മംഗലാപുരം റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് പരസ്പരം കണ്ടത്. എല്ലാവരും സഞ്ചാരത്തിന്റെ പുതുവഴികൾ തേടുന്നവരായിരുന്നു. പല സ്ഥലങ്ങളിൽ നിന്ന് എത്തിയവർ കണ്ടു മുട്ടുമ്പോൾ പറയാൻ കഥകൾ ഏറെയുണ്ടാകുമല്ലോ. യാത്ര ചെയ്യാനുള്ള ആഗ്രഹത്തിൽ ഐക്യപ്പെട്ട മനസ്സുകളെ നയിക്കുന്നതു സ്മിതയാണ്. ലേഡി റോവേഴ്സിന്റെ ഏഴാമത്തെ ട്രിപ്പാണിത്. യാത്ര അഗുംബയിലേക്കാണ്, കർണാടകയിൽ നിരന്തരം മഴ പെയ്യുന്ന മലമ്പ്രദേശമായ അഗുംബയിലേക്ക്.
റോവേഴ്സ് സംഘത്തിൽ ഇക്കുറിയുള്ളത് 10 പേർ, വെവ്വേറെ പ്രായത്തിലുള്ളവർ, വിവിധ മേഖലകളിൽ നിന്നുള്ളവർ, മാതൃഭാഷയുടെ മധുരം വ്യത്യസ്തമായി മൊഴിയുന്നവർ... ദേശഭേദങ്ങളും ജീവിത സാഹചര്യങ്ങളും പലതാണെങ്കിലും എല്ലാവരും വളരെ പെട്ടന്ന് സൗഹൃദത്തിലായി. രണ്ടു ദിവസത്തെ യാത്രയുടെ ആകാംക്ഷകൾ, കാണാൻ പോകുന്ന പൂരത്തെക്കുറിച്ചുള്ള വർത്തമാനം പോലെ പൂത്തുലഞ്ഞു.
സംഘം ചേർന്നുള്ള യാത്രകളിൽ പലപ്പോഴും സ്വകാര്യതയാണല്ലോ ചിലർക്കു തടസ്സമാകുന്നത്. ഒരു മുറി മറ്റൊരാളുമായി ഷെയർ ചെയ്യുക, ശുചിമുറിയുടെ ലഭ്യത അങ്ങനെയുള്ള കാര്യങ്ങളിൽ തടസ്സം പറയുന്നവരല്ല ഈ യാത്രയിലുണ്ടായിരുന്നത്. ഏതു സാഹചര്യത്തിലും ഒരുമിച്ച് നിൽക്കാനും പ്രതിസന്ധികളിലും സന്തോഷങ്ങളിലും ചേർന്നു നിൽക്കാനും തീരുമാനിച്ചവരാണ് കൂടെയുള്ളത്.
ഈ ക്ഷേത്രത്തിന് ആയിരംകാൽ!
കേരളത്തിന്റെ വടക്ക് കാസർകോട് കടന്നാൽ വർത്തമാനത്തിന് കന്നട ഭാഷയുടെ കാവ്യ സൗന്ദര്യമാണ്. മഴയുടെ തലസ്ഥാനത്തേക്കുള്ള യാത്രയിൽ മംഗലാപുരം മുതൽ വഴികാട്ടിയായി കോരിച്ചൊരിയുന്ന മഴ. കുട ചൂടിക്കൊണ്ട് മഴ കൂടെ നടന്നുവെന്നു പറയുന്നതാണു ശരി. അതിന്റെ തനിമ ആസ്വദിച്ചുകൊണ്ട്, മഴയുടെ നേർത്ത ആവരണം പുതച്ച് ആദ്യം ചെന്നെത്തിയത് മൂഡ്ഭദ്രിയിലായിരുന്നു. തീർഥങ്കരന്മാരുടെ ഐതിഹ്യങ്ങളാണ് പ്രശസ്തമായ ആയിരംകാൽ ജൈനക്ഷേത്രത്താൽ പ്രശസ്തമാണ് മുഡുഭദ്രി.
ആയിരം തൂണുകളിൽ നിർമിച്ചതിനാലാണ് മൂഡുഭദ്രിയിലെ ക്ഷേത്രത്തിന് ‘ആയിരം കാൽ’ എന്നു പേരു കിട്ടിയത്. സന്ദർശകരിൽ ചിലർ അവിടെ ആയിരം കാലുകളുണ്ടോ എന്ന് എണ്ണുന്നതു കണ്ടു! യന്ത്രങ്ങളില്ലാത്ത കാലത്ത് കൽത്തൂണുകൾ അവിടെ എങ്ങനെ എത്തിച്ചു എന്നതിനെക്കുറിച്ചായിരുന്നു ചിലരുടെ ചർച്ച. തിമിർത്തു പെയ്യുന്ന മഴ പശ്ചാത്തലമാക്കി ഇൻസ്റ്റഗ്രാമിലേക്ക് റീൽസ് എടുക്കുന്നവർ ചരിത്രവും പുരാണവുമൊന്നും നോക്കുന്നുണ്ടായിരുന്നില്ല. ഫോട്ടോകൾ, വിഡിയോകൾ, സെൽഫികൾ... പുതുതലമുറയിലെ യാത്രികരിൽ അപ്ഡേഷനുകൾക്കാണ് പ്രാധാന്യം!
വാരംഗ ജൈന ക്ഷേത്രമാണ് അടുത്ത ഡെസ്റ്റിനേഷൻ. ആമ്പൽ താടാകത്തിനു നടുവിൽ സ്വപ്നസൗധം പോലെ മനോഹര മന്ദിരം. നിശബ്ദതയുടെ ക്യാൻവാസിൽ പ്രകൃതി വരച്ചിട്ട ഒരു സുന്ദരചിത്രം പോലെ. ഹോയ്സാല ചാലൂക്യ ശില്പചാതുരി തെളിഞ്ഞു കാണാം. പാടവരമ്പത്തുകൂടെയാണ് തടാകക്കരയിലേക്കുള്ള പാത. ആ നടത്തം ഒരിക്കലും മറക്കില്ല. തടാകത്തിൽ മീനുകളുണ്ട്. ചെറു മീനുകൾ ഓളപ്പരപ്പിലേക്ക് ഉയർന്നുന്നത് ക്യാമറയ്ക്ക് വിരുന്നായി.
ക്ഷേത്രത്തിന്റെ വാസ്തുഭംഗി അനുപമമാണ്. ആയിരം വർഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം. നാണ്മുഖക്ഷേത്രത്തിന്റെ ഓരോ മുഖവും തീർഥങ്കരന്മാർക്കു സമർപ്പിച്ചിരിക്കുന്നു. പാർശ്വനാഥൻ, നോമിനാഥൻ, ശാന്തിനാഥൻ, അനന്തനാഥൻ എന്നിവരാണ് ഇവിടെ പൂജിതരായ തീർഥങ്കരന്മാർ. ക്ഷേത്രത്തിന്റെ പൂമുഖത്ത് എത്തിയപ്പോൾ ചെമ്പകപ്പൂക്കളുടെ സുഗന്ധം നിറഞ്ഞു. തടാകത്തിന്റെ ഭംഗിയും ക്ഷേത്രപരിസരത്തെ നിശബ്ദതയും സുഗന്ധിയായ കാറ്റും സന്ദർശകരുടെ മനസ്സിൽ വിസ്മരിക്കാനാവാത്ത അനുഭൂതി പകരുന്നു.
വെള്ളച്ചാട്ടത്തിൽ സ്പ്രേ ബാത്ത്
മഴയുടെ തണുപ്പു മാറ്റാൻ ചായക്കടയിൽ കയറി. ഓടു മേഞ്ഞ ചായക്കടയുടെ ഇറയത്ത് വരാന്തയിൽ നിന്നു ചൂടു ചായ കുടിക്കുന്നതിന്റെ ഫീൽ യാത്രയുടെ എനർജിയാണ്. അതിന്റെ ഉന്മേഷത്തിൽ ബാഹുബലിയുടെ ക്ഷേത്രത്തിലേക്കു നീങ്ങി. ദിഗംബരനായ ബാഹുബലിയുടെ ശിൽപം നിലനിൽക്കുന്നതു കുന്നിൻമുകളിലാണ്. ഒറ്റക്കല്ലിൽ നിർമിച്ച ശിൽപം അദ്ഭുതകരമായ വൈദഗ്ധ്യം വ്യക്തമാക്കുന്നു. ശ്രവണബൽഗോളയിലെ ബാഹുബലിയുടെ ശിൽപത്തിന്റെയത്രയും ഉയരവും ഗരിമയും ഇല്ലെങ്കിലും നിർമാണ രീതിയിൽ സാമ്യമുണ്ട്.
മല കയറിയതിന്റെ ക്ഷീണവുമായാണ് ബാഹുബലിയുടെ ശിൽപം കണ്ടിറങ്ങിയത്. വഴിയോരത്തെ കടയുടെ മുന്നിൽ സന്ദർശകരുടെ തിരക്ക്. കരിമ്പ് ജ്യൂസ്, ബിസകറ്റ് എന്നിവ വാങ്ങിക്കഴിച്ച് ക്ഷീണമകറ്റുന്നവരെ അവിടെ കണ്ടു. ഉച്ച ഭക്ഷണത്തിനു സമയമായതിനാൽ നേരേ ഹോട്ടലിലേക്കു നീങ്ങി. ചപ്പാത്തിയും തൈരുമായിരുന്നു വിഭവങ്ങൾ. അത്രയും നേരത്തേ വിശപ്പിന്റെ ആലസ്യം വിട്ടുമാറിയ ശേഷം ഈ യാത്രയിലെ ഏറ്റവും ത്രിൽ പകരുന്ന കാഴ്ചയിലേക്കു നീങ്ങി.
ആഗുമ്പെയുടെ നെറുകയിലേക്കുള്ള ചുരത്തിലൂടെ ബസ് ഇരമ്പി നീങ്ങി. കാടിനു നടുവിലൂടെയെന്ന പോലെ ഇരുട്ടു പരന്ന റോഡാണ്. കർക്കടകത്തിൽ കേരളത്തിൽ പെയ്യാറുള്ളതു പോലെ മഴ കനത്തു പെയ്തു. മഞ്ഞു മൂടിയതു പോലെ അന്തരീക്ഷം പാടേ മാറിയിരുന്നു.
കെട്ടിടങ്ങളില്ല, വീടുകളില്ല, ചുറ്റു മതിലുകളോ മറ്റു നിർമിതികളോ കാണാനില്ല. ചുറ്റും ഹരിതാഭ മാത്രം. ബസ്സിലെ തട്ടുപൊളിപ്പൻ പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ് കൂട്ടത്തിൽ ചിലർ. കുറച്ചാളുകൾ പ്രകൃതിയുടെ പച്ചയെ മനസ്സിലേക്ക് ആവാഹിക്കാനെന്ന പോലെ മൗനം ഭജിച്ചു. മൊബൈൽ ടവറുകളുടെ പരിധിക്കു പുറത്തായതിനാൽ ആരും ഫോണിന്റെ ചതുരക്കളത്തിലേക്ക് ഒതുങ്ങിയില്ല.
വളവും തിരിവുമുള്ളതും വീതി കുറഞ്ഞതുമായ കാനനപാതയിൽ ബസ് വേഗതയിൽ കുതിച്ചു. എതിരെ വന്ന വാഹനങ്ങൾ പൊടുന്നനെയാണ് മുന്നിലേക്ക് എത്തിപ്പെടുന്നത്. സാഹസികനായ കാർ റേസർമാരെ പോലെ, മിടുക്കനായ ഡ്രൈവർ ബസ് നിയന്ത്രിച്ചു. അങ്ങനെ മുന്നോട്ടു നീങ്ങുന്നതിനിടെ പൊടുന്നനെ വാഹനങ്ങളുടെ നിര രൂപപ്പെട്ടു. ഗതാഗത കുരുക്കായിരുന്നു. മലയിലേക്കു പോവുകയായിരുന്ന ടിപ്പർ ബ്രേക് ഡൗണായതാണു കാരണം.
കാടിനു നടുവിൽ ഏറെ നേരം കാത്തു നിന്നതിനു ശേഷമാണ് ബസ് മുന്നോട്ടു നീങ്ങിയത്. ‘സിരിമനെ’യിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും നേരം വൈകി. കർണാടകയിലെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് സിരിമനെ. സമയം വൈകിട്ട് 5.00. മഴയും മൂടൽ മഞ്ഞും കാരണം രാത്രിയായതു പോലെ ഇരുട്ടു മൂടി.
ഇരുട്ടായതിനാൽ വെള്ളചാട്ടത്തിലേക്കു ഇറങ്ങരുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മുന്നറിയിപ്പു നൽകി. വ്യൂ പോയിന്റിൽ നിന്ന് വെള്ളച്ചാട്ടം കാണാനും ഫോട്ടോ എടുക്കാനുമുള്ള അനുവാദമേ കിട്ടിയുള്ളൂ. വെള്ളച്ചാട്ടത്തിലെ "ഷവർ ബാത്തി"നു കൊതിച്ചവരൊക്കെ തല്ക്കാലം "സ്പ്രേ ബാത്തു"കൊണ്ട് തൃപ്തിപ്പെട്ടു. മലയുടെ മുകളിൽ നിന്നു കുതിച്ചെത്തി താഴേയ്ക്കു ചാടുന്ന വെളുത്ത കാനന സുന്ദരിയെ പോലെ അതിമനോഹരമാണ് ആ വെള്ളച്ചാട്ടം. പാറയിലൂടെ ചിന്നിച്ചിതറിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി വാക്കുകളിൽ വർണിക്കുക സാധ്യമല്ല.
തുംഗ നദിക്കരയിൽ അൽപനേരം
അദ്വൈത വേദാന്തത്തിന്റെ പൊരുളറിഞ്ഞ ജഗദ്ഗുരു ആദിശങ്കരന്റെ ആശ്രമത്തിലേക്കാണ് പിന്നീടു പോയത്. ശങ്കരാചാര്യർ സ്ഥാപിച്ച 18മഠങ്ങളിലൊന്നാണ് കർണാടകയിലെ ശൃംഗേരി. വേദശാസ്ത്രപഠനത്തിന്റെ തലസ്ഥാനമായി അറിയപ്പെടുന്നു ഇവിടം. തുംഗ നദിക്കരയിൽ കല്ലിൽ കൊത്തിയ കവിത പോലെ ശാരദാദേവിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്.
ശാന്തമായി ഒഴുകുന്ന തുംഗ നദിക്കു കുറുകെയുള്ള പാലത്തിൽ നിൽക്കുമ്പോൾ അക്കരെ ശങ്കരമഠത്തിൽ ചേലചുറ്റിയ വേദവിദ്യാർഥികളുടെ നിര കാണാം. നിലാവിൽ കുതിർന്ന സന്ധ്യയിൽ മഠത്തിലെ ദീപാരാധനയും തുംഗനദിയിലെ നിഴലുകളും സ്വപ്നതുല്യമായ ദൃശ്യമായി മുന്നിൽ തെളിഞ്ഞു.
അന്തിയുറക്കത്തിന് ബുക്ക് ചെയ്തിരുന്ന ഹോം സ്‌റ്റേ ലക്ഷ്യമാക്കി ബസ് നീങ്ങിത്തുടങ്ങി. സമയം 8.30. തെരുവു വിളക്കില്ലാത്ത ഒരിടത്താണ് വാഹനം നിന്നത്. ബാഗുമായി ഹോം സ്‌റ്റേയിലേക്കു നീങ്ങി. മൺപാതയിലൂടെ ട്രോളി ബാഗുകളുടെ ചടപടാ ശബ്‍ദം മാത്രം. ശബ്ദം കേട്ട് അകലെ നിന്ന് നായ്ക്കൾ കുരച്ചു. അഗുംബെയിലെ നിശബ്ദതയിൽ അവയുടെ ശബ്ദം അലയടിച്ചു.
കേരളവുമായി താരമ്യം ചെയ്യാവുന്ന ഗ്രാമമാണ് അഗുംബെ. ഓടു മേഞ്ഞ വീടുകൾ നമ്മുടെ നാട്ടിലെ തറവാടുകളെ ഓർമിപ്പിച്ചു. ഒട്ടുമിക്ക വീടുകളുടെയും മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ട്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മഴയെ ചെറുക്കാൻ ചെറുവീടുകൾക്ക് അതാണു രക്ഷാമാർഗം. വീടുകളുടെ മുറ്റത്ത് മാവും തെങ്ങുമുണ്ട്. എല്ലാ വീടുകളിലും വളർത്തു നായ്ക്കളുണ്ട് എന്നുള്ളതു മറ്റൊരു പ്രത്യേകത.
രണ്ടാം ദിവസത്തിന്റെ ആദ്യത്തെ ഹൈലൈറ്റ് കുണ്ടാദ്രിയാണ്. തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളി പുതച്ചാണ് യാത്ര. കാടിനു നടുവിൽ കുത്തനെയുള്ള റോഡിലൂടെയാണ് ബസ് നീങ്ങിയത്. വീതി കുറഞ്ഞ വഴി, കുത്തനെയുള്ള കയറ്റിറക്കങ്ങൾ. കുണ്ടാദ്രിയിലേക്കുള്ള യാത്ര സാഹസികമെന്നു പറയാതെ വയ്യ. മലയുടെ മുകളിലെത്തിയപ്പോഴേക്കും സമയം രാവിലെ എട്ടു കഴിഞ്ഞിരുന്നു. എന്നിട്ടും ആകാശത്ത് സൂര്യനെ കാണാനായില്ല. വർഷം മുഴുവൻ മഴ പെയ്യുന്ന അഗുംബെയിൽ അത്തരം കൗതുകങ്ങൾക്കു സ്ഥാനമില്ല. ഇടയ്ക്കിടെ പനിനീരു തളിക്കുന്ന പോലെ മഞ്ഞു മഴ പെയ്യുന്നുണ്ടായിരുന്നു. മഴയുടെ മേലാപ്പിനിടയിൽ ഫോട്ടോ എടുക്കൽ സാധ്യമല്ല. എല്ലാ ചിത്രങ്ങളും മനസ്സിൽ പകർത്തി. അതിനു ശേഷം കവള ദുർഗയിലേക്ക് നീങ്ങി.
തകർത്തിട്ടും നശിക്കാതെ കവള ദുർഗ
നഷ്ടപ്രതാപത്തിന്റെ സ്മൃതികൂടിരമാണ് കവള ദുർഗ കോട്ട. കരിങ്കല്ല് പാകിയ വീതിയുള്ള പാതയിലൂടെയാണ് കോട്ടയിലേക്കു പോവുന്നത്. പാടത്തിന്റെയക്കരെ കുന്നിനു മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ചുറ്റും കാടാണ്. പണ്ട് കോട്ടയ്ക്കു ചുറ്റും പതിനഞ്ച് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നത്രേ. ഇപ്പോൾ അവയുടെ ശേഷിപ്പു മാത്രമേയുള്ളൂ. കോട്ടയുടെ മുറ്റത്തു നിന്നാൽ താഴ്‌വര പൂർണമായും കാണാം. പ്രതാപകാലത്ത് അഗുംബെ ഭരിച്ചിരുന്നവർ നിരീക്ഷണ കേന്ദ്രമായി ഈ സ്ഥലം ഉപയോഗിച്ചുവെന്നു വ്യക്തം.
കോട്ടയിലെ ജനാലകൾ താഴ്‌വരയിലെ നയനമനോഹരമായ കാഴ്ചകളിലേക്കാണു തുറക്കുന്നത്. അവിടെയുള്ള ദുർഗ ക്ഷേത്രത്തിന്റെ സമീപത്ത് ശിവക്ഷേത്രമുണ്ട്. നന്ദി വിഗ്രഹം മാത്രമാണ് ഇവിടെ വിശ്വാസത്തിന്റെ ശേഷിപ്പായിട്ടുള്ളത്. ക്ഷേത്രക്കുളവും നാശത്തിന്റെ വക്കിലാണ്. വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് എഴുതിയിട്ടുണ്ട്. പടവുകളിലും വെള്ളത്തിന്റെ അടിയിലും ചെടികൾ വളർന്ന് പഴയ ഓർമകളിൽ ഓളങ്ങൾ ഇളകുന്ന് കുളത്തിന്റെ ചന്തത്തിനു മാറ്റു കൂട്ടി. മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താന്റെ പടയോട്ടത്തിലാണ് ക്ഷേത്രം തകർക്കപ്പെട്ടത്.
പുരാതന ക്ഷേത്രത്തിന്റെ പടികളിറങ്ങി തിരികെ ഹോം സ്‌റ്റേയിലെത്തി. സമയം 3.30. ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം, പാക്ക് അപ്പ്. 4.30ന് ബസ് പുറപ്പെട്ടു. നട്ടപ്പാതിരയ്ക്ക് മംഗലാപുരം റെയിൽവെ സ്‌റ്റേഷനു മുന്നിൽ ഇരുപത്തഞ്ച സംഘം യാത്ര പറയാൻ ഒത്തു കൂടി. ‘പുഴയെ പൂണൂലാക്കിയ തേർവീഥികളിൽ വീണ്ടും കാണാം’ റോവേഴ്സിന്റെ അടുത്ത യാത്ര അവിടെ വച്ച് പ്ലാൻ ചെയ്തു. അതെ, രഥോത്സവത്തിന് കൽപാത്തിയിൽ വീണ്ടും ഒത്തു ചേരും...