ഹിമാചൽപ്രദേശിന്റെ ഉള്ളറകളിൽ അധികമാരും കടന്നുചെല്ലാത്ത മൂന്നു മനോഹര ഗ്രാമങ്ങൾ. കൽഗ,പുൽഗ,തുൽഗ. ആപ്പിൾ തോട്ടങ്ങളും മഞ്ഞു പെയ്യുന്ന വഴികളും ഗ്രാമീണരായ ‘വിദേശി’കളുമുള്ള നാട്ടിലേക്ക് ഒരു യാത്ര...
കൽഗ, പുൽഗ, തുൽഗ – കൂട്ടുകാരൻ പറഞ്ഞുകേട്ടപ്പോൾ മൂന്നു സുന്ദരിമാരുടെ മുഖമാണു മനസ്സിൽ തെളിഞ്ഞത്. കഥ പറഞ്ഞുവന്നപ്പോഴാണ് ‘അവർ’ ഹിമാലയൻ താഴ്്വരകളിലെ മൂന്നു സുന്ദര ഗ്രാമങ്ങളാണെന്നു മനസ്സിലായത്. മഞ്ഞു പെയ്യുന്ന വഴികൾ, ആപ്പിൾ തോട്ടങ്ങൾ, പുറംലോകത്തിൽ നിന്നൊളിച്ചു നിൽക്കുന്ന പ്രകൃതിയുടെ മനോഹരമായ ചിത്രപ്പണികൾ, സ്ഥിരതാമസക്കാരായ വിദേശികൾ...ഹിമാചൽപ്രദേശിന്റെ ഉള്ളറകളിലെ ഗ്രാമക്കാഴ്ചകൾ സുഹൃത്ത് ഉജ്വലിന്റെ വാക്കുകളിലൂടെ മുന്നിൽ തെളിഞ്ഞു.
ഒരു തമാശയ്ക്കായിരുന്നു ഉജ്വൽ ഹിമാചലിലെ ഗ്രാമങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. പക്ഷേ, കേട്ടപ്പോൾ ഇരിപ്പുറക്കാതായി. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട സ്വപ്നഭൂമിയുടെ നിറങ്ങൾ മനസ്സിൽ മഴവില്ലു പോലെ പരന്നു. മഞ്ഞുമഴ നനഞ്ഞ്, മരങ്ങളിൽ നിന്ന് ആപ്പിൾ പറിച്ചെടുത്ത്, ചിത്രങ്ങൾ പകർത്തി ഗ്രാമവഴികളിലൂടെ നടക്കുന്നതു കിനാവിന്റെ മിനാരത്തിൽ കൂടുകൂട്ടി. അധികമാരും കയറിച്ചെല്ലാത്ത കുന്നിൻചെരിവിൽ നിന്ന് ആരോ വിളിക്കുന്നതു പോലെ ഹൃദയം മിടിച്ചു.
‘‘ഡെറാഡൂണിലെ പഠനകാലം ഇനി ആറു മാസം കൂടിയല്ലേ ഉള്ളൂ. ആവുന്നത്രയും സഞ്ചരിക്കൂ, ലോകം കാണൂ...’’ – അമ്മയുടെ പിന്തുണ കൂടിയായപ്പോൾ പിന്നെ ഒന്നുമോർത്തില്ല. ബാഗുമെടുത്ത് പോകാനിറങ്ങി. സുഹൃത്തുക്കളായ ഷാക്കിനും ബിപിനും തമിഴ്നാട്ടുകാരൻ ഭഗതും കൂടെച്ചേർന്നപ്പോൾ ആവേശം ഇരട്ടിച്ചു.
ട്രാൻസ്പോർട്ട് ബസില് ‘ചാർലി’
വൈകുന്നേരം 4.30നാണ് ഡെറാഡൂണിൽ നിന്ന് കസോളിലേക്കുള്ള ട്രാൻസ്പോർട്ട് ബസ്. നേരത്തേയെത്തി ബസിന്റെ നടുഭാഗത്തുള്ള സീറ്റു പിടിച്ചു. ഇല്ലെങ്കിൽ അവിടെയെത്തുമ്പോഴേക്കും നടുവൊടിയുമെന്ന് ഉജ്വൽ മുന്നറിയിപ്പു തന്നിരുന്നു. ഗട്ടറുകളിൽ ബസിനൊപ്പം ചാടിച്ചാടി യാത്രയാരംഭിച്ചു.
നേരം രാത്രി പന്ത്രണ്ടു മണിയോടടുത്തിട്ടുണ്ട്. ഇടയ്ക്ക് ഉറങ്ങിയും സ്റ്റോപ്പുകളിൽ നിന്നു ചായ കുടിച്ചും യാത്ര തുടരവെ പെട്ടെന്നു വഴിയിലൊരിടത്ത് ബസ് ബ്രേക്കിട്ടു. ഒരാൾ ഓടിവന്നു ബസിൽ കയറി. ചാർലി! താടിയും മീശയും വളർത്തി, അയഞ്ഞ ജുബ്ബയിട്ട, ‘ചാർലി’ സിനിമയിലെ ദുൽക്കറിനെ പോലെയൊരു മനുഷ്യൻ. ‘‘ആരെടാ ഇയാൾ?’’–ആശ്ചര്യം നിറഞ്ഞ ചോദ്യത്തിന്റെ ശബ്ദം കൂടിപ്പോയി.
ചോദ്യം കേട്ടിട്ടെന്നോണം അടുത്തുള്ള സീറ്റിൽ വന്നിരുന്ന് ‘ചാർലി’ ചോദിച്ചു – ‘‘മലയാളികളാണല്ലേ?’’
അപരിചിതമായ നാട്ടിൽ പാതിരാത്രിക്ക് ഒരു മലയാളിയ കണ്ടുമുട്ടിയ സന്തോഷത്തിൽ പരസ്പരം പരിചയപ്പെട്ടു. ജോൺ എന്നാണ് ഈ ‘ചാർലി’യുടെ പേര്. സ്വദേശം തൃശൂർ.
‘‘ബാംഗ്ലൂരിൽ ഗ്രാഫിക് ഡിസൈനിങ് കോഴ്സ് ചെയ്യുകയായിരുന്നു. അതു കഴിഞ്ഞപ്പോ ൾ നാടുചുറ്റാൻ മോഹം. ഒന്നും നോക്കിയില്ല, ബാഗുമെടുത്തിറങ്ങി. കഴിഞ്ഞ ആറുമാസമായി ലഡാക്കിലായിരുന്നു. ഇനി കുറച്ചു കാലം കസോളിൽ...’’ – ജോൺ പറഞ്ഞു.
ചെന്നെത്തുന്ന സ്ഥലങ്ങളിൽ ചെറിയ ജോലികൾ ചെയ്താണ് ജോൺ തന്റെ യാത്രയ്ക്കും ജീവിതത്തിനുമുള്ള വരുമാനമുണ്ടാക്കുന്നത്. ഒരു നാടിന്റെ കാഴ്ചകൾ മടുത്തു തുടങ്ങുമ്പോൾ അടുത്ത നാട്ടിലേക്കു പോകും. പറഞ്ഞു തീരാത്ത കാഴ്ചകളും അനുഭവങ്ങളുമുള്ള ജോണിന്റെ ‘സഞ്ചാര ജീവിതം’ കേട്ടിരിക്കുന്നതിനിടയിൽ രാത്രി കടന്നുപോയതറിഞ്ഞില്ല. ബസ് കസോളിലെത്തി. ‘ചാർലി ജോണി’നോടു യാത്ര പറഞ്ഞു പിരിഞ്ഞു.
‘ഗൈഡി’നോടൊപ്പം കൽഗയിലേക്ക്
കസോളിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമാണ് മണികരനിലേക്ക്. അവിടെ നിന്ന് ഒൻപതു കിലോമീറ്റർ സഞ്ചരിച്ചു ബർഷേനിയിലെത്തി. ബർഷേനിയിൽ നിന്നാണു കൽഗയിലേക്കുള്ള വഴിയാരംഭിക്കുന്നത്. ജാക്കറ്റ് തുളയ്ക്കുന്ന തണുപ്പിൽ രുചിയേറിയ കോഫിയും മോമോസും പകർന്ന ആവേശത്തിൽ ഞങ്ങൾ ട്രക്കിങ് ആരംഭിച്ചു.
മൂന്നു കിലോമീറ്ററാണ് ബർഷേനിയിൽ നിന്നു കൽഗയിലേക്കുള്ള ദൂരം. മനോഹരമായ കുന്നിൻചെരിവിലൂടെയുള്ള വഴി. കുത്തനെയാണെങ്കിലും പച്ചപ്പിനിടയിലെ നടവഴികൾ നടന്നു പാകം വന്നതാണ്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ ഒരു വലിയ അണക്കെട്ട്. നിർമാണം പൂർത്തിയായിട്ടില്ല. മഞ്ഞുരുകിയൊലിക്കുന്ന അരുവിക്ക് കുറുകെയാണ് അണക്കെട്ടു പണിയുന്നത്.

കാഴ്ചകൾ ആസ്വദിച്ച്, തണുപ്പിൽ സ്വയമലിഞ്ഞു നടക്കുന്നതിനിടെയാണ് വഴിയിൽ കാത്തിരുന്ന ‘ഗൈഡി’നെ കണ്ടുമുട്ടിയത്. ഒരു ഹിമാലയൻ പട്ടി! മുൻപരിചയമുള്ളതു പോലെ വാലാട്ടിക്കൊണ്ടു ഞങ്ങൾക്കു വഴികാട്ടാനായി ‘ഗൈഡ്’ മുൻപിൽ നടന്നു.സംശയിച്ചു നിന്നപ്പോൾ സ്നേഹത്തോടെ വന്നു കാലിലുരുമ്മി.
കൽഗയിലേക്ക് പോകുന്നവരുടെയെല്ലാം കൂടെ ഇങ്ങനെ ഒരു ‘ഗൈഡ് ഡോഗു’ണ്ടാവും. ബർഷേനിയിൽ നിന്ന് ഏതാണ്ട് അര കിലോമീറ്റർ ദൂരത്തിലാണ് അവർ അതിഥികളെ കാത്തുനിൽക്കുക. ആരും വളർത്തുന്നതല്ല. ഒരു നിയോഗമെന്നപോലെ സ്വയം ചെയ്യുന്നതാണ്. കയ്യിലുള്ള ബിസ്കറ്റ് കൊടുക്കുമ്പോൾ സ്നേഹത്തോടെ തൊട്ടുരുമ്മി, കാട്ടിൽ വഴി തെറ്റുമ്പോൾ ശരിയായ ദിശയിലേക്കു നയിച്ച് അവർ മുൻപേ നടക്കും.
വഴികാട്ടിയെ പിന്തുടർന്ന് കാട്ടിലൂടെ നടക്കുന്നതിനിടെ ഒരു കൂട്ടം ആടുകളേയും മേയ്ച്ച്, മൂളിപ്പാട്ടും പാടി ഒരു അപ്പൂപ്പൻ പ്രത്യക്ഷപ്പെട്ടു. ആട്ടിൻകുട്ടിയെ നെഞ്ചോടു ചേർത്തുപിടിച്ച്, വർണത്തൊപ്പിയും കട്ടിയുള്ള മേൽക്കുപ്പായവും ധരിച്ച ചിരി മങ്ങാത്ത മുഖമുള്ള ഒരു മനുഷ്യൻ. കഥാപുസ്തകത്തിൽ നിന്നിറങ്ങി വന്നതുപോല...
മുന്നിലെ ‘ഗൈഡ്’ കാണാതെ അപ്പൂപ്പനോടു വഴി ചോദിച്ചുറപ്പിച്ചു. ഓർമയ്ക്കായി, ആട്ടിൻകുട്ടിയെ നെഞ്ചോട് ചേർത്തുവച്ച ചിത്രവും പകർത്തി.
കൽഗ അഥവാ ‘സ്വപ്നഭൂമി’
പടി കടന്നു ഗ്രാമത്തിലെത്തിലെത്തിയതും കൂടെവന്ന ‘ഗൈഡ് ഡോഗ്’ സ്നേഹത്തോടെ കാലിലുരുമ്മി, മറ്റേതോ സഞ്ചാരിക്കു വഴികാട്ടാനെന്ന പോലെ തിരിച്ചോടി.
കൽഗയിൽ പതിയെ മഞ്ഞു പെയ്തു തുടങ്ങിയിട്ടുണ്ട്. മൂന്നു മണിക്കൂറോളം കുന്നു കയറിയതിന്റെ ക്ഷീണം കഴുകിക്കളയാൻ പാകത്തിലുള്ള തണുപ്പ്. വാച്ചിൽ നേരം ഒരു മണിയായെങ്കിലും വഴികൾക്കെല്ലാം അപ്പോഴും പുലർകാലഭാവം. അങ്ങിങ്ങായുള്ള ചെറിയ കെട്ടിടങ്ങളുടെ മേൽക്കൂരകളും ഇലകളും മഞ്ഞിൽ നനവണിഞ്ഞ് നിൽക്കുന്നു. സ്വപ്നതുല്യമാണ് കൽഗ. ഋതുഭേദം അടയാളപ്പെടുത്താനായി സ്വർണനിറമണിഞ്ഞ ഇലകൾ, മഞ്ഞിന്റെ നനവിൽ തിളങ്ങുന്ന ഗ്രാമവഴികൾ, കല്ലു കൊണ്ടു പണിത വീടുകൾ, ചെറിയ കഫേകൾ, തിരക്കുപിടിക്കാതെ നടക്കുന്ന ഗ്രാമീണർ, വിദേശികൾ... കഥകളിൽ മാത്രം കേട്ടിട്ടുള്ള കാഴ്ചകൾ കൺമുന്നിൽ വിസ്മയമായി.
അടുത്തുകണ്ട കഫേയിൽ ചെന്ന് താമസസൗകര്യത്തെക്കുറിച്ച് അന്വേഷിച്ചു. റൂമുകൾ ഒഴിവില്ലെന്നു പറഞ്ഞ ഉടമസ്ഥൻ പുറത്തിറങ്ങി ആപ്പിൾ തോട്ടത്തിനപ്പുറത്തേക്കു വിരൽ ചൂണ്ടി – ‘‘അവിടെ ഒരു ലോഡ്ജുണ്ട്. റൂം ഒഴിവു കാണും’’

രണ്ടേക്കറിലേറെ പരന്നു കിടക്കുന്ന ആപ്പിൾ തോട്ടത്തിനു നടുവില്, സ്വർണനിറമുള്ള ഇലകൾ അതിരിട്ട വഴിയിലൂടെ നടന്നു. കാണുന്ന മുഖങ്ങളിലേറെയും വിദേശികൾ. ഇടയ്ക്കുള്ള കരിങ്കൽ കെട്ടിടങ്ങൾ...ഇന്ത്യയിൽ തന്നെയാണോ എന്നു സംശയിപ്പിക്കുന്ന കാഴ്ചകളാണ് ചുറ്റിലും.
കടുംചുവപ്പ്, ഇളം പച്ച, ഓറഞ്ച് നിറം...ആപ്പിളിന്റെ വൈവിധ്യങ്ങൾ കണ്ടു നടക്കുന്നതിനിടെ വഴിയിൽ തോട്ടത്തിന്റെ കാവൽക്കാരനെ കണ്ടു. ഒരു ആപ്പിൾ പറിച്ചോട്ടെയെന്ന ചോദ്യത്തിന് ‘‘ഇഷ്ടമുള്ളത്ര പറിച്ചോളൂ’’ എന്നു മറുപടി. ജീവിതത്തിൽ കഴിച്ചതിൽ വച്ചേറ്റവും മധുരമുള്ള ആപ്പിൾ രുചിച്ചു ലോഡ്ജിലേക്കെത്തി.
ജനൽ തുറന്നാൽ ഗ്രാമവും ആപ്പിൾത്തോട്ടവും മഞ്ഞു മൂടിയ മലനിരകളും കാണാൻ പാകത്തിലുള്ള റൂം തന്നെ കിട്ടി. ചുടുവെള്ളമടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. വാടക ചോദിച്ചപ്പോൾ ഞെട്ടി – ഒരാൾക്ക് വെറും അൻപതു രൂപ മാത്രം. അദ്ഭുതത്തോടെ നിൽക്കുന്ന ഞങ്ങളെ നോക്കി ലോഡ്ജ് ഉടമ ചിരിച്ചു –‘‘സ്വർഗത്തിൽ കാശിനു പ്രാധാന്യമില്ല സർ...’’
കൃഷിക്കാരായ വിദേശികൾ
കൽഗയിൽ ഗ്രാമീണരെക്കാൾ കൂടുതൽ വിദേശികളാണ്. അവരിലേറെയും ഫ്രാൻസ്, ഇറ്റലി, ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാണ്. ദിവസങ്ങളോ ആഴ്ചകളോ ചെലവഴിക്കാനെത്തുന്ന വിനോദസഞ്ചാരികളല്ല ഇവർ. വർഷങ്ങളോളം ഇവിടെ താമസിക്കുന്ന ‘കൽഗയുടെ സ്നേഹിതന്മാരാ’ണ്.
നിലം പാട്ടത്തിനെടുത്തു സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിയും മറ്റും കൃഷി ചെയ്ത്, വൈകുന്നേരങ്ങളിൽ കഫേകളിൽ കലാചർച്ചകൾ നടത്തി, ഇന്ത്യയുടെ സാംസ്കാരികത്തനിമ നെഞ്ചിലേറ്റി, ഉത്സവങ്ങളുടെ ഭാഗമായി ഇവർ ജീവിക്കുന്നു.
‘‘ഇവിടെ നല്ല കാഴ്ചകളുണ്ട്, പ്രകൃതിയോടു ചേർന്നുള്ള ജീവിതചര്യകളുണ്ട്, നല്ല മനുഷ്യരുണ്ട്, ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും മിതമായ അളവിൽ ലഭ്യവുമാണ്. ലോകത്തു വേറെയെവിടെയും കിട്ടാത്ത സമാധാനമാണ് ഈ ഭൂമി എനിക്കു നൽകുന്നത്’’ കഫേയിൽ വച്ചു പരിചയപ്പെട്ട റഷ്യാക്കാരി ഓക്സോൺ പറഞ്ഞു.
തുകൽ ഉൽപന്നങ്ങളുടെ കച്ചവടക്കാരിയാണ് ഓക്സോൺ. ഗ്രാമത്തിലുണ്ടാക്കുന്ന തുകൽ ഉൽപന്നങ്ങൾ ഡൽഹിയി ൽ വിറ്റുകിട്ടുന്നതാണു പ്രധാന വരുമാനമാർഗം. ഓക്സോണടക്കമുള്ള ‘കൽഗയുടെ സ്നേഹിതർ’, വീസ പുതുക്കാനും മറ്റ് അത്യാവശ്യങ്ങൾക്കും വേണ്ടി മാത്രമേ സ്വന്തം നാട്ടിലേക്കു പോകാറുള്ളൂ.
ചെറിയ വീടുകളും കടകളുമാണ് കൽഗയിലേറെയും. കൂടുതൽ വീടുകളിലും വിദേശികൾ വാടകയ്ക്കു താമസിക്കുന്നു. കടകൾ കാഴ്ചയിൽ ചെറുതാണെങ്കിലും ഇവിടെ കിട്ടാത്തതൊന്നുമില്ല. നമ്മുടെ നാട്ടിലെ വലിയ കടകളിലുള്ളതിനെക്കാൾ കൂടുതൽ സിലക്ഷൻ.
ഗ്രാമക്കാഴ്ചകൾ പകർത്തി നടക്കുന്നതിനിടയിൽ നേരം പോയതറിഞ്ഞില്ല. നാലു മണിയായപ്പോഴേക്കും സൂര്യൻ അസ്തമിക്കാനൊരുങ്ങി. മഴയും മഞ്ഞും അസ്തമയച്ചുവപ്പും ആകാശത്തൊരുമിച്ചു.
രാത്രിഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ പാട്ടും നിറങ്ങളും പൂത്തിരികളുമായി എങ്ങും ദീപാവലി ആഘോഷം. േനതൃത്വം നൽകുന്നതു കൽഗയുടെ സ്നേഹിതരാണ്. ഞങ്ങളും കൂടെക്കൂടി. ആട്ടവും പാട്ടും ഭക്ഷണവും കഴിഞ്ഞു റൂമിലേക്കു നടക്കുമ്പോൾ ആകാശത്ത് നക്ഷത്രങ്ങളും ദീപാവലി ആഘോഷിക്കുന്നു. മഞ്ഞിന്റെ തണുപ്പിൽ, സമാധാനത്തിന്റെ നാട്ടിൽ, ആയിരമായിരം നക്ഷത്രങ്ങളും കണ്ട് ഒരു ദീപാവലി രാത്രി.
പുൽഗ വഴി തുൽഗയിലേക്ക്...
‘‘മൂന്നു കിലോമീറ്റർ ദൂരത്തിലാണു പുൽഗ. കാട്ടിലൂടെ കുത്തനെയുള്ള ഇറക്കമിറങ്ങി വേണം ചെല്ലാൻ. ഇപ്പോൾ പുറപ്പെട്ടാൽ ഉച്ചയോടെയെത്താം’’– രാവിലെ ലോഡ്ജുടമ പുൽഗയിലേക്കുള്ള വഴി പറഞ്ഞു തന്നു.
കാഴ്ചകൾ ചിത്രങ്ങളാക്കി പുൽഗയിലേക്കു നടന്നു. കാടിന്റെ ഭംഗി തൊട്ടറിയാവുന്ന വഴികളാണ്. ഇടയ്ക്ക് മരമുത്തശ്ശിമാരുടെ വേരുകളിൽ വിശ്രമിച്ചു. കാട്ടരുവികളുടെ തണുപ്പിൽ മുഖം കഴുകി.

പുൽഗയിൽ വിദേശികളുടെ എണ്ണം കുറവാണ്. കൂടുതലും ഗ്രാമീണർ. ഒരു ചെറിയ ഗ്രാമം. സ്ത്രീകൾ വീടിനു മുന്നിൽ സംസാരിച്ചിരിക്കുന്നു. ചിലർ ഭക്ഷണം പാകം ചെയ്യുന്നു. വഴിയോരങ്ങളിൽ ഓടിക്കളിക്കുന്ന കവിൾ തുടുത്ത കുസൃതിക്കുട്ടികൾ ക്യാമറ നോക്കി ചിരിച്ചു. ഫോട്ടോയെടുത്തപ്പോഴേക്കും അവർ ഓടിവന്നു. ക്യാമറയുടെ സ്ക്രീനിലേക്ക് എത്തിനോക്കി കാശു ചോദിച്ചു. അവർ ഗ്രാമത്തിലെ ‘സെലിബ്രിറ്റി’കളാണ്. പടമെടുക്കുന്നതിനു കാശു കൊടുക്കണം. സഞ്ചാരികൾ കൊടുക്കുന്ന കാശിനു മിഠായിയും ബിസ്കറ്റും വാങ്ങിത്തിന്നു നടക്കലാണ് പ്രധാന ഹോബി.
പുൽഗയിലെ മനോഹരമായ കാഴ്ചകൾ കണ്ടു മോമോസിന്റെ രുചി നുണഞ്ഞു തുൽഗയിലേക്കു കുന്നിറങ്ങി. മറ്റു രണ്ടു ഗ്രാമങ്ങളിൽ നിന്നും അൽപ്പം വ്യത്യസ്തമാണ് തുൽഗ. ഒരുപാടു കടകളുള്ള വലിയ ഗ്രാമം. ദീപാവലി ദിവസമായതിനാൽ കൂടുതൽ കടകളും അടഞ്ഞു കിടക്കുന്നു. ഗ്രാമക്കാഴ്ചകൾ കണ്ടു നടക്കുന്ന സഞ്ചാരികൾ മാത്രം കവലയെ സജീവമാക്കി.
‘‘ഡോൻട് ടേക്ക് ഫോട്ടോസ്’’ – വഴിയിൽ ക്യാമറ നോക്കി ചിരിച്ച കൊച്ചുസുന്ദരിക്കുട്ടിയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ അവളുടെ ഏഴു വയസ്സു പ്രായമുളള ചേട്ടൻ തടഞ്ഞു. വീട്ടുകാർ പറഞ്ഞു പഠിപ്പിച്ചു വച്ചതാണ്. പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരായ തുൽഗയിലെ ജനങ്ങൾ പുറംനാട്ടുകാരോട് അകലം സൂക്ഷിക്കുന്നുണ്ട്. അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് അവർക്കിഷ്ടമില്ല.
രാവിലെ തുടങ്ങിയ നടത്തത്തിന്റെ ക്ഷീണം മാറ്റാൻ ഒരു കഫേയിലേക്കു കയറിച്ചെന്നു. തടിയിൽ തീർത്ത വീടിന്റെ മുകൾനിലയാണു കഫേ. പടി കയറിച്ചെന്നപ്പോൾ സ്വീകരിച്ചത് ആവി പറക്കുന്ന പാസ്ത. ഇവിടത്തെ പ്രധാന ഭക്ഷണങ്ങളിലൊന്നാണു പാസ്തയും മോമോസും. കടകളിലെല്ലാം ഇസ്രയേൽ വിഭവങ്ങളും സുലഭമാണ്.
അസ്തമയത്തിന്റെ ചെഞ്ചായം മഞ്ഞിൽ കലർന്നപ്പോൾ തിരികെ കുന്നു കയറിത്തുടങ്ങി. ഇറങ്ങിയതു പോലെ എളുപ്പമല്ല കയറ്റം. ഇടയ്ക്കു കാലു തെന്നിപ്പോകുന്നു. പോരാത്തതിനു ഇരുട്ടും. കഷ്ടപ്പെട്ട് തിരികെ കൽഗയിലെത്തിയപ്പോഴേക്കും ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞു കൽഗ ഉറങ്ങിയിരുന്നു. ആകാശത്ത് നക്ഷത്രങ്ങൾ അപ്പോഴും ആഘോഷം തുടർന്നു.
‘‘ഡ്രഗ്സ് ഹേ ക്യാ ?’’
മഞ്ഞു പെയ്യുന്ന പുലരിയിൽ, ചൂടുള്ള കാപ്പിയും കുടിച്ച് ആപ്പിൾ തോട്ടങ്ങളിലൂടെ തിരികെ കുന്നിറങ്ങി ബർഷേനിയിലെത്തി. കയറിയ വഴികളിലൂടെ തിരിച്ചിറങ്ങുമ്പോൾ ‘വഴികാട്ടി’യെ തിരഞ്ഞെങ്കിലും കണ്ടില്ല. മറ്റാർക്കോ വഴി കാട്ടിപ്പോയതായിരിക്കണം.
കൽഗയുടെ വിശേഷങ്ങൾ ഓർത്ത്, ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ആസ്വദിച്ച് ഡെറാഡൂണിലേക്കുള്ള ബസിൽ ‘ചാടിച്ചാടി’ പോകുന്നതിനിടെ പെട്ടെന്നു ബസ് ബ്രേക്കിട്ടു. ‘ചാർലി ജോൺ’ വീണ്ടും വന്നോയെന്നറിയാൻ ആകാംക്ഷയോടെ എത്തി നോക്കിയപ്പോൾ മുന്നിൽ പൊലീസ് ജീപ്പ്. ബസിൽ കയറിയ പൊലിസുകാർ ഞങ്ങളുടെ നേരെ തിരിഞ്ഞു–
‘‘ഡ്രഗ്സ് ഹേ ക്യാ ?’’–അൽപ്പം പരുക്കനായിരുന്നു ചോദ്യം. ഞങ്ങൾ ഇല്ലെന്നു തലയാട്ടി. വിശ്വാസം വരാതെ അവർ ബാഗു പരിശോധിക്കാൻ തുടങ്ങി. ഇടയ്ക്കു സംശയത്തോടെ നോക്കുന്നുണ്ട്. ഞങ്ങൾ അമ്പരപ്പോടെ മുഖത്തോടു മുഖം നോക്കി.
‘‘കസോളിലെത്തുന്ന സഞ്ചാരികളിൽ ചിലർ മയക്കുമരുന്നു കടത്താറുണ്ട്. അതാണ് ഇങ്ങനെയൊരു പരിശോധന’’–ഒന്നുമില്ലെന്നുറപ്പുവരുത്തി പോലീസുകാർ തിരിച്ചു പോയപ്പോൾ കണ്ടക്ടർ വിശദീകരിച്ചു.
‘‘കൽഗയുടെയും പുൽഗയുടെയും തുൽഗയുടെയും കാഴ്ചകളും പ്രകൃതിവിസ്മയങ്ങളും ഒരിക്കലെങ്കിലും അറിഞ്ഞവർക്ക് എന്തിനാണു മറ്റൊരു ലഹരി?’’–ഞങ്ങൾ ചിരിച്ചു