ഇന്ത്യയിലെ വിനോദസഞ്ചാരസാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതും ലക്ഷ്യമിട്ട് 2014 മാർച്ചിൽ ആരംഭിച്ച പദ്ധതിയാണ് സ്വദേശ് ദർശൻ. ആദ്യഘട്ടത്തിൽ അനുവദിച്ച 76 പദ്ധതികളിൽ 52 എണ്ണം പൂർത്തിയായതായി കേന്ദ്രസർക്കാർ അറിയിക്കുന്നു. 1,151 കോടി രൂപയാണ് പദ്ധതിയ്ക്കായി കേന്ദ്രം വകയിരുത്തുന്നത്.

പത്ത് സംസ്ഥാനങ്ങളിൽ നിന്നായി ആകെ 36 സ്ഥലങ്ങളെയാണ് രണ്ടാം ഘട്ട പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ നടപ്പിലാക്കും. ബേപ്പൂരിലെ ഉരു ടൂറിസം, ജലസാഹസിക ടൂറിസം കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ ഒരുക്കുകയെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനസാധ്യതകൾ സംസ്ഥാനടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സമഗ്ര ടൂറിസം കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്നത്. കൂടുതൽ സഞ്ചാരികള്‍ കേരളത്തിലേക്ക് ആകർഷിക്കാൻ ഇതുവഴി സാധ്യമാകും. സംസ്ഥാന സർക്കാറിന്റെ നിർദ്ദേശമനുസരിച്ച് കേരളത്തിലെ രണ്ട് ഡെസ്റ്റിനേഷനുകളെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതിന് കേന്ദ്രടൂറിസം മന്ത്രാലയത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹംപി, മൈസൂരു എന്നിവയാണ് കർണാടകയിൽ നിന്ന് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങൾ.