Friday 22 December 2023 01:55 PM IST : By സ്വന്തം ലേഖകൻ

യുനെസ്കോയുടെ പൈതൃക സംരക്ഷണ പുരസ്കാരം കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിന്

karnikara mandapam1 Photos : Sudheesh Namboodiri

കോഴിക്കോട് ജില്ലയിലെ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ സവിശേഷമായ കർണികാര മണ്ഡപത്തിന് യുനെസ്കോയുടെ പൈതൃക സംരക്ഷണ പുരസ്കാരം. 16 ദളങ്ങളുള്ള വിടർന്ന താമരപ്പൂവിനോട് സാദൃശ്യമുള്ള മണ്ഡപം ഹോങ്‌കോങ്ങിലെ ഫാൻലിങ് ഗോൾഫ് കോഴ്സിനും ചൈനീസ് നഗരം യാങ്ഷുവിലെ ഡോങ്‌ഗുവാൻ ഗാർഡൻ റെസിഡൻസിനുമൊപ്പമാണ് അവാർഡ് ഓഫ് ഡിസ്‌റ്റിങ്ഷൻ പങ്കുവെച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ നാലമ്പലത്തിനകത്ത് ശ്രീകോവിലിനു മുൻപിൽ നമസ്കാര മണ്ഡപം പതിവുണ്ട്. ഇവിടെ നാലമ്പത്തിനകത്ത്, ശ്രീകോവിലിനു മുൻപിലും ആണെങ്കിലും കർണികാര മണ്ഡപത്തിന്റെ സ്ഥാനം നേരേ മുൻപിലല്ല, അൽപം വേറിട്ട് നിൽക്കുന്നു. കൂടാതെ തൂണുകളുടെ എണ്ണം കൊണ്ടും മണ്ഡപത്തിന്റെ തറയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചതുരംഗക്കളത്താലുമൊക്കെ ശ്രദ്ധേയവുമാണ് ഇത്.

karnikara mandapamchaturangakalam കർണികാര മണ്ഡപത്തിൽ ചതുരംഗ കളം രേഖപ്പെടുത്തിയിരിക്കുന്ന ഇടം

ഏഷ്യ, പസഫിക് മേഖലയിലെ സാംസ്കാരിക, പൈതൃക സമ്പത്തുകളുടെ സംരക്ഷണത്തിനും അവയെപ്പറ്റിയുള്ള അവബോധം വളർ‌ത്താനുമായി 2020 മുതൽ യുനെസ്കോ നടപ്പിലാക്കിയതാണ് പൈതൃക അവാർഡ് അഥവാ ഏഷ്യ പസഫിക് അവാർഡ്സ് ഫോർ കൾചറൽ ഹെറിറ്റേജ്. പഞ്ചാബിൽ മഹാരാജ രഞ്ജിത്‌സിങ്ങിന്റെ കാലത്ത് നിർമിച്ച രാംബാഗ് ഗേറ്റ് എന്ന കോട്ടവാതിലിനെ രണ്ട് നൂറ്റാണ്ട് മുൻപുണ്ടായിരുന്ന പ്രൗഢിയിലേക്കും പ്രതാപത്തിലേക്കു പുനസ്ഥാപിച്ച രാംബാഗ് ഗേറ്റ് ആണ് പൈതൃക പുരസ്കാരങ്ങളിൽ ഏറ്റവും ഉയർന്ന അവാർഡ് ഓഫ് എക്സലൻസ് 2023ന് അർഹമായത്. ഏതാണ്ട് ഇരുപത് വർഷം നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് ജനപങ്കാളിത്തം ഉറപ്പാക്കി സർഗാത്മകമായ രീതിയിൽ പൗരാണിക പാരമ്പര്യം അവിടെ പുനരാവിഷ്കരിച്ചതും സംരക്ഷിക്കുന്നതും. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 12 നോമിനേഷനുകൾ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്.

ഗവേഷകനും ഗ്രന്ഥകാരനുമായ സുധീഷ് നമ്പൂതിരി തന്റെ ദേശദേവത കൂടിയായ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിന്റെയും കർണികാര മണ്ഡപത്തിന്റെയും പ്രത്യേകതകൾ ഇങ്ങനെ പങ്കുവെയ്ക്കുന്നു...

‘‘കോഴിക്കോട്‌ ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്തിലെ കരുവണ്ണൂരിൽ സ്ഥിതിചെയ്യുന്ന കുന്ദമംഗലം ഭഗവതിക്ഷേത്രത്തിലെ ശ്രീകോവിലും മണ്ഡപവും വളരെയധികം പ്രത്യേകതകളുള്ളതാണു. ദീർഘചതുരാകൃതിയിലുള്ള ശ്രീകോവിലിൽ ദാരുകജിത്തായ ഭദ്രകാളിയാണു പ്രതിഷ്ഠ. ബഹുവേരസമ്പ്രദായത്തിലാണ് ഇത്. ജ്യാമിതീയമായും, ഗൂഢസമ്പ്രദായചര്യാപരമായും വേറെയും ധാരാളം പ്രത്യേകതകൾ ആ ശ്രീകോവിലിനുണ്ട്‌. കിഴക്കു ഭാഗത്തേയ്ക്കാണ് ഇതിന്റെ പ്രണാളം (ഓവ് ) എന്നത് അതിലൊന്ന് മാത്രം.

kundamkulam temple കുന്ദമംഗലം ഭഗവതിക്ഷേത്രത്തിലെ ശ്രീകോവിൽ അതിന്റെ പ്രണാളം

സാധാരണക്ഷേത്രങ്ങളിലെ നമസ്കാരമണ്ഡപം എപ്രകാരമായിരിയ്ക്കുന്നുവോ ;അപ്രകാരമല്ല ഇവിടുത്തെ മണ്ഡപം. 16 തൂണുകളുള്ള ഈ മണ്ഡപം 'കർണ്ണികാരം' എന്ന വിഭാഗത്തിൽപ്പെട്ടതാണ്. 16 അക്ഷരമുള്ള അതിവിശിഷ്ടമായ ഒരു മന്ത്രത്തിന്റെ സങ്കൽപ്പമാണ് ഈ ഷോഡശസ്തംഭങ്ങൾ പ്രതിനിധാനം ചെയ്യുന്നത്‌. ഷോഡശദലമായ ഒരു പത്മം എപ്രകാരമാണോ വിടർന്നു നിൽക്കുന്നത്‌, ആ പത്മത്തിന്റെ കർണ്ണികാരബിന്ദുവിലാണു അതിന്റെ ചൈതന്യകേന്ദ്രം എന്ന് മനസ്സിലാക്കുമ്പോൾ ഇതിന്റെ മധ്യഭാഗത്തുള്ള പാട്ടുമണ്ഡപത്തിന്റെ (കളമെഴുത്തും തോറ്റം പാട്ടും ) പ്രാധാന്യം മനസ്സിലാക്കാം.പഞ്ചവർണ്ണപ്പൊടികളാൽ കളമെഴുതി സ്തുതിയ്ക്കുന്ന സമ്പ്രദായം ഉടലെടുത്തത്‌ ഭദ്രകാളീപ്രസാദ സിദ്ധ്യർത്ഥമാണെന്ന് മാർക്കാണ്ഡേയപുരാണത്തിൽ പറയുന്നുണ്ട്‌.

kundamkulam temple karnikara mandapam കർണികാര മണ്ഡപത്തിന്റെ മേൽത്തട്ട്

ഈ മണ്ഡപത്തിന്റെ മേടം രാശിയിൽ മണ്ഡപത്തിൽ പാകിയ കല്ലുകളിലൊന്നിൽ 64 കള്ളികളുള്ളൊരു ചതുരം കാണാം ചതുരംഗക്കളത്തിന്റെ ഘടനയാണിതിനുള്ളത്‌. ഒരു ക്ഷേത്ര സങ്കേതത്തിൽ; അതും ശ്രീകോവിലിനു നേരെ മുൻപിൽ ഇതിന്റെ സാംഗത്യം വ്യക്തമായിട്ടില്ല. അറുപത്തിനാല് കലകളുടെയും അധിപതിയാണ് കാലസംങ്കർഷിണിയായ ഭദ്ര എന്നതും, 'ചതുരംഗബലേശ്വരി..' എന്ന് ലളിതാ സഹസ്രനാമത്തിൽ ജഗദംബികയെ സംബോധന ചെയ്യുന്നതും സ്മരണീയമാണ്. കൂടുതൽ അന്വേഷണങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണ്.

karnikara mandapamchaturanga kalam കർണികാര മണ്ഡപവും ചതുരംഗ കളവും

ഇന്നത്തെ ചെസ്സിന്റെ മൂലരൂപമായ ചതുരംഗം ഉടലെടുത്തത്‌ ഭാരതത്തിലാണെന്നതിനു വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടുണ്ട്‌. കേരളത്തിന്റെ ചതുരംഗപാരമ്പര്യം കേവലം വിനോദത്തിലൊതുങ്ങുന്നില്ല. ചെറുശ്ശേരിയുടെ കൃഷ്ണപ്പാട്ടും അമ്പലപ്പുഴ പാൽപ്പായസവുമുൾപ്പെടുന്ന സാഹിത്യ, സാംസ്കാരിക രൂപകങ്ങൾ ചതുരംഗത്തിന്റെ നാനാവിധ പരിപ്രേക്ഷ്യങ്ങളിൽപ്പെട്ടതാണ് എന്നതും ഇതോടൊപ്പം ഓർക്കാം.’’

തകർന്ന നിലയിലായിരുന്ന കർണികാര മണ്ഡപം പരമ്പരാഗതമായ സങ്കേതങ്ങൾ ഉപയോഗിച്ച് പുനസ്ഥാപിച്ചത് സമീപകാലത്താണ്. ടീം ഈഴ എന്ന ആർക്കിടെക്റ്റ് സംഘവും പഴമയുടെ മേൻമയുള്ള നിർമാണശൈലികളും ഇതിനായി ഒരുമിച്ചു. പ്രാദേശിക തൊഴിലാളികളും സാങ്കേതികവിദ്യകളും കൂടിച്ചേർന്ന് മണ്ഡപത്തിന്റെ അധിഷ്ഠാനം മുതൽ മേൽക്കൂര വരെ നവീകരിച്ചു. ദാരുനിർമിതമായ ഭാഗങ്ങൾ പുതുക്കാൻ വേങ്ങയുടെ പലകകൾ, അതിന്റെ സംരക്ഷണത്തിന് 32 ഔഷധങ്ങളും അഞ്ച് എണ്ണകളും ചേർത്ത ആയൂർവേദ കഷായം തുടങ്ങിയ പമക്കാരുടെ സാങ്കേതിക വിദ്യകൾ കണ്ടെത്തി ഉപയോഗിക്കാനും മറന്നില്ല.

Tags:
  • Travel Photos
  • Manorama Traveller
  • Kerala Travel