Friday 01 September 2023 11:02 AM IST : By സ്വന്തം ലേഖകൻ

പുലിമടകള്‍ ഒരുങ്ങി, തൃശുരിൽ ഇന്ന് പുലികളി; സീതാറാമിൽ പെൺപുലി

pulikali-trissur-today-cover പുലികളി (ഫയൽ ചിത്രം)

വന്യത നിറഞ്ഞ ന‍ൃത്തച്ചുവടുകളുമായി ചിലമ്പണിഞ്ഞ പുലികൾ ഇന്നു തൃശൂർ നഗരത്തെ ഇളക്കി മറിക്കും. പുലിച്ചായം ദേഹത്തണിയുന്നതോടെ സാക്ഷാൽ പുലികളാവുകയാണ് വേഷക്കാർ. പുലിത്താളം മുറുകുമ്പോൾ മനസ്സിലും ശരീരത്തിലും പുലിയുടെ വീര്യം നിറയും. ഇരട്ടപ്പുലിമുഖവുമായി തിളങ്ങുന്ന വർണങ്ങളോടെ നഗരം കീഴടക്കും പുലികൾ. സീതാറാം മിൽ ദേശം, വിയ്യൂർ സെന്റർ, കാനാട്ടുകര, ശക്തൻ, അയ്യന്തോൾ എന്നീ 5 സംഘങ്ങളാണ് പുലികളുമായി രംഗത്തിറങ്ങുക.

ഓരോ സംഘത്തിനുമൊപ്പം വ്യത്യസ്തങ്ങളായ ടാബ്ലോകളും മത്സരത്തിനുണ്ടാവും. വൈകിട്ട് 4 മണി മുതൽ ഓരോ സംഘങ്ങളായി റൗണ്ടിൽ പ്രവേശിക്കും. രാത്രി 9.30നകം എല്ലാ സംഘങ്ങളുടെയും റൗണ്ടിലെ പ്രകടനം അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 10 മണിയോടെ മത്സരഫലം പ്രഖ്യാപിക്കും.

സീതാറാമിൽ പെൺ പുലിയിറക്കം

ചുവടു വയ്ക്കാൻ ഇക്കുറി പെൺപുലികൾ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ ആദ്യവസാനം അനിശ്ചിതത്വം നിലനിന്നിരുന്നു. ചിലർ പെൺപുലികളെ ഇറക്കാൻ ശ്രമവും നടത്തി. അവസാന നിമിഷത്തിലാണെങ്കിലും ടീമിൽ പെൺപുലിയാട്ടം ഉറപ്പിച്ചിരിക്കുകയാണ് പൂങ്കുന്നത്തു നിന്ന് ഇറങ്ങുന്ന സീതാറാം മിൽ ദേശം.

പെൺപുലിയാകാൻ അവസരം കിട്ടുന്നില്ലെന്നു കലക്ടറെ പരാതി അറിയിച്ച തളിക്കുളം സ്വദേശി താരയും ചാലക്കുടി സ്വദേശിയും മോഡലുമായ നിമിഷ ബിജോയും ആണ് സീതാറാം മിൽ ദേശത്തിനൊപ്പം ചുവടുവയ്ക്കുന്നത്. 2019ൽ വിയ്യൂർ പുലിക്കളി സംഘത്തിനൊപ്പം താര പെൺപുലി വേഷം കെട്ടിയിരുന്നു.

ചായമരയ്ക്കാൻ വേണം ഒരു പകൽ മുഴുവൻ

pulikali-trissur-today-making-colour ചായക്കൂട്ട് അരച്ചെടുക്കുന്നു

പുലിക്കളിക്കുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുന്നേ ആരംഭിക്കും. പുലികളെ തീരുമാനിക്കലാണ് ആദ്യം. അത്യാവശ്യം കുടവയറുള്ളവരെയാണ് തിരഞ്ഞെടുക്കുക. നല്ല വയറുള്ള പുലിക്ക് 20,000 രൂപ വരെയാണ് പ്രതിഫലം. എന്നാൽ പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്നു സംഘാടകർ പറയുന്നു. ചിലർ പ്രതിഫലം വാങ്ങാതെയും പുലിവേഷമണിയും. പുലിമുഖം, അരമണി, ചിലമ്പ്, തൊപ്പി എന്നിവ നേരത്തേ ഒരുക്കിവയ്ക്കും. പുലിക്കളിയുടെ തലേന്നാണ് ചായമരയ്ക്കൽ.

ഗൊറില്ലാ പൗഡർ എന്നു വിളിക്കുന്ന ചായപ്പൊടി ക്ലിയർ വാർണിഷും ഇനാമലും ചേർത്ത് അമ്മിയിലാണ് അരച്ചെടുക്കുക. പതുക്കെ പതുക്കെ അരച്ച് ദോശമാവ് പരുവത്തിലാക്കും. മെയ്യെഴുത്ത് തുടങ്ങുമ്പോഴേയ്ക്കും കട്ടി കൂടാതെയിരിക്കാനാണ് വാർണിഷ് ചേർക്കുന്നത്. മഞ്ഞ, നാരങ്ങ മഞ്ഞ, ചുവപ്പ്, പച്ച, കറുപ്പ്, വെള്ള തുടങ്ങി 15 നിറങ്ങൾ ‍വേണം പുലിയെ ഒരുക്കിയെടുക്കാൻ.

പുലിച്ചിലമ്പിനൊപ്പം പുലിച്ചെരിപ്പും!

pulikali-trissur-today-puli-chappel-artist-prasad പുലിച്ചെരിപ്പ് തയാറാക്കുന്ന ആർടിസ്റ്റ് പ്രസാദ്

പുലിവേഷമണിഞ്ഞു നഗരത്തെ ഇളക്കിമറിക്കാൻ എത്തുന്ന പുലികളെ ചെരിപ്പണിഞ്ഞു ഇതുവരെ ആരും കണ്ടുകാണില്ല. നഗ്നപാദരായ പുലികളെയാണു നമുക്കു കണ്ടു ശീലം. ആ പതിവു തെറ്റിക്കുകയാണ് സീതാറാം മിൽ ദേശം. ഇത്തവണ പുലികൾ വേഷത്തിനു ചേരുന്ന ചെരിപ്പുകളണിഞ്ഞാണ് കളത്തിലിറങ്ങുക. പുലിച്ചിലമ്പിനൊപ്പം അണിയാൻ പുലിച്ചെരിപ്പും. പുള്ളിപ്പുലികൾക്കു മഞ്ഞയും വെള്ളയും കലർന്ന നിറത്തിൽ ചായം പൂശിയതിൽ പുള്ളികളുള്ള ചെരിപ്പ്.

വരയൻ പുലികൾക്കാണെങ്കിൽ മ​ഞ്ഞയിൽ കറുത്ത വരയുള്ള ചെരിപ്പുകൾ. കരിമ്പുലികൾക്കും വെള്ളക്കടുവയ്ക്കും വെളുപ്പിൽ കറുത്ത വരകൾ നിറഞ്ഞത്. കടുത്ത ചൂടിൽ നിന്ന് ഒരു പരിധി വരെ പുലികൾക്കു രക്ഷ കിട്ടുന്നതിനു വേണ്ടി കൂടിയാണ് ചെരിപ്പുകൾ തയാറാക്കിയതെന്ന് ആർട്ടിസ്റ്റ് പ്രസാദ് പറയുന്നു.

മെയ്യെഴുത്തിലുണ്ട് 100 കാര്യങ്ങൾ

pulikali-trissur-today-artist-rajan പുലിവേഷം വരയ്ക്കുന്ന രാജൻ

പുലികളുടെ ദേഹത്തു ചായമെഴുതുന്നതിനെയാണ് മെയ്യെഴുത്ത് എന്നു പറയുക. പുലിക്കളിയുടെ അന്ന് വെളുപ്പിനേ ആരംഭിക്കും മെയ്യെഴുത്ത്. മെയ്യെഴുത്തിലും പുലിക്കളിയിലും വരയൻ കടുവയ്ക്കാണ് പ്രാമുഖ്യം. മെയ്യെഴുത്ത് ആരംഭിക്കുമ്പോൾ കത്തിച്ച വിളക്കിനു മുന്നിൽ കുളിച്ചു തയാറായ പുലികൾ മെയ്യെഴുത്താശാനു ദക്ഷിണ നൽകും. ആദ്യം വരയ്ക്കുക വരയൻപുലിയെ ആണ്. വെള്ളച്ചായം കൊണ്ട് വേഷക്കാരന്റെ നെറ്റിയിൽ ഗോപി തൊട്ട് ആരംഭിക്കും. ശേഷം മറ്റു മെയ്യെഴുത്തുകാരും ചേർന്ന് എല്ലാ പുലികളുടെയും മെയ്യെഴുത്തു പൂർത്തിയാക്കും. കൊന്നക്കമ്പിൽ പിടിച്ചു രണ്ടു മണിക്കൂറോളം വേഷക്കാരൻ മെയ്യനങ്ങാതെ നിൽക്കണം.

പൂർത്തിയായായാലും ചായം ഉണങ്ങുന്നതു വരെ ഇതേ നിൽപ് തുടരണം. വരയൻ പുലി, പുള്ളിപ്പുലി, ഫ്ലൂറസെന്റ് പുലികൾ (കരിമ്പുലി, വെള്ളക്കടുവ, പച്ചപ്പുലി, നീലപ്പുലി, റോസ് സിംഹം) എന്നിവയാണ് പുലികളി സംഘത്തിൽ സാധാരണയായി ഉണ്ടാവുക. കുറഞ്ഞത് 30 പേരെങ്കിലുമുണ്ടാവും മെയ്യെഴുത്തിന്.രാത്രി പുലിക്കളി അവസാനിച്ചാൽ അടുത്ത പരിപാടി ചായമിളക്കലാണ്. മണ്ണെണ്ണയാണ് ഉപയോഗിക്കുക. കോർപറേഷൻ 50 ലീറ്റർ മണ്ണെണ്ണ വീതം ഓരോ സംഘത്തിനും ഇതിനായി നൽകുന്നുണ്ട്.

തലമുറകൾ കൈമാറിയ ആവേശം

pulikali-trissur-today-viyoordesham-team പുലികളിക്ക് ഒരുങ്ങുന്ന വിയ്യൂർ ദേശത്തെ ടീം

54 വർഷമായി പുലിക്കളിക്കു മെയ്യെഴുതാൻ 64വയസ്സുകാരനായ വിയ്യൂർ സ്വദേശി എൻ.എസ്. രാജനും രംഗത്തുണ്ട്. വിയ്യൂർ ദേശത്തെ പുലികളെയാണു രാജൻ വേഷമണിയിക്കുന്നത്. പൂരത്തോളം തന്നെ ആവേശമാണ് രാജനു പുലിക്കളിയോടും. വർഷങ്ങൾക്കു മുൻപേ പുലിവേഷം കെട്ടുകയും മെയ്യെഴുത്തിനു കൂടുകയും ചെയ്തിരുന്ന പുലിക്കളി കലാകാരനായ അ‍ച്ഛൻ പകർന്നു നൽകിയ ആവേശം രാ‍ജൻ തന്റെ രണ്ടു ആൺമക്കൾക്കും കൈമാറിയിട്ടുണ്ട്

അവർ പതിവായി പുലിവേഷമണിയാറുണ്ട്. മക്കളും മെയ്യെഴുത്തു കലാകാരൻമാരാണ്. രാജന്റെ കുടുംബാംഗങ്ങളിൽ തന്നെ 50 പേർ മെയ്യെഴുത്തുകാരായുണ്ട്. മെയ്യെഴുത്തു കഴിഞ്ഞാൽ രാജൻ വേഷമിട്ട് മെയ്യെഴുതി പുലിമുഖവും അണിഞ്ഞ് പുലിയായി കളത്തിലിറങ്ങും. പിന്നെ നിറഞ്ഞാടും.

വിശദമായി വായിക്കാം...