ഈ യാത്ര ലേയിലേക്കാണ്. കശ്മീർ താഴ്‌വരയിൽ ടിബറ്റിന്റെ അരികിലുള്ള ലേയിലേക്ക്. ചൈനയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന മഞ്ഞു താഴ്‌വരയിലെ മനോഹരമായ പാതയിലൂടെയാണ് യാത്ര. സമീപത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രം മണാലിയാണ്. ലേയിലേക്കുള്ള സഞ്ചാരികൾ മണാലി വിമാനത്താവളത്തിലാണ് ഇറങ്ങാറുള്ളത്. മല തുരന്നുണ്ടാക്കിയ ‘അടൽ ടണൽ’ താണ്ടിയുള്ള യാത്രയിൽ കാഴ്ചയുടെ പൂരമാണു കാത്തിരിക്കുന്നത്.
മണാലിയിൽ നിന്ന് അൻപതു കിലോമീറ്റർ ദൂരമുണ്ട് റോതാങ് ചുരത്തിലേക്ക്. ഗ്രാംഫൂവിൽക്കൂടിയുള്ള 116 കിലോമീറ്റർ സഞ്ചാരം മറക്കാനാവില്ല. ഭൂമിയും ആകാശവും നേർക്കു നേർ സൗന്ദര്യ മത്സരം നടത്തുന്ന പ്രകൃതിയുടെ മടിത്തട്ടിലൂടെയാണു കടന്നു പോകുന്നത്. അതിസുന്ദരമായ പുൽമേടുകൾ, ഹിമാവൃതമായ പർവത നിരകൾ, തെളിഞ്ഞ നീലാകാശം... ഈ വഴിയിലൂടെയുള്ള യാത്രയിൽ ക്യാമറയ്ക്ക് വിശ്രമമില്ല. ഒരേയൊരു പ്രതിബന്ധം ഗതാഗതക്കുരുക്കാണ്. ലക്ഷ്യസ്ഥാനത്ത് എത്താൻ രണ്ടു ദിവസം യാത്ര ചെയ്യണം. അത്രയും നേരം വാഹനങ്ങളുടെ നിരയിൽ കുരുങ്ങിക്കിടക്കൽ സുഖകരമായ അനുഭവമല്ല.
ഈ താഴ്‌വര ഉൾപ്പെടുന്ന പ്രദേശം ‘പീർ പഞ്ചാൽ റേഞ്ച്’ പരിധിയിലാണ്. പണ്ട് കച്ചവടക്കാരും സഞ്ചാരികളും അതിർത്തി താണ്ടിയിരുന്നത് പീർ പഞ്ചാലിലൂടെ ആയിരിക്കുന്നു. കുളു, ലഹൌൾ, സ്പിതി താഴ്‌വരകളിലേക്ക് ഇതു വഴി റോഡുണ്ട്.
മഞ്ഞുവീഴ്ചയുടെ ദിനങ്ങൾ ഇതുവഴിയുള്ള യാത്ര ദുരിതമാക്കും. ഹിമപാതം ആരംഭിക്കുമ്പോൾ ഗതാഗധം നിരോധിക്കും. അതോടെ താഴ്‌വരകൾ ഒറ്റപ്പെടും. ഇക്കാലത്ത് ഇവിടത്തുകാർ ആറുമാസം പുറംലോകവുമായി ബന്ധവുമില്ലാതെ ജീവിക്കുന്നു.
പരിചയസമ്പന്നരായ ഡ്രൈവർമാർ പോലും മഴക്കാലത്ത് ഈ വഴി ഒഴിവാക്കും. മണ്ണിടിച്ചിലും പാറയിടിഞ്ഞു വീഴലും വലിയ ദുരന്തങ്ങളും ഈ പാതയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്. മലയുടെ അടിവാരത്തു നിന്നു തുരങ്കം നിർമിച്ചതോടെയാണ് പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടത്. ലേ യാത്ര സുഖമമാക്കിയ ‘അടൽ ടണൽ’ ഇപ്പോൾ ലോക പ്രശസ്തമാണ്.
പുറപ്പെടും മുൻപ്
ഡൽഹിയിൽ നിന്നാണു പുറപ്പെട്ടത്. ജൻപഥ് മാർക്കറ്റും പാലിക ബസാറും കണ്ടതിനു ശേഷം കശ്മീരി ഗേറ്റിൽ നിന്ന് ഓടിച്ചിട്ട് പിടിച്ച വോൾവോയിൽ കയറിയാണ് മണാലിയിൽ എത്തിയത് . ദില്ലി,ചണ്ഡിഗഡ്, മണ്ടി, കുളു, മണാലി – ഇതായിരുന്നു റൂട്ട്. മണാലിയിൽ എത്തിയ ഉടനെ നിരവധി സിനികളുടെ ലൊക്കേഷനായ ഹിഡിംബ ക്ഷേത്രത്തിൽ കയറി. വനവാസകാലത്ത് ഭീമസേനൻ ഹിഡിംബിയെ ആദ്യമായി കണ്ടത് ഇവിടെ വച്ചായിരുന്നത്രേ. മസിൽമാനായ ഭീമന്റെ ഹൃദയം കവർന്ന വനസുന്ദരിയുടെ ക്ഷേത്രം വാസ്തുഭംഗിയാൽ പ്രശസ്തമാണ്. രാക്ഷസകുലത്തിൽ പിറന്നവളാണു ഹിഡിംബിയെന്നു കഥയിൽ പറയുന്നു. പാണ്ഡവ രാജാവായ ഭീമസേനനും ഹിഡിംബിയും പ്രണയസല്ലാപം നടത്തിയ സ്ഥലങ്ങൾ സഞ്ചാരികളുടെ മനസ്സിലും കുളിരു കോരിയിടുന്നു. ഒരു നിമിഷം എം.ടിയുടെ എഴുത്തിലെ പ്രണയപശ്ചാത്തലം മുന്നിൽ തെളിഞ്ഞു.
" ദൈർഘ്യം പോരാത്ത പകലുകൾ. ഉദയം വരാതിരിക്കാൻ കൊതി തോന്നുന്നരാത്രികൾ... " രണ്ടാമൂഴത്തിലൂടെ കൂടല്ലൂർ വ്യാസൻ കാണിച്ചു തന്നിട്ടുള്ളത് അനിതരസാധാരണമായ പ്രേമമുഹൂർത്തങ്ങൾ തന്നെ. കഥ അവിടെ നിൽക്കട്ടെ എന്നു മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം തുരങ്കപാതയിലേക്ക് യാത്രയ്ക്കൊരുങ്ങി.
ഓൾഡ് മണാലിയിലെ വഴിയുടെ ഇരുവശത്തും പൈൻ മരക്കാടുണ്ട്. പ്രിയദർശന്റെ പ്രിയപ്പെട്ട സിനിമകളിലൂടെ ഊട്ടിയിലെയും കൊടൈക്കനാലിലെയും പൈൻമരക്കാടുകൾ കണ്ടിട്ടുള്ളവർക്ക് ഈ സ്ഥലം രസകരമായ ദൃശ്യമാണ്. അവിടെ നിന്നു മാൾ റോഡിൽ പോയി കുറച്ചു നേരം കറങ്ങി നടന്നു. അപ്പോഴും ലേയിലേക്കു പോകാനുള്ള വാഹനം കിട്ടിയിരുന്നില്ല.
മലയാളിയായ രവീഷ് നടത്തുന്ന ഹോട്ടലിലായിരുന്നു അന്തിയുറക്കം. കേരളത്തിൽ നിന്നു 2000 കിലോമീറ്റർ അകലെയുള്ള മണാലിയിലെ തന്റെ ഹോട്ടലിനു മുന്നിൽ മലയാളത്തിൽ ബോർഡ് വച്ചയാളാണ് രവീഷ്. ബജറ്റ് ഫ്രണ്ട്‌ലിയാണ് ഈ ഹോട്ടൽ. അരുവിയിലെ നീരൊഴുക്കിന്റെ ഈണം കേട്ടാണ് ഉറങ്ങിയത്.
ഭീതിയുടെ പാതകൾ
മണാലിയിൽ നിന്നു ലേയിലേക്കുള്ള മനോഹര പാത കടന്നു പോകുന്നത് ബിയാസ് നദിയുടെ തീരത്തുകൂടിയാണ്. നദി നിറയെ ഉരുളൻ കല്ലുകളാണ്. അതിനെ തഴുകിയൊഴുകുന്ന പുഴയുടെ തെളിമയിൽ ആകാശത്തിന്റെ നിഴൽ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
ഡ്രൈവർ നേപ്പാൾ സ്വദേശിയാണ് – സൂരജ്. കാഠ്മണ്ഡുവിലെ പശുപതി നാഥ ക്ഷേത്രത്തെ പറ്റി ചോദിച്ചതോടെ സൂരജ് വാചാലനായി. ഓൾഡ് മണാലിയും സോളാങ് താഴ്‌വരയും കടന്നു. ‘‘ഒരു കൂറ്റൻപാറ വീണ് റോത്താങ് ചുരത്തിലൂടെയുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ് ’’ – സൂരജ് പറഞ്ഞു. തെളിഞ്ഞ കാലാവസ്ഥയിൽ പോലും അവിടെ ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. ഭയാനകമായ പാത കടന്നപ്പോൾ ഒരു കമാനത്തിനു മുന്നിലെത്തി. അവിടെ ഡിസ്പ്ലേ സ്ക്രീൻ വച്ചിട്ടുണ്ട്. ടണലിനെ കുറിച്ചുള്ള വിവരണങ്ങൾ അതിൽ തെളിഞ്ഞു. റൊഥാങ് ടണലിന്റെ തെക്കു ഭാഗത്തുള്ള പോർടൽ ആരംഭിക്കുന്നത് മണാലിയിലാണ്. വടക്കു പോർട്ടൽ ലഹൌളിൽ. തുരങ്കപാതയുടെ രണ്ടു കവാടങ്ങളിൽ കാലാവസ്ഥ വ്യത്യസ്തമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഇരുപ്രദേശങ്ങളുടെയും ഉയരവ്യത്യാതമാണ് കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കാനുള്ള കാരണം.
തുരങ്കം വന്നെത്തി
പർവതങ്ങൾ തുരന്നുണ്ടാക്കിയ എഞ്ചിനീയറിങ് വിസ്മയം. പീർ പഞ്ചാൽ മലനിരയിലെ ഉഗ്രൻ നിർമിതി. തുരങ്കത്തിന്റെ കവാടം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാനാൻ സന്ദർശകർ തിക്കിത്തിരക്കി. ബി. ആർ. ഒ ഉദ്യോഗസ്ഥർ അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ടണലിനുള്ളിൽ പ്രവേശിച്ചാൽ വാഹനങ്ങൾ നിർത്താൻ അനുമതിയില്ല. അതിനാൽത്തന്നെ കവാടത്തിനു മുന്നിൽ നിന്ന് ഫോട്ടോ എടുത്തതിനു ശേഷമേ സന്ദർശകർ തുരങ്കത്തിനുള്ളിലേക്ക് കയറുന്നുള്ളൂ. തുരങ്ക പാതയിൽ യാത്ര വേറിട്ട അനുഭവമാണ്. നൂതനമായ സാങ്കേതിക വിദ്യകളുടെ സമ്മേളനമാണ് ഈ നിർമിതി. നിർമാണത്തിന് മലയാളി ബന്ധമുണ്ട്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി പുരുഷോത്തമനായിരുന്നു.
കശ്മീരിലെ ചെന്നാനി നസ്രി തുരങ്ക പാതയുടെ സാങ്കേതികവിദ്യയാണ് റൊഥാങ്ങിനെ പാതയിലും ഉപയോദിച്ചിട്ടുള്ളത്. കുതിര ലാടത്തിന്റെ ആകൃതിയിലാണ് തുരങ്കത്തിന്റെ നിർമാണം. ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. 10000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാത എന്നാണ് അടൽ ടണലിന്റെ റെക്കോർഡ്. റോത്താങ് ടണൽ എന്നും അറിയപ്പെടുന്നു. 9.02 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. 10 മീറ്റർ വീതി. ഓരോ 150 മീറ്ററിലും ടെലിഫോൺ സ്ഥാപിച്ചിട്ടുണ്ട്. ഓരോ 60 മീറ്ററിലും ഫയർ ഹൈഡ്രന്റ്, ഓരോ 500 മീറ്ററിലും എമർജൻസി കിറ്റ്. ഓരോ 2.2 കിലോമീറ്ററിലും എക്സിറ്റ് പോയിന്റ്. ഓരോ ഒരു കിലോമീറ്ററിലും എയർ ക്വാളിറ്റി മോണിറ്ററിങ് സിസ്റ്റം. ഓരോ 250 മീറ്ററിലും സിസിടിവി. സമാന്തരമായി ഒരു എമർജൻസി എസ്കേപ്പ് ടണലും നിർമിച്ചിട്ടുണ്ട് .
3200 കോടിയാണ് തുരങ്കത്തിന്റെ നിർമാണ ചെലവ്.
തുരങ്കം നിർമിക്കുന്നതിനു മുൻപ് മണാലിയിൽ നിന്നു ലേയിലെത്താൻ മുൻപ് 46 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. മല തുരന്ന് പാതയുണ്ടാക്കിയതോടെ ദൂരം രണ്ടര കിലോമീറ്ററായി കുറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ മലയുടെ നെറുകയിൽ കുതിച്ചെത്താൻ ഇന്ത്യൻ സൈന്യത്തിന് ഇരുപതു മിനിറ്റിൽ താഴെ സമയം മതി.
ടണലിൽ നിർമിക്കുന്ന സമയത്തു 42 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതും അവരുടെ രക്ഷാ പ്രവർത്തനവും ചരിത്രത്തിൽ ഇടം നേടി. കനത്ത മഞ്ഞു വീഴ്ച കാരണം എല്ലാ വർഷവും ആറു മാസം ഒറ്റപ്പെട്ടു കിടന്നിരുന്ന ലാഹൌൾ ഗ്രാമത്തിന് തുരങ്കം പുതിയ രക്ഷാ മാർഗമായി. ഹിമാലയത്തിലെ വിദൂര ഗ്രാമങ്ങൾ മറ്റു പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ വഴി തെളിഞ്ഞു. ടണലിനുള്ളിൽ വാഹനങ്ങളുടെ വേഗത 40 മുതൽ 80 കിലോമീറ്റർ വരെയാണ്.
കുതിച്ചു പാഞ്ഞിരുന്ന കാർ തുരങ്കത്തിലെ വൈദ്യുത വിളക്കുകളുടെ തിളക്കത്തിൽ നിന്നു പകലിന്റെ വിഹായസ്സിലേക്ക് ഇറങ്ങിയപ്പോൾ പുതിയൊരു ലോകം കൺ മുന്നിൽ തെളിഞ്ഞു. ഈ തുരങ്കം ലേയുടെയും ലഡാക്കിന്റെയും തലവര തെളിച്ചത് എങ്ങനെയെന്ന് ഇവിടം സന്ദർശിച്ചാൽഡ മനസ്സിലാകും.