Tuesday 30 November 2021 04:58 PM IST : By ശബരി വർക്കല

മഴമേഘങ്ങളെ പ്രണയിച്ച്...മഞ്ഞു പെയ്യുന്ന മന്നവന്നൂരിൽ; സ്വിറ്റ്സർലാൻഡ് വരെ തോറ്റുപോകുന്ന പ്രകൃതിഭംഗി

mannavannoor ചിത്രങ്ങൾ; ശബരി വർക്കല

ശരീരവും മനസ്സും ഒരുപോലെ തണുപ്പിക്കാൻ പ്രകൃതിയൊരുക്കിയ ഇടങ്ങളിലേക്കു പോകണം. ഈ ചിന്തയാണ് കൊെെടക്കനാലിന്റെ മന്നവന്നൂരിലെത്തിച്ചത്. െകാെെടക്കനാലിന്റെ സുന്ദരി എന്നും മന്നവന്നൂരിനെ വിളിക്കാം, അത്ര സൗന്ദര്യവുമായാണ് അവളുടെ നിൽപ്. നനുത്ത മഞ്ഞ് ഈർപ്പം നിറച്ച അന്തീക്ഷം, തണുത്ത കാറ്റ്, ആ കാറ്റ് ഒാളമിടുന്ന നീലജലാശയം, കുട്ടവഞ്ചി... എല്ലാംസന്ദർശകർക്കായി മന്നവന്നൂർ ഒരുക്കുന്നു. ഇവയ്ക്കു പുറമെ പഞ്ഞിക്കെട്ടുകൾ പോലെ അങ്ങിങ്ങായി നീങ്ങിപ്പോകുന്ന ചെമ്മരിയാടുകളും മേഘത്തേക്കാൾ വെൺമയാർന്ന മുയൽകുഞ്ഞുങ്ങളുമെല്ലാം മന്നവന്നൂരിന്റെ ആനന്ദ കാഴ്ചകളാണ്. കുടുംബയാത്രയാണെങ്കിലും സുഹൃത്തുക്കൾക്കൊപ്പമാണെങ്കിലും നവോന്മേഷം നിറഞ്ഞുനിൽക്കുന്ന ദിനങ്ങൾക്കും യാത്ര ഉല്ലാസഭരിതമാക്കാനും മന്നവന്നൂരിലെ ദൃശ്യവിസ്മയങ്ങൾക്കു കഴിയും.

യാത്ര തുടങ്ങുന്നു

രാത്രി 10ന് കുടുംബവുമായി തൃശൂരിൽ നിന്ന് യാത്ര ആരംഭിച്ചു. പുലർച്ചെ അഞ്ചിന് കൊെെടക്കനാൽ തടാകത്തിന്റെ അടുത്തെത്തി. പകൽ അവിടെ കരയോടു ചേർന്ന് കുതിരസവാരി, െെസക്ലിങ്ങ്, ബോട്ടിങ്ങ് ഒക്കെയായി തിരക്കിട്ട ആ വീഥികളിലൂടെ അവളുെട മുഴുവൻ സൗന്ദര്യം ആസ്വദിക്കുക വലിയ പ്രയാസമാണ്. അതുകൊണ്ടുതന്നെ വണ്ടി െെസഡാക്കി പതുക്കെ കാമറയെടുത്ത് ഇറങ്ങി. പരന്നുകിടക്കുന്ന മഞ്ഞിൽ കൊെെടക്കനാലിനൊപ്പം മയങ്ങുന്ന തടാകത്തിന്റെ ദൃശ്യഭംഗി ആവോളം ആസ്വദിച്ചു.‌ എണ്ണചിത്രം പോലെ അരണ്ട വെളിച്ചത്തിൽ തടാകം മയക്കത്തിലാണ്. അവളുണരുംമുൻപേ അവിടെ നിന്നു മുന്നോട്ട് നീങ്ങി. ടൗണിൽ കണ്ട ഒരു ഹോട്ടലിൽ മുറിയെടുത്ത് രാത്രിയാത്രയുടെ ക്ഷീണം മാറ്റി. ഉദ്ദേശം 9 മണിയോടെ കൊടൈക്കനാലിൽ നിന്ന് മന്നവന്നൂരിലേക്ക്...

m6

മല കടന്ന് മന്നവന്നൂരിൽ

പർവതം ചുറ്റി പോകുന്ന പാതയിലൂടെ 30 കി. മീ. സഞ്ചരിച്ചുവേണം മന്നവന്നൂരിലെത്താൻ. നീണ്ട പാതകൾ ആദ്യകാഴ്ച സമ്മാനിച്ചത് പൂമ്പാറ ഗ്രാമമാണ്. റോഡിനു താഴെ തട്ടുതട്ടായി കൃഷിയൊരുക്കി അവയ്ക്കിടെ ഒരു പറ്റം വീടുകൾ പണിതുയർത്തി നിറഞ്ഞുനിൽക്കുന്ന ആ ഗ്രാമത്തിന് ചുറ്റും കരിമല കോട്ടകളുയർത്തി പ്രകൃതി കാവൽ നിൽക്കുന്നത് അത്യപൂർവ കാഴ്ചയാണ്. പൂമ്പാറ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ കൃഷി. മല പകുതിയും വെട്ടിത്തെളിച്ച് ഒന്നിനു മീതെ ഒന്നായി തട്ടുകളൊരുക്കി വെളുത്തുള്ളി, ഇഞ്ചി, ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ് കൃഷികൾ ഒട്ടു മിക്കതും പൂമ്പാറ ഗ്രാമത്തിന് സ്വന്തം. മന്നവന്നൂരിന്റെ ആദ്യ ദർശനമൊരുക്കിയ പൂമ്പാറയാണ് ആദ്യം കൊെെടക്കനാൽ എന്ന് അറിയപ്പെട്ടത്. പിൽക്കാലത്ത് ഇവിടെ കുളിര് ആസ്വദിക്കാനെത്തിയ വിദേശികളാണ് ഇന്നത്തെ പുതിയ കൊെെടക്ക് രൂപം നൽകിയത്.

പിന്നീട് വണ്ടി നിർത്തിയത് ലേക്ക് വ്യൂ പോയിന്റിൽ ആയിരുന്നു. അവിടെ നിന്നാൽ മന്നവന്നൂർ തടാകത്തിന്റെ ദൂരക്കാഴ്ച ലഭിക്കും. മലകളും തടാകവും അങ്ങിങ്ങു പച്ചപ്പും അതിഥികളെ തേടിയെത്തുന്ന കുളിരും ഒക്കെ ഏറ്റുവാങ്ങി അവിടെ നിൽക്കുന്നതിനിടെ തൊട്ടുമുന്നിൽ ഒരു ചായക്കട കണ്ണിൽപെട്ടത്. െകാെെടക്കനാലിന്റെ പ്രത്യേക രുചിക്കൂട്ടിൽ തയാറാക്കിയ ചായയുടെ മാധുര്യം നുണഞ്ഞ് തണുപ്പിനോടു മല്ലിടാനുള്ള ശ്രമമായി പിന്നീട്. സൂര്യകിരണം മലയടിവാരത്തേക്കു ചാഞ്ഞു. അധികം താമസിയാതെ ബാക്കിയാത്ര തുടങ്ങി.

m9

ഇതുവരെ മലചുറ്റിയുള്ള പാതയായിരുന്നെങ്കിൽ ഇപ്പോൾ തടാകക്കരയിലൂടെയാണ് വണ്ടിയുടെ ചക്രങ്ങൾ ഉരുളുന്നത്. ഇങ്ങനെയുള്ള വഴികളിലൂടെ എത്രനേരം വണ്ടി ഒാടിച്ചാലും കൊതി മാറില്ല. കാഴ്ചയുടെ ഗട്ടറുകൾ ഈ പാതയിലും വാഹനവേഗം കുറച്ചു. ഒടുവിൽ ഒരായിരം കാഴ്ചകളെ ഉള്ളിലേറ്റാനുള്ള ഒഴിഞ്ഞ മനസ്സും ക്യാമറക്കണ്ണുകളുമായി മന്നവന്നൂരിലേക്ക്. വൈകുന്നേരം 3.30 ഒാടുകൂടി മന്നവന്നൂരിൽ എത്തി.

വിദേശരാജ്യം പോലെ

മന്നവന്നൂരിലെ ഷൂട്ടിങ് സ്പോട്ടുകളിലേക്കാണ് ആദ്യം പോയത്. റോമൻസ്, ആദവൻ തുടങ്ങി ഒട്ടേറെ സിനിമകളാണ് അവിടം കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഒാടിയെത്തിയത്. ഒാർമയിൽ നിന്നും യാഥാർഥ്യത്തിലേക്ക് നയിച്ചതു വരിവരിയായി മേഞ്ഞുനടന്ന ഒരു ചെമ്മരിയാട്ടിൻ പറ്റമാണ്. അടുത്തുള്ള ആട് വളർത്തൽ കേന്ദ്രത്തിൽ നിന്ന് അമ്മയും കുഞ്ഞും അടങ്ങുന്ന ചെറു സംഘങ്ങളായി മലയടിവാരത്തേക്കു മേയാൻ കൊണ്ടുപോകുന്ന മനംകുളിർപ്പിക്കുന്ന കാഴ്ച. അൽപനേരം ഏതോ വിദേശ രാജ്യത്ത് എത്തിയ പോലെ. ചെമ്മരിയാടുകളെ മുൻപ് പല യാത്രകളിലും കണ്ടിട്ടുണ്ടെങ്കിലും ഇത്ര സൗന്ദര്യം അന്നൊന്നും അനുഭവപ്പെട്ടിട്ടില്ല. വെള്ള പുതച്ച് പച്ച വിരിപ്പിലൂടെ നിരന്നു നടക്കുന്ന ചെമ്മരിയാടുകൾ...

m5

ചെമ്മരിയാടുകളുടെ ഫാമിനോട് ചേർന്നു വെള്ളയും തവിട്ടും നിറങ്ങളിൽ കൂടുകൾക്കുള്ളിൽ ഒാടിക്കളിക്കുന്ന മുയലുകളെ ആദ്യം കണ്ടത് ഒന്നര വയസ്സുള്ള മകനാണ്. അവന്റെ കുഞ്ഞുകണ്ണുകളിലെ കാഴ്ചകളും കണ്ടെത്തലുകളും വർണങ്ങൾ നിറഞ്ഞതുമാത്രം. ഇതിനിടെ ഒരു െെകക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന മൂന്നു നാലു ദിവസം മാത്രം പ്രായമായ മുയൽകുഞ്ഞിനെ അവിടത്തെ ജീവനക്കാർ കാണിച്ചുതന്നത്. കാഴ്ച കണ്ട് സമയം പോയതറിഞ്ഞില്ല. അവിടമാകെ ഇരുട്ടു പടരാൻ തുടങ്ങിയിരിക്കുന്നു. ഇനി എത്രയും വേഗം താമസസ്ഥലത്ത് എത്തണം. പതുക്കെ വണ്ടി എടുത്ത് അധികം താമസിയാതെ എക്കോ ടൂറിസത്തിന്റെ ഹട്ടുകളിലേക്ക് എത്തിച്ചേർന്നു. അവിടെ ഞങ്ങൾക്ക് ആദ്യം സ്വാഗതമരുളിയത് ഫോറസ്റ്റ് റെയ്ഞ്ചറായ മണിമാരനും നെപ്പോളിയനുമാണ്. തണുപ്പും ഒപ്പം വിശപ്പും കൂടി വന്നതിനാൽ പെട്ടന്ന് ഫ്രഷായി പ്രത്യേക കൂട്ടുകളിൽ തയാറാക്കിയ നല്ല നാടൻ ചിക്കൻ കറിയും ചപ്പാത്തിയും കഴിച്ചു. കുറച്ചുനേരം അവരുമൊത്തു വിശേഷങ്ങൾ പങ്കുവച്ച് ഇരുന്നെങ്കിലും തലേന്നത്തെ ഉറക്കക്ഷീണവും എല്ലുതുളയ്ക്കുന്ന തണുപ്പും കാരണം അധികനേരം പിടിച്ചുനിൽക്കാനാകാതെ റൂമിനുള്ളിൽ കയറി കമ്പിളിപ്പുതപ്പിനുള്ളിൽ അഭയം തേടി...

m4

മന്നവന്നൂർ കാഴ്ചകൾ

അതിരാവിലെ തന്നെ മന്നവന്നൂർ കാണാനായി പുറത്തിറങ്ങി. മഞ്ഞുപുതപ്പിനുള്ളിൽ മുഖം പൂഴ്ത്തി മയക്കത്തിൽ ആണ്ടു കിടക്കുകയാണ് മന്നവന്നൂർ. അങ്ങ് ദൂരെ മലമടക്കുകൾക്കപ്പുറം മഞ്ഞിന്റെ വലയങ്ങൾ തുടച്ചുനീക്കി സൂര്യൻ പതുക്കെ സാന്നിധ്യം അറിയിച്ചു. നനുത്ത നിഴലുകൾ വീണ വഴിത്താരയിലെ മരക്കൊമ്പുകളിൽ നിന്നും മഞ്ഞിൻ തുള്ളികൾ താഴേക്ക് പതിക്കുന്നു. അവിടത്തെ തണുപ്പ് അറിയാൻ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന ആ പുൽനാമ്പു

m7

കളിൽ കൂടി ഞാൻ ചെരുപ്പിടാതെ നടക്കുവാൻ തീരുമാനിച്ചു. പക്ഷേ, അധികം നടന്നില്ല,കാലിന്റെ പാദം മുതൽ ഉച്ചിവരെ കൊടുംതണുപ്പ് അരിച്ചുകയറി. ഞൊടിയിടയിൽ കല്ലും മണ്ണും നിറഞ്ഞ പാതകളിലേക്ക് ഒാടിക്കയറി. പുൽമേടുകൾക്കിടയിൽ ചെറു െെലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആഹാരം കഴിക്കാനായി അങ്ങിങ്ങായി ഷീറ്റുവിരിച്ച ഹട്ടുകൾ. അതിനു ചുറ്റും തടിക്കുറ്റിയിൽ തീർത്ത ഇരിപ്പിടങ്ങൾ. ചെറുതടാകങ്ങൾക്കു മീതെ തീർത്ത തടിപ്പാലങ്ങൾ... എല്ലാം കണ്ട് ആസ്വദിച്ചു നടക്കുന്നതിനിടയിലാണ് കുന്നിന്റെ മുകളിലെ വാച്ച് ടവർ ശ്രദ്ധയിൽപെട്ടത്. മുട്ടിയുരുമ്മുന്ന മാനത്തിന്റെ തലോടലും വാത്സല്യവും അറിയാനായി വാച്ച്ടവറിനു മുകളിലേക്കു കയറി. നീലാകാശത്തിനു താഴെ പച്ചപ്പട്ടുടുത്തു നിൽക്കുന്ന മലനിരകൾ. അതിന്റെ അരികിലായി നീലജലാശയം. മന്നവന്നൂരിന്റെ മറ്റൊരു മുഖമായിരുന്നു അവിടെ നിന്നു കാണാൻ കഴിഞ്ഞത്.

m1

മഞ്ഞുമാറി സുഖമുള്ള ആ സ്വാദ്യകരമായ വെയിലെത്തി. അൽപനേരത്തെ ഇടവേളയ്ക്കുശേഷം കുട്ടവഞ്ചി സവാരി നടത്തുന്ന തടാകത്തിനടുത്തേക്ക് ഞങ്ങൾ നടന്നു. ഒറ്റ നോട്ടത്തിൽ പ്രശാന്തസുന്ദരമായ ആ ചുറ്റുപാട് മനസ്സിനെ വല്ലാതെ അങ്ങോട്ടേക്ക് ആകർഷിച്ചു. പരന്നുകിടക്കുന്ന മൺതരികളെ തൊട്ടുരുമ്മി ഒാളങ്ങൾ നെയ്യുന്ന നീലത്തടാകം. നിറഞ്ഞ നിശ്ശബ്ദത, അകലങ്ങളിൽ എവിടെയോ പുൽനാമ്പുകളിൽ മേയുന്ന ചെമ്മരിയാടുകൾ...

m3

ഇത്രയും സുന്ദരമായ ദൃശ്യങ്ങൾ ഇതുവരെ കാണാത്തതുകൊണ്ടാവാം തടാകത്തിനരികിലെ ഇരിപ്പിടങ്ങളിൽ ദൃശ്യങ്ങളിലോട്ട് കണ്ണോടിച്ച് ഒരുപാടുനേരം ഇരുന്നുപോയത്. വല്ലാത്തൊരു സുഖമായിരുന്നു ആ ഇരിപ്പിടങ്ങൾക്കും അവയൊരുക്കിയ ദൃശ്യവിസ്മയങ്ങൾക്കും. ഇക്കോ ടൂറിസം സഞ്ചാരിക്ക് ഒരുക്കിയിട്ടുള്ള ബോട്ടിങ്ങും കുതിരസവാരിയും ട്രെക്കിങ്ങും മറ്റ് ആക്ടിവിറ്റീസും ഷീപ് ഫാമും റാബിറ്റ് ഫാമും ഒക്കെ അനുഭവിച്ചും ആസ്വദിച്ചും ഞങ്ങൾ അന്നു വൈകിട്ട് അവിടെ നിന്നു മടങ്ങി.

സഞ്ചാരികൾക്കായി വിസ്മയങ്ങളൊരുക്കി കാത്തിരിക്കുന്നു മന്നവന്നൂർ. മന്നവന്നൂരിന്റെ കുളിരണിയാനായി ഒട്ടേറെ ഹട്ടുകളും ടെന്റ് സ്റ്റേകളും ഒരുക്കി കാത്തിരിക്കുകയാണ് അവിടത്തെ ഇക്കോ ടൂറിസം ഡിപാർട്ട്മെന്റ്. താമസത്തിന് 1500 രൂപ മുതൽ കോട്ടേജുകളും 350 രൂപ മുതൽ ട്രെക്കിങ് ഷെഡ്ഡുകളും ലഭിക്കും. .

m2