Monday 04 September 2023 02:39 PM IST

മുറ്റത്തെ കാടുകൾ നൽകിയ ചിത്രങ്ങൾ; സെപ്റ്റംബർ 5, ദേശീയ വന്യജീവിദിനം

Easwaran Namboothiri H

Sub Editor, Manorama Traveller

national-wildlife-day-ratheesh-karthikeyan-kerala-wild-life-cover

സെപ്റ്റംബർ 4, യുണൈറ്റ്ഡ് സ്റ്റേറ്റ്സ്ഓഫ് അമേരിക്കയുടെ ദേശീയ വന്യജീവി ദിനമാണ്. കാടിനേയും കാടിന്റെ മക്കളേയും ഓർക്കാനും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനും ലോകമെങ്ങും ഈ ദിനം വന്യജീവി ദിനമായി ആചരിക്കുന്നു. വനത്തെയും വന്യജീവികളേയും പകർത്താൻ നമ്മുടെ കൊച്ചു കേരളത്തിന്റെ അതിരുകൾ കടന്ന് പോകണമെന്നു നിർബന്ധം പിടിക്കേണ്ട. ക്ഷമയോടെ നിരീക്ഷിച്ചാൽ നമ്മുടെ കാടുകളിൽ നിന്നും മനോഹരമായ ചിത്രങ്ങൾ ലഭിക്കുമെന്നു തെളിയിച്ച ഒരു ഫൊട്ടോഗ്രഫറെ ഈ വന്യജീവി ദിനത്തിൽ പരിചയപ്പെടാം. അതിരപ്പിള്ളിയും ചിന്നാറും വയനാടും മൂന്നാറുമൊക്കെയായി സഹ്യന്റെ മടിത്തട്ടിലുള്ള, കേരളത്തിലെ വനചിത്രങ്ങൾ കൊണ്ട് മാത്രം ശ്രദ്ധേയനാകുന്നു ഈ വനം, വന്യജീവി ഫൊട്ടോഗ്രഫർ രതീഷ് കാർത്തികേയൻ.

national-wildlife-day-ratheesh-karthikeyan-kerala-wild-life-monkey-peacoke

അതിരപ്പിള്ളി കാടുകളിലെ മ്ലാവ്, മൂന്നാറിലെ ആനകൾ, ചിന്നാറിലെ സിംഹവാലൻ കുരങ്ങ്, വശ്യപ്പാറയിലെ കാട്ടുപോത്ത്, മീശപ്പുലിമലയിലെ വരയാടുകൾ... പച്ചപ്പും ആർദ്രതയും തൊട്ടറിയാവുന്ന വൃക്ഷനിബിഡമായ ‘കേരള ഫോറസ്റ്റ്’ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് രതീഷ് കാർത്തികേയന്റെ കാനനചിത്രങ്ങളുടെ വിശേഷത. അതിരപ്പിള്ളിക്കു സമീപം വെറ്റിലപ്പാറയിൽ ജനിച്ചു വളർന്ന, ചാലക്കുടിക്കു സമീപം വസിക്കുന്ന രതീഷിന് കാട് കളിമുറ്റം പോലെയാണ്. ആ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നതും കാടുമായിട്ടുള്ള ഈ അടുപ്പം തന്നെ. നമ്മുടെ സ്വന്തം വനത്തിലൂടെ സഞ്ചരിച്ച് ചിത്രം പകർത്തിയ അനുഭവം പങ്കുവയ്ക്കുന്നു മനോരമ ട്രാവലറുമായിരതീഷ് കാർത്തികേയൻ.

പുലരി നൽകിയ സമ്മാനങ്ങൾ

national-wildlife-day-ratheesh-karthikeyan-kerala-wild-life-deers

കാട്ടിലേക്കു പോകുമ്പോൾ കഴിയുന്നതും പ്രഭാതത്തിൽ തന്നെ പോകാൻ ശ്രമിക്കും. കാടും നാടും തമ്മിലുള്ള വേർതിരിവ് നേർത്തു വന്നതിനാൽ പല മൃഗങ്ങൾക്കും ഇപ്പോൾ യഥാർഥ വന്യതയുണ്ടെന്നു പറയാനാവില്ല. എങ്കിലും പുലർകാലത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒട്ടേറെ മൃഗങ്ങളുണ്ട്. കാട്ടാറുകളിൽ വെള്ളം കുടിക്കാനും മഞ്ഞിൻകണം തങ്ങി നിൽക്കുന്ന പുൽനാമ്പ് കടിച്ചു തിന്നാനും ഇറങ്ങുന്ന മാനുകളെയും മ്ലാവുകളെയും കാട്ടുപോത്തുകളെയും കാണാൻ ഏറെ സാധ്യതയുള്ള സമയംകൂടിയാണ് ഇത്. മരച്ചില്ലകളിൽക്കൂടി അരിച്ചെത്തുന്ന നേർത്ത പ്രകാശം കൂടി ഒത്തുകിട്ടിയാൽ ഒന്നാന്തരം ചിത്രം ലഭിക്കും.

ഒരിക്കൽ അതിരപ്പിള്ളിക്കു പോകുമ്പോഴാണ് കാട്ടിൽ നിന്നു പുഴയിലിറങ്ങി പോസ് ചെയ്തു തന്ന മ്ലാവുകളുടെ ചിത്രം പകർത്തിയത്. മലനിരകളെ പച്ച പുതപ്പിച്ച് വൃക്ഷങ്ങളും പുഴയിലേക്ക് നീണ്ടിറങ്ങിയ മരക്കൊമ്പുകളും അന്തരീക്ഷത്തിലെ നേർത്ത മഞ്ഞും ആ ഫ്രെയിമിന് അപൂർവമായ ഭംഗി നൽകി. ക്യാമറയെയും ഫൊട്ടോഗ്രഫറെയും കണ്ടിട്ടും പേടിച്ചോടാതെ ഗാംഭീര്യമുള്ള നോട്ടത്തോടെ ഫോട്ടോയ്ക്കു നിന്നു തന്ന കലമാൻ തന്നെയാണ് അതിലെ സ്റ്റാർ. പുലിയോ കടുവയോ വേട്ടയാടുമ്പോൾ പോലും കാട്ടാറ് മുറിച്ചു കടന്നു രക്ഷപ്പെടുന്നതാണ് ഇവയുടെ സ്വഭാവം. ആ ധൈര്യമാകും ഇത്തരത്തിൽ ക്യാമറയ്ക്കു മുന്നിൽ നിന്നു തരാനുള്ള ധൈര്യം പകർന്നത്. സമാനമായ സാഹചര്യത്തിൽ പുള്ളിമാനുകളെയും കലമാനുകളെയും പലവട്ടം ക്യാമറയിൽ പകർത്താൻ സാധിച്ചിട്ടുണ്ട്.

national-wildlife-day-ratheesh-karthikeyan-kerala-wild-life-elephants-riverview

ഈ വർഷം ആദ്യം ഒരു ദിനം പുലർച്ചെ 5 മണിക്ക് അതിരപ്പിള്ളിക്കു പുറപ്പെട്ടു. അവിടെത്തുമ്പോൾ നേരം വെളുത്തിട്ടില്ല. മൃഗങ്ങളെത്താൻ സാധ്യതയുള്ള ഒരിടം നോക്കി ഇടംപിടിച്ച് കാത്തിരുന്നു. ഏറെ നേരം തള്ളിനീക്കേണ്ടി വന്നില്ല, അപ്പോഴേക്ക് സഹ്യപുത്രൻമാർ കൂട്ടമായി പുഴയിലിറങ്ങാനെത്തി. പിന്നെ അതൊരു അരങ്ങായിരുന്നു. എത്രനേരം അവ ആറ്റിൽ തിമിർത്തു എന്നറിയില്ല, എത്ര ചിത്രങ്ങൾ പകർത്തി എന്നതും. പലപ്പോഴും ക്യാമറ താഴെ വച്ച് അവയുടെ നിഷ്കളങ്കമായ ആഹ്ലാദത്തിൽ ലയിച്ച് ഇരുന്നുപോയി. പ്രഭാതത്തിന്റെ ആർദ്രതയുള്ള ചിത്രങ്ങൾ സമ്മാനിച്ച് നീരാടിയ ആനകൾ കരയ്ക്കു കയറിയപ്പോഴേക്ക് വെയിൽച്ചൂട് പരന്നു തുടങ്ങിയിരുന്നു.

ഭയം മനസ്സിലുണ്ടായാൽ

കാട്ടിലെ യാത്രകളിൽ ആനകളുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങളും ചിത്രങ്ങളുമുണ്ട്. ഇരുപത്തഞ്ച് വർഷം മുൻപ് ചിത്രരചനയും ഉപജീവനത്തിനായി ഹോർഡിങ്ങുകളുടെ നിർമാണവുമായി കഴിയുമ്പോഴാണ് ക്യാമറ സ്വന്തമാക്കുന്നത്. ഇന്നത്തെപ്പോലെ ഡിജിറ്റലല്ല, ഫിലിമിലാണ് ചിത്രങ്ങൾ പകർത്തുന്നത്. അതുപോലെ സൂമിങ്ങോ ടെലി ലെൻസോ ഒന്നുമില്ല. മൃഗങ്ങളോട് പറ്റാവുന്നത്ര സമീപത്തു ചെന്നാൽ കൂടുതൽ മികച്ച ചിത്രം കിട്ടിയിരുന്ന കാലം. എങ്കിലും ക്യാമറ ഇല്ലാതെ കാടുകണ്ട നാളുകളിലെ പാഠങ്ങൾ പിന്നീടും പ്രയോജനപ്പെട്ടിരുന്നു.

national-wildlife-day-ratheesh-karthikeyan-kerala-wild-life-elephants

അതിലൊന്നായിരുന്നു മനസ്സിൽ ഭയവുമായി മൃഗങ്ങളെ സമീപിച്ചാൽ അവ ആക്രമിക്കും എന്നത്. പ്രത്യേകിച്ച് ആനകൾ. ഒരിക്കൽ ചിന്നാർ കാട്ടിൽ സഞ്ചരിച്ച സന്ദർഭം. ഒപ്പം ഒരു ഗൈഡുമുണ്ട്. ഒരു ഭാഗത്ത് എത്തിയപ്പോൾ അൽപം താഴെയായി ഒരു കൂട്ടം ആനകൾ നിൽക്കുന്നു. പുല്ല് തിന്നുന്നതിൽ ബദ്ധശ്രദ്ധരാണ് അവർ. ചിത്രം പകർത്താനായി റോഡിൽ നിന്ന് താഴേക്ക് ഇറങ്ങി, ആനക്കൂട്ടത്തിനു സമീപത്തേക്കു നീങ്ങി. ആനകളിൽ ഒരെണ്ണം മാത്രം അൽപം മാറി നിൽക്കുകയാണ്, അതിനു സമീപം ചെന്ന് ഏതാനും ചിത്രങ്ങളെടുത്തു. ഗൈഡിനെ ഫോട്ടോ കാണിക്കാൻ നോക്കിയപ്പോൾ ഒപ്പം ആളില്ല. ചുറ്റുമൊന്ന് നോക്കിയപ്പോൾ അൽപം ദൂരെ നിൽപ്പുണ്ട് കക്ഷി.

ആളുടെ അടുത്തെത്തിയപ്പോഴാണ് അറിയുന്നത്, ആനക്കൂട്ടത്തിൽ മാറി നിന്നിരുന്ന ആന അൽപം ‘പിശകാണ്.’ ഒരാഴ്ച മുൻപ് ഈ കാട്ടിലെത്തിയ വിദേശിയായ സഞ്ചാരിയെ അടിച്ചു വീഴ്ത്തിയ കൊമ്പനാണത്രേ അത്. അവൻ അക്രമാസക്തനായ വന്ന വരവിൽ സായിപ്പിനെ താഴെ വീഴ്ത്തി. മടങ്ങിപ്പോയി രണ്ടാമതും വരും മുൻപ് കൂടെയുണ്ടായിരുന്ന സഹായികൾ അയാളെ വലിച്ചെടുത്ത് കൊണ്ടപോയതുകൊണ്ട് രക്ഷപ്പെട്ടു. ഇതു കേട്ടപ്പോൾ എന്റെ മനസ്സിൽ ആശങ്ക തോന്നാതിരുന്നില്ല. ‘ഇനിയിപ്പോൾ അവൻ ആക്രമിക്കാൻ വരും. നമ്മുടെ ഉള്ളിൽ പേടിയുണ്ടായല്ലോ...’ ഗൈഡിനോട് പറഞ്ഞു തീർന്നതും ആന ഓടിയടുക്കുന്നതു കണ്ടു. അക്രമോത്സുകനായി വരുന്ന അവന്റെ ഒന്നു രണ്ട് ചിത്രങ്ങൾ പകർത്തി ഞങ്ങൾ ഓടിയകന്നു.

കാട്ടിലെ ഗജമേള

ഇന്ന് നാടായ നാടൊക്കെ ചങ്ങലയ്ക്കിട്ട ആനകളെ എഴുന്നെള്ളിച്ച് പൂരമഹോത്സവും നടത്തുമ്പോൾ ഓർമയിലെത്തുന്നത് ഒരിക്കൽ കാട്ടിനുള്ളിൽ കാണാൻ ഇടയായ വേറിട്ട ‘പൂരം’ ആണ്. പതിനഞ്ചോളം അംഗങ്ങളുള്ള ആനക്കൂട്ടത്തിന്റേതായിരുന്നു ആ ഗജമേള. സായാഹ്നവെളിച്ചത്തിൽ, പുറം നിറയെ മണ്ണു വാരി പൂശിയ മുതിർന്ന ആനകളും കുട്ടിക്കുറുമ്പൻമാരും അടങ്ങിയ സംഘത്തിന്റെ ഫോട്ടോ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്.

national-wildlife-day-ratheesh-karthikeyan-kerala-wild-life-elephants1

പച്ചപ്പരവതാനി വിരിച്ചതുപോലെ പുല്ല് വളർന്ന കയറ്റം ഓടിക്കയറുന്ന കുട്ടിയാനയും ‍ആസ്വദിച്ച് പുല്ല് തിന്നും ഇടയ്ക്ക് പറിച്ച് മുതുകെത്തെറിഞ്ഞും കുഞ്ഞിനൊപ്പം നടക്കുന്ന അമ്മ ആനയും ചേർന്ന ചിത്രം മൂന്നാറിന്റെ സമ്മാനമായിരുന്നു. കൊടുംതണുപ്പത്ത് ഏറെ നേരം കാത്തിരുന്നു കിട്ടിയ ഒരു ഫ്രെയിം.

വരയാടുകളുടെ മാർച്ച്

national-wildlife-day-ratheesh-karthikeyan-kerala-wild-life-varayadu വന്യജീവി ഫൊട്ടോഗ്രഫർ രതീഷ് കാർത്തികേയൻ

വെള്ളിത്തിരയിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറുമുൻപ് തന്നെ മീശപ്പുലിമലയുടെ നെറുകയിൽ കയറിയിട്ടുണ്ട്. മഞ്ഞുപൊഴിയുന്ന പുൽമേടുകൾ കണ്ടിട്ടുണ്ട് അവിടെ. പിന്നീട് സഞ്ചാരികളുടെ ഒഴുക്ക് എത്തിയതോടെ അതിനൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായി. അതിനു ശേഷം ഒരു തവണകൂടി പോകാനിടയായി.

മീശപ്പുലിമലയിലെ പാരിസ്ഥിതിക ആഘാതങ്ങൾ പഠിക്കാനുള്ള ഔദ്യോഗിക സംഘത്തോടൊപ്പമായിരുന്നു യാത്ര. പുലർച്ചെ നാലു മണിക്ക് ക്യാംപിൽ നിന്ന് ഇറങ്ങി. കിഴക്ക് വെട്ടം വീഴുമ്പോഴേക്ക് മലമുകളിലെത്തണം. ഏതാണ്ട് ലക്ഷ്യത്തോട് അടുത്തപ്പോഴാണ് ഉത്സാഹത്തിമിർപ്പിൽ മാർച്ച് ചെയ്തു കയറുന്ന ഒരു സംഘത്തെ കാണാനിടയായത്. വരയാടുകൾ. വന്യത ഏറെയുള്ളവയാണ് മീശപ്പുലിമലയിലെ വരയാടുകൾ. മനുഷ്യരുടെ തലവെട്ടം കണ്ടാൽ ഓടിമറയുന്ന ഇവയെ കാണാനും ചിത്രം പകർത്താനും പറ്റുന്നത് അപൂർവമാണ്.

കാട്ടുപോത്തുകളാണ് പലവട്ടം ക്യാമറയ്ക്കു മുന്നിൽ ‘പോസ്’ ചെയ്തു തന്നിട്ടുള്ള മൃഗം. പല കാട്ടുപോത്തുകളെയും സൂക്ഷിച്ചു നോക്കിയാൽ ഒട്ടേറെ അതിജീവനങ്ങളുടെ അടയാളങ്ങൾ അവയുടെ പുറത്തു കാണാം. ചെന്നായ, കടുവ തുടങ്ങിയ വേട്ടക്കാരുടെ കയ്യിൽ നിന്ന് പലവട്ടം രക്ഷപ്പെട്ട് ആയുസ്സ് നീട്ടിയവരാകും ഇവർ. നോട്ടത്തിൽ ഒരു മയവും തോന്നാത്ത തനി കാടൻ ‘ലുക്ക്’ കേരളത്തിലെ വനങ്ങളിൽ വേറെ ഏതെങ്കിലും മൃഗത്തിനുണ്ടോ എന്നു സംശയമാണ്. കാട്ടപോത്തുകളുടെ ഒറ്റയ്ക്കും കൂട്ടമായിട്ടുമുള്ള ചിത്രങ്ങൾ ഒരുപാടുണ്ട് ശേഖരത്തിൽ.

national-wildlife-day-ratheesh-karthikeyan-kerala-wild-life-gaur

എന്നാൽ കാട്ടുപോത്തുകളെ കാണുമ്പോൾ ഓർമയിലെത്തുന്നത് ചിത്രം പകർത്താൻ സാധിക്കാതെ പോയ ഒരു സന്ദർഭമാണ്. വാൽപ്പാറയിൽനിന്നുള്ള മടക്കയാത്രയിലാണ് ആ രംഗം കണ്ടത്. നേരം അൽപം വൈകിയിരുന്നു. ഷോളയാർ ഡാമിനു മുകളിൽ വച്ചാണ് പുള്ളിപ്പുലി കാട്ടുപോത്തിന്റെ കുട്ടിയെ ആക്രമിച്ച് പിടിക്കുന്നത് കാണാനിടയായത്. എന്നാൽ പുള്ളിപ്പുലിയുടെ വേട്ട വിജയിച്ചില്ല. കാട്ടുപോത്തുകളുടെ കൂട്ടം അതിനെ വട്ടം ചുറ്റി കൊമ്പുകൊണ്ട് കുത്താൻ തുടങ്ങി. ഒരു രക്ഷയുമില്ലാതെ ആ മൃഗം ഇരയെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. ഏതൊരു കാനനസഞ്ചാരിയുടെയും സ്വപ്നദൃശ്യമായിരുന്നു ആ കാഴ്ച.

കാടിന്റെ വൈഡ് ആംഗിൾ

national-wildlife-day-ratheesh-karthikeyan-kerala-wild-life-king-cobra

വനം, വന്യജീവി ഫൊട്ടോഗ്രഫറുടെ ടെലിഫൊട്ടോലെൻസ് മാത്രമല്ല കാട്ടിലേക്കുള്ള സഞ്ചാരികളുടെ ചിന്തകളിൽ വേണ്ടത്. പ്രകൃതിസ്നേഹിയുടെ, പരിസ്ഥിതി സംരക്ഷകന്റെ വൈഡ് ആംഗിൾ ലെൻസിൽക്കൂടി കാണാൻ നമുക്ക് സാധിക്കണം. നമ്മുടെ സംസ്ഥാനത്തെ വനങ്ങളിൽ പലതിലും മൃഗങ്ങൾക്ക് യഥാർഥ വന്യത നഷ്ടമായിരിക്കുന്നു. അവർ മനുഷ്യരെ കണ്ടു പരിചയിച്ചിരിക്കുന്നു. ഒട്ടേറെ സ്ഥലങ്ങളിൽ കടവയും കാട്ടുനായ്ക്കളും വർധിച്ചിട്ട് മാനിനെപ്പോലുള്ള മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളുടെ സമീപത്തേക്ക് താമസം മാറ്റുന്നു. വനമേഖലയിൽ കടക്കുന്നതിന് ഇന്നത്തെപ്പോലെ നിയന്ത്രണങ്ങൾ വരും മുൻപ് അന്തരിച്ച ബൈജു കെ. വാസുദേവിനൊപ്പം അതിരപ്പിള്ളി കാട്ടിലെമ്പാടും സഞ്ചരിച്ചിരുന്നു. അങ്ങനെയൊരു യാത്രയിലാണ് കാട്ടിൽ ചത്ത് അഴുകി തുടങ്ങിയ മാനിന്റെ വയറ്റിൽ പ്ലാസ്റ്റിക് മാലിന്യം വലിയ കെട്ടായി കിടക്കുന്നത് കണ്ടത്. ആ ചിത്രം സമൂഹത്തിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും വനസംരക്ഷണത്തിന് പുതിയ നിയമങ്ങളുണ്ടാകാൻ വഴി തുറക്കുകയും ചെയ്തിരുന്നു.

national-wildlife-day-ratheesh-karthikeyan-kerala-wild-life-king-cobra1

ഇതുവരെയുള്ള കാനനയാത്രകളിലെ ഓർമിക്കത്തക്ക നിമിഷങ്ങൾ എണ്ണിയാൽ തീരില്ല. പലതും മനസ്സിന്റെയുള്ളിൽ പതിഞ്ഞതുപോലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയില്ല. എങ്കിലും ഇനിയും കാണാനുണ്ട് ഒട്ടേറെ കാഴ്ചകൾ, അറിയാനുണ്ട് പ്രകൃതിയുടെ നിനവുകൾ എന്ന തിരിച്ചറിവിലാണ് അടുത്ത ഒരു അവസരത്തിനായി കാത്തിരിക്കുന്നത്.