Tuesday 22 June 2021 03:47 PM IST

ബ്രണ്ണൻ കോളേജിലേക്ക് പോകും മുൻപ് ‘പാലക്കയം തട്ട് ’: കണ്ണൂരിലെ കൗതുകം

Baiju Govind

Sub Editor Manorama Traveller

1 - plkym

ആറേഴു വർഷം മുൻപു വരെ ആരും തിരിഞ്ഞു നോക്കാനില്ലാത്ത കുന്നിൻ ചെരിവായിരുന്നു പാലക്കയം തട്ട്. ഇപ്പോൾ ആ വഴിക്കൊന്നു പോയാൽ കണ്ട കാട് ഇതാണോ എന്നു സംശയം തോന്നും. പരിചിതമായ കണ്ണൂരിന്റെ മുഖചിത്രത്തെ മൂവായിരത്തഞ്ഞൂറ് അടി ഉയരത്തിൽ പൊക്കി പിടിച്ചിരിക്കുകയാണ് നടുവിൽ പഞ്ചായത്തിലെ മലഞ്ചെരിവ്. ഇനി വരുന്നൊരു തലമുറയുടെ ഭാവി ടൂറിസത്തിന്റെ കൊടിക്കീഴിൽ നിറമണിയുമെന്നു മുദ്രാവാക്യം മുഴക്കുന്നു പാലക്കയം തട്ടിലെ കാറ്റ്. കുന്നിനു താഴെ തളിപ്പറമ്പിലെ ഗ്രാമവീഥികൾ വികസനത്തിന്റെ പുതുകാഹളം കേട്ട് പുളകമണിയുന്നു. ഇതൊരു തുടക്കമാണ്, കൊല്ലിത്തോടിന്റെ ഉദ്ഭവ സ്ഥാനത്തു നിന്നു ചേമ്പേരി പുഴയിലൂടെ കണ്ണൂരിന്റെ പ്രകൃതി ഭംഗിയിലേക്കുള്ള വിനോദ സഞ്ചാരത്തിന്റെ തുടക്കം...

കണ്ണൂരിലെ മലനിരകളെ ജ്യേഷ്ഠാനുജന്മാരായി തരം തിരിച്ചാൽ പൈതൽ മലയുടെ ഇളയ സഹോദരനാണ് പാലക്കയം തട്ട്. പൈതലിന്റെ നെറുകയിൽ നിന്നാൽ പാലക്കയം കാണാം. പാലക്കയത്തു നിന്നാൽ പൈതലിന്റെ നെറുകയും കാണാം. മധ്യ കേരളത്തിൽ നിന്നു കുടിയേറിയ കർഷകർ നട്ടു വളർത്തുന്ന റബർ, കൊക്കോ മരത്തോട്ടങ്ങളാണ് പാലക്കയം തട്ടിന്റെ അടിവാരം. പരിസരത്തെ താമസക്കാരേറെയും കോട്ടയം ജില്ലക്കാരായതുകൊണ്ട് കോട്ടയം തട്ട് എന്നാണ് താഴ്‌വാരത്തിന്റെ വിളിപ്പേര്. തളിപ്പറമ്പിൽ നിന്നു കുടിയാന്മാല വഴി മണ്ടളവും പുലിക്കുരുമ്പയും കടന്നാൽ കോട്ടയം തട്ടിലെത്താം.

2 - plkym

സൂപ്പർ വ്യൂ

പലചരക്കു കടകയും ഒരു ചായക്കടയുമുള്ള കവലയും വഴിയോരത്തു നിരന്നു നിൽക്കുന്ന ഹൈ ഗിയർ ജീപ്പുകളുമാണ് പാലക്കയം തട്ടിന്റെ അടിവാരം. തട്ടു കാണാൻ സഞ്ചാരികൾ എത്തി തുടങ്ങിയപ്പോൾ ജീവിത മാർഗം തെളിഞ്ഞ ജീപ്പ് ഡ്രൈവർമാരാണ് പാലക്കയം തട്ടിലേക്കു വഴി കാട്ടികൾ. പാറയുടെ മുകളിൽ മണ്ണു നീക്കിയുണ്ടാക്കിയ റോഡിലൂടെ ജീപ്പോടിക്കൽ നിസാര ജോലിയല്ല. ഒരു കല്ലിൽ നിന്നു മറ്റൊരു കല്ലിലേക്ക് കുതിരയെ ചാടിക്കുന്നതു പോലെ ഹൈ ഗിയറിൽ വണ്ടിയോടിക്കണം. അടിവാരത്തു നിന്ന് അഞ്ചു കിലോമീറ്റർ ദൂരം ജീപ്പ് യാത്ര സഞ്ചാരികളുടെ ‘അഡ്വഞ്ചറസ്’ മോഹങ്ങൾക്ക് അൽപ്പം ശമനം നൽകും.

പാലക്കയം തട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചെക്പോസ്റ്റിലാണു ടിക്കറ്റ് കൗണ്ടർ. കവാടം കടന്ന് മുളങ്കൂട്ടത്തിനുള്ളിലൂടെ നടന്നു കയറുന്നതു തട്ടിന്റെ മേടയിലേക്കാണ്. ബാരിക്കേഡ് കെട്ടിയ തട്ടിനരികെ ഇരുമ്പു ബെഞ്ചുകളിലിരുന്നാൽ തളിപ്പറമ്പിന്റെ കിഴക്കൻ ഗ്രാമങ്ങൾ കാണാം. നിരയായ പാറപ്പുറം, അഡ്വഞ്ചർ പാർക്ക്, ടെന്റുകൾ, വ്യൂ പോയിന്റ് – ഇത്രയുമാണ് വിനോദവും കാഴ്ചകളും.

3 plkym

പാലക്കയം തട്ടിന് ‘രണ്ടു കണ്ണുകൾ’ (ഫ്രെയിം) നിർമിച്ചിട്ടുണ്ട്. ചതുരത്തിലുള്ള സിമന്റ് ഫ്രെയിമിൽ കണ്ണൂരിന്റെ അതിർത്തിക്കപ്പുറം കാണാം. ഒരു വശത്ത് പൈതൽ മല, മറുഭാഗത്ത് വളപട്ടണം പുഴ അതിനരികിൽ കുടകിന്റെ വനസമൃദ്ധി. ആകാശച്ചെരിവു വരെ പരന്നു കിടക്കുന്ന പച്ചപ്പിന്റെ ഫോട്ടോ അതി മനോഹരം. വെയിലും നിഴലും മാറി തെളിയുമ്പോൾ ഈ കാഴ്ച ഒരിക്കലും മറക്കാനാവാത്ത ചിത്രമായി മനസ്സിൽ പതിയും.

വെട്ടിയൊതുക്കിയ കൽപടവുകൾ ഇറങ്ങി തെക്കു ഭാഗത്തേക്കു പോയാൽ ടെന്റ് ക്യാംപുകളാണ്. മുള്ളു വേലി കെട്ടി സുരക്ഷിതമാക്കിയ നിരപ്പായ സ്ഥലത്ത് സിമന്റ് തറയുണ്ടാക്കി അതിനു മുകളിലാണ് ടെന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ പ്രവേശനം അനുവദിച്ചിട്ടുള്ള പാലക്കയം തട്ടിൽ ടെന്റ് ക്യാംപുകൾ തുറക്കുന്നതോടെ അതിഥികളുടെ എണ്ണം ഇരട്ടിയാകും.

വടക്കേ തട്ടിലാണ് രണ്ടാമത്തെ ‘ഐ’. തീരത്തു നിന്നു കടലിനെ നോക്കുമ്പോൾ കൺ മുന്നിൽ തെളിയുന്ന അനന്ത നീലിമ പോലെ ചക്രവാളം വരെ നീണ്ടു കിടക്കുന്ന പച്ചയായ പ്രകൃതി ഇവിടെ കാണാം. ഉച്ചവെയിൽ ശിരസ്സിനു മീതെ കത്തി നിൽക്കുമ്പോഴും ആ കാഴ്ചകളിലേക്കു മുഖം ചേർത്തു പുഷ്പിക്കുന്ന പ്രണയങ്ങൾ പാലക്കയം തട്ടിനെ പൂന്തോട്ടമാക്കുന്നു.

4 plkym

രണ്ടാമത്തെ വ്യൂ പോയിന്റിൽ നിന്നു മുകളിലേക്കുള്ള കല്ലുപാകിയ നടപ്പാത അഡ്വഞ്ചർ പാർക്കിലേക്കാണ്. സിപ് ലൈൻ, റോപ് ക്രോസ്, സോർബിങ് ബാൾ, ഗൺ ഷൂട്ടിങ്, ആർച്ചറി – ഇത്രയുമാണ് വിനോദ പരിപാടികൾ. വലയിൽ തൂങ്ങി കയറാനും കയറിൽ പിടിച്ച് സാഹസിക നടത്തത്തിനും തിരക്കു കൂട്ടുന്ന ചെറുപ്പക്കാരാണ് പാലക്കയം തട്ടിന്റെ ആവേശവും ആകർഷണവും.

തട്ടിന്റെ കഥ

തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിലെ കുന്നിൻ ചെരിവിൽ ടൂറിസം സാധ്യത തെളിഞ്ഞതിനു ശേഷം നടത്തിയ പ്രവർത്തനങ്ങൾ ആ നാടിന്റെ മുഖച്ഛായയ്ക്കു തിളക്കം കൂട്ടി. അറിയപ്പെടാതെ കിടന്നിരുന്ന മലയോരത്തേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നു വരെ ആളുകൾ എത്തിത്തുടങ്ങി. എന്നാൽ അവിടെ നിന്നു മടങ്ങുന്നവർക്ക് പാലക്കയം തട്ടിന്റെ പൂർവകാലം അറിയില്ല. അഥവാ, ആ പ്രദേശത്തിന്റെ പ്രത്യേകത പ്രകടമാക്കുന്ന ലിഖിതങ്ങളൊന്നും അവിടെയില്ല.

5 plkym

ന്യൂ നടുവിൽ, വെള്ളാട് വില്ലേജുകളുള്ള നടുവിൽ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ആലക്കോട് പഞ്ചായത്ത്. കിളക്ക് എരുവശേരി, തെക്കു ചെങ്ങളായി – ശ്രീകണ്ഠാപുരം, പടിഞ്ഞാറ് ചപ്പാരപ്പടവ്. ഈ ഭൂമിശാസ്ത്രത്തിനുള്ളിൽ ഉയർന്നു നിൽക്കുന്ന പാലക്കയം തട്ടിന്റെ പഴയ പേര് പാലക്കായ് മരം തട്ട് എന്നായിരുന്നു. പൈതൽ മലയിലെ പക്ഷി വൈവധ്യങ്ങൾ കാട്ടുജീവികളും പാലക്കയം തട്ടിലും എത്തിയിരുന്നു. തളിപ്പറമ്പിലൂടെ ഒഴുകുന്ന ചേമ്പേരി പുഴയുടെ പോഷക നദിയായ കൊല്ലിത്തോട് ഉദ്ഭവിക്കുന്നത് പാലക്കയം തട്ടിൽ നിന്നാണ്. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകുമ്പോൾ മലഞ്ചെരിവിൽ തെളിയുന്ന ജാനുപ്പാറ വെള്ളച്ചാട്ടം പാലക്കയം തട്ടിന്റെ ഭംഗി പൂർണതയിലെത്തിക്കുന്നു.

പാലക്കയം തട്ടിന്റെ അടിവാരത്ത് കാടിനുള്ളിലായി ബുദ്ധപാരമ്പര്യം അവകാശപ്പെടാവുന്നൊരു ഗുഹയുണ്ട്. ഗുഹയ്ക്ക് അയ്യൻമട തുരങ്കം എന്നു പേരു വച്ചത് ഇവിടുത്തെ ആദിമ നിവാസികളാണ്. കരിംപാലർ വിഭാഗക്കാരാണ് ഈ കാടിന്റെ ആദ്യത്തെ ഉടമകൾ. പുലിച്ചാമുണ്ഡിയായിരുന്നു കരിംപാലരുടെ ദൈവം. ചൂട്ടും പന്തവുമേന്തി കരിംപാലന്മാർ ഉത്സവാഘോഷം നടത്തുന്ന മേളം പണ്ട് തളിപ്പറമ്പു വരെ കേൾക്കുമായിരുന്നു. അങ്ങനെയൊരു സമൃദ്ധമായ പ്രകൃതി പാരമ്പര്യത്തിൽ നിന്നുമാണ് ഇന്നു കാണുന്ന വിനോദ സഞ്ചാരത്തിന്റെ പൊലിമയിലേക്ക് പാലക്കയം തട്ട് രൂപാന്തരപ്പെട്ടത്.

കാഴ്ചയുടെ മനോഹാരിത, അഡ്വഞ്ചർ പാർക്ക്, ടെന്റ് ക്യാംപുകൾ, വിശ്രമ സ്ഥലങ്ങൾ, പിന്നാമ്പുറ കഥകളുടെ പെരുമ – സമ്പൂർണ ടൂറിസം ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഉൾപ്പെടാൻ ഇതൊക്കെ പോരേ?

6 plkym

പാലക്കയം തട്ട്

ബസ് റൂട്ട്: കണ്ണൂർ, തളിപ്പറമ്പ്, നടുവിൽ, കുടിയാന്മാല – പാലക്കയം തട്ട്. കാസർഗോഡ് ഭാഗത്തു നിന്നു വരുന്നവർ ചെറുപുഴ, ആലക്കോട്, കരുവഞ്ചാൽ, വെള്ളാട് – പാലക്കയം തട്ട്.

പ്രവേശനം: രാവിലെ 9 മുതൽ രാത്രി 9 വരെ. അടിവാരത്തു നിന്ന് തട്ടിലേക്ക് 5 കി.മീ. ജീപ്പ് സർവീസുണ്ട്. ഈ പ്രദേശത്ത് താമസത്തിന് ഹോട്ടലുകൾ ഇല്ല.