ഹിമാലയത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ ഏറെ പ്രധാനപ്പെട്ട കേദാർനാഥ് ക്ഷേത്രത്തിലേക്ക് സഞ്ചരിക്കാൻ റോപ്‌വേ സൗകര്യം ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ക്ഷേത്രത്തിലേക്ക് 16 കിലോമീറ്റർ താഴെ ഗൗരികുണ്ഡ് ബെയ്സ് ക്യാംപ് ആക്കിയാണ് ഇപ്പോൾ തീർഥാടകരെത്തുന്നത്. കേദാർനാഥ് ദർശനം ആഗ്രഹിക്കുന്ന എല്ലാ പ്രായക്കാർക്കും അതു സാധിക്കുന്നതിനും യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും റോപ്‌വേ സഹായകമാകും. ഒക്ടോബർ 21 ന് പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനവേളയിൽ റോപ്‌വേ നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള ക്ഷേത്ര സന്നിധിയിലേക്ക് നടന്നോ കുതിരപ്പുറത്തോ ഹെലികോപ്ടറിലോ ആണ് ഇപ്പോൾ തീർഥാടകരും സഞ്ചാരികളും എത്തിച്ചേരുന്നത്. കാൽനടയായും കുതിരപ്പുറത്തും ക്ഷേത്രത്തിലെത്തി മടങ്ങുന്നതിന് ഒരു ദിവസം മുഴുവൻ വേണം. മാത്രമല്ല മുതിർന്ന പൗരൻമാർക്ക് ഏറെ ആയാസകരമാണ് ഈ യാത്ര. ഹെലികോപ്ടറിൽ മണിക്കൂറുകൾ മതിയെങ്കിലും അത് ചെലവേറിയ മാർഗമാണ്. ഇതിനെല്ലാം പരിഹാരമായാണ് റോപ്‌വേ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 11500 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ദീർഘമായ റോപ്‌വേകളിലൊന്നായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സോനപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കുള്ള 13 കിലോമീറ്റർ കരമാർഗം 60 മിനിറ്റുകൊണ്ട് താണ്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആകാശമാർഗം 11.5 കിലോമീറ്റർ കണക്കാക്കുന്ന റോപ്‌വേയ്ക്ക് 1200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

റോപ്‌വേ പദ്ധതിക്ക് ഈ മാസം ആദ്യം നാഷനൽ ബയോഡൈവേഴ്സിറ്റി ആൻഡ് വൈൽഡ്‌ലൈഫ് ബോർഡിന്റെ അനുമതി ലഭിച്ചതോടെ ഉത്തരാഖണ്ഡ് സർക്കാർ തുടർനടപടികൾക്ക് വേഗം വർധിപ്പിച്ചിരിക്കുകയാണ്. 2026 തീർഥാടനകാലത്തേക്ക് നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പൂർണമായും പ്രവർത്തനസജ്ജമാകുമ്പോൾ മണിക്കൂറിൽ 2000 തീർഥാടകർക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്നാണ് കണക്കാക്കുന്നത്. സോനപ്രയാഗ്–കേദാർനാഥ് റോപ്‌വേ പദ്ധതിക്കൊപ്പം ഹേകുണ്ഡ് റോപ്‌വേയുടെ ശിലാസ്ഥാപനവും നടക്കും. ബദരിനാഥിനു സമീപം ഗോവിന്ദഘാട്ടിൽ നിന്ന് സിഖ് തീർഥാടനകേന്ദ്രമായ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാരയിലേക്കുള്ള 12 കിലോമീറ്ററാണ് റോപ്‌വേ നിർമിക്കുന്നത്. ഈ റോപ്‌വേയ്ക്ക് പൂക്കളുടെ താഴ്‌വരയിലേക്കുള്ള പ്രവേശനകവാടം ഗംഗാരിയയിലും സ്‌റ്റോപ് ഉണ്ടാകും.