ഹുവാങ്പു നദീതീരം ഷാങ്ഹായുടെ ചരിത്രത്തിന്റെ ഭാഗമാണ്. കപ്പൽ ചാലാണ് ഹുവാങ്പു നദി. ക്രൂയിസ് ഷിപ്പുകളും ചരക്ക് കപ്പലും നദിയിലൂടെ നഗരമധ്യത്തിലുള്ള തുറമുഖത്ത് എത്തുന്നു. നദീതീരത്ത് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. നദീതീര പാത യൂറോപ്യൻ മാതൃകയിൽ ഒരുക്കിയിരിക്കുന്നു. കെട്ടിടങ്ങൾ കൊളോണിയൽ കാലഘട്ടത്തിന്റെ ശേഷിപ്പാണ്.
ചൈനീസ് വിപ്ലവകാരികളുടെ രക്തസാക്ഷി മണ്ഡപം, സമ്പന്നതയുടെ പ്രതീകമായ കാളക്കൂറ്റന്റെ വെങ്കല പ്രതിമ (ന്യൂയോർക് ചാർജിങ് ബുൾ) ബണ്ട് ഹിസ്റ്ററി മ്യൂസിയം, പേൾ മ്യൂസിയം, ഉദ്യാനം, സുഖോയ് ക്രീക്ക്, ചൈനീസ് ആർട്ട് ഗാലറി, ഇന്ത്യ, ഓസ്ട്രേലിയ, ബെൽജിയം, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളുടെ ബാങ്ക് ശാഖകൾ, രാജ്യാന്തര വാണിജ്യ കാര്യാലയം എന്നിവയും നിലനിൽക്കുന്നത് ഹുവാങ്പു നദിയുടെ തീരത്താണ്. നദിയുടെ അടിയിൽ എട്ടു ടണലുകളുണ്ട്. ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഭൂഗർഭപാതയാണിത്. ടണലിലൂടെ ബസ് സർവീസുണ്ട്.
യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലമാണു ‘സുജിയാജിയോ’ വാട്ടർ വില്ലേജ്. വലിയ കനാലാണ് സുജിയാജിയോ. കനാലിന്റെ ഇരുകരകളിൽ സുവനീർഷോപ്പ്, ഭക്ഷണശാല, തുണിക്കട, മ്യൂസിക് സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്നു. നൂറ്റാണ്ടു പഴക്കമുള്ള പഗോഡകൾ അവിടെയുണ്ട്. നദിയിൽ ആഴ്ത്തിയ കാലുകളിൽ നിലനിൽക്കുന്ന മുറികൾ കച്ചവട ശാലകളാണ്. പണ്ട് അതെല്ലാം തദ്ദേശീയരുടെ വീടുകളായിരുന്നു.

കിഴക്കിന്റെ വെനീസ് എന്നാണ് ചൈനക്കാർ ഈ സ്ഥലത്തിനു നൽകിയിട്ടുള്ള വിശേഷണം. ചൈനയുടെ ദേശീയ ഉത്സവത്തിന്റെ ഭാഗമായി ‘ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ’ നടത്താറുണ്ട്. ചൈനീസ് വ്യാളിയുടെ തലയുടെ ആകൃതിയിലാണ് വള്ളങ്ങളുടെ രൂപകൽപന. ഡ്രാഗൺ ബോട്ട് റേസ് കാണാൻ ചൈനക്കാർ പരമ്പരാഗത വസ്ത്രം ധരിച്ചാണ് എത്തുക. വള്ളംകളി നടക്കുമ്പോൾ നദീതീരത്ത് ജനക്കൂട്ടം ആർത്തിരമ്പും. ഉത്സവത്തിന്റെ ഭാഗമാണ് ‘ സോങ് സീ’ എന്ന വിഭവം. മുളയുടെ ഇലയിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചുണ്ടാക്കുന്ന സ്പെഷൽ ഐറ്റമാണ് സോങ് സീ. മലയാളികളുടെ പാച്ചോർ പോലെയൊരു അരിപലഹാരം.