ADVERTISEMENT

വർഷങ്ങൾക്കു മുമ്പ് റെയിൽവേയിലെ കീമാൻ ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്ത് തന്റെ അച്ഛനു സംഭവിച്ച അപകടം റിനേഷ് കള്ളിയാട്ടിന്റെ മനസ്സിലേക്ക് ആ നിമിഷം ഓടിയെത്തി. അന്ന് ഓടുന്ന ട്രെയ്നിൽ നിന്ന് ആരോ ഒരാൾ വലിച്ചെറിഞ്ഞ മദ്യക്കുപ്പി തകർത്തത് റിനേഷിന്റെ അച്ഛന്റെ കാൽമുട്ടായിരുന്നു. ഇന്നലെ രാത്രി ഡ്യൂട്ടിക്കിടയിൽ റിനേഷിനും സമാനമായ അനുഭവത്തിലൂടെ കടന്നു പോയി. ഇന്നലെ രാത്രിയിൽ 16337 ഓഖ എക്സ്പ്രസ്സിൽ നിന്ന് ഏതോ യാത്രികൻ വലിച്ചെറിഞ്ഞ മദ്യക്കുപ്പി തൊട്ടടുത്ത ഇരുമ്പുതൂണിൽ തട്ടി ചിതറിയതു കൊണ്ട് കാര്യമായ പരിക്ക് ഇല്ലാതെ റിനഷ് രക്ഷപെട്ടു.

ഓടുന്ന ട്രെയ്നിൽ നിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുവിന് ഒരു ബുള്ളറ്റു പോലെ പ്രഹരശേഷിയുള്ളതാണെന്ന് റിനേഷ് തന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു. അതു നിസ്സാരം ഭക്ഷണാവശിഷ്ടമായാൽ പോലും പുറത്തേയ്ക്ക് എറിയുന്ന ആൾ കരുതുന്നതിവ‍ലും വലിയ വിപത്താവാം ആ പ്രവൃത്തിയുടെ ഫലം. തമാശയ്ക്കോ, ഹീറോയിസം കാണിക്കാനോ, അലക്ഷ്യമായോ ഓടുന്ന വാഹനത്തിൽ നിന്ന് സാധനങ്ങൾ പുറത്തേയ്ക്ക് എറിയുമ്പോൾ അതു തകർത്തു കളയുന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ പോലുമാകാം.... റിനേഷിന്റെ കുറിപ്പ് വായിക്കാം...

train-throwing-bottle-from-running-train-rinesh
റിനേഷ്, പൊട്ടിയ കുപ്പി; Photo courtesy: Facebook Rinesh Kalliat
ADVERTISEMENT

ഇന്നലെ നൈറ്റ് ഡ്യൂട്ടിക്കിടയിൽ 16337 ഓഖ എക്സ്പ്രസ്സിൽ നിന്ന് ഏതോ ഒരു മാന്യൻ

വലിച്ചെറിഞ്ഞ് എന്റെ ദേഹത്ത് വന്നു പതിച്ച ബിയർ കുപ്പിയുടെ കഷ്ണങ്ങളാണിത്. തൊട്ടു സമീപത്തുള്ള ഇരുമ്പു തൂണിൽ ഇടിച്ച് പൊട്ടിയതിന് ശേഷം തെറിച്ചതിനാൽ എനിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. ഇല്ലെങ്കിൽ അവസ്ഥ മറ്റൊന്നായേനെ...

ADVERTISEMENT

വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ കീമാൻ ഡ്യൂട്ടിക്കിടയിൽ ട്രെയിനിൽ നിന്ന് ഏതോ ഒരുത്തൻ വലിച്ചെറിഞ്ഞ മദ്യക്കുപ്പി കാൽമുട്ടു തകർത്ത് മാസങ്ങളോളം വീൽ ചെയറിൽ കഴിയേണ്ടിവന്ന ദുരവസ്ഥ എന്റെ അച്ഛനും ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: നിങ്ങൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്ന ഓരോ വസ്തുക്കളും വെടിയുണ്ടയേക്കാൾ വേഗത്തിലാണ് താഴേക്കു പതിക്കുന്നത്. അവിടെ ഞങ്ങളെപ്പോലെ അനേകം സാധാരണക്കാരായ തൊഴിലാളികൾ, (മനുഷ്യജീവനുകൾ ) ജോലി ചെയ്യുന്നുണ്ട്. കാറ്റും മഴയുമുള്ള ദിവസങ്ങളിൽ നിങ്ങൾ യാത്രക്കാർ സുഖമായി ഉറങ്ങുമ്പോൾ നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായ് ഒരു ടോർച്ചു വെട്ടത്തിൽ അപകടങ്ങൾ പതിയിരിക്കുന്ന പാളങ്ങളിലൂടെ കിലോമീറ്റുകൾ നടന്ന് സംരക്ഷണം തീർക്കുന്നവർ. കൂടാതെ മറ്റു സുരക്ഷാ ജോലികൾ, അറ്റകുറ്റപ്പണികൾ ചെയ്യുന്നവർ...' നിങ്ങൾ ഭക്ഷണ അവശിഷ്ടങ്ങൾ പോലും പുറത്തേക്ക് വലിച്ചെറിയുമ്പോൾ ഒരു നിമിഷം ചിന്തിക്കുക. നിങ്ങളുടെ ഈ ഒരു ചെറിയ വിനോദം ചിലപ്പോൾ ഒരു കുടുംബത്തിന്റെ തീരാ ദുഃഖമായി തീർന്നേക്കാം...

ADVERTISEMENT
ADVERTISEMENT