ഐആർസിറ്റിസി യുടെ തീം ബെയ്സ്ഡ് ടൂറിസം പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിൻ രാമായണ സർക്യൂട്ടിൽ വീണ്ടും യാത്രയ്ക്ക് ഒരുങ്ങുന്നു. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവുമായി ബന്ധമുള്ള സ്ഥലങ്ങളെയും കാഴ്ചകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിൽ ആദ്യ സംഘം സഞ്ചരിച്ചതും രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ കാഴ്ചകളിലൂടെ ആയിരുന്നു. ആദ്യയാത്രയുടെ വിജയവും സഞ്ചാരികളുടെ അന്വേഷണങ്ങളും പരിഗണിച്ചാണ് വീണ്ടും ഇതേ പാക്കേജ് അവതരിപ്പിക്കുന്നത്. ഈ യാത്രയിൽ നേപ്പാളിലെ ജനക്പുർ കൂടി ഉൾപ്പെടുന്നു എന്ന പുതുമയുമുണ്ട്.
19 രാത്രിയും 20 പകലും നീളുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ശ്രീ രാമായണ യാത്ര ഓഗസ്റ്റ് 24 ന് ആരംഭിക്കും. ഡെൽഹി സഫ്ദർജങ് സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് അയോധ്യയും നന്ദിഗ്രാമും സന്ദർശിച്ച് നേപ്പാളിലേക്ക് കടക്കും. അവിടെ വിദേഹരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു എന്ന കണക്കാക്കുന്ന ജനക്പുരിയിൽ ജാനകി മന്ദിറും സീത–രാമ വിവാഹമണ്ഡപം, ധനുഷ് ധാം ക്ഷേത്രം, പരശുറാം കുണ്ഡ് എന്നിവ കണ്ട് ബീഹാറിലെ സീതാമഡിയിലേക്ക് ട്രെയിൻ നീങ്ങും. തുടർന്ന് വിശ്വാമിത്രന്റെ ആശ്രമ സങ്കേതമായി വിശ്വസിക്കുന്ന ബക്സൗർ, വാരാണസി, പ്രയോഗ്‍രാജ്, ചിത്രകൂട്, നാസിക്, ഹംപി എന്നിവിടങ്ങളിലൂടെ രാമേശ്വരത്ത് എത്തും. തുടർന്ന് ധനുഷ്കോടിയും കാഞ്ചീപുരവും സന്ദർശിക്കും തെലങ്കാനയിലെ ഭദ്രാചലമാണ് അവസാന സന്ദർശനസ്ഥലം. 20ാം ദിവസം ഡെൽഹിയിൽ യാത്ര അവസാനിക്കും.

ആധുനിക സൗകര്യങ്ങളോടുകൂടിയ 3 എസി കോച്ചുകളാണ് ഭാരത് ഗൗരവ് സർവീസുകൾക്ക് ഒരുക്കുന്നത്. കംഫർട്, സുപീരിയർ എന്നിങ്ങനെ രണ്ടു തരം ടിക്കറ്റുകളുണ്ട്. 73500 രൂപ മുതൽ ആരംഭിക്കുന്നു ടിക്കറ്റ് നിരക്ക്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് 5% നിരക്ക് ഇളവും ഐആർസിറ്റിസി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെൽഹിയിൽ നിന്ന് ആരംഭിച്ച് ഹൈദരാബാദ്, രാമേശ്വരം, മധുരൈ, കന്യാകുമാരി, തഞ്ചാവൂർ, കാഞ്ചീപുര, മഹാബലിപുരം, ശ്രീശൈലം എന്നിവിടങ്ങൾ സന്ദർശിച്ചെത്തുന്ന ദക്ഷിണേന്ത്യൻ ഭാരത് ഗൗരവ് ട്രെയിനാണ് നിലവിൽ ഐആർസിറ്റിസി ബുക്കിങ് എടുക്കുന്ന ഒരു പാക്കേജ്. 13 പകലും 12 രാത്രിയുമുള്ള ടൂർ ഒക്ടോബർ 8 ന് ആരംഭിക്കും.
സ്വകാര്യ ടൂർ ഓപറേറ്റർമാക്ക് അവസരം നൽകുന്ന ഭാരത് ഗൗരവ് സർവീസിന് ദക്ഷിണറെയിൽവേയുടെ കീഴിൽ ഒട്ടേറെ പദ്ധതികൾ തുടക്കമിടുന്നുണ്ട്. സ്വകാര്യ ഏജൻസിയുടെ ചുമതലയിലുള്ള ഇന്ത്യയിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ കോയമ്പത്തൂര് – ഷിർദി റൂട്ടിലായിരുന്നു. ഈ യാത്ര സംഘടിപ്പിച്ച സതേൺ സ്റ്റാർ റെയിൽ എന്ന കമ്പനി ചെന്നൈ–രാമേശ്വരം, ചെന്നൈ–തിരുച്ചെന്തൂർ, കോയമ്പത്തൂര് – ഷിർദി റൂട്ടുകളിൽ സ്ഥിരം പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.