സവിശേഷമായ നിർമാണ ശൈലിക്കും സൂക്ഷ്മമായ കൊത്തുപണികൾക്കും പ്രശസ്തമായ ഹൊയ്സാല ക്ഷേത്രങ്ങൾ ഇനി ലോക പൈതൃകം. കർണാടകയിൽ മൈസൂരിനു സമീപമുള്ള ബേലൂരു, ഹാലേബീഡു, സോമനാഥപുര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളാണ് സേക്രഡ് എൻസംബിൾസ് ഓഫ് ഹൊയ്സാല എന്ന തലക്കെട്ടിൽ ഇന്ത്യയിലെ 42ാമത് ലോകപൈതൃക കേന്ദ്രമായി മാറിയത്. സൗദി അറേബ്യയിലെ റിയാദിൽ കൂടിയ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നാൽപത്തി അഞ്ചാമത് സെഷനിലാണ് ഈ പ്രഖ്യാപനമുണ്ടായത്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ദർശനങ്ങളുടെ സാക്ഷാത്കാരമായ കൊൽക്കത്തയിലെ ശാന്തിനികേതൻ ഇതേ സെഷന്റെ ആദ്യ ദിവസം ലോകപൈതൃകമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
11ാം നൂറ്റാണ്ടിനും 14ാം നൂറ്റാണ്ടിനും ഇടയിൽ കർണാടകത്തിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും ആന്ധ്രാപ്രദേശിന്റെയും തമിഴ്നാടിന്റെയും തെലങ്കാനയുടെയും ഒഡീഷയുടെയും ചിലഭാഗങ്ങളും അടക്കം വിശാലമായൊരു മേഖലയുടെ ഭരണാധികാരികളായിരുന്നു ഹൊയ്സാലർ. വിജയനഗര സാമ്രാജ്യത്തിന്റെ വളർച്ചയോടെ തളർന്നുപോയ ഹൊയ്സാല ഇന്നു പ്രശസ്തമായി നില്ക്കുന്നത് ഗംഭീരമായ ശിൽപകലയുടെ പേരിലാണ്. ബേലൂരു ചെന്നകേശവക്ഷേത്രവും ഹാലേബിഡു കേദാരേശ്വരക്ഷേത്രവും സോമനാഥപുര ചെന്നകേശവ സ്വാമി ക്ഷേത്രവും ഈ ശിൽപകലാ പ്രാഗത്ഭ്യത്തിന്റെ സാക്ഷ്യങ്ങളായി ഇന്നും നിലനിൽക്കുന്നു.

മൈസൂരു നിന്ന് 170 കിലോമീറ്റർ മാറിയുള്ള ബേലൂരു അഥലാ വേലാപുരം ഹൊയ്സാലയുടെ ആദ്യ തലസ്ഥാനമായിരുന്നു. ഹൊയ്സാല രാജവംശത്തിലെ വിഷ്ണുവർധന ഒന്നാമൻ 1117ൽ നിർമിച്ചതാണ് ചെന്നകേശവക്ഷേത്രം. ഗോപുരം കടന്നാൽ മതിൽക്കെട്ടിനോട് ചേർന്ന് മനോഹരമായ ക്ഷേത്രക്കുളം, വാസുദേവ സരോവരം, 32 അടി ഉയരമുള്ള ഒറ്റക്കൽ ദീപസ്തംഭം, ഉയ്യാലമണ്ഡപം എന്നിവ കാണാം.
മൃദുവായ കരിങ്കല്ലാണ് (സോപ്സ്‌റ്റോൺ) ക്ഷേത്ര നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സൂക്ഷ്മമായ കൊത്തുപണി സാധ്യമായതും അതിനാലാണ്. കരിങ്കല്ലുകൊണ്ട് നക്ഷത്രാകൃതിയിൽ കെട്ടിയ അധിഷ്ഠാനത്തിൻമേലാണ് മന്ദിരം സ്ഥിതിചെയ്യുന്നത്, ഹൊയ്സാല രാജവംശത്തിന്റെ ചിഹ്നമായ മകരമൃഗത്തെ വേട്ടയാടുന്ന ബാലന്റെ ശില്പം കടന്നുവേണം മന്ദിരത്തിലേക്ക് കയറാൻ. ക്ഷേത്രഭിത്തി ഒരിഞ്ചുപോലും വെറുതെയിടാതെ കൊത്തുപണികളാൽ സമ്പന്നമാണ്.

ക്ഷേത്രം നക്ഷത്രാകൃതിയിലുള്ള ഒരു കരിങ്കൽകെട്ടിലാണ് നിൽക്കുന്നത്. ഗർഭഗൃഹവും മണ്ഡപവും മൂന്നു ദിക്കുകളിലേക്കും ഗംഭീരൻ വാതിലുകളോടുകൂടിയ അന്തരാളവുമടങ്ങുന്ന ഒരു ഘടനയാണ് ക്ഷേത്രത്തിന്.

അധിഷ്ഠാനത്തിനു മുകളിൽ പല പല പടലങ്ങളായി വിവിധ ഡിസൈനുകൾ പടർന്നു കയറുന്നു, ഏറ്റവും താഴെ ആനകളുടെ ഘോഷയാത്ര. ഒന്നിനു പിറകെ ഒന്നായി പല പോസിലുള്ള ആനകൾ. ചില മൂലകളിൽ ആനകൾ മുഖാമുഖം വരുന്നതും കാണാം. അതിനുമുകളിൽ കുതിരയും ശരഭവും മയിലും മകരമൃഗവും ഒക്കെയായി പല പല ഡിസൈനുകൾ. ഭിത്തിയുടെ മധ്യഭാഗത്താണ് പൂർണകായ ശിൽപങ്ങൾ. ഇതിൽ വിവിധ വലിപ്പമുള്ള ദേവതകളും മനുഷ്യരും ഋഷിരൂപങ്ങളും കാണാം.
ഹൊയ്സാലക്ഷേത്രങ്ങളിലെ ശിൽപങ്ങളിൽ കാണപ്പെടുന്ന രൂപങ്ങളുടെ വൈവിധ്യം വളരെ വലുതാണ്. ചെന്നകേശവ ക്ഷേത്രത്തിലെ പുറംഭിത്തിയിലെ സ്തംഭങ്ങളുടെ താങ്ങുപലകകളിലായി മുപ്പതിലധികം രൂപങ്ങള്‍ കാണാം. അതിൽ ശ്രദ്ധേയമായ ചിലതാണ് വീണാവാദകി, വാദ്യനർത്തകി, പങ്കസുന്ദരി, മൃഗയാവിനോദിനി, രുദ്രവീണവാദകി, പർണശബരി തുടങ്ങിയവ.

പഴങ്ങൾ ശേഖരിക്കുന്ന ഒരു സ്ത്രീയുടെ രൂപമാണ് പർണശബരിയുടേത്. വലതു കൈകൊണ്ട് പഴം പറിച്ചെടുത്ത് ഇടതുകൈയിലെ കൂടയിൽ നിക്ഷേപിക്കുന്നതാണ് കൊത്തിവച്ചിരിക്കുന്നത്. (ഈ പ്രതിമയുടെ ഇടതു കൈ നഷ്ടപ്പെട്ടിരിക്കുകയാണ്) മരക്കൊമ്പിലോ മറ്റോ ഇരിക്കുന്ന ഒരു മൃഗത്തെ അല്ലങ്കിൽ പക്ഷിയെ അമ്പെയ്യാൻ ഉന്നംപിടിക്കുന്ന സ്ത്രീയാണ് മൃഗയാ വിനോദിനി. ആരെയോ അടിക്കാനെന്നോണം തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച കമ്പുമായി നിൽക്കുന്ന ഒരു സ്ത്രീരൂപമുണ്ട് ഇക്കൂട്ടത്തിൽ. കുരങ്ങനെ ഓടിക്കുന്ന വീട്ടമ്മയുടേതാണ് ഈ ശിൽപം എന്നാണ് വ്യാഖ്യാനം. രുദ്രവീണ വായിക്കുന്ന രുദ്രവീണസുന്ദരിയും നാഗവീണ മീട്ടുന്ന നാഗവീണാ വാദകിയും ഇക്കൂട്ടത്തിൽ ഉണ്ട്. പല നൃത്തരൂപങ്ങളിലുള്ളവരെയും ഗായികമാരെയും കൈമണി കൊട്ടി താളം പിടിക്കുന്നവരെയും താങ്ങുപലകകളിൽ കണ്ടെത്താം. രസകരമായ മറ്റൊന്ന് തലമുടി കോതി ഒതുക്കുന്ന ഒരു സ്ത്രീരൂപമാണ്, അതേപോലെ കൈയിൽ പിടിച്ചിരിക്കുന്ന കണ്ണാടി നോക്കി പൊട്ടുതൊടുന്ന ദർപണ സുന്ദരിയും ഉണ്ട്. ഒരു കൈയിൽ താംബൂലവും മറു കൈയിൽ വിശറിയുമായി നിൽക്കുന്ന പങ്കസുന്ദരിയും ഇടത്തു കൈയിൽ താളിയോലയും വലത്തു കൈ വിടർത്തിയും നിൽകുന്ന ശകുനസുന്ദരിയും ശിൽപകലയിലേതന്നെ അപൂർവ കാഴ്ചകളാണ്.

ബേലൂരുനിന്നും 15 കി മീ അകലെയാണ് ഹാലേബിഡു. ബേലൂരിനെ തുടർന്ന് ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നഗരമാണ് ഇന്ന് ഹാലേബിഡു എന്നറിയപ്പെടുന്ന ദ്വാരസമുദ്രം. നൂറ്റാണ്ടുകളുടെ വ്യത്യാസത്തിൽ പണിതീർത്തതാണെങ്കിലും ബേലൂരിലെയും ഹാലേബിഡുവിലെയും ക്ഷേത്രങ്ങൾ തമ്മിൽ വളരെ വലിയ സമാനതകൾ കാണാം. 14ാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റിന്റെ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെ ഓർമകൾ ഇന്നും പേറുന്നു ഇവിടത്തെ സ്മാരകങ്ങൾ. ചെന്നകേശവ ക്ഷേത്രസമുച്ചയത്തെക്കാൾ വിശാലമാണ് ഹാലേബിഡുവിലെ സങ്കേതം. മാത്രമല്ല അതിനൊത്ത വലിപ്പവും ശിൽപസമൃദ്ധിയുമുള്ള ഇരട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഹൊയ്സാലേശ്വരക്ഷേത്രവും സന്താലേശ്വരക്ഷേത്രവും. രണ്ടിടത്തും മഹാദേവന്റെ പ്രതിഷ്ഠകളാണ്, അതിനാൽ തന്നെ രണ്ടു ശ്രീകോവിലുകളുടെയും മുൻപിൽ പടുകൂറ്റൻ നന്ദി വിഗ്രഹങ്ങളുമുണ്ട്. രണ്ടു ശ്രീകോവിലുകളും അവയ്ക്കു മുന്നിലെ മണ്ഡപങ്ങളും ചേർത്ത് ഒരൊറ്റ അധിഷ്ഠാനത്തിൽ ഒരു കെട്ടിനുള്ളിലാണ്. ചെന്നകേശവക്ഷേത്രത്തിലെ ചുമരുകളിൽ കണ്ട അതേ ശിൽപങ്ങൾ ഇവിടെയും കാണാനാകും. എന്നാൽ പുരാണകഥകളുടെ കുറച്ചുകൂടി വ്യക്തമായ സീക്വൻസുകൾ വായിച്ചെടുക്കാനാകുന്നത് ഇവിടെയാണ്.

ഹൊയ്സാല പാരമ്പര്യത്തിലുള്ള മൂന്നാമത്തെ ക്ഷേത്രമാണ് സോമനാഥപുരയിലെ ചെന്നകേശവ സ്വാമി ക്ഷേത്രം. മൂന്നു ശ്രീകോവിലുകൾ ഒരൊറ്റ അധിഷ്ഠാനത്തിൽ സ്ഥിതി ചെയ്യുന്ന ത്രികൂട ക്ഷേത്രമാണിത്. മൈസൂരു നിന്ന് ഇവിടേക്ക് 40 കിലോമീറ്ററുണ്ട്.
മൈസൂരു നിന്ന് ചിക്കമഗളൂരു, ഹാസൻ വഴി ബേലൂര് എത്താം. ബെംഗലൂരു നിന്ന് കുനിഗൽ, ചെന്നരായപട്ടണം, ഹാസൻ വഴി 221 കിലോമീറ്റർ.