Wednesday 16 June 2021 04:18 PM IST

സുരക്ഷയ്ക്കു പെപ്പർ സ്പ്രേ: ഒറ്റയ്ക്ക് ഇന്ത്യ ചുറ്റുന്ന പെൺകുട്ടി പറയുന്നു

Baiju Govind

Sub Editor Manorama Traveller

2 - asmeena

അസ്മീനയോടു കുറച്ചു നേരം സംസാരിച്ചാൽ നമുക്കും അവളെപ്പോലെയാകാൻ തോന്നും. അത്ര രസകരമായാണ് അവൾ‌ ജീവിതത്തെ കൊണ്ടു നടക്കുന്നത്. വീട്ടിൽ വെറുതെയിരുന്നു ബോറടിച്ചാൽ അവൾ കശ്മീരിലേക്കു പോകും. അവിടം മടുത്താൽ ഋഷികേശിൽ പോയി രണ്ടു മാസം താമസിക്കും. അങ്ങനെയൊരിക്കൽ ഡൽഹിയിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴാണ് രാജസ്ഥാൻ കാണാൻ തോന്നിയത്. അപ്പോൾത്തന്നെ റൂട്ട് മാറ്റി ജയ്പൂരിലേക്ക് ട്രെയിൻ കയറി. നാലഞ്ചു ചുരിദാറും രണ്ടു ജോഡി ചെരുപ്പുമായി ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയിട്ട് അഞ്ചു വർഷമേ ആയിട്ടുള്ളൂ. അപ്പോഴേക്കും ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലൂടെ കണ്ണുംകെട്ടി നടക്കാനുള്ള പരിചയമായി. ഇങ്ങനെ തോന്നുംപടി നടക്കാൻ പണം എവിടെ നിന്നാണെന്ന് അസ്മീനയോടു ചോദിച്ചു. ‘‘എന്റെ വാപ്പച്ചി തരും.’’ പൊടുന്നനെയുള്ള മറുപടി. മകളിങ്ങനെ ഏതൊക്കെയോ നാടുകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിൽ വാപ്പിച്ചിക്കു പേടിയില്ലേ?

‘‘എവിടെ പോയാലും കേടുകൂടാതെ ഞാൻ തിരിച്ചു വരുമെന്നു വാപ്പച്ചിക്കറിയാം. പേടിച്ചിരുന്നാൽ ഏതെങ്കിലും സ്ത്രീക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ സാധിക്കുമോ? പിന്നെ, ധൈര്യമില്ലെങ്കിൽ സംഭവിക്കാനുള്ളത് സ്വന്തം നാട്ടിലാണെങ്കിലും സംഭവിക്കും. എന്നെയാരും ഉപദ്രവിക്കില്ല, എനിക്കുറപ്പുണ്ട്’’

ഇത്രയും ധൈര്യമുള്ള ഒരു ഏകാന്ത യാത്രികയെ ആദ്യമായാണ് പരിചയപ്പെടുന്നത്. കഴിഞ്ഞു പോയ വനിതാ ദിനങ്ങളിൽ അസ്മീനയെ പരിചയപ്പെടുത്താത്തതു കഷ്ടമായിപ്പോയി. സാരമില്ല, അസ്്മീനയുടെ ട്രാവൽ ഡയറിയിൽ യാത്രകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ.

‘‘എങ്ങോട്ടെങ്കിലും പോകുമ്പോൾ കൂടെയാരെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ കാര്യങ്ങൾക്ക് സമയം കിട്ടില്ല. അവർ പോകുന്ന സ്ഥലത്തൊക്കെ താത്പര്യമില്ലെങ്കിലും നമ്മളും പോകേണ്ടി വരും. അവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കേണ്ടി വരും. അതൊന്നും എന്നെക്കൊണ്ടു പറ്റില്ല. ഉത്തരവാദത്തങ്ങളില്ലാതെ പാറിപ്പറന്നു യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. ഒറ്റയ്ക്കാവുമ്പോൾ ഫ്രീയായി നടക്കാം. നല്ലൊരു ഫ്രെയ്മിനു വേണ്ടി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാം. ആരോടും ചോദിക്കാതെ ട്രിപ്പിൽ മാറ്റം വരുത്താം.’’ വടക്കേ ഇന്ത്യയിലൂടെ നടത്തിയ യാത്രകളെക്കുറിച്ച് അസ്മീന പറഞ്ഞു തുടങ്ങി.

1 - asmeena

വീട്ടിൽ നിന്നുള്ള പിന്തുണ

ബെംഗളൂരുവിൽ വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കുന്ന സമയത്തായിരുന്നു ആദ്യ യാത്ര. ചെന്നൈ, പുതുച്ചേരി, മഹാബലിപുരം എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി. രണ്ടു ദിവസത്തെ യാത്ര. അതൊരു പരീക്ഷണമായിരുന്നു. ഒറ്റയ്ക്കു യാത്ര ചെയ്യാനുള്ള പരിശീലനം. ആളുകൾ പറയുന്നതുപോലെ പേടിക്കാനൊന്നുമില്ല. അങ്ങനെയൊരു ധൈര്യം കിട്ടിയപ്പോൾ ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചു.

ഡൽഹിയിൽ നിർഭയ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സമയമായിരുന്നു അത്. ഡൽഹി യാത്രയെക്കുറിച്ച് പറഞ്ഞപ്പോൾ വാപ്പച്ചിക്കും ഉമ്മച്ചിക്കും പേടി. ഒരു തരത്തിൽ പറഞ്ഞു സമ്മതിപ്പിച്ച് വാപ്പച്ചിയുടെ കയ്യിൽ നിന്നു കാശു വാങ്ങി ഡൽഹിയിലേക്കു ട്രെയിൻ കയറി. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെ രണ്ടു മാസത്തെ യാത്ര. അതൊരു രസകരമായ അനുഭവമായിരുന്നു. അമൃത്്സറിലെ സുവർണ ക്ഷേത്രത്തിലെ സായാഹ്നം മറക്കാനാവില്ല. അതുപോലെയാണ് ഹിമാചൽ യാത്ര. മണാലി, കുളു, ഷിംല, ധർമശാല എന്നിവിടങ്ങളിലൂടെ ഒറ്റയ്ക്ക് കറങ്ങി നടന്നു. ഈ യാത്രയിലാണ് രാജസ്ഥാനിൽ പോയത്. ബിക്കാനിറും ജയ്സാൽമിറും വ്യത്യസ്തമായ അനുഭവമായി.

ഒറ്റയ്ക്കു യാത്ര ചെയ്താൽ ഒന്നും സംഭവിക്കില്ലെന്ന് അനുഭവങ്ങളിലൂടെയാണ് ഞാൻ പറയുന്നത്. ഷിംലയിൽ വച്ചുണ്ടായ സംഭവം പറയാം. മലയുടെ മുകളിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. ഏഴരയായിക്കാണും. ഷിംല ടൗണിലേക്കു പുറപ്പെട്ടു നിന്ന ഒരു വണ്ടിയിൽ ലിഫ്ട് ചോദിച്ചെങ്കിലും കിട്ടിയില്ല. എന്തു ചെയ്യുമെന്നറിയാതെ നിന്ന സമയത്ത് രണ്ടു ചെറുപ്പക്കാർ ജീപ്പുമായി എന്റെയടുത്തു വന്നു. ‘‘ഇവിടെ നിന്നാൽ വണ്ടി കിട്ടില്ല. ധൈര്യമുണ്ടെങ്കിൽ വണ്ടിയിൽ കയറിക്കോ’’ അവർ പറഞ്ഞു. ഗസ്റ്റ് ഹൗസിനു മുന്നിൽ അവർ എന്നെ സുരക്ഷിതമായി എത്തിച്ചു. രണ്ടു മാസം നീളുന്ന ഉത്തരേന്ത്യൻ യാത്ര എനിക്കു നൽകിയ ആത്മവിശ്വാസം വലുതാണ്.

2013ൽ രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽക്കൂടി ഞാൻ വീണ്ടും യാത്ര ചെയ്തു. ഒന്നര മാസം നീണ്ട യാത്രയിൽ വടക്കേ ഇന്ത്യയുടെ നാഡീഞരമ്പുകൾ‌ തൊട്ടറിഞ്ഞു. എന്റെ ഫോട്ടോഗ്രഫി സ്കിൽസ് ഈ യാത്രയോടെ മെച്ചപ്പെട്ടു. മൂന്നു വർഷത്തെ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സിനു ചേരുമ്പോൾ ഫോട്ടോഗ്രഫി പഠിക്കലായിരുന്നു ലക്ഷ്യം. അത്യാവശ്യം ഫോട്ടൊ എടുക്കാനുള്ള സൂത്രങ്ങൾ മനസ്സിലാക്കിയപ്പോൾ ഡി5 ക്യാമറ വാങ്ങി.

5 - asmeena

നിർഭയം, നിരന്തരം

ഏറെ വൈകാതെ അടുത്ത യാത്രയ്ക്ക് കളമൊരുങ്ങി. ഡൽഹിയിലുള്ള ചില സുഹൃത്തുക്കളെ വിളിച്ച് ലഡാക് ട്രിപ്പിനെക്കുറിച്ച് അന്വേഷിച്ചു. വ്യക്തമായ രൂപം ഉണ്ടാക്കിയ ശേഷം ഡൽഹിക്കു ട്രെയിൻ കയറി. ആദ്യം വാരാണസിയിൽ പോയി. അവിടെ ഒരുമാസം താമസിച്ചു. ഫോട്ടോഗ്രഫറുടെ ക്യാമറയ്ക്ക് വിശ്രമം തരാത്ത സ്വപ്നഭൂമിയാണ് വാരാണസി. വാരാണസിയിലെ സൂര്യോദയവും സൂര്യാസ്തമയവും പ്രത്യേക ഫീലാണ്. മൃതദേഹങ്ങൾ കത്തിക്കുന്ന സ്ഥലങ്ങൾ, ആചാരങ്ങൾ, പൂജാകർമങ്ങൾ... ക്യാമറയിലും മനസ്സിലും പതിയുന്നതുവരെ ആ ദൃശ്യങ്ങൾ കണ്ടു നിന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ സ്ഥലം വാരാണസിയാണ്. അവിടെയെത്തും വരെയുള്ള മനോവിചാരങ്ങളിലേക്ക് പുതുതായി കുറേ കാര്യങ്ങൾ കടന്നു വരും. ഒരുപക്ഷേ, ഒറ്റയ്ക്കുള്ള യാത്രയിൽ മാത്രം കിട്ടുന്ന അനുഭവമായിരിക്കാം അത്. അഥവാ, അങ്ങനെ കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അവിടെ എന്റെ പുറകെ കൂടിയ രണ്ടു ചെറുപ്പക്കാരെക്കുറിച്ചു പറയാം. ഘാട്ടിലൂടെ നടക്കുന്നതിനിടെ എന്റെ ഇടതും വലതുമായി രണ്ടു ചെറുപ്പക്കാർ. അൽപ്പദൂരം നീങ്ങിയപ്പോഴേക്കും അവരുടെ ‘സൂക്കേട് ’ എനിക്കു പിടികിട്ടി. ഘാട്ടിന്റെ അങ്ങേയറ്റത്ത് പോലീസുകാരുണ്ട്. ഇനി മുന്നോട്ടു വന്നാൽ അടി വാങ്ങിത്തരുമെന്ന് ഞാൻ ഉറക്കെ പറഞ്ഞതോടെ രണ്ടാളും വിട്ടു പോയി.

വാരാണസിയെ ഋഷികേശുമായി താരതമ്യം ചെയ്യരുത്. ഒരുപാട് ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണു ഋഷികേശ്. തീർഥാടകരുടെ കണ്ണുകളും അവരെ വരവേൽക്കുന്നവരുടെ കണ്ണുകളുമാണ് ഋഷികേശിന്റെ ചിത്രം. ഋഷികേശിന്റെ അന്തരീക്ഷത്തിനു വേറൊരു മൂഡാണ്. അവിടെ ചെന്നാൽ വെറുതെ ഇരിക്കാനാണ് തോന്നാറുള്ളത്. ധ്യാനത്തിലൂടെ മനസ്സിനു സുഖം നൽകന്ന സ്ഥലമാണത്. ഒരു മാസത്തോളം ഞാൻ ഋഷികേശിൽ താമസിച്ചു. ഗംഗാതീരത്ത് ലക്ഷ്മണൽധൂല എന്നൊരു സ്ഥലമുണ്ട്. ഒരു ദിവസം വൈകിട്ട് അവിടെ കിടന്ന് ഉറങ്ങിപ്പോയി. ഉണർന്ന ശേഷം പുഴയിലിറങ്ങി മുഖം കഴുകി തിരിച്ചെത്തിയപ്പോൾ ബാഗ് കാണാനില്ല. പരാതിയുമായി പോലീസ് സറ്റേഷനിൽ ചെന്നപ്പോൾ ഇത്തരം സംഭവങ്ങൾ അവിടെ പതിവാണെന്നായിരുന്നു മറുപടി. വാപ്പച്ചിയെ വിളിച്ച് എടിഎം കാർഡും ഫോണിന്റെ സിം കാർഡും ബ്ലോക്ക് ചെയ്യിച്ച ശേഷമാണ് യാത്ര തുടർന്നത്.

ദിപാവലി സമയത്ത് ജയ്സാൽമീറിലെത്തിയതുകൊണ്ട് കുറേ നല്ല ഫോട്ടോ എടുക്കാൻ സാധിച്ചു. ശരിക്കുള്ള ദീപാവലി അവിടെയാണെന്നു പറയാം. വീടുകൾ നിറയെ ദീപം തെളിച്ച് മധുരപലഹാരങ്ങൾ നിരത്തി അതി മനോഹരമായാണ് അവർ ദീപാവലി ആഘോഷിക്കുന്നത്. മധുരപലഹാരങ്ങൾ അടുക്കി വച്ചിരിക്കുന്നതു കണ്ടാൽ മനസ്സു നിറയും.

ഈ യാത്രയ്ക്കിടെ മരുഭൂമിയിൽ അന്തിയുറങ്ങിയതു മറക്കാനാവില്ല. ഒട്ടകത്തിന്റെ പുറത്തു കയറി മരുഭൂമിയുടെ നടുവിൽ ചെന്ന് മണൽപ്പരപ്പിൽ വിരിയിട്ട് കിടന്നുറങ്ങി. മരുഭൂമിയുടെ പലഭാഗത്തു നിന്ന് പാട്ടും ബഹളവുമൊക്കെ കേൾക്കാമായിരുന്നു. ഞങ്ങളെപ്പോലെ മരുഭൂമിയിൽ പലയിടങ്ങളിൽ ക്യാംപ് ചെയ്തിട്ടുള്ളയാളുകളാണ് അതെന്ന് ഒട്ടകക്കാരൻ പറഞ്ഞു.

ചുരുങ്ങിയ ചെലവിൽ കശ്മീർ യാത്ര

അഞ്ചു വർഷത്തെ യാത്രകളിൽ ലെ – ലഡാക് യാത്രയാണ് ഹൈലൈറ്റ്. ബുദ്ധമതക്കാർ ജീവിക്കുന്ന മ‍ഞ്ഞുമൂടിയ, സമാധാനം നിറഞ്ഞ കുന്നുകളാണ് ലഡാക്. ആറു മാസം ഞാൻ ലേയിൽ താമസിച്ചിട്ടുണ്ട്. അവിടുത്തെ റോഡുകളും കടകളും ഗ്രാമങ്ങളും എനിക്കറിയാം.

ഡൽഹിയിൽ നിന്നു മണാലിയിലേക്കു ബസ്സുണ്ട്. മണാലിയിൽ നിന്ന് അഞ്ചു മണിക്കൂർ യാത്ര ചെയ്താൽ കീലോങ്ങിലെത്താം. അവിടെ ഷെയർ ടാക്സികളുണ്ട്. വാടകയുടെ ഒരു പങ്ക് നമ്മൾ കൊടുത്താൽ മതി. എന്റെ യാത്രകൾ ഇങ്ങനെ സാമ്പത്തികവശം കൂടി നോക്കിയുള്ളതാണ്. ലേ യാത്രയ്ക്ക് എനിക്ക് ആകെ ചെലവായത് മുപ്പതിനായിരം രൂപയാണെന്നു പറ‍ഞ്ഞാൽ വിശ്വസിക്കുമോ?

കശ്മീരിന്റെ കാലാവസ്ഥയുമായി ചേരുന്നതിന് മൂന്നു ദിവസം കീലോങ്ങിൽ താമസിച്ചു. നാലാം നാൾ രാവിലെ ലേയിലേക്കു ബസ്സ് കയറി. കീലോങ്ങിൽ നിന്നു പുലർച്ചെ അഞ്ചു മണിക്കു പുറപ്പെട്ട ബസ്സ് ലേയിൽ എത്തിയപ്പോൾ രാത്രി ഏഴു കഴിഞ്ഞു. അതൊരു വല്ലാത്ത യാത്രയായെന്നു പറയാതെ വയ്യ. ബസ്സിലിരുന്ന് ഉച്ചയായപ്പോഴേക്കും കണ്ണു തുറക്കാൻ പറ്റാത്ത വിധം അവശത. ഓക്സിജ‍ൻ കുറഞ്ഞ അന്തരീക്ഷത്തിൽ തുടർച്ചയായി യാത്ര ചെയ്യുന്നത് അപകടകരമാണ്. കീലോങ്ങിനും ലേക്കുമിടയിൽ ജിസ്പ, സിർച്യു എന്നീ ക്യാംപുകളുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു.

ലെയിൽ എത്തിയ ശേഷം നല്ലൊരു താമസ സ്ഥലം കണ്ടെത്തി. മൂന്നു മാസത്തേക്ക് മുറിയെടുത്തതുകൊണ്ട് 200 രൂപ ദിവസ വാടകയ്ക്ക് താമസം ഒത്തു.

നുബ്ര താഴ്‌വരയും പാങ്ങോങ് തടാകവുമാണ് ലെയിലെ കാഴ്ചകൾ. നുബ്രയിൽ മൂന്നു ഗ്രാമങ്ങളുണ്ട് – ദിസ്കിത്, ഹണ്ടർ, തുർതുക്. പാക്കിസ്ഥാന്റെ അതിർത്തിയിലാണ്

തുർതുക്. അവിടെ സഞ്ചാരികൾ എത്തിയിട്ട് അഞ്ചു വർഷമേ ആയിട്ടുള്ളൂ. തുർതുക്കിൽ പോകുന്നവർ പാലിക്കേണ്ട മര്യാദകൾ സൂചിപ്പിച്ചുകൊണ്ട് ബോർഡ് വച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഫോട്ടോ എടുക്കരുത്, മാന്യമായി വസ്ത്രം ധരിക്കുക, പ്രദേശവാസികളുമായി അടുത്ത് ഇടപഴകരുത് എന്നൊക്കെയാണ് നിർദേശങ്ങൾ. പക്ഷേ, എന്റെ അനുഭവം അങ്ങനെയൊന്നുമായിരുന്നില്ല. അവിടെയുള്ള ഒരു വീട്ടിൽ ഞാൻ അഞ്ചു ദിവസം താമസിച്ചു. നാട്ടുകാരെല്ലാം നല്ല രീതിയിലാണ് പെരുമാറിയത്. കല്ലും മണ്ണും കട്ടയും അടുക്കിയ ചുമരും, വയ്ക്കോൽ മേഞ്ഞ മേൽക്കൂരയുമുള്ള വീടിനുള്ളിൽ നെരിപ്പോടുണ്ട്.

ആറു മാസം ഞാൻ ലേയിൽ താമസിച്ചു. അവിടെ ചെല്ലുമ്പോൾ മറ്റേതോ രാജ്യത്ത് എത്തിപ്പെട്ടതു പോലെ തോന്നാറുണ്ട്. ഭക്ഷണവും ഭാഷയും മനുഷ്യരുമെല്ലാം വ്യത്യസ്തമാണ്. ജീവിത രീതി, സംസ്കാരം, ക്ഷേത്രങ്ങൾ, പ്രാർഥന എന്നിവയെല്ലാം പുതിയ അനുഭവമാണ്. ആ നാട്ടിൽ ഏതു പാത്രി രാത്രിയിലും ധൈര്യമായി ഇറങ്ങി നടക്കാം. വഴിയിൽ എവിടെ നിന്നു കൈ കാണിച്ചാലും വണ്ടികൾ നിർത്തും. ലേയും ലഡാക്കും സുരക്ഷിതമായ സ്ഥലങ്ങളാണ്.

ഉത്തർകാശിയിൽ യോഗ

വിഷ്വൽ കമ്യൂണിക്കേഷൻ പൂർത്തിയാക്കിയ ശേഷം യോഗ പരിശീലിക്കണമെന്നൊരു മോഹം. ശിവാനന്ദ യോഗ സെന്ററിൽ ചേർന്നപ്പോൾ യോഗയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. ഉത്തരാഖണ്ഡിലെ ഉത്തർകാശിയിൽ യോഗ ടീച്ചർ ട്രെയിനിങ്ങിനു ചേർന്നു. ഋഷി കേശിൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് ഉത്തർകാശി. ഒൻപതു മാസം ഉത്തർകാശിയിൽ ജീവിച്ചു. പ്രകൃതിയുമായി ചേർന്നുള്ള ജീവിതം നേരിൽ കണ്ടറിയാൻ ഉത്തർകാശിയിൽ പോകണം.

യോഗാധ്യാപക പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ വീണ്ടുമൊരു ദീർഘയാത്രയ്ക്കു കൊതിയുണ്ടായി. ഒന്നും ആലോചിച്ചില്ല, പഞ്ചാബ്, ഛണ്ഡിഗഡ് വഴി വീണ്ടും ലേയിലേക്കു പോയി. പരിചയമുള്ള വഴികളിൽ കാൽ പതിച്ച് വീണ്ടും നടന്നു. ഓരോ തവണ അവിടെ ചെല്ലുമ്പോൾ ഓരോരോ കാഴ്ചകളാണ് മുന്നിലെത്തുന്നത്. ഇതുവരെയുള്ള എന്റെ യാത്രാനുഭവങ്ങൾ എഴുതണമെന്നുണ്ട്. കുറച്ചു സ്ഥലങ്ങൾ കൂടി കണ്ടതിനു ശേഷം എഴുത്തു പൂർത്തിയാക്കാമെന്നു കരുതുന്നു.

വീണിടം വിഷ്ണുലോകമെന്നു കരുന്ന യാത്രികയാണ് അസ്മീന. സഞ്ചാരം തീവണ്ടിയിൽ. ചുരുങ്ങിയ ചിലവിൽ താമസം. കുറഞ്ഞ തുകയ്ക്കു ഭക്ഷണം. സൗകര്യങ്ങൾ കുറഞ്ഞാലും പരിഭവമില്ല, പരാതിയില്ല. അടുത്ത യാത്ര ഇന്ത്യ – നേപ്പാൾ അതിർത്തിയിലേക്കാണ്. ആ സ്ഥലം നക്സൽ ബാധിത പ്രദേശമാണെന്നു കേട്ടിട്ടുണ്ട്. പേടിയുണ്ടോ? അസ്മീനയോടു ചോദിച്ചു.

‘‘എന്റെ കയ്യിൽ പെപ്പർ സ്പ്രെയുണ്ട്’’ അസ്മീന പറഞ്ഞു.

അസ്മീന

ഉത്തരേന്ത്യയിലൂടെ സഞ്ചരിക്കുന്ന സോളോ ട്രാവലർ. 2012 – 2017 വർഷങ്ങളിലായി ഏഴ് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു. പിതാവ്: അബ്ദുൾ ബഷീർ, അമ്മ: റുഖിയ ബീവി.

3 - asmeena

പെൺകുട്ടികളോട് അസ്മീനയ്ക്കു പറയാനുള്ളത്:

എപ്പോഴും പെപ്പർ സ്പ്രേ ബാഗിൽ കരുതുക. എവിടെ ചെന്നാലും ആ നാടിനെ അറിയുന്ന ആളായി ധൈര്യത്തോടെ നടക്കുക. വർത്തമാനത്തിലും പെരുമാറ്റത്തിലും ആ ധൈര്യം പ്രകടിപ്പിക്കുക. ആര്, എന്തു ചോദിച്ചാലും ഉച്ചത്തിൽ ഉറച്ച മറുപടി നൽകുക. ആരെങ്കിലും ഒച്ചവച്ചാൽ അതിന്റെ ഇരട്ടി ശബ്ദത്തിൽ പ്രതികരിക്കുക. ഉത്തരേന്ത്യയിൽ ഗസ്റ്റ് ഹൗസുകളാണ് ഹോട്ടൽമുറികളെക്കാൾ സുരക്ഷിതം. വാടക കുറവാണ്. രാത്രി യാത്ര ഒഴിവാക്കുക. കടും നിറത്തിലുള്ള വസ്ത്രങ്ങൾ, ഷൂ, ആഭരണങ്ങൾ തുടങ്ങിയവ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും. അത്തരം സാധനങ്ങൾ ഏകാന്ത യാത്രയ്ക്ക് തടസ്സമുണ്ടാക്കിയേക്കാം. മങ്ങിയ നിറമുള്ള വസ്ത്രങ്ങളാണ് സോളോ ട്രാവലർക്ക് അനുയോജ്യം. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ധൈര്യമുണ്ടെന്ന് സ്വയം ഉറപ്പു വരുത്തിയ ശേഷം മാത്രം ഇറങ്ങിപ്പുറപ്പെടുക.