Saturday 26 November 2022 01:12 PM IST

മൺചുമരിന്റെ തണുപ്പ്, ആകാശം കാണുന്ന ശുചിമുറി, മുള മേൽക്കൂര – മഡ് ഹൗസ് വിശേഷങ്ങൾ

Baiju Govind

Sub Editor Manorama Traveller

1 - mud house

കാന്തല്ലൂരിനു സമീപം കോവിൽക്കടവിൽ നിന്നു ചാനൽമേട്ടിലേക്കു തിരിഞ്ഞതോടെ കാലം പുറകിലേക്കു സഞ്ചരിച്ച പോലെ. കോൺക്രീറ്റ് റോ‍ഡിന്റെയരികിൽ വലിയ ബോർഡുണ്ട് – ദി മഡ് ഹൗസ്. കരിങ്കല്ലു നിരത്തിയ മുറ്റത്ത് വാഹനങ്ങളുടെ നിര. പാർക്കിങ് ഏരിയയിൽ നിന്നു റിസപ്ഷനിലേക്കു നീളുന്ന കൽപടവിൽ ദീപക് കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാന്തല്ലൂരിലെ മലഞ്ചെരിവിൽ മൺവീടൊരുക്കിയ കണ്ണൂർ സ്വദേശിയാണ് ദീപക്. ഗോത്രജീവിതം ആസ്വദിക്കാൻ അതിഥികൾക്കു മൺവീട് തുറന്നു കൊടുത്തപ്പോൾ അതു പഴമയിലേക്കുള്ള മടക്കയാത്രയാകുമെന്നു ദീപക് കരുതിയിരുന്നില്ല. അറുപതു സെന്റ് മൂന്നേക്കറായി മാറിയതും മഡ് ഹൗസുകളുടെ എണ്ണം ഒന്നിൽ നിന്ന് നാലായതും ട്രീ ഹൗസ് നിർമിച്ചതും പിന്നീടുണ്ടായ മാറ്റങ്ങൾ.

മൺവീടിന്റെ മുറ്റത്തെ പുൽനാമ്പുകളിൽ മഴത്തുള്ളികൾ വെയിലേറ്റു തിളങ്ങി. തട്ടുകളായി തിരിച്ച പറമ്പിൽ മഞ്ഞയും ചുവപ്പുമായി പൂക്കൾ വിടർന്നിട്ടുണ്ട്. ചരൽക്കല്ലു നിരത്തിയ നടുത്തളത്തിൽ കസേരകൾ നിവർത്തിയിരിക്കുന്നു. അവിടെ നിന്നു കൽപടിയിലൂടെ മുകളിലോക്കു നടന്നാൽ ഏറുമാടത്തിന്റെ ചുവട്ടിലെത്താം.

2 - mud house

മഡ്ഹൗസിന്റെ പൂർണചിത്രം പകർത്താൻ ട്രീഹൗസിലേക്കു കയറി. മുള ഉപയോഗിച്ചാണ് ഏണി നിർമിച്ചിട്ടുള്ളത്. കയർ കെട്ടി കൈവരിയിൽ പിടിച്ച് ആദ്യത്തെ പടികൾ കയറിച്ചെന്നത് വിശ്രമ മുറിയിലാണ്. പരവതാനി വിരിച്ച് തലയിണ നിരത്തിയ വിസ്താരമുള്ള മേടയാണ് വിശ്രമ മുറി. സല്ലപിക്കാൻ തോന്നുംവിധം ആകർഷകമാണ് നിർമാണം. അവിടെ നിന്നു മുകളിലേക്കു നീളുന്ന ഗോവണി കിടപ്പു മുറിയിലേക്കാണ്. മുള ഉപയോഗിച്ചു ഡിസൈൻ ചെയ്ത മുറി, മേൽക്കൂരയും ഭിത്തിയും നിർമിച്ചിക്കാനും മുളയാണ് ഉപയോഗിച്ചിട്ടുള്ളത്. ക്വീൻ സൈസ് കിടക്കയിലിരുന്ന് ജനാലയിലൂടെ നോക്കിയാൽ കാന്തല്ലൂരിലെ മലനിരയിൽ മഞ്ഞു പുകയുന്നതു കാണാം.

മുളയും തടിയും ഇരുമ്പും ഉപയോഗിച്ചു ബലപ്പെടുത്തിയ പ്ലാറ്റ്ഫോമിലാണ് ട്രീഹൗസ് നിർമിച്ചിട്ടുള്ളത്. വടം കെട്ടിയ ഗോവണിയിലൂടെ വിശ്രമ മുറിയിലേക്ക് തിരിച്ചിറങ്ങിയപ്പോഴാണ് അതു മനസ്സിലായത്. വിശ്രമമുറിയിൽ നിന്നുള്ള വരാന്ത ശുചിമുറിയിലേക്കാണ്. തുറന്ന മേൽക്കൂര, പൂക്കൾ വിടർന്ന ചെടികൾ – ‘നേച്വർ ഫീൽ’ ആസ്വദിക്കാവുന്ന രീതിയിലാണ് ശുചിമുറി നിർമിച്ചിട്ടുള്ളത്.

ട്രീഹൗസ് കണ്ടിറങ്ങിയ ശേഷം മഡ് ഹൗസിലേക്കു നീങ്ങി. രണ്ടു വീടുകൾ രണ്ടു ദിക്കുകളിലേക്ക് അഭിമുഖമായാണു നിർമിച്ചിട്ടുള്ളത്. വൈക്കോൽ മേഞ്ഞ മേൽക്കൂരയുടെ വെള്ളയും ചുമരിന്റെ ചെമ്മൺ നിറവും ക്ലാസിക് ഭംഗി പകരുന്നു. ‘‘ഗെയിറ്റിന്റെ അടുത്തുള്ള വീടാണ് ആദ്യം നിർമിച്ചത്. അക്കാലത്ത് ഇവിടം കാടായിരുന്നു’’ പത്തു വർഷം മുൻപ് കാന്തല്ലൂരിൽ മഡ് ഹൗസ് നിർമിച്ചതിന്റെ കഥ ദീപക് പറഞ്ഞു തുടങ്ങി.

3 - mud house

അവധിക്കാലത്ത് കുടുംബത്തോടൊപ്പം താമസിക്കാനാണ് അറുപതു സെന്റ് സ്ഥലം വാങ്ങിയത്. ഗോത്രവാസത്തിന്റെ പൂർവകാലം ഓർമിപ്പിക്കുന്ന രീതിയിൽ മൺവീട് നിർമിക്കാനായിരുന്നു തീരുമാനം. എന്റെ അച്ഛൻ സുരേഷ് ബിസിനസുകാരനാണ്. അദ്ദേഹവും എന്റെ സഹോദരി രൂപയുടെ ഭർത്താവ് അജിത്തും ചേർന്ന് മൺവീട് നിർമിക്കാനുള്ള പദ്ധതി തയാറാക്കി. കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന അജിത്തിന്റെ പിന്തുണയോടെ രൂപയും എന്റെയമ്മ പുഷ്പയും ചേർന്നാണ് വീടിന്റെ ഡിസൈൻ തയാറാക്കിയത്. എന്റെ ഭാര്യ സുനിത ഓസ്ട്രേലിയയിൽ നിന്നു ലൈവായി കൂടെ നിന്നു. അമ്മാവൻ ദിനേശും അദ്ദേഹത്തിന്റെ ഭാര്യ സീനയും പങ്കാളികളായതോടെ നിർമാണം ആരംഭിച്ചു.

5 - mud house

മൺവീട് നിർമാണത്തിൽ വിദഗ്ധരായ ജോലിക്കാരെ കാന്തല്ലൂരിൽ കണ്ടെത്തി. അവരുടെ നിർദേശ പ്രകാരം മുള വാങ്ങി. മുള രണ്ടായി പിളർത്തി അതിനുള്ളിൽ മണ്ണു നിറച്ചാണ് ഭിത്തി നിർമിച്ചത്. കമുകിന്റെ തടി മുറിച്ച് മേൽക്കൂര കെട്ടി. അതിനു മുകളിൽ ഓലയും വൈക്കോലും മേഞ്ഞു. പൂമുഖം, സ്വീകരണ മുറി, കിടപ്പുമുറി, ശുചിമുറി എന്നിവ ഈ രീതിയിൽ നിർമിച്ചു. ശുചിമുറിക്ക് ‘ഓപ്പൺ റൂഫ് ടോപ്പ്’ വേണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. ശുചിമുറിയുടെ ഭിത്തിക്ക് കല്ല് ഉപയോഗിച്ചു. പന്ത്രണ്ട് അടി ഉയരമുള്ള ഭിത്തി വൃത്താകൃതിയിലാണ്.

4 - mud house

‘‘മേയ് ഒഴികെയുള്ള മാസങ്ങളിൽ മഡ് ഹൗസിൽ ഉറങ്ങാൻ ഫാൻ വേണ്ട. മൺചുമരിന്റെയും വൈക്കോലിന്റെയും തണുപ്പ് ആസ്വാദ്യകരമാണ്. ജനലുകളുടെ വലുപ്പത്തിൽ സ്ഥാപിച്ച തെളിഞ്ഞ ചില്ലിലൂടെ പ്രകൃതിഭംഗി കാണാം. വയറിങ് സാധനങ്ങളിൽ പഴമ പിൻതുടർന്നതിനാൽ മുറികൾക്ക് ക്ലാസിക് കാലഘട്ടത്തിന്റെ മനോഹാരിതയുണ്ട് ’’ മാനേജർ അമ്പിളി ചൂണ്ടിക്കാട്ടി.