Thursday 27 April 2023 03:41 PM IST : By സ്വന്തം ലേഖകൻ

മുതിർന്ന പൗരൻമാർക്കും സഞ്ചരിക്കാം ചെറുപ്പക്കാരെപ്പോലെ

seniors1

സഞ്ചാരം സുഖകരമാക്കുന്നതിന് എളുപ്പവഴികളും സൂത്രവിദ്യകളും ഇഷ്ടപ്പെടാത്തവർ കാണില്ല. അതിനായി ആധുനിക സാങ്കേതിക വിദ്യകളെ ചടുലമായും ഫലപ്രദമായും ഉപയോഗിക്കുന്ന ചെറുപ്പക്കാരെ കണ്ടിട്ടുണ്ടാകും. മറ്റു തലമുറക്കാരെ അപേക്ഷിച്ച് മില്ലേനിയൽസ് അഥവാ രണ്ടായിരാമാണ്ടിന് ശേഷം ജനിച്ചവർ അതിൽ സമർഥരാണ്. വഴി കണ്ടെത്താൻ, താമസ സ്ഥലം തെരഞ്ഞെടുക്കാൻ എന്നു വേണ്ട പോകേണ്ട സ്ഥലം നിർദേശിക്കാൻ പോലും അവർ ആപ്പുകൾ ഉപയോഗിക്കുന്നു. വിനോദസഞ്ചാരത്തെ കച്ചവടക്കണ്ണുകളോടെ കാണുന്ന ഒന്നിനെയും ആശ്രയിക്കാതെ ഇഷ്ടമുള്ള ഡെസ്റ്റിനേഷനിൽ സുഖകരമായി പോകാനും കാണാനും അവർക്ക് അറിയാം. ഏതു സ്ഥലത്തു ചെന്നാലും പ്രദേശവാസികളുടെ ഇഷ്ടാനിഷ്ടങ്ങളും തനിമയും വളരെ വേഗം തിരിച്ചറിഞ്ഞ് പെരുമാറാനും ഇവർക്ക് സാധിക്കുന്നു. അദ്ഭുതം തോന്നിയിട്ടില്ലേ? അവരെപ്പോലെ ആകണമെന്നു തോന്നിയിട്ടില്ലേ?

ആ സൗകര്യങ്ങളൊക്കെ ഉപയോഗപ്പെടുത്താൻ ഇരുപതു വയസ്സുകാർക്കു മാത്രമേ പറ്റുകയുള്ളോ. മുതിർന്ന പൗരൻമാർക്ക്, അവയെല്ലാം സൗകര്യമായി തോന്നില്ലെങ്കിലും ചിലതൊക്കെ പ്രയോജനപ്പെടുത്താം. അതൊക്കെ പ്രയോജനപ്പെടുത്താൻ മടിക്കുന്നതെന്താണ്?

മില്ലേനിയൽസിനൊപ്പം മുതിർന്നവർക്കും പ്രയോജനപ്പെടുത്താവുന്ന ചില ട്രാവൽ ട്രെൻഡ്സ് ഇതാ, ചെലവു കുറയ്ക്കുന്നതു മുതൽ സാങ്കേതികമായ എളുപ്പവഴികൾ വരെ ഇക്കൂട്ടത്തിലുണ്ട്.

ഒഴിവ് സമയം കൂടുതൽ

മുതിർന്ന പൗരൻമാർക്ക് കൗമാരക്കാരുമായി പൊതുവായിട്ടുള്ളതെന്താണെന്നാകും ചിന്തിക്കുന്നത്. ഉത്തരം ലളിതമാണ്, മറ്റാരേക്കാളും ഒഴിവു സമയം കൂടുതലുള്ളത് മുതിർന്ന പൗരൻമാർക്ക് തന്നെ. മില്ലേനിയൽസ് ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നവരോ വർക് ഫ്രം ഹോം രീതി പിൻതുടരുന്നവരോ വിദ്യാർഥികളായ കുട്ടികള്‍ ഇല്ലാത്തവരോ ഒക്കെ ആയിരിക്കും. ജോലിയിൽ നിന്നു വിരമിച്ചവർക്കും സമാനമായ ഗുണങ്ങളുണ്ട്.

seniors2

മുതിർന്ന പൗരൻമാർ യാത്ര ആസൂത്രണം ചെയ്യുമ്പോൾ സമയത്തിന്റെ കാര്യത്തില്‍ തങ്ങൾക്കുള്ള മുൻതൂക്കം ഫലപ്രദമായി ഉപയോഗിക്കാം. പ്രത്യേകിച്ചും നിശ്ചിത തീയതികളിൽ പോയിവരണമെന്ന് നിർബന്ധമില്ലെങ്കിൽ. വിമാനടിക്കറ്റ് നിരക്കുകളുടെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ച് ടിക്കറ്റെടുക്കാം. സമയമുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം മുൻപേ പുറപ്പെടാനും ഇഷ്ട സ്ഥലത്ത് കൂടുതൽ ദിവസം താമസിക്കാനും പറ്റും.

വാരാന്ത്യങ്ങൾ ഒഴിവാക്കാം

ജോലി, കുടുംബ പ്രാരാബ്ധങ്ങൾ ഇല്ലാത്തവർ ആൾക്കൂട്ടത്തിനൊപ്പം തന്നെ സഞ്ചരിക്കുന്നതെന്തിനാണ്? ജോലിക്കാർ അധികവും വാരാന്ത്യങ്ങളും അവധി ദിനങ്ങളും നോക്കിയാവും വിനോദയാത്ര നടത്തുക. മുതിർന്ന പൗരൻമാർക്ക് വെള്ളി മുതൽ ഞായർ വരെയുള്ള ദിനങ്ങളൊഴിവാക്കി സഞ്ചരിക്കാം. അത് കൂടുതൽ സാധ്യതകൾ തുറന്നേക്കാം, ഇടങ്ങൾ വിശാലമാകും, മികച്ച ഓഫറുകൾ ലഭിക്കാം അങ്ങനെ സഞ്ചാരവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നേട്ടമുണ്ടാകും. വാരാന്ത്യത്തിൽ മാത്രമേ യാത്ര ചെയ്യാൻ പറ്റൂ എന്നാണെങ്കിൽ, ഡെസ്റ്റിനേഷനിലെ സാമ്പത്തിക കേന്ദ്രങ്ങൾ താമസത്തിനായി തിരഞ്ഞെടുക്കുക. അവിടെ ബിസിനസ്സുകാരായ സഞ്ചാരികൾ താമസിക്കുന്ന ഹോട്ടലുകളിൽ ഈ ദിവസങ്ങളിൽ ഒഴിവുണ്ടാകും, നിരക്കും കുറവായിരിക്കും. പൊതുഗതാഗത സൗകര്യം സുലഭമായിട്ടുള്ള ഇടമായിരിക്കും, ഡിസ്കൗണ്ട് നിരക്കിൽ താമസിക്കാനും പറ്റും.

seniors3

യാത്രകൾ ഓഫ് സീസണിൽ ആക്കാം

എല്ലാവരും സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് വിശ്രമിക്കാം, ചെറുപ്പക്കാർ ജോലിക്കു പോകുമ്പോൾ മുതിർന്ന പൗരൻമാർക്ക് യാത്രയ്ക്ക് ഇറങ്ങാം. തിരക്ക് ഒഴിവാക്കാൻ മാത്രമല്ല, ചെലവു കുറയ്ക്കാനും ഓഫ് സീസൺ അനുയോജ്യമാണ്. വിനോദ സഞ്ചാരികളുടെ ബഹളമില്ലാത്ത കാഴ്ചകളും ഇടങ്ങളും ജനപ്രിയ ഡെസ്റ്റിനേഷനുകളുടെ മറ്റൊരു വശമാണ് കാട്ടിത്തരുന്നത്. എന്നാൽ വ്യക്തമായ പദ്ധതിയോടെ ആണെങ്കിൽ സീസൺ അവസാനിക്കുന്നതിന് ഒരാഴ്ച അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ മുൻപ് പോകാം. എങ്കിൽ ആ സ്ഥലത്തെ സവിശേഷമാക്കുന്നത് എന്തൊക്കെയാണെന്ന് അറിയുകയും ചെയ്യാം, നന്നായി പണം ലാഭിക്കുകയും ചെ‌യ്യാം.

സ്വയം വഴികാട്ടിയാകാം

പുതിയ ഡെസ്റ്റിനേഷനുകളെപ്പറ്റിയും അവിടത്തെ അനുഭവങ്ങളെപ്പറ്റിയും എഴുതുകയും പറയുകയും ചെയ്യുന്ന സഞ്ചാരികൾക്കും ബ്ലോഗർമാർക്കും ഒരു പഞ്ഞവുമില്ല, ചിലർ മുതിർന്ന പൗരൻമാർക്കായി പ്രത്യേകം സൂചനകൾ നൽകുന്നവരുമുണ്ട്. അവരുടെ വിശദീകരണങ്ങൾക്കൊപ്പം അഭിപ്രായം രേഖപ്പെടുത്തിയവരെക്കൂടി വായിക്കുക, അതിൽ ഏറ്റവും പുതിയത് പ്രത്യേകം ശ്രദ്ധിക്കുക. ഓരോ ഡെസ്റ്റിനേഷനെക്കുറിച്ചുള്ള പേജുകളിലും നമുക്ക് പ്രയോജനപ്പെടുന്ന ഒന്നാന്തരം ടിപ്സ് ഒട്ടേറെയുണ്ടാകും. അവയൊക്കെ വായിച്ചു വിശകലനം ചെയ്താൽ നമുക്ക് വ്യക്തമായ പദ്ധതിയോടെ ഡെസ്റ്റിനേഷനിൽ ചെന്നിറങ്ങാം.

സഹായത്തിന് ഡിജിറ്റൽ ലോകം

ഡിജിറ്റൽ ലോകത്തെ വിശാലമായ സമൂഹത്തിനോട് ഉപദേശം തേടുന്നതിൽ മടി വേണ്ട. നിങ്ങളുടെ അതേ ചോദ്യങ്ങളും ആശങ്കകളുമായി ഒട്ടേറെ പേർ അവിടെയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

seniors4

ഏതെങ്കിലും ഓൺലൈൻ ഫോറും ഒന്ന് സന്ദർശിച്ചാൽ മതിയാകും, ചിലപ്പോൾ കൃത്യമായ ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു ചോദ്യം പോസ്റ്റ് ചെയ്താൽ നിങ്ങൾക്ക് സഹായകമാകുന്ന ഉത്തരങ്ങളുടെ കൂമ്പാരം മറുപടിയായി ലഭിക്കും. അതുപോലെ തന്നെ നിങ്ങളുടെ അനുഭവങ്ങൾ വച്ച് ഓൺലൈൻ സുഹൃത്തുക്കളെ അവരുടെ യാത്രകൾക്ക് സഹായിക്കുക, അത് യാത്രകളുടെ ലോകം വിശാലമാക്കാൻ നിങ്ങളെ സഹായിക്കും.

ആപ്പുകൾ ഉപയോഗിക്കാം

ടാക്സി സേവനങ്ങൾക്ക് ഊബർ പോലുള്ള ആപ്പുകളും റസ്റ്ററന്റ് റിവ്യു ആപ്പുകളുമൊക്കെ ഇപ്പോൾ എല്ലായിടത്തുമുണ്ട്. നിങ്ങൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ പ്രചാരത്തിലുള്ള ആപ്പുകൾ ഏതൊക്കെയാണെന്ന് അറിയാൻ ശ്രമിക്കുക. അവ നിങ്ങളുടെ പണം ലാഭിക്കുക മാത്രമല്ല, പല ആശങ്കകളും അകറ്റും.

വിവരങ്ങൾക്ക് കടപ്പാട് ഫെയർപോർടൽ

Tags:
  • Manorama Traveller
  • Travel Destinations
  • Travel Photos
  • Travel Stories