Monday 03 January 2022 02:52 PM IST : By Text: Anjaly Thomas

‘പതിനാറാം വയസ്സിൽ ഒറ്റയ്ക്ക് ഗോവയ്ക്ക് പോയപ്പോൾ എന്നെ വിളിച്ചത് ‘റിബൽ’ എന്നായിരുന്നു’; ഫീമെയിൽ സോളോ ട്രിപ്പുകളെക്കുറിച്ച് അഞ്ജലി തോമസ്

anjalivyftdf

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീസഞ്ചാരികൾക്കായുള്ള ഗ്രൂപ്പുകളുടെ പ്രളയമാണ് ഇപ്പോൾ, യാത്രകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളാകട്ടെ പെൺകൂട്ടങ്ങള്‍ക്കു പ്രത്യേകം പദ്ധതികളവതരിപ്പിക്കുന്നു. അറുപതോളം രാജ്യങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിച്ചിട്ടുള്ള മലയാളി സഞ്ചാരി അഞ്ജലി തോമസ് മാറുന്ന ഫീമെയിൽ സോളോ ട്രിപ്പുകളെക്കുറിച്ച്.... 

‘‘ആരാണ് എനിക്ക് അനുവാദം തരുന്നത് എന്നതല്ല പ്രശ്നം, ആരാണ് എന്നെ തടുക്കാൻ വരുന്നത് എന്നതാണ്’’ എന്ന്  അയ്ൻ റാൻഡ് പറഞ്ഞത് പ്രശസ്തമാണ്. ഇന്നത്തെ കാലത്ത് ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകളുടെ മനോഭാവത്തെ ഏറെക്കുറെ പ്രതിഫലിപ്പിക്കുന്നു ഇത്. സാന്ദർഭികമായി പറയട്ടെ, ഒറ്റയ്ക്കു യാത്ര നടത്തുന്നവരുടെ എണ്ണമെടുത്താൽ ഇന്ന് പുരുഷൻമാരെക്കാളും  അധികം സ്ത്രീകളാണ്. നിങ്ങളറിഞ്ഞില്ലേ ഈ മാറ്റം? 

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇപ്പോൾ കൂടുതലായി തനിച്ചുള്ള യാത്രകൾ നടത്തുന്നത്. അതൊരു യാഥാർത്ഥ്യമാണ്. കടുകട്ടി വാക്കുകൾ ഏറെയുള്ള സഞ്ചാരരംഗത്ത് സ്‌റ്റേകേഷൻ (വീടിനടുത്തുതന്നെ അവധി ആഘോഷിക്കുക), ഗ്ലാംപിങ്(ആഡംബരത്തോടെയുള്ള ക്യാംപിങ്) ബിലെയ്ഷർ(ബിസിനസ് ആവശ്യങ്ങളൊടൊപ്പമുള്ള വിനോദയാത്ര) തുടങ്ങിയവയൊക്കെ പഴങ്കഥയാവുകയാണ്. ഇപ്പോൾ ലോകം മുഴുവൻ വനിതാ സോളോ സഞ്ചാരികളെക്കൊണ്ട് നിറയുന്നു. പലപ്പോഴും അവർ ആഹ്ളാദത്തോടെ തെരുവുകളിലലയുന്നതോ അല്ലെങ്കിൽ അപരിചിതരുമായി തികച്ചും അർത്ഥവത്തായ സംസാരത്തിൽ ഏർപ്പെട്ടിരിക്കുന്നതോ അമിതജാഗ്രതയോ ആശങ്കകളോ ഇല്ലാതെ കുറച്ചു സമയം തങ്ങളുടെ ജീവിതത്തിലെ അർത്ഥവത്തായ നിമിഷങ്ങളെന്നു കരുതി ആസ്വദിക്കുന്നതോ ഒക്കെ കാണാം. 

 ‘ഈറ്റ്, പ്രേ, ലൗ’ എന്ന കൃതിയിലെപ്പോലെ ഒരു അനുഭവത്തിനായി കാത്തിരിക്കുന്ന പരാജിതരാണ് എല്ലാവരും എന്നൊന്നും കരുതരുത്. ലക്ഷ്യബോധമുള്ള, സ്വന്തം വരുതിയിൽ കാര്യങ്ങളെ കൊണ്ടുപോകാൻ ശേഷിയുള്ള ഇക്കൂട്ടരിൽ  ഉന്നത ഉദ്യോഗം വഹിക്കുന്നവർവരെ ഉൾപ്പെടുന്നു. ഇവരിൽ കുടുംബമുള്ളവരും  വിവാഹം, കുട്ടികൾ തുടങ്ങിയവയൊന്നും വേണ്ട എന്നു പറഞ്ഞവരും ഉണ്ട്. യാത്രാവഴികളിലെ അനിശ്ചിതത്വത്തിനായി ജോലി ഉപേക്ഷിക്കാൻ ധൈര്യപ്പെട്ടവരെയും ഇക്കൂട്ടത്തിൽ കാണാം. ഇവരൊക്കെ കഠിനാധ്വാനികളും പതിവുമാതൃകകളെ വെല്ലുവിളിക്കുന്നവരും സഞ്ചാരവഴിയിലേക്കിറങ്ങിയാൽ കണ്ണീരിനോട് വിടപറയുന്നവരും ആണ്; അവർ ഇതൊക്കെ സ്വയം ചെയ്യാൻ ഇഷ്ടപ്പെടുന്നു.  ഇവരാരും വിദ്യാഭ്യാസഇടവേള തേടുന്നവരുമല്ല, ഇതിൽ അമ്മമാരും അമ്മായിമാരും അമ്മൂമ്മമാരും സഹോദരിമാരും പ്രൊഫഷണലുകളും ഭാര്യമാരും ഒക്കെയുണ്ട്. ഇവരൊക്ക തങ്ങളെ വലയം ചെയ്തേക്കാവുന്ന ‘ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീ’ എന്ന സാമൂഹികമായ  അപമാനത്തിന്റെ അതിർവരമ്പുകൾ മുറിച്ചുകടന്നവരാണ്.

ലോകമെങ്ങും മാറുന്ന പ്രവണതകൾ

ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ സ്കൂൾ ഓഫ് ബിസിനസ് പ്രസിദ്ധീകരിച്ച ഒരു പഠനം അവകാശപ്പെടുന്നത് ഇന്ന് ‍യാത്ര ചെയ്യുന്നവരിൽ ഏതാണ്ട് മൂന്നിൽ രണ്ടുപേർ സ്ത്രീകളാണെന്നാണ്. മാത്രമല്ല, യാത്രയെ ഒരു ആവേശമാക്കിയ ധനാഢ്യരായ യാത്രക്കാരിൽ 54 ശതമാനം വരുമത്രേ ഇവർ. പത്തു വർഷം മുൻപ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീ അപൂർവത്തിൽ അപൂർവമായിരുന്നു; അതിൽനിന്നൊക്കെ എത്ര മാറിയിരിക്കുന്നു! ഈ മാറ്റത്തിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. ഇന്ന് സ്ത്രീകൾ യാത്ര ചെയ്യുന്നതിനെ ഒരു സാമൂഹിക പ്രശ്നമായി ആരും കണക്കാക്കുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യാൻ തുനിയുന്നു. അവധിക്കാലം ഒറ്റയ്ക്കു ചെലവിടാം എന്നു പറയുന്നത് തന്നെപ്പോലെ ഒറ്റത്തടികളായവരെ കണ്ടുമുട്ടാനുള്ള ഉപായമാണെന്നാണ് പണ്ടൊക്കെ പറഞ്ഞിരുന്നത്. അക്കാലം പൊയ്പ്പോയി. ഇപ്പോൾ സ്വയം കണ്ടെത്താനും നവീകരിക്കാനും ആത്മവിശ്വാസം വളർത്താനുമൊക്കെയുള്ള വഴിയാണ് ഒറ്റയ്ക്കുള്ള യാത്രകൾ. 

ആരുടെയും തുണയില്ലാതെ സഞ്ചരിക്കുക എന്നത് ഇന്ത്യയിൽ സ്ത്രീകൾക്ക്  ചർച്ച ചെയ്യാൻപോലും സാധിക്കാത്ത കാലത്ത് ഒറ്റയ്ക്ക് യാത്ര തുടങ്ങിയതാണ് ഞാൻ. അതുകൊണ്ട് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം വർധിക്കുന്നതിൽ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. ഒരു ദിവസം ബാഗും പാക്ക് ചെയ്ത് ഗോവയ്ക്കു പോയപ്പോൾ എന്നെ എല്ലാവരും വിളിച്ചത് യാത്രക്കാരി എന്നല്ല, ‘റിബൽ’ എന്നായിരുന്നു.   (എനിക്കന്ന് പ്രായം വെറും 16 വയസേ ആയിരുന്നുള്ളു എന്നതു നിൽക്കട്ടെ.) ഏതാനും വർഷം കഴിഞ്ഞ് ബാങ്കോക്കിലേക്ക് പറക്കാൻ തീരുമാനിച്ചപ്പോൾ പുരുഷൻമാരായ സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ പരിഹാസം നിറഞ്ഞതായിരുന്നു. ഞാൻ എന്തോ ഒരു പാപം ചെയ്യാൻ പോകുന്നതുപോലെയാണ് സ്ത്രീ സുഹൃത്തുക്കൾ കണക്കാക്കിയത്. 

shutterstock_1195971427

ഇക്കാരണങ്ങളാൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ എന്നെ ആവേശഭരിതയാക്കുന്നു. ഇവരിൽ പലരും ആഹ്ലാദംനിറഞ്ഞ കുടുംബജീവിതത്തിനിടയിൽ, ഒറ്റയ്ക്കുള്ള യാത്രയിൽ കിട്ടുന്ന സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതപങ്കാളികളെ വീട്ടിൽ ഉപേക്ഷിച്ചു പോന്നതാണ് എന്ന് ധൈര്യപൂർവം സമ്മതിക്കുന്നവരുമാണ്.  സാഹ സികതയോടും പുതിയ പുതിയ സ്ഥലങ്ങളുടെ ആവേശത്തോടുമുള്ള ഇഷ്ടം മാത്രമല്ല ഇവരെ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. തങ്ങളുടെ പങ്കാളികളെ സന്തോഷിപ്പിക്കേണ്ടതില്ല എന്നതും ഒരു കാരണമാണ്, ഇവരുടെ തന്നെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ‘അതൊരു വലിയ ആശ്വാസം തന്നെ.’ 

ആഗോളതലത്തിൽ സ്ത്രീകളിൽ 74 ശതമാനം ഒറ്റയ്ക്കു സഞ്ചരിച്ചവരോ ഒറ്റയ്ക്കു സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരോ ആണെന്ന്  2015ൽ ട്രിപ് അഡ്വൈസറിന്റെ ഒരു റിപോർട്ടിൽ പ്രസ്താവിച്ചിരുന്നു.  ഓരോ വർഷവും 5% എന്നരീതിയിൽ ഇവരുടെ എണ്ണം വർധിക്കുന്നുമുണ്ടത്രേ.  

സോളോ ഫീമെയ്ൽ ട്രാവൽ എന്നു ഗൂഗിളിലൊന്ന് തെരഞ്ഞുനോക്കൂ, 3 മില്യൺ റിസൽട്ടാവും നിങ്ങളുടെ മുന്നിലെത്തുക. ഗൂഗിളിന്റെ കീവേഡ് പ്ലാനർ ടൂൾ പോലും ഇക്കാര്യത്തിൽ താൽപര്യം വർധിക്കുന്നതിന്റെ അടയാളമാണ് കാട്ടുന്നത്. 

സ്ത്രീകൾ ഒറ്റയ്ക്കു സഞ്ചരിക്കുന്നതിനുള്ള കാരണങ്ങൾ

അതിന്റെ പ്രധാനകാരണങ്ങളിലൊന്ന് സ്ത്രീകളുടെ സാമ്പത്തികസ്വാതന്ത്ര്യമാണ്. അതിലൂടെ അവർക്ക് ജീവിതത്തിന്റെ എല്ലാ തുറകളിലും തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും സാധിക്കുന്നു. മാറ്റങ്ങൾ ഏറ്റെടുക്കാനുള്ള തുറന്ന സമീപനവും സ്ത്രീകൾക്കാണ് കൂടുതൽ. അതും അവരെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. സാമ്പത്തികസ്വാതന്ത്ര്യം കൂടുതലുണ്ടെങ്കിൽ അത് പറക്കാൻ കൂടുതൽ ആത്മവിശ്വാസം നൽകുകതന്നെ ചെയ്യും.  ജീവിതത്തെ കുറെക്കൂടി വിശാലമായി മനസ്സിലാക്കാനും ആത്മാഭിമാനം വളർത്താനും യാത്രകൾ ഇവർക്ക് സഹായകമാണ്. 

സുപ്രധാന കാരണങ്ങളിൽ രണ്ടാമത്തേത് ലോകം കുറേക്കൂടി സുരക്ഷിതമായി, അല്ലെങ്കിൽ കുറഞ്ഞപക്ഷം അപകടങ്ങളെ എളുപ്പത്തിൽ നേരിടാനാകുന്ന ചില മാർഗങ്ങളെങ്കിലും ഉണ്ടായി എന്നതാണ്. വിവരങ്ങളെല്ലാം നമ്മുടെ വിരൽത്തുമ്പിലെത്തുന്നു എന്നത് യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്ക് മുതൽക്കൂട്ടായി. ഞങ്ങളെപ്പോലെ പലർക്കും  ഒരു കാലത്ത് ഈ ലോകം ധൈര്യം മുഴുവൻ ചോർത്തിക്കളയുംവിധം ദുർഘടമായ മാർഗങ്ങൾ നിറഞ്ഞതായിരുന്നു. വഴിതേടിപ്പിടിച്ച് പോകുക എന്നത് ഏറെ ബുദ്ധിമുട്ടും ചെലവേറിയതും. അപ്പോൾ ഏറ്റവും നല്ലത് കൂട്ടുകാർ ഒരുമിച്ചു യാത്ര ചെയ്യുക എന്നതുതന്നെ. അന്ന് യാത്രാവഴികളിൽ ഭാഷാപരമായ പരിമിതികൾ മറികടക്കണമെങ്കിൽ മാപ്പ് നോക്കി സഞ്ചരിക്കുന്നതിൽ വൈദഗ്ധ്യമുള്ളവളാകണം. ചുരുക്കിപ്പറഞ്ഞാൽ അപരിചിതമായ പ്രദേശത്ത് ഒറ്റയ്ക്ക് ചുറ്റിയടിക്കുക ഒട്ടും എളുപ്പമായിരുന്നില്ല.  

അതൊക്കെ ഇപ്പോൾ ഒരു പഴങ്കഥയായിരിക്കുന്നു. ഒറ്റയ്്ക്കുള്ള യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുന്ന ഞങ്ങളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.  ദിശയുടെ കാര്യത്തിൽ ഒരെത്തും പിടിയുമില്ലാത്തവരെപ്പോലും അടുത്ത സ്ഥലത്തേക്ക് കൃത്യമായി നയിക്കുന്ന ഗൂഗിളിനോടാണ് നന്ദി പറയേണ്ടത്. (സാന്ദർഭികമായി പറയട്ടെ, ഞാൻ ഇപ്പോഴും ആളുകളോട് ചോദിച്ചറിയുന്ന പഴയരീതി തന്നെയാണ് പിന്തുടരുന്നത്.) അതു മാത്രമല്ല, വാക്കുകളും മറ്റും ഏതു  ഭാഷയിൽനിന്നായാലും വിവർത്തനം ചെയ്ത് തരാനും ഗൂഗിൾ സഹായത്തിനുണ്ട്. പ്രാഥമിക കാര്യങ്ങൾ ഏറ്റവും എളുപ്പമാക്കിത്തീർക്കാൻ ബുക്കിങ്.കോം പോലെയുള്ള ആയിരക്കണക്കിന് സേവനദാതാക്കളുള്ളപ്പോൾ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നത് മുൻപെന്നത്തേക്കാളും ലളിതമായിരിക്കുന്നു. ആദ്യകാലത്ത് ഞാൻ ഒരു ഹോട്ടലിൽ മുറി എടുക്കാൻ ചെന്നു കയറിയാൽ ആദ്യം പത്തിരുപത് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഈ സ്ഥിരം ചോദ്യം മുഴുവൻ എന്റെ ഉദ്ദേശലക്ഷ്യങ്ങളും സദാചാരബോധവും സംശയിക്കുന്നതായിരിക്കും. ഇതൊക്കെ കഴിഞ്ഞ് ഒരു റൂം തന്നാൽത്തന്നെ അതെപ്പോഴും അവരുടെ ഒരു കണ്ണെത്തുന്ന സ്ഥലത്തുമായിരിക്കും. 

മറ്റൊന്ന്, തികച്ചും അസാധാരണമായത്, കൂടുതൽ വനിതകൾ ഒറ്റയ്ക്കു കഴിയാനാഗ്രഹിക്കുന്നു എന്നതാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അതും ഇടയാക്കും. 

shutterstock_1225063639

സോളോ യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ 5

അനുഭവപരിചയം, രക്ഷപെടൽ, വിശ്രമം, സാമൂഹികമായ കാരണങ്ങൾ, ആത്മാഭിമാനം എന്നീ 5 എണ്ണമാണ് പൊതുവെയുള്ളത്. ഇതിൽനിന്നും വ്യക്തിപരമായ വളർച്ചയ്ക്കുമാത്രമല്ല ഒറ്റയ്ക്കു യാത്ര ചെയ്യുന്നതെന്ന് മനസ്സിലാകുമല്ലോ. ചിലർ സാഹസികതയിലുള്ള താൽപര്യംകൊണ്ട് മാത്രം ഇറങ്ങി തിരിക്കും. പറഞ്ഞു പഴകിയ റോഡ് ട്രിപ്പുകൾ അവർ ഉപേക്ഷിച്ചിരിക്കുന്നു, (നമ്മുടെ ചലച്ചിത്രരംഗം ഇന്നും ഈ ആശയത്തിൽത്തന്നെ ഉറച്ചു നിൽക്കുന്നു)  സുഖചികിത്സാ കേന്ദ്രങ്ങളും അവർ ഒഴിവാക്കിയിരിക്കുന്നു. അവർ താൽപര്യപ്പെടുന്നത് നടത്തത്തിനും മലകയറ്റത്തിനും ഡൈവിങ്ങിനും സർഫിങ്ങിനും ഇത്തരം വിനോദങ്ങളിൽ പരിശീലനം നൽകുന്ന ക്യാംപുകൾക്കും ഒക്കെയാണ്. 

ടൂർ കമ്പനികൾ ഇതു മുതലാക്കുന്നുണ്ടോ?

തീർച്ചയായിട്ടും. തങ്ങളുടെ വനിതാ ഉപഭോക്താക്കളിൽ ബഹുഭൂരിപക്ഷവും ഒറ്റയ്ക്കു യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നവരാണെന്ന് അറിഞ്ഞ ഉടനെതന്ന ഈ താൽപര്യം മുതലാക്കാനുള്ള പല പദ്ധതികളും അവർ ആവിഷ്കരിച്ചു. വിബിറ്റി ബൈസിക്കിളിങ് ആൻഡ് വാക്കിങ് വെക്കേഷൻ പറഞ്ഞത് 2016ൽ തന്നെ അവരുടെ വനിതായാത്രികരിൽ അറുപതു ശതമാനത്തോളം ഒറ്റയ്ക്കു യാത്ര ചെയ്തവരാണെന്നാണ്. കൺട്രി വാക്കേഴ്സിന്റെ വനിതകളായ യാത്രക്കാരിൽ 87% ഒറ്റക്കുള്ള സഞ്ചാരികളായിരുന്നത്രേ, അതായത് ഓരോ പുരുഷയാത്രികനും 3.3 സ്ത്രീകൾ വീതം. 

സ്ത്രീകൾ മാത്രമടങ്ങിയ സംഘങ്ങൾക്കായി യാത്രകൾ സംഘടിപ്പിക്കുന്നവർ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു മാത്രമല്ല ശ്രദ്ധയൂന്നുന്നത് എന്നതും രസകരമാണ്. അവർ വൈൻ ടൂറുകൾ, മലയകയറ്റങ്ങൾ തുടങ്ങിയ വ്യത്യസ്ത അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. എല്ലാവർക്കും സന്തോഷം എന്ന തത്വത്തിനായി അക്കൂടെ നല്ല ഷോപ്പിങ് ഇടങ്ങൾക്കും കിട്ടും പ്രാധാന്യം,  കാരണം സ്ത്രീകൾ സാധനങ്ങൾ മേടിക്കാനായി കൂടുതൽ പണം മുടക്കുന്നവരാണെന്ന സത്യം സമ്മതിച്ചല്ലേ മതിയാകൂ. 

വനിതകൾ മാത്രമടങ്ങിയ സംഘങ്ങൾ നല്ല സൗഹൃദക്കൂട്ടായ്മകളാകുമെന്നാണ് ടൂർ സംഘാടകർ കണക്കാക്കുന്നത്. അതൊക്കെ യാത്രയുടെ ഭാഗമാണ്. 

ഇൻസ്റ്റഗ്രാമിനെയോ പിന്ററസ്റ്റിനെയോ എന്തിനെ വേണമെങ്കിലും പഴിച്ചോളൂ, പക്ഷേ സ്ത്രീകളുടെ തനിച്ച് യാത്ര ചെയ്യുക എന്ന ശൈലി വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒറ്റയ്ക്കു സഞ്ചരിക്കുമ്പോൾ അവർ കൂടുതൽ എളുപ്പത്തിൽ നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പരസ്പരം അവവർ ശാക്തീകരിക്കാൻ ശ്രമിക്കും. മറ്റാരു വസ്തുത, സഞ്ചാരികളാകാൻ ആഗ്രഹിക്കുന്നവരെ സ്വാധീനിക്കുവാൻ കഴിയുന്നതും  പുരുഷൻമാരെക്കാളധികം സ്ത്രീ സഞ്ചാരികൾക്കാണ്. അവർ തങ്ങളുടെ അനുഭവങ്ങളിലൂടെ ശാക്തീകരണത്തിന്റെ സന്ദേശമാണല്ലോ പരത്തുന്നതും. 

എന്റെ വ്യക്തിപരമായ ഉപദേശം അതിലേക്ക് പൂർണമായും ഇറങ്ങുക എന്നതാണ്. ഇതും വനിതാശാക്തീകരണത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യമാണ്. ആദ്യം ചില ബുദ്ധിമുട്ടുകളൊക്കെ തോന്നാം, എന്നാൽ നിങ്ങൾ ഇതിൽ മുഴുകിക്കഴിഞ്ഞാൽ പിന്നെയൊരു തിരിച്ചുപോക്കുണ്ടാകില്ല. നിങ്ങൾ സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. ഒറ്റയ്ക്കാണെന്നുള്ള തോന്നലുകളും ആശങ്കകളുമൊക്കെ അകന്നുപോകും. അതേ, സഞ്ചാരഭ്രമം എന്നത് പകരുന്ന ഒന്നു തന്നെ.

shutterstock_695118502
Tags:
  • Travel Stories
  • Manorama Traveller