനുഭവിച്ച് മടങ്ങുന്നവരുടെ മാനസിക ആരോഗ്യവും ആത്മവിശ്വാസവും വർധിക്കുന്നു എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും ഒന്നുറപ്പ്, ഇതുവരെ കണ്ടതിൽ നിന്നും അനുഭവിച്ചറിഞ്ഞവയിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു തീംപാർക്കാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളനാടുള്ള സൈക്കോപാർക്ക്.
ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ മനശ്ശാസ്ത്ര തത്ത്വങ്ങളെ അടിസ്ഥാനമാക്കി ഒരു തീംപാർക്ക് ആരംഭിക്കുന്നതെന്ന് ഈ ആശയത്തിന് രൂപംനൽകിയ മനശ്ശാസ്ത്ര വിദഗ്ധൻ എൽ. ആർ. മധുജൻ പറഞ്ഞു. ഇവിടെത്തുന്ന വ്യക്തികൾ വന്നപോലെ ആകില്ല മടങ്ങുന്നത്, ആത്മവിശ്വാസക്കുറവ് ഉള്ളവർക്ക് ആത്മവിശ്വാസം വർധിക്കും, താൻ ആരെന്നും തന്റെ ധർമങ്ങളെന്തെന്നും സ്വയം വിചിന്തനം നടത്തും, തന്നെത്തന്നെ തിരിച്ചറിയും, മൊബൈൽ ഫോണിലും ലഹരി പദാർഥങ്ങളിലും ചൂതാട്ടത്തിലും മറ്റും ആസക്തിയുള്ളവർക്ക് അതിൽ നിന്ന് മോചനം നേടേണ്ടതുണ്ട് എന്നു ബോധ്യം വരും, നല്ല രക്ഷകർത്താക്കളാകാൻ കുട്ടികളോട് എങ്ങനെ പെരുമാറണം, നല്ല അധ്യാപകരാകാൻ വിദ്യാർഥികളെ എങ്ങനെ മനസ്സിലാക്കണം, കൗമാരത്തിന്റെ മനോവ്യാപാരങ്ങളിൽ പെട്ടുഴലാതെ എങ്ങനെ ആ കാലഘട്ടത്തെ പ്രയോജനപ്രദമായി ഉപയോഗിക്കാം, മാനസികമായി ഉയർന്ന ചിന്തകളും സഹവർതിത്ത മനോഭാവവുമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ വേണ്ട വ്യക്തിഗുണങ്ങൾ ആർജിക്കാം തുടങ്ങി ഒരു മനശ്ശാസ്ത്ര കൗൺസിലിങ്ങിലൂടെ കടന്നുപോകുന്നതുപോലെയാണ് സൈക്കോപാർക് കാഴ്ചകളും അനുഭവങ്ങളും.
നാം കണ്ടുപരിചയിച്ച തീംപാർക്കുകളിൽ നിന്നു വ്യത്യസ്തമായി ആക്റ്റിവിറ്റികളും ഇൻസ്റ്റലേഷനുകളും റെലിക്സുകളും ആണ് സൈക്കോപാർക്കിനെ സജീവമാക്കുന്നത്. വ്യക്തിപരമായ കാഴ്ചകളെക്കാൾ പത്ത് പേരെങ്കിലുമുള്ള ഗ്രൂപ്പുകൾക്കാണ് ഈ പാർക്ക് ആസ്വദിക്കാൻ സാധിക്കുക. മനസ്സ് എന്ന ആശയത്തെ മനുഷ്യൻ രൂപപ്പെടുത്തിയ കാലം മുതൽ ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അതിനെ നിർവചിക്കുന്നതുവരെയുള്ള ശാസ്ത്ര ചരിത്രവും മസ്തിഷ്ക ഘടനയും സംവേദനങ്ങളും പ്രവർത്തനവും മനുഷ്യൻ തന്റെ മുൻ തലമുറയെ അറിയേണ്ടതിന്റെ ആവശ്യവും വന്നവഴി ഓർക്കേണ്ടതിന്റെ പ്രാധാന്യവും മനുഷ്യന്റെ സാംസ്കാരിക വളർച്ചയും മസ്തിഷ്ക വികാസവും തുടങ്ങി ജീവിതത്തിന്റെ പല തലങ്ങളെ സ്പർശിക്കുന്നു സൈക്കോപാർക്ക്.
മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്ന പത്തുപേരിൽ കുറയാത്ത സംഘങ്ങൾക്ക് മാത്രമാണ് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്. സ്ഥാപനത്തിന് തുടക്കം കുറിച്ച് ചുരുങ്ങിയ കാലയളവിൽ മുപ്പതിനായിരത്തിലേറെ സന്ദർശകർ എത്തുകയും എല്ലാവരും തന്നെ പോസിറ്റിവ് അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. സൈക്കോടൂറിസം എന്ന അപൂർവ ആശയത്തെ സാക്ഷാത്കരിക്കുന്ന വേറിട്ട ഈ പാർക്ക് മനോഹരമായ കലാസൃഷ്ടികളിലൂടെ കണ്ണും ഹൃദയം തൊടുന്ന ശബ്ദാവിഷ്കാരങ്ങളിലൂടെ കാതും ബുദ്ധിയെ പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ മസ്തിഷ്കത്തെയും ഉണർത്തുന്നു. ജൂലൈ ലക്കം മനോരമ ട്രാവലർ മാസികയിൽ ഏറെ വ്യത്യസ്തമായ ഈ പാർക്കിനെപ്പറ്റി വിശദമായി വായിക്കാം.