Wednesday 23 June 2021 04:08 PM IST : By Rakhi V.N

വിഗ്രഹത്തെ പ്രേമിച്ച് സുൽത്താന ദേവദാസിയായി: ശ്രീരംഗനാഥന്റെ പുരാണങ്ങളിലൂടെ...

1 sreerangam

മൗനവ്രതം നോൽക്കുന്ന തമിഴ് പെൺകുട്ടിയെ പോലെ കാവേരി നദി നിശബ്ദം. വളവു തിരിഞ്ഞ് ഇരമ്പി നീങ്ങിയ ബസ്സ് പാലത്തിലേക്കു കയറി. ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ആഗ്രഹത്തിലേക്ക് അധിക ദൂരമില്ല. എത്രയും വേഗം തിരുസന്നിധിയിലെത്തണം, ശ്രീരംഗനാഥനെ കാണണം. അതിനു മുൻപ് കടന്നു പോയ പാതയിൽ കണ്ടു തീർത്ത വിഗ്രഹങ്ങളെ ഒരാവർത്തി ധ്യാനിച്ചു.

തഞ്ചാവൂരിൽ നിന്നാണു പുറപ്പെട്ടത്. ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഏഴാൾ പൊക്കമുള്ള ക്ഷേത്രഗോപുരത്തിന്റെ ഭംഗി രാത്രിയും പകലും കണ്ടാസ്വദിച്ചു. തഞ്ചാവൂർ കൊട്ടാരം സന്ദർശിച്ചു. മരത്തടിയിൽ നിന്നു വീണ കൊത്തിയുണ്ടാക്കുന്ന വീടുകൾ കയറി. കുംഭകോണത്തെ കാശി വിശ്വനാഥനെ വണങ്ങി. പഞ്ചരഥക്ഷേത്രവും സ്വരസ്ഥാനങ്ങൾ തെറ്റാതെ സംഗീതമുതിർക്കുന്ന അദ്ഭുതശിലയും അദ്ഭുതത്തോടെ നോക്കി നിന്നു. തിരുച്ചിറപ്പള്ളിയിലെ മലക്കോട്ട ഗണപതിയെ തൊഴുത് മൂന്നാം ദിവസം ഇതാ കാവേരി നദി കടന്ന് സാക്ഷാൽ ശ്രീരംഗനാഥന്റെ തട്ടകത്തേക്കു പ്രവേശിക്കുന്നു.

‘‘‘കാലയിലെ ആറ് മണിക്ക് ശ്രീകോയിൽ തെറക്കുമ്പോത് വിശ്വരൂപദർശനം. പാക്കമുടിഞ്ച്ത്‌നാ പെരിയ പുണ്യം. ഏർളി മോണിങ് പോയി ക്യൂവിലെ മൊതൽമൊതലാ നിന്നാ താൻ മണ്ഡപത്തിലെ അന്ത പെരുമാൾ രൂപം പാക്ക മുടിയൂം. കൊഞ്ചം പേത്ത്ക്ക് മട്ടും താൻ അന്ത ബാഗിയം കെടയ്ക്കൂം.’’ ഹോട്ടലിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് റിസപ്ഷനിസ്റ്റ് നൽകിയ നിർദേശം ഓർത്തു. കണ്ണു തുറന്ന് ബസ്സിന്റെ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ദൂരെ ആകാശച്ചെരുവിൽ ക്ഷേത്ര ഗോപുരത്തിന്റെ മുകളറ്റം തെളിഞ്ഞു.

ഐതിഹ്യം

2 sreerangam

ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം ത്രേതായുഗത്തിൽ ശ്രീരാമന്റെ കൈയിലെത്തി. ശ്രീരാമൻ രാവണനിഗ്രഹത്തിനു ശേഷം വിഗ്രഹം വിഭീഷണനു സമ്മാനമായി നൽകി. ലങ്കയിലേക്കുള്ള യാത്രയ്ക്കിടയിൽ ശ്രീരംഗത്തെത്തിയപ്പോൾ വിഭീഷണൻ വിഗ്രഹം ഉച്ചപൂജയ്ക്കായി കാവേരിക്കടുത്തുള്ള ചന്ദ്രപുഷ്ക്കരണിയുടെ തീരത്തു വച്ചു. മടങ്ങിപ്പോകാനായി വിഭീഷണൻ വിഗ്രഹം കൈയിലെടുക്കാൻ ശ്രമിച്ചപ്പോൾ വിഗ്രഹം ഉയർത്താനാകുന്നില്ല! വിഷ്ണുഭക്തനായ ധർമവർമചോളന്റെ രാജ്യത്ത്, കാവേരിയുടെ തീരത്ത് കഴിയാനാണ് ഇഷ്ടമെന്ന് അശരീരി. ഇവിടെയിരുന്ന് തെക്കോട്ട് നോക്കി ലങ്കയെയും പരിപാലിച്ചുകൊള്ളാമെന്ന് വാക്കും നൽകി. അങ്ങനെ വിഗ്രഹം തെക്കോട്ടു ദർശനമായി.

പിൽക്കാലത്ത് കാവേരിയിൽ വെള്ളപ്പൊക്കം വന്ന് ക്ഷേത്രം മണ്ണുമൂടി. വേട്ടയ്ക്കിറങ്ങിയ ചോളരാജാവ് വിശ്രമിക്കാനിരുന്നപ്പോൾ ഒരു തത്തയുടെ പാട്ടു കേട്ടു. അർഥം മനസ്സിലാക്കിയ രാജാവ് മൺകൂന അടർത്തി മാറ്റി. ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കണ്ടു. ജോലിക്കാരെ വരുത്തി കാടു വെട്ടിത്തെളിച്ച് ക്ഷേത്രം വീണ്ടെടുത്തു. അത് രംഗനാഥസ്വാമി ക്ഷേത്രമായെന്ന് ഐതിഹ്യം. ക്ഷേത്രമുണ്ടെന്നു സൂചന നൽകിയ പക്ഷിയുടെ ഓർമയ്ക്കായി സമീപത്ത് കിളിമണ്ഡപം നിർമിച്ചു.

പല്ലവന്മാരും പാണ്ഡ്യന്മാരും ഹോയ്സാല രാജാക്കന്മാരും പിന്നീട് നായക് വംശജരും രാജ്യം ഭരിച്ചു. അവരെല്ലാം ഗോപുരങ്ങളും മണ്ഡപങ്ങളും ശിൽപവേലകളും നടത്തിയതോടെ ക്ഷേത്രം വലുതായി. രാജഗോപുരം 1987ൽ സർക്കാർ ഏറ്റെടുത്തു.

ഗോപുരപ്പെരുമ

വെള്ളയും ഓറഞ്ചും നിറത്തിൽ നെറ്റിയിൽ കുറി വരച്ച വൈഷ്ണവരുടെ പട്ടണമാണു ശ്രീരംഗം. മഹാവിഷ്ണുവിനെ പെരുമാളായി വാഴ്ത്തിയവരുടെ നാട്. കാവേരിയുടെ രണ്ട് കൈവഴികൾക്കു നടുവിൽ ‘അരംഗ’ത്തിൽ (ദ്വീപ്) വാഴുന്ന മൂർത്തിയാണു തിരുഅരംഗനാഥൻ. സംസ്കൃത ഭാഷയിൽ ആ പേര് ശ്രീരംഗനാഥനായി. ഭൂലോകവൈകുണ്ഡമാണ് ശ്രീരംഗമെന്നു വിശ്വാസം. ശ്രീവൈഷ്ണവരുടെ 108 പുണ്യക്ഷേത്രങ്ങളിൽ ആദ്യത്തേതുാണു ശ്രീരംഗനാഥ ക്ഷേത്രം. 156 ഏക്കറിൽ ക്ഷേത്രം, അമ്പതിലേറെ സന്നിധികൾ, മണ്ഡപങ്ങൾ, 21 ഗോപുരങ്ങൾ, 9 കുളങ്ങൾ! നിത്യപൂജ നടക്കുന്ന ക്ഷേത്രങ്ങളില‍്‍ വലുപ്പം കൊണ്ട് ലോകത്തിൽ ഒന്നാം സ്ഥാനം, തെക്കേ കവാടത്തിലെ 236 അടി ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരമെന്നു റെക്കോഡ് നേടി.

ഓരോ ഗോപുരങ്ങൾക്കുമിടയ്ക്ക് വീഥികളുണ്ട്. ക്ഷേത്രത്തെ ചുറ്റിയുള്ള വീഥിയ്ക്കു പ്രാകാരമെന്നു പേര്. ആകെ ഏഴു പ്രാകാരങ്ങൾ – ഭൂലോകം, ഭുവർലോകം, സുവർലോകം, മഹർലോകം, ജനലോകം, തപോലോകം, സത്യലോകം. ഏഴു പ്രാകാരങ്ങൾ ഏഴുലോകങ്ങളെ ആണത്രേ പ്രതിനിധീകരിക്കുന്നത്. അഗ്രഹാരം, കടകൾ, ഹോട്ടലുകൾ, പൂജാ ദ്രവ്യ–പൂക്കട എന്നിവ ഏഴ്, ആറ്, അഞ്ച് പ്രാകാരങ്ങളിലാണ്. ബാക്കിയുള്ള നാലു പ്രാകാരങ്ങളിലാണ് ക്ഷേത്രസമുച്ചയം. എല്ലാ പ്രാകാരത്തിലും ഗോപുരമുണ്ട്. ആറാം പ്രാകാരത്തിൽ നാലു ഗോപുരങ്ങൾ.

വിശ്വരൂപം

ഒന്നാം പ്രാകാരത്തിലാണ് ശ്രീകോവിൽ. പുലർയ്ക്കു ക്യൂ നിന്നാലും ഏറെ നേരം കഴിഞ്ഞേ ദർശനം കിട്ടൂ, അത്രയ്ക്ക് തിരക്കാണ്. നേരെ എത്തുന്നത് ശ്രീകോവിലിനു മുന്നിലെ ചെറിയ മണ്ഡപത്തിലാണ്. ഇതാണ് ശ്രീരംഗനാഥനെ സ്തുതിച്ചു പാടാൻ പണ്ട് തത്തകളെ വളർത്തിയിരുന്ന കിളിമണ്ഡപം! മണ്ഡപം നിറയുന്നതു വരെ മാത്രമേ ആളുകളെ കയറ്റൂ. കയറിക്കൂടിയവർ മണ്ഡപത്തിൽ ചമ്രം പടിഞ്ഞിരുന്നു.

തമിഴ്സൗന്ദര്യം മുഖത്തെഴുതിയൊരു പെൺകുട്ടി പതിഞ്ഞ സ്വരത്തിൽ വീണ വായിച്ചു. പൊടുന്നനെ ചങ്ങലക്കിലുക്കം കേട്ടു. വാദ്യഘോഷങ്ങൾ മുഴങ്ങി. വെള്ളിക്കുംഭത്തിൽ ജലവുമായി പ്രധാന പൂജാരി ആനപ്പുറത്ത് എഴുന്നള്ളി. ശ്രീകോവിലിനു മുൻപിലെ മണ്ഡപത്തിൽ അലങ്കരിച്ച ഒരു പശുവും ചന്ദനവും മഞ്ഞളും പൂശിയ കുതിരയും കാത്തു നിന്നു. ഗർഭഗൃഹത്തിന്റെ വെള്ളി വാതിൽ തുറന്ന് തിരശീല നീങ്ങിയപ്പോൾ ആന തുമ്പിക്കൈ ഉയർത്തി വിഗ്രഹത്തെ വണങ്ങി. കുതിരയും പശുവും ശബ്ദമുണ്ടാക്കി. ഭഗവാനെ ഉണർത്തുന്ന ചടങ്ങിനു സാക്ഷ്യം വഹിച്ചവർ തൊഴുകയ്യുമായി പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടു.

വ്യാളീവാതിൽ കടന്ന് ശ്രീകോവിലിന്റെ വെള്ളിവാതിലിന്റെ മുന്നിലെത്തി. കറുപ്പു നിറമുള്ള വലിയ വിഗ്രഹം കണ്ണു തുറന്ന് നീണ്ടുകിടക്കുന്നു. പട്ടും ആഭരണങ്ങളും രത്നങ്ങളും ണിഞ്ഞ് എഴുന്നള്ളിപ്പു വിഗ്രഹവും രംഗനായകിയുടെ ശിൽപ്പങ്ങളും സമീപത്തുണ്ട്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ദർശിച്ചതു പോലെ തോന്നി.

കണ്ണുകൾ തുറന്ന് ശയിക്കുന്ന മഹാവിഷ്ണു യോഗനിദ്രയിലാണെന്നു വിശ്വാസം. ‘മൊതലിലേ പാദം വന്ദനം പണ്ണ്ങ്കോ ...അത്ക്കപ്പുറന്താൻ മുഖം പാക്കണോം...’ ആദ്യം വിഗ്രത്തിന്റെ പാദം വണങ്ങാൻ പരിചാരകർ നിർദേശിച്ചു. പെരുമാളിന്റെ രൂപം കൺനിറയെ കാണാൻ നടയിൽ കുറച്ചു നേരം നിൽക്കാമെന്നു കരുതി. പക്ഷേ, ‘ശ്രീഘമാ പോങ്കേ...’ എന്നു പറഞ്ഞ് പാറാവുകാരൻ തള്ളി നീക്കി. പുറത്തിറങ്ങിയ ശേഷം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. വിളക്കിന്റെ നാളം മാത്രം കണ്ടു. മുറ്റത്തു വന്നപ്പോൾ എല്ലാവരും മുകളിലേക്കു നോക്കി കൈ കൂപ്പുന്നു. ശ്രീകോവിലിനു മുകളിൽ തങ്കവിമാനം വെട്ടിത്തിളങ്ങുന്നതു കണ്ടപ്പോൾ അറിയാതെ കൈകളുയർന്നു പൊങ്ങി.

പെരുമാളെ പ്രണയിച്ച സുൽത്താന

ഡൽഹിയിലെ സുൽത്താന്റെ മകളായിരുന്നു സുൽത്താന. സുൽത്താന്റെ സൈന്യം ക്ഷേത്രം ആക്രമിച്ച് വിഗ്രഹം ഡൽഹിയിലേക്കു കൊണ്ടു പോയി. വിഗ്രഹത്തിന്റെ ഭംഗിയിൽ ആകൃഷ്ടയായ സുൽത്താന അത് അന്തഃപുരത്തിൽ വച്ച് താലോലിച്ചു. ക്ഷേത്രം പൂജാരിമാർ ഡൽഹിയിലെത്തി സുൽത്താനോട് വിഗ്രഹം തിരിച്ചു വേണമെന്ന് അഭ്യർഥിച്ചു. മനസ്സലിഞ്ഞ സുൽത്താൻ മകളെ അറിയിക്കാതെ വിഗ്രഹം അവകാശികൾക്കു തിരിച്ചു നൽകി. വിഗ്രഹം നഷ്ടപ്പെട്ട സുൽത്താന ഭ്രാന്തിയെപ്പോലെ ശ്രീരംഗത്തു വന്നു. പെരുമാളിന്റെ നടയിൽ മരിച്ചു വീണു. രംഗനാഥനിൽ ലയിച്ചു ചേർന്ന സുൽത്താനയെ നാച്ചിയാർ അഥവാ ദേവദാസിയായി അംഗീകരിച്ചു.’ ശ്രീകോവിലിനരികെ വച്ചു പരിചയപ്പെട്ട ഗണേശൻ പുരാണം പറഞ്ഞു. മധുരമുള്ള ഗോതമ്പും റൊട്ടിയും വെണ്ണയുമാണ് സുൽത്താനയുടെ സന്നിധിയിൽ നിവേദ്യം.

സംഗീതത്തിലെ ഗായത്രിയിലുള്ള 24 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന 24 തൂണുകളുള്ള ഗായത്രി മണ്ഡപവും ഒന്നാം പ്രാകാരത്തിലാണ്. സ്വർണധ്വജവും സ്വർണബലിക്കല്ലും രണ്ടാം പ്രാകാരത്തിൽ. രണ്ടാം പ്രാകാരത്തിൽ നിന്ന് ആര്യഭട്ട കവാടം താണ്ടിയാൽ മൂന്നാം പ്രാകാരത്തിലെത്താം. ഗരുഡ സന്നിധി വടക്കോട്ട് ശ്രീകോവിലിനു നേരെ ദർശനമായിട്ടാണ്. ഇതാണ് ഗരുഡ മണ്ഡപം. ക്ഷേത്രത്തിലെ മനോഹരമായ മണ്ഡപമാണിത്. ഇതിനടുത്തു തന്നെ ആഴ്‌വാർ കവികളിൽ ഏറ്റവും പ്രശസ്തനായ നമ്മഴ്‌വാരുടെ സന്നിധിയുണ്ട്. ക്ഷേത്രക്കുളമായ ചന്ദ്രപുഷ്ക്കരിണി ഇവിടെയാണ്.

മൂന്നാം പ്രാകാരത്തിലാണ് പരമപദ വാസൽ. ഈ കവാടം വൈകുണ്ഠ ഏകാദശി ഉത്സവത്തിനു മാത്രമേ തുറക്കൂ. നമ്മാഴ്‌വാർ ജനിമൃതികളിൽ നിന്ന് മുക്തി നേടി വിഷ്ണുപദം പ്രാപിച്ചത് ഇതേ ദിവസമാണത്രേ. അന്ന് പെരുമാളിന്റെ വിഗ്രഹം ഈ വാതിലിലൂടെ എഴുന്നള്ളിക്കും. ആഴ്‌വാരുടെ പ്രബന്ധത്തിലെ വരികൾ ചൊല്ലും. നമ്മാഴ്‌വാർ മോക്ഷം അരങ്ങേറും.

പെരുമാളിൽ അലിഞ്ഞ ആണ്ടാൾ

3 sreerangam

മൂന്നാം പ്രാകാരത്തിൽ നിന്ന് കാർത്തികൈ കവാടം കടന്നാൽ നാലാം പ്രാകാരം. ഇടതുവശത്ത് വേണുഗോപാലസന്നിധി. ഹൊയ്സാല ശിൽപഭംഗിയുടെ മികച്ച ഉദാഹരണം. ഇതേ പ്രാകാരത്തിലാണ് തമിഴ് വൈഷ്ണവ ഭക്തകവി ആഴ്‌വാർമാരുടെയും ആഴ്‌വാർ കവികളിെല ഏക സ്ത്രീയായ ആണ്ടാളിന്റെയും സന്നിധി. വിഷ്ണുഭക്തയായ ആണ്ടാളെ പെരിയാഴ്‌വാർ എടുത്തു വളർത്തി. യുവതിയായപ്പോൾ വിഷ്ണുഭക്തി ദിവ്യപ്രേമമായി മാറി. അങ്ങനെയവൾ തിരുപ്പാവൈ എന്ന ഭക്തകാവ്യമെഴുതി. ഭഗവാന്റെ വിഗ്രഹത്തിൽ അലിഞ്ഞു ചേർന്നുവെന്നു കഥ. തീർഥാടകർക്ക് വിശ്രമിക്കാൻ വേണ്ടി പണിത രംഗവിലാസ മണ്ഡപം ഇതിനടുത്താണ്. രാമായണത്തിലെയും ഹിന്ദുപുരാണങ്ങളിലെയും കഥാപാത്രങ്ങൾ ശിൽപങ്ങളായി അവതരിച്ചിരിക്കുന്നു. ഭഗവാന് കണികാണാൻ പശുവിനെയും ആനയെയും ശ്രീകോവിലിനു മുന്നിൽ നിർത്തുന്നത് ഉൾപ്പെടെ പൂജാവിധികൾ പഞ്ചരാത്രി ആഗമം പ്രകാരം ചിട്ടപ്പെടുത്തിയത് വൈഷ്ണവ സന്യാസിയായിരുന്ന രാമാനുജരാണ്. ഈ പ്രാകാരത്തിന്റെ കിഴക്ക് രാമാനുജസന്നിധിയുണ്ട്.

നാലാമത്തെ പ്രാകാരത്തിലാണ് തായാർ സന്നിധി അഥവാ ശ്രീരംഗനായകി നാച്ചിയാർ സന്നിധി. വില്വമരമുള്ള ചെറിയ ക്ഷേത്രവും സമീപത്ത് കമ്പർ മണ്ഡപവുമുണ്ട്. തമിഴ് കവി കമ്പർ 11000 ശ്ലോകങ്ങളുള്ള കമ്പരാമായണം പ്രകാശനം നടത്തിയത് ഇവിടെയെന്നു കരുതപ്പെടുന്നു. ഇവിടം ചുറ്റി വലതുവശത്ത് വന്നാൽ ആയിരംകാൽ മണ്ഡപം കാണാം. ചതുരാകൃതിയിലുള്ള 953 കാലുകളാണ് മണ്ഡപത്തിനുള്ളത്. മണ്ഡപത്തിന്റെ നിർമാണം തീരുന്നതിനു മുൻപ് യുദ്ധമുണ്ടായി. ആയിരം കാലുകൾ തികയ്ക്കാനായില്ല.

മാര്‍ഗഴി മാസം വൈകുണ്ഠ ഏകാദശി നാളിൽ അഴകിയ പെരുമാളിനെ ആയിരംകാൽ മണ്ഡപത്തിലെ തിരുമണിമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. അന്ന് രംഗനാഥനെ രാജാവായി കണക്കാക്കും. ദർബാറിൽ നാലായിരം പ്രബന്ധത്തിലെ പാസുരങ്ങൾ ആലപിക്കും. അർധരാത്രിയോടെ രാജാവ് തിരിച്ചെഴുന്നള്ളും. ആ സമയത്തു മാത്രമേ മണ്ഡപം മുഴുവനായി ആസ്വദിച്ചു കാണാൻ അവസരം ലഭിക്കൂ.

ആയിരംകാൽ മണ്ഡപത്തിന് നേരെ മുന്നിൽ ശേഷരായർ മണ്ഡപം. പതിനാലാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെ ചെയ്ത ശിൽപവേല മണ്ഡപത്തിന്റെ സൗന്ദര്യം കൂട്ടുന്നു. മണ്ഡപത്തിന്റെ വലതു വശത്താണു വെള്ളൈ ഗോപുരം. ഈ നിർമിതി പകലും രാത്രിയും തിളങ്ങും. ആയിരംകാൽ മണ്ഡപത്തിനും വെള്ളൈ ഗോപുരത്തിനും ശേഷരായർ മണ്ഡപത്തിനും നടുവിൽ ഇരുന്നു വിശ്രമിക്കാൻ മണൽപ്പരപ്പുണ്ട്.

മണ്ഡപത്തിന്റെ മുൻപിൽ പൊങ്കൽ പ്രസാദം ലഭിക്കും. ഭഗവാനെ പള്ളിയുണർത്താനെത്തുന്ന ആന പ്രസാദ കൗണ്ടറിന്റെ സമീപത്തു നിന്ന് ഭക്തരെ തൊട്ടനുഗ്രഹിക്കുന്നതു കണ്ടു.

ചന്ദ്രപുഷ്കരിണി

നാൻമുഖൻ കവാടം കടന്ന് അഞ്ചാമത്തെ പ്രാകാരത്തിലെത്തിയാൽ 12 അടി ഉയരത്തിലുള്ള ഗരുഡപ്രതിമ കാണാം. ഇവിടെ വച്ചാണ് തദ്ദേശവാസിയായ രാമനാഥനെ പരിചയപ്പെട്ടത്. ‘‘പന്ത്രണ്ട് ജലസ്രോതസ്സുകളും, ധാന്യഅറകളും ക്ഷേത്രപ്രാകാരത്തിലുണ്ട്. സൂര്യപുഷ്ക്കരിണി, ചന്ദ്രപുഷ്ക്കരിണിയും ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രപുഷ്ക്കരിണിയുടെ എട്ടു മൂലകളിലായി എട്ടു തീർഥങ്ങളുണ്ടെന്നാണ് വിശ്വാസം. ഇവയിൽ പലതും ഇപ്പോൾ ഉപയോഗിക്കാനാകാത്ത വിധത്തിലാണ്. മണ്ഡപങ്ങളിൽ ചിലത് വിദ്യാഭ്യാസപരമായ കാര്യങ്ങൾക്കായി ഉപയോഗിച്ചു. മറ്റു ചിലത് സംഗീത, നൃത്ത സദസ്സുകളായിരുന്നു. ആരോഗ്യശാല എന്നറിയപ്പെട്ടിരുന്ന ആശുപത്രികളും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശിലാലിഖിതളിൽ ഇതൊക്കെ എഴുതിവച്ചിട്ടുണ്ട്. ’’ കേട്ടു മനസ്സിലാക്കിയ ഐതിഹ്യം രാമനാഥൻ പറഞ്ഞു

4 sreerangam

ശ്രീരംഗക്ഷേത്രത്തിൽ ആചാരങ്ങളും പൂജയും ചിട്ട മാറാതെ പിന്തുടരുന്നു. വർഷത്തിൽ 250ദിവസം ക്ഷേത്രത്തിൽ ഉത്സവം നടത്താറുണ്ട്. തുലാം ഒഴികെയുള്ള മാസങ്ങളിൽ വിശ്വരൂപദർശനത്തിന് വെള്ളി കുംഭം നിറയ്ക്കുന്നത് കൊല്ലിടം നദിയിൽ നിന്നാണ്. തുലാമാസത്തിൽ കാവേരി നദിയിലെ വെള്ളമെടുക്കും. തുലാം മാസം കാവേരി പുണ്യം അണിയുമെന്നു വിശ്വാസം. തുലാം തീർഥത്തിൽ കുളിച്ചാൽ എല്ലാ പുണ്യനദികളിലും സ്നാനം ചെയ്ത ഫലം കിട്ടുമെന്നു കരുതപ്പെടുന്നു. സ്നാനഘട്ടത്തിലേക്ക് ശ്രീരംഗക്ഷേത്രത്തിൽ കുറച്ചു ദൂരമേയുള്ളൂ. പിതൃമോക്ഷത്തിനായി തർപ്പണം നടത്തുന്ന കടവിലേക്കു നടന്നപ്പോൾ കാലം പിന്നിലേക്കു സഞ്ചരിക്കുന്നതായി തോന്നി. മുൻപേ നടന്നു പോയവരുടെ കാൽപ്പാടുകളിൽ ജീവിതയാത്രയുടെ സത്യം തിരിച്ചറിഞ്ഞു.

ശ്രീരംഗനാഥ ക്ഷേത്രം: തിരുച്ചിറപ്പള്ളി ജങ്ഷനിൽ നിന്ന് 9 കി.മീറ്റർ. ട്രിച്ചി എയർപോർട്ടിൽ നിന്ന് 10 കി.മീറ്റർ. 14 ട്രെയിൻ സർവീസുണ്ട്. സത്തിറം ബസ് സ്റ്റാൻഡിൽ നിന്ന് 10 മിനിറ്റ് ഇടവിട്ട് ബസ് സർവീസുണ്ട്.