സൈക്കിളുകൾക്ക് രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കശ്മീരിലെ ദാൽ തടാകത്തിനു സമീപവും ശ്രീനഗറിലുമൊക്കെ ഒരു കെഎൽ 7 സൈക്കിൾ ചുറ്റിത്തിരിയുന്നതു കാണാം. സൈക്കിൾ മാത്രമല്ല ഒപ്പം എറണാകുളംകാരൻ ജോസ് ഓസ്റ്റിനേയും. കോവിഡ് രോഗവ്യാപനത്തിന് ശമനം കണ്ടു തുടങ്ങുകയും ഇന്ത്യയിലെങ്ങും ജനജീവിതം സാധാരണ നിലയിലേക്കു മാറാനും തുടങ്ങിയപ്പോൾ ഹിമാചൽ പ്രദേശിലെ മണാലി ലക്ഷ്യമാക്കി തുടങ്ങിയ യാത്രയാണ് മൂന്നു മാസത്തിനിപ്പുറം കശ്മീരിൽ എത്തി നിൽക്കുന്നത്. ഇടയ്ക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടിയെങ്കിലും മഹാമാരിയുടെ രണ്ടാം തരംഗം കണ്ട് ഭയന്ന ഉറ്റവരും സുഹൃത്തുക്കളും പലരും മടങ്ങിവരാൻ നിർബന്ധിച്ചെങ്കിലും തളരാതെ മുന്നോട്ട് സഞ്ചരിച്ചാണ് ഇന്ത്യയുടെ വടക്കേ അറ്റത്ത് എത്തിയിരിക്കുന്നത്.

വലിയ വാഹനങ്ങളില്ലാത്തതിനാൽ ആരും തങ്ങളുടെ യാത്രാ സ്വപ്നങ്ങൾ മൂടി വയ്ക്കേണ്ടതില്ല എന്നു വിശ്വസിക്കുന്നയാളാണ് ജോസ്. എറണാകുളം നഗരത്തിൽ അയ്യപ്പൻകാവ് സ്വദേശിയായ ഈ ചെറുപ്പക്കാരൻ നഗരത്തിലെ തന്റെ യാത്രകളെല്ലാം സൈക്കിളിലാണ് നടത്താറുള്ളത്. കൊച്ചി - കന്യാകുമാരി – കൊച്ചി യാത്രയും സൈക്കിളിൽ പൂർത്തിയാക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വലിയ വാഹനങ്ങളൊന്നുമില്ലെങ്കിലും ഓൾ ഇന്ത്യ ട്രിപ് നടത്താം എന്ന വിശ്വാസത്തിലാണ് സാധാരണക്കാരന്റെ വാഹനമായ സൈക്കിളിൽ ജോസ് യാത്ര പുറപ്പെട്ടത്.. അതും ഇന്ത്യയിലെ മിക്കവാറും ഗ്രാമങ്ങളിലെല്ലാം പരിചിതമായ സാധാരണ ഹെർകുലിസ് സൈക്കിളിൽ ; എക്സ്പഡിഷൻ ബൈക്കൊന്നുമല്ല. ബിരുദ പഠനത്തിനും ഡിപ്ലോമയ്ക്കും ശേഷം ചെറിയ ജോലികൾ സമ്പാദിച്ച കുറച്ചു പണം കൊണ്ട് ക്യാംപിങ് ടെന്റ് പോലുള്ള അത്യാവശ്യ യാത്രാ സാമഗ്രികൾ മാത്രമേ യാത്രയ്ക്ക് ജോസ് കൂട്ടിയിട്ടുള്ളു. കാഴ്ചകണ്ട് സഞ്ചരിച്ച് ഇന്ത്യയെ അറിയുന്നതിലപ്പുറം ലക്ഷ്യങ്ങളൊന്നുമില്ലാത്തതിനാൽ സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകളിലൂടെയുള്ള അപ്ഡേഷൻ പോലും അപൂർവമാണ്.
മാർച്ച് 14 ന് എറണാകുളത്തുനിന്ന് യാത്ര തുടങ്ങി. 5 ദിവസം കൊണ്ട് കേരളം കടന്നു. കർണാടകയിലൂടെ ഗോവയിലെത്തി. ഗോവയിലെ കടലും വിനോദങ്ങളും ആസ്വദിച്ച് മഹാരാഷ്ട്രയിലേക്ക് സഞ്ചരിച്ചു. തുടർന്ന് ഗുജറാത്തിലേക്കും. അപ്പോഴേക്ക് കോവിഡ് രണ്ടാം തരംഗം ശക്തമായി. വഴിയിൽ കടുത്ത നിയന്ത്രണങ്ങൾ കണ്ടു. മഹാരാഷ്ട്ര വരെ പലപ്പോഴും ഗ്രാമീണ പാതകളിലൂടെ യാത്ര ചെയ്യാനും പ്രധാന പാതയിൽ നിന്ന് മാറി വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാനും സാധിച്ചു. മഹാരാഷ്ട്രയിലെ യാത്ര അവസാനിച്ചപ്പോഴേക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗ്രാമങ്ങളിലേക്കു സഞ്ചരിക്കാൻ സാധിക്കാതെ വന്നു. പ്രധാന പാത ഒഴികെ മറ്റു പാതകൾ അടച്ചു. ഡെസ്റ്റിനേഷനുകളിൽ സന്ദർശകർക്കു പ്രവേശിപ്പിക്കാതായി ....

യാത്ര തുടങ്ങിയത് 1000 രൂപയുമായാണ്. പെട്രോൾ പമ്പുകളിലോ ആരാധാനാലയങ്ങളുടെ പരിസരങ്ങളിലോ അവരുടെ അനുമതിയോടെ ടെന്റടിച്ച് ക്യാംപ് ചെയ്താൽ മതി എന്നായിരുന്നു നിശ്ചയിച്ചത്. കേരളത്തിൽ വിവിധ സൈക്കിൾ ക്ലബുകൾ താമസ സൗകര്യം തന്ന് സഹായിച്ചിരുന്നു. വലിയ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സായാഹ്ന സൈക്കിൾ സവാരി നടത്തുന്ന സൈക്ലിങ് പ്രേമികൾ പരിചയപ്പെട്ട് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്.
ഗുജറാത്തിലൂടെയും രാജസ്ഥാനിലൂടെയും സഞ്ചരിക്കുമ്പോഴാണ് കോവിഡ് നിയന്ത്രണങ്ങൾ കാരണം ഭക്ഷണത്തിനായി ഏറെ ബുദ്ധിമുട്ടിയത്. രാജസ്ഥാനിൽ പാലി എന്ന സ്ഥലത്ത് ലോക്ഡൗൺ കാരണം ഹോട്ടലുകൾ പൂട്ടിക്കിടക്കുന്നു; ഭക്ഷണം കിട്ടാതെ സഞ്ചരിക്കുമ്പോഴാണ് മലയാളി ടയർ വർക്സ് എന്ന ബോർഡ് കണ്ടത്. അവിടെ ചെന്നപ്പോൾ അവർ സന്തോഷത്തോടെ സ്വീകരിച്ച് ഭക്ഷണം തന്ന് രണ്ടു ദിവസം കൂടെ താമസിപ്പിച്ച ശേഷമാണ് വിട്ടത്. രാജസ്ഥാനിലെ മറ്റൊരു ഗ്രാമത്തിൽ വിശന്നു തളർന്ന് അവശനായി ഇരിക്കുന്നതു കണ്ട് ഗ്രാമീണയായ വീട്ടമ്മ ഭക്ഷണവുമായി വന്നു. ഇത്തരത്തിലുള്ള ഒട്ടേറെ അനുഭവങ്ങളാണ് ഈ യാത്രയെ മുന്നോട്ടു നയിക്കുന്നത്.

കോവിഡ് രണ്ടാം തരംഗം അതി ശക്തമായതോടെയാണ് മണാലിയിലേക്കുള്ള യാത്ര അൽപം വഴി മാറ്റി വിട്ടത്. പഞ്ചാബിൽ നിന്നും നേരേ കശ്മീരിലേക്കു സൈക്കിൾ തിരിച്ചു. കശ്മീരിൽ സഞ്ചരിച്ചു കൊണ്ടിരിക്കേ ഒരു പട്ടാള ജീപ്പിനെ കടന്നു പോയി. പെട്ടന്ന് എങ്ങോട്ടാണ് പോണത് എന്നൊരു ചോദ്യം കേട്ടു. സൈക്കിൾ നിർത്തിയപ്പോൾ പട്ടാള ഓഫിസർ വരുന്നു. കോഴിക്കോട് സ്വദേശി ജസ്റ്റിൻ .... സൈക്കിളിലെ കൊച്ചി, കേരള എന്ന ബോർഡ് ശ്രദ്ധിച്ചാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. ജോസിനെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും നൽകി കശ്മീരിൽ ആവശ്യം വന്നാൽ വിളിക്കാൻ ഫോൺ നമ്പരും നൽകിയാണ് ജസ്റ്റിൻ യാത്രയാക്കിയത്. കശ്മീർ പൊലിസിന്റെ സമീപനവും ഏറെ ഹൃദ്യമായിരുന്നു. സൈക്കിളുകൾക്കു പ്രവേശനമില്ലാത്ത ടണലുകളുടെ ഗേറ്റിൽ എത്തുമ്പോൾ അവർ തടയും. എന്നാൽ പിന്നീടൊരു ട്രക്കു വരുമ്പോൾ അവർ തന്നെ അതിൽ കയറ്റി വിടും.

അങ്ങനയൊണ് എൺപതുദിവസം പിന്നിട്ടപ്പോൾ ജോസിന്റെ യാത്ര ശ്രീനഗറിലെത്തിയത്. അവിടെ പരിചയപ്പെട്ട ഏതാനും മലയാളി കലാകാരൻമാർക്കൊപ്പം അവരെ സഹായിച്ചും അൽപം പെയിന്റിങ് ജോലികളിൽ ഏർപ്പെട്ട് ചെറിയ തുകകൾ സമ്പാദിച്ചും കഴിയുകയാണ് ഇപ്പോൾ . ഏതാനും ദിവസങ്ങൾ കൂടി അവിടെ തുടർന്നിട്ട് ലഡാക്കിലേക്കു സഞ്ചരിക്കാനാണ് പ്ലാൻ. തുടർന്ന് ഹിമാചൽ പ്രദേശിലേക്കും. പക്ഷേ, യാത്ര മണാലിയിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അപ്പോഴേക്ക് രാജ്യത്തെ കോവിഡ് സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ പശ്ചിമ ബംഗാളിലേക്കു സഞ്ചരിക്കാനും മറ്റു സംസ്ഥാനങ്ങളിൽക്കൂടി യാത്ര ചെയ്ത് കേരളത്തിലേക്കു മടങ്ങാനുമാണ് ആഗ്രഹിക്കുന്നത്.