Monday 18 October 2021 04:05 PM IST : By Baiju Govind

മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കിയതിനേക്കാൾ ഒരു രോഗാണുവും ഭൂമിയിൽ ആൾനാശമുണ്ടാക്കിയിട്ടില്ല : സന്തോഷ് ജോർജ് കുളങ്ങര

1 - santhosh george

കൊറോണ വൈറസ് ലോകത്തു മരണം വിതയ്ക്കുമ്പോൾ ഭാവി ജീവിതം എന്താകുമെന്ന് സന്തോഷ് ജോർജ് കുളങ്ങരയോട് ആശങ്ക പങ്കുവച്ചു. അൽപ നേരം മൗനം പാലിച്ച ശേഷം അദ്ദേഹം ചെറുതായൊന്നു പുഞ്ചിരിച്ചു. ഷെൽഫിൽ അടുക്കി വച്ച പുസ്തകങ്ങളിൽ ഒന്നു രണ്ടെണ്ണം തിരഞ്ഞെടുത്തു മേശപ്പുറത്തു നിരത്തി. എന്നിട്ടു വിരലുകളോരോന്നായി എണ്ണിക്കൊണ്ടു ഗൗരവത്തോടെ പറഞ്ഞു :

‘‘സുഹൃത്തേ, ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകയുദ്ധവും ഉണ്ടാക്കിയ പ്രത്യാഘാതം മറികടന്നാണ് നമ്മൾ ഇവിടെ എത്തിയത്. മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കിയതിനേക്കാൾ വലുതായി ഒരു രോഗാണുവും ഭൂമിയിൽ ആൾനാശമുണ്ടാക്കിയിട്ടില്ല.’’

മനോരമ ട്രാവലറിനു വേണ്ടി ‘സഞ്ചാരിയുടെ ‍ഡയറിക്കുറിപ്പ്’ എന്ന പംക്തിയിലാണ് സന്തോഷ് ജോർജ് ലോകം സാക്ഷ്യം വഹിച്ച കൂട്ടക്കുരുതികളെക്കുറിച്ച് എഴുതി. പോളണ്ടിലെ ഓഷ്‌വിറ്റ്സിലെ ക്യാംപുകൾ സന്ദർശിച്ച അനുഭവം പങ്കുവച്ചു. ഓഷ്‌വിറ്റ്സ് കോൺസൻട്രേഷൻ ക്യാംപിൽ കൊല്ലപ്പെട്ടതു ജൂതന്മാർ മാത്രമല്ല. കമ്യൂണിസ്റ്റുകളും നാടോടികളും വികലാംഗരും നാസികളോട് എതിർപ്പു പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു.

കോൺസൻട്രേഷൻ ക്യാംപുകളിൽ പിൽക്കാലത്ത് കോടിക്കണക്കിനാളുകൾ സന്ദർശകരായി എത്തി. പ്രിയപ്പെട്ടവരുടെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്ന പോലെ ശ്വാസം അടക്കിപ്പിടിച്ചാണ് ആളുകൾ അവരുടെ ഓർമകൾക്കു മുന്നിലൂടെ നടക്കുന്നത്. അവിടെ നിന്നു മടങ്ങുമ്പോൾ ഉറക്കെ വർത്തമാനം പറയാൻ പറ്റാത്ത വിധം എന്റെ ശബ്ദവും മരവിച്ചിരുന്നു.

സന്തോഷ് ജോർജിന്റെ ലേഖനം:

ആധുനിക പോളണ്ടിന്റെ തലസ്ഥാനം വാഴ്സോയാണെങ്കിലും പൗരാണികതയിലും പ്രൗഢിയിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അവരുടെ പഴയ തലസ്ഥാനമായ ക്രാക്കോവ് ആണ്. ക്രാക്കോവിലെ മനുഷ്യർ മറ്റു യൂറോപ്യരേക്കാൾ സൗന്ദര്യമുള്ളവരാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ കൂട്ടക്കുരുതികൾക്കു വിധേയരായി ഭൂമിയിൽ നിന്നു തേച്ചു മായ്ക്കപ്പെട്ടവരാണ് അവരുടെ പൂർവികർ.

രണ്ടാം തവണ പോളണ്ട് സന്ദർശിച്ച സമയത്ത് ക്രാക്കോവിലെ ഒരു ഹോട്ടലിലാണ് ഞാൻ താമസിച്ചത്. അഡോൾഫ് ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാംപുകളാൽ കുപ്രസിദ്ധമാണ് ക്രാക്കോവ് നഗരത്തിനു സമീപത്തുള്ള ഓഷ്‌വിറ്റ്സ് ഗ്രാമം. ഓഷ്‌വിറ്റ്സിലെ കൊലക്കളങ്ങളിലേക്ക് പോകുന്നതിനു മുൻപു തന്നെ ഞാനൊരു സിനിമ കണ്ടിരുന്നു. സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ‘ഷിൻലേഴ്സ് ലിസ്റ്റ്.’ രണ്ടാം ലോകയുദ്ധവും കോൺസൻട്രേഷൻ ക്യാംപുമാണു കഥ. 1993ൽ പുറത്തിറങ്ങിയ സിനിമ ഏഴ് ഓസ്കർ പുരസ്കാരങ്ങൾ നേടി.

ഷിൻലേഴ്സ് ലിസ്റ്റ്

ജർമൻ – നാസി അനുഭാവിയായ ഷിൻലറാണ് പ്രധാന കഥാപാത്രം. അയാൾ നാസി പട്ടാളക്കാർക്ക് ആവശ്യമായ യുദ്ധ ഉപകരണങ്ങൾ നിർമിക്കുന്ന ഒരു ഫാക്ടറി തുറക്കുന്നു. ക്രാക്കോവിലെ ഗെറ്റോയിലെ തടവുകാരെയാണ് ഷിൻലർ തന്റെ ഫാക്ടറിയിൽ ജോലിക്കാരായി നിയമിച്ചത്. പോളണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ജൂതന്മാരെ പിടിച്ചുകൊണ്ടു വന്ന് പാർപ്പിച്ചിട്ടുള്ള തടങ്കൽ പ്രദേശമാണു ഗെറ്റോ. ലോകയുദ്ധ കാലത്ത് യൂറോപ്പിൽ നിരവധി ഗെറ്റോകൾ ഉണ്ടായിരുന്നു. ഗെറ്റോകളിൽ താമസിക്കുന്നവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല.

തടവുകാരിൽ ആരോഗ്യമുള്ളവരെക്കൊണ്ടു സൈന്യത്തിനു വേണ്ടി പണിയെടുപ്പിക്കും. മറ്റുള്ളവരെ ട്രെക്കുകളിലും ട്രെയിനിലും കുത്തി നിറച്ച് കോൺസൻട്രേഷൻ ക്യാംപിലേക്ക് കൊണ്ടു പോകും. ക്രാക്കോവിൽ നിന്നു എഴുപതു കിലോമീറ്റർ അകലെ ഓഷ്‌വിറ്റ്സ് ഗ്രാമത്തിലാണ് കോൺസൻട്രേഷൻ ക്യാംപ്. അവിടെ എത്തിച്ച ശേഷം തടവുകാരെ കുട്ടികൾ, വൃദ്ധർ, വികലാംഗർ എന്നു തരംതിരിച്ച് ഗ്യാസ് ചേംബറിൽ കയറ്റി വിഷവാതകം പ്രയോഗിച്ച് വധിക്കും. പിന്നെ മൃതശരീരങ്ങൾ കൂട്ടത്തോടെ ദഹിപ്പിക്കും. ചാരം കുഴിച്ചു മൂടും.

2 - santhosh

ജോലിയിൽ മിടുക്കരായ ജൂതന്മാരിൽ പലരും കോൺസൻട്രേഷൻ ക്യാംപിലേക്ക് മാറ്റപ്പെട്ടപ്പോൾ ഷിൻലറുടെ ഫാക്ടറിയിൽ പ്രവർത്തനം തടസപ്പെട്ടു. പ്രശ്നം മറികടക്കാൻ ഷിൻലർ പട്ടാളക്കാരെ സമീപിച്ച് തടവുകാരുടെ ഒരു ലിസ്റ്റ് നൽകി. ലിസ്റ്റിലുള്ളവരെ കോൺസൻട്രേഷൻ ക്യാംപിലേക്ക് കൊണ്ടു പോകാതിരിക്കാൻ അയാൾ പട്ടാളക്കാർക്ക് കൈക്കൂലി കൊടുത്തു. മരണത്തിനു മുൻപിൽ നിന്നു രക്ഷപെട്ട് വീണ്ടും ഫാക്ടറിയിൽ എത്തിയവർ പ്രകടിപ്പിച്ച നന്ദിയും സ്നേഹവും ഷിൻലറിനെ അദ്ഭുതപ്പെടുത്തി. അതോടെ ആളുകളുടെ ജീവൻ രക്ഷിക്കുന്നത് അയാൾക്ക് ഹരമായി മാറി. തന്റെ സമ്പാദ്യമെല്ലാം നൽകി ആയിരത്തി ഇരുനൂറു തടവുകാരെ ഷിൻലർ രക്ഷിച്ചു. അപ്പോഴേക്കും രണ്ടാം ലോകയുദ്ധം അവസാനിച്ചു. യുദ്ധത്തിനു കാരണക്കാരാനായ ഹിറ്റ്ലറുടെ അനുഭാവി ആയിരുന്ന ഷിൻലർ പ്രതിപ്പട്ടികയിലായി. പക്ഷേ, ഫാക്ടറി ജീവനക്കാർ ഷിൻലറെ ഒറ്റു കൊടുത്തില്ല. ജീവൻ രക്ഷിച്ചതിനു പ്രത്യുപകാരമായി അയാൾക്ക് രക്ഷപെടാനുള്ള സൗകര്യമൊരുക്കി. അവരിൽ ചിലർ സ്വർണം കെട്ടിയ പല്ലുരുക്കി അതുകൊണ്ടു മോതിരമുണ്ടാക്കി ഷിൻലർക്കു സമ്മാനം നൽകി. സ്വന്തമെന്നു പറയാൻ ആകെയുണ്ടായിരുന്ന കാറിൽ കയറുന്നതിനു മുൻപ് ഷിൻലർ നടത്തുന്ന ആത്മഗതമാണ് സിനിമയുടെ ക്ലൈമാക്സ് – ‘‘ഈ കാർ വിറ്റിരുന്നെങ്കിൽ എനിക്ക് ഒരാളുടെ ജീവൻ കൂടി രക്ഷിക്കാമായിരുന്നു...’’

ക്രാക്കോവ് നഗരത്തിൽ ഷിൻലറുടെ ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്ഥലം ഇന്നൊരു മ്യൂസിയമാണ്. രാവിലെ തന്നെ ടാക്സി പിടിച്ച് ഞാൻ ആ മ്യൂസിയം സന്ദർശിച്ചു. ചരിത്രം സ്പന്ദിക്കുന്ന ഒരിടം. ഹൃദ്യമായവിധം അതിനെ ഇന്നും സംരക്ഷിക്കുന്നു. ഷിൻലറുടെ ഫാക്ടറിയിൽ നിന്നു നഗരഹൃദയത്തിലേക്ക് തിരികെ എത്തിയ ഞാൻ മറ്റൊരു ടൂർ സംഘത്തിനൊപ്പമാണ് ഓഷ്‌വിറ്റ്സിലേക്കു പുറപ്പെട്ടത്. ഒന്നര മണിക്കൂർ സഞ്ചരിച്ച് ഓഷ്‌വിറ്റ്സിലെത്തി.

കുരുതിക്കളം

ഓഷ്‌വിച് കോൺസൺട്രേഷൻ ക്യാംപ് ഇപ്പോൾ മ്യൂസിയമാണ്. ഗ്രാമത്തിൽ രണ്ടു ക്യാംപുകളുണ്ട്. രണ്ടാമത്തെ ക്യാംപ് അതിവിസ്തൃതമാണ്. ഇരുനൂറോളം കൂറ്റൻ കെട്ടിടങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. പതിനഞ്ചു ലക്ഷം മനുഷ്യരെ ചുട്ടെരിച്ചത് അവിടെയാണ്. തടവുകാരിൽ ചിലർ കോറിയിട്ട വാക്കുകൾ ഇപ്പോഴും ചുമരിൽ തെളിഞ്ഞു കിടക്കുന്നു. ഒരു ഹാൾ നിറയെ കൊല്ലപ്പെട്ട മനുഷ്യരുടെ തലമുടി കൂട്ടിയിട്ടിരിക്കുന്നു. മറ്റൊരു സ്ഥലത്ത് ചെരുപ്പുകൾ, ബാഗുകൾ, കളിപ്പാട്ടങ്ങൾ. എല്ലാം വലിയ മലകൾ പോലെ കൂട്ടിയിട്ടിരിക്കുന്നു. മരണത്തിന്റെ ഗന്ധം അവിടെ തങ്ങി നിൽക്കുന്നതു പോലെ എനിക്കു തോന്നി.

3 - santhosh

ക്യാംപിന്റെ ഉൾഭാഗം വരെ തീവണ്ടിപ്പാത നീണ്ടു കിടക്കുന്നു. അതിനകത്ത് ഒരു റെയിൽവേ േസ്റ്റഷനുമുണ്ട്. അറവു ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു വരുന്ന പോലെ അവിടെയാണ് ആളുകളെ ഇറക്കിയിരുന്നത്. ഗ്യാസ് ചേംബറിൽ വെന്തു വെണ്ണീറായ മനുഷ്യരുടെ ചാരം ക്യാംപിന്റെ മറ്റൊരു ഭാഗത്തു കുഴിച്ചു മൂടുകയാണു ചെയ്തത്. ക്രൂരത പുറം ലോകം അറിയാതിരിക്കാൻ കുഴിവെട്ടിയവരെ അപ്പോൾ തന്നെ വെടിവച്ചു കൊന്ന് അതേ കുഴിയിൽ മണ്ണിട്ടു മൂടി.

തിരിച്ചു വരവ്

രണ്ടാം ലോകമഹായുദ്ധത്തിൽ അഞ്ചു വർഷത്തിനിടെ ആറു കോടി മനുഷ്യരാണ് വെടിയേറ്റും ബോംബു വർഷിച്ചും കോൺസൻട്രേഷൻ ക്യാംപിൽ നരകയാതന അനുഭവിച്ചും മരിച്ചു വീണത്. നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും റോഡുകളും പാലങ്ങളും തകർന്നു. ഒട്ടേറെ സംസ്കാരങ്ങൾ അടിത്തറയോടെ ഇല്ലാതായി. നാസി വംശവെറിയിൽ അറുപതുലക്ഷം ജൂതന്മാർ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അവരുടെ അടുത്ത തലമുറ പിൽക്കാലത്ത് ഇസ്രയേൽ എന്നൊരു രാജ്യമുണ്ടാക്കി. അവർ ലോകരാഷ്ട്രങ്ങളുടെ നിരയിൽ ഇന്ന് ശക്തരായി നിലകൊള്ളുന്നു. ഇച്ഛാശക്തിയിലൂടെയും സ്വപ്നങ്ങളിലൂടെയും ഉയിർത്തെഴുന്നേറ്റ മനുഷ്യരുടെ ചരിത്രമാണു നമുക്കു മുന്നിലുള്ളത്.

Tags:
  • Manorama Traveller