ജീവിതവഴിയിൽ വലിയൊരു ടേണിങ് പോയിന്റ് ഉണ്ടായത് ഒരു വർഷം മുൻപാണ്. ഗൾഫിലേക്കു പോകുമെന്നോ അവിടെ ജോലി ചെയ്യുമെന്നോ സ്വപ്നത്തിൽ പോലും കുരുതിയിരുന്നില്ല. ദുബായിൽ വന്നിറങ്ങിയപ്പോൾ അതുവരെ കേട്ടറിഞ്ഞതിൽ നിന്നു വ്യത്യസ്തമായ കാഴ്ചകളാണ് വരവേറ്റത്. ഓരോ നിമിഷവും മുഖംമിനുക്കുന്ന രാജ്യങ്ങളുടെ ശൃംഖലയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അതിനെക്കുറിച്ചെല്ലാം എഴുതുകയാണെങ്കിൽ എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണമെന്ന് കൺഫ്യൂഷൻ ഉണ്ടാകും.
ഓരോ വർഷവും ലക്ഷക്കണക്കിന് മ ലയാളികൾ ഗൾഫ് സന്ദർശിക്കുന്നുണ്ട്. അവരിലൊരു ഭാഗം വിനോദസഞ്ചാരികളാണ്. കരയിലും വെള്ളത്തിലും അദ്ഭുതങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ഗൾഫ് നഗരങ്ങൾ അതിഥികളെ സന്തോഷിപ്പിക്കുന്നു. ഇവിടെയെത്തുന്ന മലയാളികളുടെ മനസ്സിന് സംതൃപ്തി പകരുന്ന കുറച്ചു സ്ഥലങ്ങൾ പരിചയപ്പെടുത്താം.
മയിലിന്റെ നിറമുള്ള കടൽ
ഷാർജയിൽ നിന്നു മുസാന്തം പ്രദേശത്ത് എത്താൻ മൂന്നു മണിക്കൂർ ബസ് യാത്ര. ഞങ്ങൾ രാവിലെ ഏഴരയ്ക്കു പുറപ്പെട്ടു. പത്തു മണി ആയപ്പോഴേക്കും ഡിബ്ബയിൽ എത്തി. അതിർത്തിയിലെ പരിശോധന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണു ഡിബ്ബ. രേഖകൾ കൃത്യമെന്നു ബോധ്യപ്പെട്ടതിനു ശേഷം പ്രവേശന അനുമതി രേഖപ്പെടുത്തിയ കടലാസ് നൽകി. ‘രാവിലെ 10 മുതൽ വൈകിട്ടു നാലു വരെയാണ് കപ്പൽ യാത്ര. യാത്ര കഴിഞ്ഞ് ഈ അതിർത്തി താണ്ടുന്നതു വരെ ഇതു കയ്യിൽ സൂക്ഷിക്കണം’ ഓഫിസർ ഓർമിപ്പിച്ചു.
മുസാന്തം പ്രവിശ്യയിൽ സന്ദർശകരുടെ പ്രധാന ‘എന്റർടെയ്ൻമെന്റ്’ ക്രൂസ് ബോട്ട് സവാരിയാണ്. ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്കു പോകാൻ സ്പീഡ് ബോട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകൾ അവിടെ എത്തിയിരുന്നു. കുറച്ചു പേർ റഷ്യക്കാരും ഫിലിപ്പീൻ വംശജരുമാണ്. ഏറെയും ഇന്ത്യക്കാർ. കപ്പലിലെ ജോലിക്കാർ മലയാളികളായിരുന്നു.
ആഡംബര സൗധം പോലെ മനോഹരമാണ് ക്രൂസ് ബോട്ട്. തടി ഉപയോഗിച്ചു നിർമിച്ച യാനം മനോഹരമായ ജലവാഹനം തന്നെ. അതിഥികൾക്ക് അവർ ചായയും കാപ്പിയും ലഘു ഭക്ഷണവും നൽകി. ഏറെ താമസിയാതെ സൈറൺ മുഴങ്ങി, ‘കപ്പൽ’ പുറപ്പെട്ടു.
കടൽ ശാന്തമാണ്. ചൂളക്കാറ്റിനൊപ്പം ചാഞ്ഞിറങ്ങുന്ന തിരമാലകളിലേക്ക് കപ്പൽ കുതിച്ചു കയറി. ആടിയും ഉലഞ്ഞുമുള്ള യാത്ര രസകരമായിരുന്നു. മുസാന്തം സമുദ്രത്തിലെ വെള്ളത്തിന്റെ നിറമാണ് ഏറെ ആകർഷിച്ചത്. മയിലിന്റെ കഴുത്തിലേതു പോലെ ആകർഷകമായ നീല നിറം Ð ‘പീകോക്ക് ബ്ലൂ’. അറേബ്യയിലെ മണലാരണ്യങ്ങളെ തലോടുന്ന കൊടുംവെയിലിൽ നീലജലാശയം തിളങ്ങുന്നുണ്ടായിരുന്നു.
നീന്തൽ അറിയാത്തവരും
വെള്ളത്തിൽ ചാടി
കടലിന്റെ ഭംഗി ആസ്വദിച്ചിരുന്ന സമയത്ത് അറിയിപ്പു വന്നു Ð ‘‘എല്ലാവരും നീന്താനുള്ള വേഷം ധരിച്ച് തയാറാവുക’’. ക്രൂസ് സഫാരിയിലെ പ്രധാന വിനോദമാണു കടൽ വെള്ളത്തിൽ നീന്തൽ. നീന്താനറിയാത്തവരും സ്വിമ്മിങ് സ്യൂട്ട് ധരിച്ച് തയാറായി. നീന്താൻ അറിയാമെന്നുള്ള ആത്മവിശ്വാസത്തോടെ മകൾ പാപ്പു വെള്ളത്തിലിറങ്ങി. ‘‘അമ്മയെ നീന്താൻ സഹായിക്കാം’’ എന്നൊരു കോൺഫിഡൻസ് പകർന്നു നൽകാനും അവൾ ധൈര്യം പ്രകടിപ്പിച്ചു.
ഈ സമയത്ത് കപ്പൽ ജോലിക്കാർ യാത്രികർക്കായുള്ള വിനോദ പരിപാടികൾ വിശദീകരിച്ചു. സ്വിമ്മിങ്, ബനാന റൈഡ്, സ്നോർക്കലിങ്, ഐലൻഡ് വിസിറ്റ് എന്നിവയാണ് പരിപാടികൾ. ആദ്യത്തെ പ്രോഗ്രാം നീന്തലാണ്. സ്വിമ്മിങ് സ്യൂട്ട് ധരിച്ചവർ ഓരോരുത്തരായി വെള്ളത്തിലിറങ്ങി. കടൽ നീലയുടെ പരപ്പിലേക്ക് അവർ മീനുകളെ പോലെ ഇറങ്ങിപ്പോയി.
ധൈര്യം സംഭരിച്ച് മകളുടെ കൈപിടിച്ച് വെള്ളത്തിലിറങ്ങി. അൽപ നേരം കൈകൾ തുഴഞ്ഞപ്പോഴേക്കും ഉപ്പുവെള്ളം കുടിക്കാതെ മുന്നോട്ടു നീങ്ങാൻ സാധിച്ചു. ‘മുഴുവൻ നനഞ്ഞാൽ കുളിരില്ലെന്ന്’ പണ്ടാരോ പറഞ്ഞതു വാസ്തവമാണെന്ന് ആ നിമിഷം തിരിച്ചറിഞ്ഞു.
ലൈഫ് ജാക്കറ്റിന്റെ സുരക്ഷയിലാണ് വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടന്നത്. സന്ദർശകരായ മറ്റാളുകൾക്കൊപ്പം മകൾ കയാക്കിങ് നടത്തി. പല രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെ പൊടുന്നനെ സുഹൃത്തുക്കളായി മാറിയത് രസകരമായ അനുഭവമായി. നീന്തിക്കഴിഞ്ഞപ്പോഴേക്കും സ്പീഡ് ബോട്ട് എത്തി. കടൽ ചുഴികളിലൂടെ സീഗളിനെ പോലെ ആ ബോട്ട് കുതിച്ചു പായുമ്പോൾ അഡ്വഞ്ചറസ് ജലസവാരി ആസ്വദിക്കാൻ സാധിച്ചു.
അടുത്തത് ബനാന റൈഡ് ആയിരുന്നു. സ്പീഡ് ബോട്ടിൽ ഘടിപ്പിച്ച ഫൈബർ ചങ്ങാടത്തിൽ സാഹസിക യാത്രയാണ് ബനാന റൈഡ്. ചെറിയ ചങ്ങാടത്തിനു വാഴപ്പഴത്തിന്റെ രൂപമായതിനാലാണ് ബനാന റൈഡ് എന്നു പേരു വന്നത്. ചെറു ചങ്ങാടവും സ്പീഡ് ബോട്ടുമായി ഒരു കയർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്. സ്പീഡ് ബോട്ട് ബനാന ബോട്ടിനെ വലിച്ചുകൊണ്ടു വെള്ളത്തിലൂടെ കുതിക്കുന്നു. വളഞ്ഞും പുളഞ്ഞുമൊക്കെയാണ് നീക്കം. യാത്രക്കാരുടെ താല്പര്യമനുസരിച്ചാണ് സ്പീഡ് ബോട്ടിന്റെ വേഗം നിയന്ത്രിക്കുന്നത്. സാഹസികരായ ചിലർ വേഗത കൂട്ടാൻ ആവശ്യപ്പെട്ടു. പൊടുന്നനെ ആ ഡ്രൈവർ സ്റ്റിയറിങ് തിരിച്ചു. വിദേശികളായ സന്ദർശകർ എടുത്തെറിഞ്ഞതു പോലെ വെള്ളത്തിൽ പതിച്ചു. അതുമൊരു വിനോദമാണെന്ന് അപ്പോഴാണു മനസ്സിലായത്. ഞങ്ങൾ എന്തായാലും അത്രയും വലിയ സാഹസത്തിനു മുതിർന്നില്ല.
ദ്വീപിൽ വിളമ്പിയ
ബിരിയാണി
പിന്നീട് സ്‌നോർക്കലിങ് നടത്താനായി നീങ്ങി. കടലിന്റെ അടിയിൽ പോയി മത്സ്യങ്ങളെയും പവിഴ പുറ്റുകളെയും നേരിൽ കാണുന്ന യാത്രയാണു സ്നോർക്കലിങ്. വെള്ളത്തിനടിയിൽ പോകുന്നവർക്ക് കൃത്രിമമായി ശ്വാസമെടുക്കാനുള്ള ഉപകരണങ്ങൾ നൽകും. അതുമായിട്ടാണ് കടലിനടിയിലേക്കു പോകുന്നത്. കടലിന്റെ ഉൾഭാ ഗത്തെ ഓരോ ചലനങ്ങളും അദ്ഭുതകരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ദ്വീപ് സന്ദർശനമായിരുന്നു അടുത്ത ഐറ്റം. അതൊരു ചെറിയ ദ്വീപായിരുന്നു. അവിടെ മനോഹരമായ ബീച്ച് ഉണ്ടായിരുന്നു. സന്ദർശകർ വിശ്രമിക്കാനും ഫോട്ടോ എടുക്കാനും ആ യാത്ര പ്രയോജനപ്പെടുത്തി. അപ്പോഴേക്കും വെയിലിന്റെ കാഠിന്യവും വിശപ്പും എല്ലാവരുടെയും മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.
യാത്രക്കാരുടെ മനസ്സറിഞ്ഞിട്ടെന്ന പോലെ ഭക്ഷണം എത്തി. പല രാജ്യക്കാർ ഉള്ളതുകൊണ്ടു തന്നെ പലതരം വിഭവങ്ങളും ഉണ്ടായിരുന്നു. ബിരിയാണി റൈസ്, ചിക്കൻ ഫ്രൈ എന്നിവ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഹാപ്പിയായി.
ലഞ്ച് കഴിഞ്ഞപ്പോഴേക്കും ഫിഷിങ് ആരംഭിച്ചു. എല്ലാവർക്കും ഓരോ ചൂണ്ടകൾ ലഭിച്ചു. അവർ ഇര കൊരുത്തു നൽകിയിരുന്നു. എല്ലാവരും നിരന്നിരുന്ന് ചൂണ്ടയിട്ടെങ്കിലും അക്കൂട്ടത്തിൽ ഒരാളുടെ ചൂണ്ടയിൽ മാത്രമേ മീൻ കൊത്തിയുള്ളൂ. "ചേലോൽക്ക് കിട്ടും, ചേലോൽക്ക് കിട്ടില്ല" മീൻ കിട്ടാത്തവരെ മറ്റുള്ളവർ കളിയാക്കി.
ഫിഷിങ് കഴിഞ്ഞപ്പോഴേക്കും സമയം 4.00. കപ്പൽ മടക്ക യാത്ര ആരംഭിച്ചു. പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തിയ ശേഷം ബസ്സിൽ കയറി. ചെക്പോസ്റ്റിൽ രേഖകൾ വീണ്ടും പരിശോധിച്ച ശേഷം ഷാർജയിലേക്ക് വാഹനം കുതിച്ചു. ആഴക്കടലിലെ ആക്ടിവിറ്റി എക്കാലത്തും ഓർക്കാനുള്ള രസകരമായ അനുഭവമായി.
അബുദാബിയിലെ അദ്ഭുതം
അബുദാബിയിൽ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഗ്രാൻഡ് മോസ്ക്. താജ്മഹലിനെ ഓർമിപ്പിക്കുന്ന മാളിക. ഈ കൊട്ടാരവും നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ളതു വെണ്ണക്കല്ലാണ്. ഷാർജയിൽ നിന്ന് അബുദാബിയിലേക്ക് മൂന്നര മണിക്കൂർ യാത്രയുണ്ട്.
ഗ്രാൻഡ് മോസ്ക് പ്രവേശനത്തിന് കൃത്യമായ ചിട്ടകളും നിബന്ധനകളുമുണ്ട്. പള്ളി സന്ദർശനത്തിന് ഓൺലൈനിൽ ബുക്ക് ചെയ്ത് ടിക്കറ്റെടുക്കണം. സന്ദർശകരായ സ്ത്രീകൾ കയ്യും തലയും പൂർണമായും മറച്ച് വസ്ത്രം ധരിക്കണം. പർദ നിർബന്ധമില്ല. ധരിക്കുന്ന വസ്ത്രം ഏതായാലും ഫുൾ സ്ലീവ് ആയിരിക്കണം. തലമുടി തുണികൊണ്ട് മറയ്ക്കണം.
ഇത്രയും കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ ശേഷമാണ് മോസ്ക് കാണാൻ പുറപ്പെട്ടത്. രാവിലെ 10ന് ഗ്രാൻഡ് മോസ്കിലെത്തി. പ്രവേശന കവാടത്തിൽ ടിക്കറ്റ് കാണിച്ചു, അകത്തേക്കു കടത്തി വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ സന്ദർശകരുടെ ബാഗുകൾ പരിശോധിച്ചു. നിബന്ധന പ്രകാരമാണ് വസ്ത്രങ്ങൾ ധരിച്ചിട്ടുള്ളതെന്ന് ഉറപ്പു വരുത്തി.
മോസ്കിനുള്ളിൽ പ്രവേശിച്ചു. വളരെ മനോഹരമായ ആരാധനാ കേന്ദ്രം. ഫോട്ടോ എടുക്കാൻ അനുമതിയുണ്ട്. ആയതിനാൽത്തന്നെ എല്ലായിടത്തും ആളുകൾ തിക്കിത്തിരക്കി. പള്ളിയുടെ ഇന്റീരിയർ രൂപകൽപന അതിശയിപ്പിക്കുന്നതാണ്. എല്ലായിടവും കാഴ്ചയിൽ ഒരേപോലെ. സന്ദർശകർക്ക് വഴി കാണിക്കാനും മോസ്കിന്റെ രൂപകൽപനയെ കുറിച്ച് വിശദീകരിക്കാനും അവിടെ ജോലിക്കാരുണ്ട്. മോസ്കിന്റെ മേൽക്കൂരയിൽ പുരാതനചിത്രങ്ങളും അലങ്കാരങ്ങളുമാണ്. മുഴുവനായും നടന്നു കാണാൻ ഒരു മണിക്കൂർ വേണം.
എന്തെങ്കിലും തടസ്സം നേരിട്ടാൽ ധരിക്കാമെന്നു കരുതി, മകൾക്കും എനിക്കും ഓരോ പർദ വാങ്ങി ബാഗിൽ വച്ചിരുന്നു. അതു ധരിച്ച് പള്ളിയുടെ മുന്നിൽ നിന്ന് കുറച്ചു ഫോട്ടോ എടുത്ത ശേഷമാണു മടങ്ങിയത്