Tuesday 15 June 2021 12:56 PM IST : By Sunil Dhar

പച്ചപ്പു നിറഞ്ഞ പാടങ്ങളും മുളങ്കുടിലുകളും അഴകുനിറയ്ക്കുന്ന അപ്പത്താനി ഗ്രാമങ്ങളിലൂടെ ഒരു യാത്ര

z valley 2

സ്വദേശമായ കേരളവും സ്ഥിരതാമസമാക്കിയ മഹാരാഷ്ട്രയും കഴിഞ്ഞാൽ ഏറെ മോഹിപ്പിച്ച സംസ്ഥാനമാണ് അരുണാചൽപ്രദേശ്. ഇന്ത്യയില്‍ ആദ്യം സൂര്യകിരണങ്ങൾ പതിക്കുന്ന നാട് ഈ സംസ്ഥാനത്താണെന്ന് കോളജ് പഠനകാലത്ത് കേട്ടതാണ്. അതൊരു കൗതുകമായി മനസ്സിൽ കയറിപ്പറ്റിയിരുന്നു. പിന്നീട് ആ കൗതുകം ആവേശത്തിലേക്ക് വഴിമാറി. അന്നു ക്ലാസിൽ പഠിച്ച കാര്യങ്ങളൊക്കെ ഏറക്കുറെ വിസ്മൃതിയിലാണ്ടു, എങ്കിലും അരുണാചൽ പ്രദേശിനോടുള്ള താൽപര്യം ഒരു മോഹമായി ഉള്ളിൽ നീറി.

ഫോട്ടോവാക്ക് കണക്ട് ദുബായിയുടെ അരുണാചൽ പ്രദേശ് ഫോട്ടോഗ്രഫി ട്രിപ്പിന്റെ പരസ്യം കണ്ടപ്പോൾ എനിക്കു കൂടുതലൊന്നും ആലോചിക്കേണ്ടിയിരുന്നില്ല. സുബോധ് ഷെട്ടി നേതൃത്വം നൽകുന്ന സ്ഥാപനമാണ് അത്. അപ്പോഴേക്കും എന്റെ ഉള്ളിൽ അരുണാചൽ മോഹം രൂപപ്പെട്ടിട്ട് കാൽ നൂറ്റാണ്ട് തികഞ്ഞു.

സിറോയിലെ ഡ്രീ ഫെസ്റ്റ്

z valley 1

സിറോയിൽ നടക്കുന്ന കാർഷികോത്സവമായ ഡ്രീ ഫെസ്‌റ്റ് കണ്ട് ചിത്രങ്ങൾ പകർത്തുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമായി ഫോട്ടോവാക്ക് കണക്ട് മുന്നോട്ട് വച്ചത്. കൃഷിയിൽ വിളനാശമുണ്ടാകാതിരിക്കാനും നല്ല വിളവെടുപ്പ് കിട്ടാനുമായി അപ്പത്താനി ഗോത്രവിഭാഗം നടത്തുന്ന ആചാരപരമായ ആഘോഷമാണ് ഡ്രീ ഉത്സവം. ചിട്ടയായ ഭൂവിനിയോഗത്തിനും ശാസ്ത്രീയമായ കൃഷി രീതികൾക്കും പ്രകൃതിവിഭവങ്ങളെ അവയുടെ സുസ്ഥിരത ഉറപ്പാക്കി ഉപയോഗിക്കുന്നതിനും ഒക്കെ പേരെടുത്തവരാണ് അപ്പത്താനി ഗോത്രം. തുണിത്തരങ്ങളിൽ സൂക്ഷ്മമായ ഡിസൈനുകള്‍ ചെയ്യുന്നതിനും മുളയും ഈറയും കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണത്തിനും വർണമനോഹരമായ ആഘോഷങ്ങൾക്കും പേരുകേട്ടവരുമാണ് ഇവർ. അപ്പത്താനികളുടെ താഴ്‌വരയെ ലോക പൈതൃകയിൽ ഉൾപ്പെടുത്താവുന്ന സ്ഥലമായി യുനെസ്കോ കണക്കാക്കിയിട്ടുണ്ട്.

അപ്പത്താനികളുടെ സവിശേഷത സ്ത്രീകളുടെ മുഖത്ത് വരയ്ക്കുന്ന ടാറ്റുവും അവർ മൂക്കിൽ ധരിക്കുന്ന വലിയ വളയങ്ങളുമാണ്. ടിൽപെ എന്നാണ് ടാറ്റൂ അറിയപ്പെടുന്നത്. യാപിങ് ഹുലോ എന്ന ആഭരണം നമ്മുടെ നാട്ടിലെ സ്ത്രീകൾ മൂക്കുത്തി ധരിക്കുന്നതുപോലെ അല്ല ഇവർ അണിയുന്നത്. അപ്പത്താനികൾ വളയം നാസാദ്വാരത്തിനുള്ളിലേക്ക് കയറ്റി ഇടുന്നു. പെൺകുട്ടികൾ പ്രായപൂർത്തി എത്തിയതിന്റെ അടയാളമായിട്ടാണ് മുഖത്തെഴുത്തും മൂക്കുത്തിയും ഇവർ സ്വീകരിക്കുന്നത്. സർക്കാരിന്റെ നിരോധനവും സാംസ്കാരികമായ സ്വാധീനവും മൂലം പുതു തലമുറ ഇത്തരം ആചാരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പ്രായം ചെന്ന മുതിർന്ന തലമുറയിൽപെട്ട സ്ത്രീകളിൽ മാത്രമേ നമുക്ക് ടിൽപെയും യാപിങ് ഹുലോയും ഇപ്പോൾ കാണാൻ സാധിക്കൂ...

z valley

നീണ്ട യാത്രയായിരുന്നു സിറോയിലേക്ക്. രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് എത്തുന്നവർ ഡൽഹിയിൽ ഒരുമിച്ചു ചേർന്നു. പിന്നെ അസാമിന്റെ തലസ്ഥാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനകവാടവുമായ ഗുവാഹത്തിയിലേക്ക് വിമാനത്തിൽ. വിമാനം ഇറങ്ങിയ ഉടനെ റയിൽവേ സ്‌റ്റേഷനിലേക്ക് വണ്ടി പിടിച്ചു, ഇനി അരുണാചൽ പ്രദേശിലെ നഹർലഗോൺ വരെ ഡോണിപോളോ എക്സ്പ്രസ് ട്രെയിനിലാണ് യാത്ര. അത്താഴം റയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു, തനത് അസം വിഭവങ്ങളുടെ രുചി അറിയാനുള്ള അവസരംകൂടിയായി അത്.

z valley 5

നന്നേ പുലർച്ചെ തന്നെ ഞാൻ ക്യാമറയുമായി തീവണ്ടിയുടെ വാതിൽപടിയിൽ സ്ഥാനം പിടിച്ചു, ഉദയസൂര്യന്റെ നാട്ടിൽ സൂര്യൻ ഉദിച്ചെത്തുന്നതു കാണാൻ പറ്റുമെന്ന പ്രതീക്ഷയിൽ. പക്ഷേ, മേഘാവൃതമായ ആകാശത്തെ മറയാക്കിയ സൂര്യൻ എനിക്കു പിടി തരാതെ ഒളിച്ചുനിന്നു. ഏഴെട്ടു മണിക്കൂർ നീണ്ടുനിന്ന ട്രെയിൻ യാത്ര നഹർലഗോണിൽ അവസാനിച്ചു. ഇനി 100 കിലോ മീറ്റർ കൂടി റോഡ് മാർഗം സഞ്ചരിക്കണം സിറോയിൽ എത്താൻ.

ഒരു ബസും സുമോയും ഞങ്ങളുടെ തുടർ യാത്രയ്ക്കായി തയ്യാറായിരുന്നു. 6 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ ഒട്ടേറെ ചെക്ക് പോസ്‌റ്റുകളിൽ വണ്ടി നിർത്തി, അവിടൊക്കെ ഞങ്ങളുടെ ഇന്നർ ലൈൻ പെർമിറ്റ് പരിശോധിച്ചാണ് കടത്തി വിട്ടത്.

ദീർഘയാത്രയ്ക്കു ശേഷം സിറോ പാലസ് ഇൻ എന്ന ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. അരുണാചൽ പ്രദേശിന്റെ നാടൻ വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. വിശപ്പടക്കി, അൽപനേരം വിശ്രമിച്ച ശേഷം ഡ്രീ ഫെസ്‌റ്റിവൽ അരങ്ങേറുന്ന മൈതാനത്തേക്ക് എല്ലാവരും ചേർന്നു പുറപ്പെട്ടു. ഉത്സവം ആരംഭിച്ചിട്ടില്ലാത്തതിനാൽ സാംസ്കാരിക പരിപാടികളൊന്നും ഇപ്പോൾ അരങ്ങേറുന്നില്ല, എന്നാൽ ഭക്ഷണം മുതൽ വസ്ത്രങ്ങളും ആഭരണങ്ങളും അടക്കം എല്ലാം വിൽപനയ്ക്കു വച്ചിട്ടുള്ള കടകളും വിനോദസ്‍‌റ്റാളുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. എല്ലാം കണ്ട് കുറച്ചുനേരം അവിടെ നടന്നു, പിന്നീട് ഹരി എന്നൊരു ഗ്രാമം കാണാൻ പുറപ്പെട്ടു.

തീർത്തും അപരിചിതമായ സ്ഥലമായിട്ടും ഇവിടെ ഒരുതരത്തിലുള്ള ഭയവും തോന്നിയില്ല. നല്ല സൗഹൃദ ഭാവത്തിലാണ് ഇവിടത്തെ ആളുകൾ ഇടപെട്ടത്. ഇത്ര ദൂരം സഞ്ചരിച്ച് തങ്ങളുടെ പൂജ അഥവാ ഉത്സവം കാണാനായി വന്നവരെ സന്തോഷത്തോടെയാണ് അവർ സ്വീകരിച്ചതും പരിഗണിച്ചതും.

അന്നിയും അബയും

z valley 01

നാടൻ ഭാഷയിൽ അമ്മൂമ്മയെ അന്നി എന്നും അപ്പൂപ്പനെ അബ എന്നുമാണ് വിളിക്കുന്നത്. അന്നി പാടത്തുനിന്നു മടങ്ങുന്ന വഴിയിലാണ് ഞാൻ കണ്ടുമുട്ടിയത്. ഒരു ഫൊട്ടോ എടുക്കട്ടേ എന്നു ചോദിച്ചപ്പോൾ ആദ്യം അവർ വിസമ്മതിച്ചു, പിന്നെ അവിടെ നിന്ന രണ്ടു പേർ ഇടപെട്ടാണ് അന്നിയുടെ മനസ്സു മാറ്റി.

ഏതാനും ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ ഒരുമിച്ച് അവരുടെ വീട്ടിലേക്ക് നടന്നു. അൽപം നടക്കുമ്പോൾ അന്നി ഒന്നു നിൽക്കും, ഊന്നുവടിയിൽ താങ്ങി നടു നിവർക്കും. നിമിഷങ്ങൾക്കകം വീണ്ടും കൂനിക്കൂടി നടക്കാൻ തുടങ്ങും. ആ വഴി അത്രയും ഞങ്ങൾ രണ്ടുപേരും അവരവർക്ക് അറിയാവുന്ന ഹിന്ദിയിലും പിന്നെ കുറേ കൈയും കലാശവും ഒക്കെ കാണിച്ചും സംഭാഷണം തുടർന്നു. എ‌നിക്കു മനസ്സിലാക്കാനായ ഒരു കാര്യം അന്നിക്ക് 7 മക്കളും 10 കൊച്ചുമക്കളും ഉണ്ടെന്നാണ്. അവരാരും കൂടെ താമസമില്ല, എല്ലാവരും മറ്റു ഗ്രാമങ്ങളിലും ഇറ്റാനഗറിലും ഒക്കെയാണത്രേ!

ഞങ്ങൾ വീട്ടിലെത്തുമ്പോൾ അബ അദ്ദേഹത്തിന്റെ സഹോദരനൊപ്പം വീട്ടിലുണ്ട്. നല്ലവനായ ഒരു അയൽക്കാരൻ വന്ന് ഞങ്ങൾക്കിടയിൽ ദ്വിഭാഷിയായി കൂടിയത് സഹായമായി. വരാന്തയും ലിവിങ് റൂമിൽ നെരിപ്പോടും ഉള്ള പരമ്പരാഗത അപ്പത്താനി വീടാണ് അത്. അബ കയ്യെത്തിച്ച് നെരിപ്പോടിൽനിന്ന് ചുരുട്ടിനു തീപിടിപ്പിച്ചു. ഞങ്ങൾ സംഭാഷണം നടത്തവെ മുറിയിലെ പഴയ ടി വി ഓൺ ചെയ്തു വച്ചിരുന്നു. അവരോട് യാത്ര പറഞ്ഞിറങ്ങിയ ഞാൻ ഗ്രാമത്തിലെ തെരുവുകളിലൂടെ ഏകനായി അലഞ്ഞു. വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന പ്രദേശങ്ങളിൽ മുള സമൃദ്ധമായി വളർത്തിയിരിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള വീടുകൾ നിർമിക്കാനും കരകൗശല വസ്തുക്കളുടെ ഉൽപാദനത്തിനുമാണ് ഇവിടെ മുള ഉപയോഗിക്കുന്നത്. നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ പാർ‌ക്കിങ് ഗ്രൗണ്ടിലേക്ക് നടന്നു. എല്ലാവരും നേരത്തെതന്നെ മടങ്ങിയെത്തി എന്നെ കാത്തിരിക്കുന്ന സഹയാത്രികർക്കൊപ്പം ഹോട്ടലിലേക്ക്...

തലേന്നത്തെ ദീർഘയാത്രയുടെ ഫലമാകാം രണ്ടാംദിവസം രാവിലെ അലസരായിരുന്നു എല്ലാവരും തന്നെ. സ്വാദിഷ്ടമായ പ്രഭാതഭക്ഷണത്തിനു ശേഷം എല്ലാവരും ഒരുമിച്ച് ഡ്രീ ഫെസ്റ്റിവൽ ഗ്രൗണ്ടിലേക്കു പുറപ്പെട്ടു. മേളയിൽ എത്തിയപ്പോഴേക്ക് ഉദ്ഘാടനയോഗം തുടങ്ങി. വേദിയിൽ വിശിഷ്ടാതിഥിയായ മന്ത്രിയും മറ്റുമുണ്ട്, പുരോഹിതനും ഗോത്ര തലവൻമാർക്കും പ്രവേശന കവാടത്തോടു ചേർന്ന് ഒരു പ്രത്യേക വേദിയിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. സ്‌റ്റേജിനുപിന്നിലാണ് ഭക്ഷണം ഒരുക്കിയിട്ടുള്ളത്, സന്ദർശകരായി എത്തുന്ന എല്ലാവർക്കും ഇവിടെ നിന്ന് വേണ്ടത്ര കഴിക്കാം. ചോറും കറികളും എല്ലാം ലഭിക്കും. മിഥുൻ എന്ന മൃഗത്തിന്റെ ഇറച്ചികൊണ്ടുള്ള വിഭവം വിശേഷിച്ച് രുചികരമായിരുന്നു.

z valley 4

ഉച്ചയ്ക്കുശേഷം റുബിയ എന്ന ഗൈഡിനോടൊപ്പം എല്ലാവരും ഒരുമിച്ച് ഗ്രാമ യാത്രയ്ക്ക് ഇറങ്ങി. ഈ ഗ്രാമത്തെപറ്റിയും ജനങ്ങളെപറ്റിയും നല്ല അറിവുള്ള റുബിയയുമായി പല വിഷയങ്ങളും സംസാരിച്ചു. ആശാരി, മേസ്തിരി തുടങ്ങിയ തൊഴിൽ വൈദഗ്ധ്യം വേണ്ട ആളുകളുടെ കുറവാണ് ഈ ഗ്രാമങ്ങളും ഗ്രാമീണരും നേടുന്ന പ്രധാന പ്രശ്നമെന്ന് മനസ്സിലാക്കാനായി. ഇവിടെ കാണാനിടയായ നിർമാണ പ്രവർത്തനങ്ങളിൽ അധികവും പുറംനാടുകളിൽനിന്നുള്ള ഒട്ടേറെപ്പേരെ കണ്ടതിന്റെ കാരണം ഇതുതന്നെ.

ശ്ലോകം ചൊല്ലലും വടംവലിയും

z valley 6

മൂന്നാം ദിനം പ്രഭാതം... പുലർച്ചെ 4 മണിക്കു ക്യാമറ എടുത്ത് ഇറങ്ങി അരുണാചലിലെ സൂര്യോദയം കാണാൻ. പക്ഷേ, മഞ്ഞുമൂടിയ അന്തരീക്ഷവും മേഘാവൃതായ ആകാശവും വീണ്ടുമെന്നെ നിരാശനാക്കി. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ പകർത്താനായി എന്നതു മാത്രമാണ് അൽപം ആശ്വാസം നൽകിയത്. ഹോട്ടലിൽ മടങ്ങിവന്ന് പ്രഭാതഭക്ഷണം. ഹിജ സ്കൂൾ ഗ്രൗണ്ടിലെ സിലാങ് ഡിറ്റിങ് ഡ്രീ ഫെസ്‌റ്റിവൽ കാണുകയാണ് അടുത്ത പരിപാടി. ഗ്രൗണ്ടിൽ അൽപനേരം ചെലവിട്ടശേഷം സമീപത്തെ ഒരു ഗ്രാമം നടന്നു കണ്ടു. അതിനുശേഷം വീണ്ടും ഗ്രൗണ്ടിലെത്തിയപ്പോൾ മേള സജീവമായിരിക്കുന്നു. സ്‌റ്റേജിൽ ഒരു മത്സരം നടക്കുന്നു, ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലുന്നതുപോലെയാണ് ഇതെന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞുതന്നു. അപ്പത്താനികളുടെ പരമ്പരാഗത ശ്ലോകങ്ങളാണ് ചൊല്ലുന്നത്. ഏതായാലും പ്രായം എൺപതുകളിലെത്തിയ ചിലർ മാത്രമേ മത്സരത്തിൽ പങ്കെടുക്കുന്നുള്ളു...

ശ്ലോകം ചൊല്ലലിനു ശേഷം നടക്കുന്നത് വടംവലിയാണ്. ഗ്രാമത്തിൽ അതിഥികളായി എത്തിയ ഞങ്ങളുടെ ഒരു ടീമിനെയും വടംവലി മത്സരത്തിന് ചേർത്തിട്ടുണ്ടത്രേ! ആദ്യവട്ടം മത്സരത്തിന് ഇറങ്ങിയപ്പോൾ വടംപൊട്ടി അതിഥികളും ആതിഥേയരും തറപറ്റി. പിന്നെ രണ്ടുവട്ടം വടംവലിച്ചപ്പോഴും വിരുന്നുകാരെ വിജയികളാക്കി അപ്പത്താനി ടീം തോറ്റുതന്നു...! മത്സരം ജയിച്ച സന്തോഷത്തിൽ തല ഉയർത്തിപ്പിടിച്ചെങ്കിലും ചോറ് പുളിപ്പിച്ചെടുക്കുന്ന അപോ എന്ന നാടൻ ബിയർ കഴിച്ചതിന്റെ ആലസ്യം അപ്പോഴേക്കും തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു.

z valley 3

ഉച്ചഭക്ഷണത്തിനുശേഷം ഒന്നുറങ്ങി ഉണർന്നപ്പോഴേക്ക് സമയം വൈകിയിരുന്നു. സായാഹ്നസഞ്ചാരത്തിനു പോകാൻ ബാക്കി എല്ലാവരും ബസ്സിൽ കയറി എന്നെ കാത്തിരിക്കുകയായിരുന്നു. ഹരി ഗ്രാമത്തിലേക്കാണ് യാത്ര. ഒരു ചെറിയ കളപോലും ഇല്ലാതെ ഒന്നാന്തരമായി സൂക്ഷിച്ചിരിക്കുന്നു ഗ്രാമങ്ങളിലെ നെൽപാടങ്ങൾ. അന്തിക്കതിരോൻ പ്രഭ പരത്തിനിൽക്കുന്ന പച്ചപ്പാടങ്ങളുടെ ദൃശ്യം മനം മയക്കുന്നതായിരുന്നു... എന്നാൽ ആലസ്യം മാറാത്ത എനിക്ക് പ്രകൃതിയൊരുക്കിയ ഈ വിരുന്നു കണ്ടുനിൽക്കാൻ കഴിഞ്ഞില്ല, ഞാൻ റൂമിലേക്ക് മടങ്ങി. രാത്രിഭക്ഷണത്തിനു ശേഷം എല്ലാവരും ഒരുമിച്ച് ഒരു തീക്കുണ്ഡത്തിനു ചുറ്റും ഒത്തുകൂടി തങ്ങളുടെ അനുഭവം പങ്കിട്ടു.

ഹോങ് ഗ്രാമം

z valley 00

നാലാം ദിവസം സായാഹ്നത്തോടെ ഡോണിപോളോ എക്സ്പ്രസിൽ ഗുവാഹത്തിയിലേക്ക് മടങ്ങണം. അതായത് ഈ ഒരു പകൽകൂടി സിറോയിൽ ഞങ്ങൾക്ക് ബാക്കിയുണ്ട്. പ്രഭാതം മുതൽ ഇടവിടാതെ ചന്നംപിന്നം ചാറുന്ന മഴ... ഹരിതാഭമായ ഗ്രാമഭംഗി പകർത്താൻ ഇതിനെക്കാൾ നല്ല സമയമില്ല. അവസരം പാഴാക്കാതെ ഹോങ് ഗ്രാമത്തിലേക്ക് പോയി ഞങ്ങൾ. അമാദ്–യാദീൻ ദമ്പതികളുടെ വീട്ടിലേക്കാണ് ‍ഞങ്ങളെ ക്ഷണിച്ചത്. തനത് അപ്പത്താനി ഭവനം. ലിവിങ് റൂമിന്റെ നടുവിലുള്ള നെരിപ്പോടിനെ ‘ഊഗു’ എന്നാണ് പറയുക. മുറിയുടെ നടുക്കായി വിറകുകൊള്ളികൾ കൊണ്ട് അതിരു തിരിച്ച ഒറു തീക്കുണ്ഡം, അതാണ് ഊഗു. അതിനു നേരേ മുകളിൽ മച്ചിൽനിന്നു തൂങ്ങിക്കിടക്കുന്ന രണ്ടുതട്ടുകൾ. ഒന്നിൽ വിറക് അടുക്കിയിരിക്കുന്നു, മറ്റതിൽ ഉണക്കാൻ വച്ചിരിക്കുന്ന മിഥുൻ ഇറച്ചിയും. ഞങ്ങളുടെ ആതിഥേയനായ അമാദ് താൻ ബലി നൽകിയ മിഥുനുകളുടെ തലയോട്ടികൾക്കൊപ്പം നിന്ന് ഫൊട്ടോയ്ക്കു പോസു ചെയ്തു. അമാദ് ബലികൊടുത്ത 40 ൽ അധികം മിഥുനുകളിൽ വലിയവയുടെ തല മാത്രമേ സൂക്ഷിച്ചിട്ടുള്ളത്രേ... 7 മക്കളുടെ രക്ഷിതാക്കളായ ഈ ദമ്പതികൾ അവരുടെ അൻപതാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഈ വർഷം. മക്കളെല്ലാവരും മറ്റു ഗ്രാമങ്ങളിലേക്ക് മാറി താമസിച്ചിരിക്കുന്നു.

ഡോങ് താഴ്‌വര ഇനിയും അകലെ

സിറോ വാലിയിലെ 4 ദിവസം എന്നത് പ്രതീക്ഷിച്ചതിനെക്കാൾ വേഗം അവസാനിച്ചതുപോലെ... നഹർലഗോണിൽ ചെന്ന് മനസ്സില്ലാ മനസ്സോടെയാണ് ഡോണിപോളോ എക്സ്പ്രസിൽ കയറിയത്. ഇന്ത്യയിൽ ആദ്യം സൂര്യോദയം സംഭവിക്കുന്ന ഡോങ് താഴ്‌വര സിറോയിൽനിന്ന് ഏറെ അകലെയാണ്. ഇനി ഒരിക്കൽക്കൂടി അരുണാചൽ പ്രദേശിലേക്ക് വരാൻ സാധിക്കും, ഡോങ് താഴ്‌വരയിൽ ഇന്ത്യയിലെ ആദ്യ സൂര്യോദയം കാണാൻ അവസരം കിട്ടും എന്ന പ്രതീക്ഷയിൽ അടുത്ത പുലരിയിൽ ഗുവാഹത്തിയിൽ എത്തി,

Tags:
  • Manorama Traveller