ലോകത്ത് ഏറ്റവും നീളമുള്ള ട്രെയിൻ ഓടിച്ച റെക്കോർഡ് നേട്ടം ഇനി സ്വിറ്റ്സർലൻഡിലെ റീഷൻ റെയിൽവേക്ക്. 1.906 കിലോമീറ്റർ നീളമുള്ള ചുവപ്പ് ട്രെയിൻ ആൽപ്സ് മലനിരകളിലെ ലോകപൈതൃക റെയിൽവേ പാതയിൽ പ്രെദ മുതൽ ഫിലിസർ വരെയുള്ള 24.9 കിലോമീറ്ററാണ് താണ്ടിയത്.
സ്വിസ് ട്രെയിൻ നിർമാതാക്കളായ സ്റ്റാഡ്‌ലർ കമ്പനിയുടെ കാപ്രികോൺ യൂണിറ്റുകളാണ് റീഷൻ റെയിൽവേ റെക്കോർഡ് യാത്രയ്ക്ക് ഉപയോഗിച്ചത്. 4 കോച്ചുകളടങ്ങുന്ന 25 യൂണിറ്റുകൾ ഘടിപ്പിച്ചാണ് ട്രെയിൻ തയാറായത്. പ്രെദയിലെ അൽബുല ടണലിൽ നിന്ന് ആരംഭിച്ച യാത്ര ഫിലിസർ കഴിഞ്ഞ് ലാൻഡ്‌വാസർ വയഡക്റ്റിൽ അവസാനിച്ചു. ഒരു മണിക്കൂർ 10 മിനിറ്റ് സമയം കൊണ്ടാണ് 24.9 കിലോമീറ്റർ താണ്ടിയത്.

ലോകറെക്കോർഡ് സഞ്ചാരത്തിനിടയിൽ 48 പാലങ്ങളും 22 ടണലുകളും ഈ ട്രെയിൻ താണ്ടി. മണിക്കൂറിൽ 30–35 കിലോമീറ്റർ വേഗതയിൽ ഓടിയ ട്രെയിൻ നിയന്ത്രിച്ചത് 7 ലോക്കോ പൈലറ്റുമാരും 21 സാങ്കേതിക വിദഗ്ധൻമാരും ചേർന്നായിരുന്നു. 25 യൂണിറ്റുകളിലും ഒരുപോലെ വേഗം കൂട്ടുകയും കുറയ്ക്കുകയും ബ്രേക്ക് പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിലെ വലിയ വെല്ലുവിളി.
ഏറ്റവും നീളം കൂടിയ നാരോ ഗേജ് പാസഞ്ചർ ട്രെയിൻ ആയിട്ടാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഈ സഞ്ചാരത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. സ്വിസ് റെയിൽവേയുടെ 175ാം വാർഷികം പ്രമാണിച്ച് പ്രത്യേകമായി ഒരുക്കിയതാണ് ഈ ലോകറെക്കോർഡ് സഞ്ചാരം. രണ്ടു വട്ടം ട്രയൽ ഓട്ടം നടത്തിയ ദീർഘമായ ട്രെയിനിന്റെ ലോകറെക്കോർഡ് ഓട്ടം വഴിയിൽ പലസ്ഥലത്തും ആളുകള്‍ക്ക് കാഴ്ചയായിരുന്നു. കൂടാതെ ബെർഗുണിലെ റെയിൽ ഫെസ്റ്റിവൽ സ്ഥലത്ത് 3000 കാണികൾക്കായി വലിയ സ്ക്രീനിൽ ലൈവ് പ്രദർശനവും ഒരുക്കിയിരുന്നു, ഇവിടെ വെച്ച് ലോകറെക്കോർഡ് സർട്ടിഫിക്കറ്റ് റീഷൻ റെയിൽവേക്ക് സമ്മാനിച്ചു.

സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ സ്വകാര്യ ട്രാൻസ്പോർട് കമ്പനിയാണ് റീഷൻ റെയിൽവേ. ലാൻഡ്ക്വാർട്–ഡാവോസ്, തുസിസ്–സെന്റ് മോറിറ്റ്സ്, ബേണിയ പാസ് തുടങ്ങി ഒട്ടേറെ ആൽപ്സ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ ഓപറേറ്റ് ചെയ്യുന്നത് ഈ കമ്പനിയാണ്. . 1847 ഓഗസ്റ്റിൽ സൂറിച്ചിനും ബേഡനും ഇടയ്ക്ക് ആദ്യ ട്രെയിൻ ഓടിയ സ്വിറ്റ്സർസൻഡ് ഇന്ന് ലോകത്ത് ഏറ്റവും തിരക്കേറിയ റെയിൽപാതയുള്ള രാജ്യങ്ങളിലൊന്നാണ്. കൃത്യസമയം പാലിക്കുന്നതിനും പ്രശസ്തമാണ് സ്വിസ് ട്രെയിനുകൾ.