Thursday 29 July 2021 04:33 PM IST : By Easwaran Seervally

വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫി മത്സരത്തിൽ തേനീച്ചയുടെ ചിത്രത്തിന് സമ്മാനം ലഭിച്ചപ്പോൾ നെറ്റി ചുളിച്ച മലയാളികൾ ഒട്ടേറെ

micro 5

പിറന്നുവീണപ്പോൾ ചിറ്റപ്പൻ വാത്സല്യത്തോടെ വിളിച്ചു, ‘തുമ്പീ...’ തുമ്പിക്കുട്ടി, തുമ്പിപ്പെണ്ണ്, തുമ്പിഅമ്മ... ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആ പേര് കൂടെപ്പോന്നു. ഇടയ്ക്കു കർമം കൊണ്ട് ‘തുമ്പി ഫൊട്ടോഗ്രഫറും’ ആയി. സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ ഫൊട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ ശാലിനി ബിനു നാട്ടിലും വീട്ടിലും അറിയുന്നത് ഈ ചെല്ലപ്പേരിലാണ്. ശാലിനി എന്ന പേരുണ്ടെന്ന് അറിയുന്നവർ ചുരുക്കം. മാക്രോ ഫൊട്ടോഗ്രഫിയുമായി തുമ്പിയുടെയും ഈച്ചയുടെയും മറ്റു ചെറു ജീവികളുടെയും ലോകത്ത് കടന്നു ചെന്ന് ചെറുജീവികളുടെ വലിയ ലോകത്തിലേക്കു ശ്രദ്ധ ക്ഷണിച്ച ഈ ‘കുഞ്ഞു ജീവിതങ്ങളുടെ ഫൊട്ടോഗ്രഫർ’ക്കു പ്രകൃതിയിലേക്കു നോക്കിയാൽ ചുറ്റും കാണുന്നതു മുഴുവൻ ഫൊട്ടോഗ്രഫി ഫ്രെയ്മുകളാണ്. നല്ല ഒന്നാന്തരം വന്യജീവി ഫൊട്ടോഗ്രാഫുകൾക്കുള്ള സെറ്റിങ്സ്...

വനവും വന്യജീവികളും

micro 6

വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫി മത്സരത്തിൽ തേനീച്ചയുടെ ചിത്രത്തിന് സമ്മാനം ലഭിച്ചപ്പോൾ നെറ്റി ചുളിച്ച മലയാളികൾ ഒട്ടേറെ. തേനീച്ച വന്യജീവിയാണോ എന്നു സംശയിച്ചവരും കുറവല്ല... ശാലിനി ബിനുവിന്റെ ഫൊട്ടോഗ്രഫി വിശേഷങ്ങൾ ആരംഭിക്കേണ്ടതും അവിടെ തന്നെ. ഏതാണ് വനം? എന്താണ് വന്യജീവി? മനുഷ്യ പ്രവേശനത്തിനു നിയന്ത്രണങ്ങളുള്ള, വൃക്ഷനിബിഡമായ പ്രദേശമാണ് വനം എന്ന ആശയം തന്നെ സ്വയം തെറ്റിദ്ധരിപ്പിക്കാനുള്ള സൃഷ്ടിയാണ്. പ്രകൃതിയുടെ തനിമയാർന്ന ഒരു ഭാഗത്തെ അതിന്റെ വിശുദ്ധി നഷ്ടപ്പെടാതെ സംരക്ഷിക്കുവാനായി നാം തന്നെ തിരഞ്ഞെടുത്ത ഒരു പ്രത്യേക ഭൂഭാഗമാണ് വേലികെട്ടിത്തിരിച്ച കാട്. സ്വാഭാവികമായി കാണപ്പെടുന്ന സസ്യജാലങ്ങളും ജന്തുവർഗങ്ങളും വളരുന്ന ഏതൊരു ഭൂഭാഗവും തനതായ വനപ്രദേശം തന്നെ. അവിടെ ഓരോ ജീവിയും അവർക്കു പ്രകൃതി നിശ്ചയിച്ചിട്ടുള്ള ആവാസ വ്യവസ്ഥയിൽ ജനിച്ച്, ഇരതേടി, ഇണചേർന്ന്, അടുത്ത തലമുറയെ സൃഷ്ടിച്ച് ജീവിത ചക്രം പൂർത്തിയാക്കുന്നു. അവിടെ അവയ്ക്ക് മറ്റൊരു സ്പീഷിസിൽ പെട്ട ജീവിയുടെയും അസ്വാഭാവികമായ സഹായമോ സഹകരണമോ ആവശ്യമായി വരുന്നില്ല. ഏതു ജീവിയെയും അതിന്റെ നൈസർഗികമായ ചുറ്റുപാടിൽ കാണുന്നതും ചിത്രീകരിക്കുന്നതും വന്യമായ ജീവിതവും വന്യജീവി ചിത്രവും ആണ്. മനുഷ്യ നിർമിതമായ അതിരുകൾക്കുള്ളിൽ കഴിയുന്ന കടുവയ്ക്കും കാട്ടുപോത്തിനും ആനയ്ക്കും സിംഹത്തിനും പുലിക്കും മാത്രമല്ല ‘വന്യ’ജീവിതമുള്ളത്. ഭൂമിയിലെ ഓരോ ഇഞ്ചും കയ്യടക്കിയ മനുഷ്യന്റെ അധിനിവേശത്തിനിടയ്ക്ക് പ്രകൃതി നൽകുന്ന സ്വന്തമായി ഒരിടം വിനിയോഗിക്കുന്ന ഈച്ചയ്ക്കും ഉറുമ്പിനും തുമ്പിക്കും ശലഭത്തിനും ‘വന്യമായ’ ജീവിതമുണ്ട്.

യാത്രകൾ ഒട്ടേറെ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ക്യാമറക്കാഴ്ചകൾക്കായിട്ടുള്ള യാത്രകളായിരുന്നില്ല. ക്യാമറയ്ക്കു വേണ്ടി സഞ്ചരിച്ചിട്ടുള്ളത് അധികവും ചെറിയൊരു പ്രദേശത്തു മാത്രം. സ്വന്തം വീട്ടുമുറ്റത്തും തൊടിയിലും അതിരു ചേർന്നൊഴുകുന്ന തോട്ടിറമ്പിലും വീടിനു മുന്നിലെ റോഡ് സൈഡിലും... അവിടുത്തെ തുമ്പയുടെ ഇലകൾക്കടിയിലും കൊങ്ങിണിപ്പൂക്കളുടെ ഇടയിലും പുല്ലിലും വള്ളിച്ചെടികളിലും നിന്നു കണ്ടെടുത്ത ജീവലോകം എത്രമാത്രം വിശാലമാണെന്നതു മാത്രം മതി നമ്മുടെ കണ്ണിൽ പെടാതെ പോകുന്ന ഈ കാട്ടുകാഴ്ചകളുടെ പ്രാധാന്യം മനസ്സിലാക്കാൻ. കിലോ മീറ്ററുകൾ യാത്ര ചെയ്ത്, അധികൃതരുടെ അനുവാദം സമ്പാദിച്ച്, ഇട്ടാവട്ടത്തിലുള്ള സ്വാതന്ത്ര്യത്തിൽ കഴിയുന്ന കാട്ടിലെ വന്യജീവികളുടെ ജീവിതം ചിത്രീകരിക്കുന്നതുപോലെ സുന്ദരമാണ് നമ്മുടെ പരിസരങ്ങളിൽ ജീവിക്കുന്ന ചെറു ജീവികളുടെ നിമിഷങ്ങളും. ‌

micro 4

രസകരം മാക്രോയുടെ ലോകം

വീട്ടുമുറ്റത്ത് ഒരു ചെടിയിൽ ഇരിക്കുന്ന പൂമ്പാറ്റയുടെ ചിത്രമാണ് ആദ്യമായി പകർത്തിയ നേച്ചർ ഫൊട്ടോ. ആ ശലഭത്തെ കണ്ടാൽ പ്രത്യേകിച്ച് ഇഷ്ടമൊന്നും തോന്നില്ല. എങ്കിലും അതു തുറന്ന ലോകം വലുതായിരുന്നു. തുടർന്ന് യാത്രകൾ കുറയുകയും ക്യാമറ സ്വന്തം ചുറ്റുവട്ടത്തു തന്നെ കൂടുതലായും ഉപയോഗിക്കേണ്ടി വരികയും ചെയ്തതോടെ ആ ചുറ്റുവട്ട ലോകം വിശാലമായി. എട്ടുവർഷം മുൻപ് ഡിഎസ്എൽആറും മാക്രോലെൻസും മേടിച്ചതോടെ അതുവരെ കാണാത്ത ഒരു ലോകത്തേക്കു പ്രവേശിച്ചു.

ഡോക്യുമെന്റേഷൻ സ്വഭാവത്തോടു കൂടി ഓരോ സബ്ജക്ടുകളെ സമീപിച്ചത് മാക്രോ ഫൊട്ടോഗ്രഫി രസകരമാക്കി. സുവോളജിയും എന്റമോളജിയും ഇഷ്ടമായിട്ടും വീട്ടിൽ നിന്നുള്ള എതിർപ്പുകൊണ്ടു മാത്രം കെമിസ്ട്രി പഠിക്കേണ്ടി വന്നതിനാൽ വിദ്യാഭ്യാസ കാലത്തു നഷ്ടമായ ചില രസം കണ്ടെത്തൽ കൂടിയായിരുന്നു അത്. ചിത്രശലഭങ്ങളുടെ പിന്നാലെ പോയപ്പോൾ കിട്ടിയ കണക്കുണ്ട്, വീട്ടു പരിസരത്ത് വല്ലപ്പോഴും വന്നു പോകുന്ന13 ഇനം അടക്കം 70 തരം ശലഭങ്ങൾ. 6 സെന്റ് പുരയിടത്തിൽ വീടിരിക്കുന്ന അഞ്ചര സെന്റ് ഒഴിവാക്കിയുള്ള അര സെന്റ് ഭൂമിയിലും പരിസരത്തും നിന്നാണ് ഇവയെ കാണാൻ പറ്റിയത്! മാക്രോ ഹരം പിന്നീട് തുമ്പികളിലേക്ക് വളർന്നു. 45 സ്പീഷിസുകൾ തുമ്പികളിലും 50 സ്പീഷിസ് ചിലന്തികളിലും 10 ഇനം തേനീച്ചകളിലും ഉള്ളതായി ആ ചെറിയ പരിസരത്ത് കണ്ടു. ഓന്ത്, തവള, പുൽച്ചാടി... മുറ്റത്തെ കാട്ടിലെ ‘കാട്ടുമൃഗ’ങ്ങളുടെ പട്ടിക നീളുകയാണ്. ഉദ്ദേശം 100 ഇനത്തിൽപെട്ട ചെറുജീവികളുടെ ചിത്രങ്ങളാണ് പകർത്തിയിട്ടുള്ളത്.

ഇല മുറിക്കും തേനീച്ച

micro 3

മാക്രോ ഫോട്ടോകളിൽ ഏറെ ആഗ്രഹിച്ചും കാത്തിരുന്നും കിട്ടിയ ചിത്രങ്ങൾ ഒരുപാടുണ്ട്. അതിൽ ഒന്നാണ് ലീഫ് കട്ടർ ബീ എന്ന തേനീച്ചയുടേത്. വന്യജീവി വകുപ്പിന്റെ ഫൊട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതും അതിന്റെ ചിത്രത്തിനാണ്. വർഷങ്ങൾക്കു മുൻപാണ് ഇല മുറിക്കുന്ന തേനീച്ചയെ ആദ്യമായി കാണുന്നത്. ഇവർ തേൻ സംഭരിച്ച് സൂക്ഷിക്കുന്ന സ്വഭാവക്കാരല്ല. കൂടിനു പുറത്ത് ഇണ ചേരുകയും കമ്പുകളില്‍ ഇരുന്ന് ഉറങ്ങുകയും ചെയ്യുന്ന ഇവയ്ക്ക് മുട്ട ഇടാൻ മാത്രമാണ് കൂട്. മരത്തിലും മറ്റുമുള്ള ചെറിയ സുഷിരങ്ങളിലേക്ക് റോസ്, മന്ദാരം തുടങ്ങി അൽപം കട്ടിയുള്ളതും വെള്ളം പറ്റിപ്പിടിക്കാത്തതുമായ ഇല മടക്കി കയറ്റി വച്ചാണ് കൂടുണ്ടാക്കുന്നത്. ഒരിക്കൽ പകർത്തിയ ചിത്രത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ ഇത്രയും അറിഞ്ഞു. പിന്നെ ഇലമുറിക്കൽ പ്രക്രിയ പൂർണമായും ചിത്രീകരിക്കുക എന്നതായി ലക്ഷ്യം. എന്നാൽ ലീഫ് കട്ടർ ബീയെ കണ്ടു കിട്ടണ്ടേ?

എട്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് മന്ദാരച്ചെടിയിലെ ഇല മുറിക്കാനെത്തിയ ലീഫ് കട്ടർ ബിയെ കണ്ടു. അത് ഇല മുറിക്കുന്നതിലും പ്രത്യേകതയുണ്ട്. ഇല രാകി മുറിച്ചു കഴിഞ്ഞാൽ ആദ്യം പിന്നാക്കം പോകുകയാണ് ചെയ്യുന്നത്. പിന്നീട് മുന്നോട്ടു കുതിക്കുന്നു. ആ പിന്നാക്കം പോരുന്ന നിമിഷത്തിന്റെ ചിത്രം എടുക്കുക എന്നതായിരുന്നു ആഗ്രഹം. ലീഫ് കട്ടർ ബീയെ കണ്ടതുകൊണ്ടൊന്നും ചിത്രം കിട്ടിയില്ല. ദിവസവും രാവിലെയും വൈകിട്ടും അത് തേൻ കുടിക്കാൻ പറന്നു നടക്കും. പതിനൊന്നു മണിയോടെയാണ് മന്ദാരത്തിന്റെ സമീപം എത്തുക എന്നു നിരീക്ഷണത്തിൽ മനസ്സിലായി. അങ്ങനെ രണ്ടാഴ്ച 11 മുതൽ ഉച്ചതിരിഞ്ഞ് 3–3.30 വരെ മന്ദാരച്ചുവട്ടിലായി ഇരിപ്പ്. വിചാരിച്ചതുപോലെ നല്ല ചിത്രം പകർത്താൻ സാധിച്ചില്ല. തേനീച്ചയുടെ കൂട് പണി തീരാറായി. മന്ദാരത്തിലെ ഇലയും തീരുകയാണ്. ആകെ വിഷമമായി. ഈ അവസരം നഷ്ടമായാൽ ഇനി എന്നെന്ന് അറിയില്ല... അങ്ങനെ ആ മന്ദാരത്തിലെ അവസാനത്തെ നല്ല ഇല എന്നു പറയാം, അതിൽ ലീഫ് കട്ടർ ബീ ശ്രമം തുടങ്ങിയപ്പോൾ ഞാനും അവിടെത്തി. ഭാഗ്യമെന്നു പറയാം, ആഗ്രഹിച്ചതുപോലെ എല്ലാ നിമിഷങ്ങളും മനോഹരമായി പകർത്താൻ സാധിച്ചു.

കാത്തിരുന്നതും കയ്യിൽ വന്നതും

micro 7

ഏറെ ഗവേഷണ ബുദ്ധിയോടെ കണ്ട ഒരിനമാണ് തുമ്പികൾ. ഇണ ചേരുന്ന സമയത്ത് രണ്ടു തുമ്പികളും ചേർന്ന് പ്രണയചിഹ്നത്തിന്റെ രൂപം കൈവരിക്കുമത്രേ. ഇണ ചേരുന്ന തുമ്പികളുടെ ആയിരക്കണക്കിനു ചിത്രം എടുത്തു. ഒന്നിലും കൃത്യമായൊരു പ്രണയ ചിഹ്നം കാണാൻ സാധിച്ചില്ല. നിരാശയാകാതെ തുടർന്ന ശ്രമത്തിന് ഒടുവിൽ ഫലമുണ്ടായി. വടിവൊത്ത പ്രണയചിഹ്നത്തിൽ പരസ്പരം മറന്നിരുന്ന മിഥുനങ്ങളെ പകർത്തി. പൂമുഖത്തെ കർട്ടനിൽ കണ്ടപ്പോൾ മുതൽ ആ ജോഡികളെ പിന്തുടരാൻ തുടങ്ങി. അവിടെ പശ്ചാത്തല ഭംഗി ഇല്ലായിരുന്നു. പിന്നെ മുറ്റത്തു പുല്ലിലേക്ക് ചേക്കേറി. 500 ഓളം ചിത്രങ്ങൾ പകർത്തിയതിൽ 8 പടങ്ങളുടെ ഒരു സീക്വൻസിൽ ഒരു ഷോട്ടിൽ മാത്രമാണ് വടിവൊത്ത പ്രണയചിഹ്നത്തിൽ അവരെ കണ്ടത്.

ചിത്രശലഭങ്ങളുടെ പിന്നാലെ ആവേശത്തോടെ നടക്കുന്ന കാലം. ഏറ്റവും വലിയ പൂമ്പാറ്റയെ പലപ്പോഴും പകർത്തിയിട്ടുണ്ട്. ഏറ്റവും ചെറുത്, ‘ഗ്രാസ് ജുവൽ’ ന്റെ ചിത്രം എടുക്കാനാണ് മോഹം. ഒരിക്കൽ മുറ്റത്തു കണ്ട ശലഭത്തെ മുൻപ് എപ്പോഴോ ചിത്രം എടുത്തതാണെന്ന ധാരണയിൽ മൊബൈൽ ഫോണിൽ പകർത്തി. ആ ചിത്രം ഒരു സൗഹൃദഗ്രൂപ്പിൽ പോസ്റ്റു ചെയ്തപ്പോഴാണ് അറിയുന്നത് തേടി നടന്ന ജുവൽ ആയിരുന്നു അതെന്ന്. പിന്നെ നീണ്ട ഒരു വർഷത്തിനു ശേഷം ആ ചിത്രം എടുത്ത അതേ കാലത്ത് വീണ്ടും ഗ്രാസ് ജുവൽ ക്യാമറയ്ക്കു മുന്നിൽ എത്തി.

അറിയാ ജീവിതങ്ങൾ

micro 1

മിക്കവാറും ചിത്രങ്ങൾ ആഗ്രഹിച്ച്, കാത്തിരുന്ന് കിട്ടുന്നവയാണ്. യാദൃച്ഛികമായ ചിത്രങ്ങൾ അപൂർവ്വം. പലതും നമുക്കു നന്നേ പരിചിതമായ ജീവികളുടെ ജീവിതത്തിലെ ഒട്ടും പരിചിതമല്ലാത്ത സന്ദർഭങ്ങളാണ്. കടന്നലുകൾ കൂടുണ്ടാക്കുന്നത് ഒരുപാട് ഉണങ്ങിയ, മെഴുകുപോലുള്ള ഒരു പദാർഥം ഉപയോഗിച്ചാണ്. കൂടുണ്ടാക്കിയ ശേഷം കൂട്ടിനുള്ളിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കാനായി തങ്ങളുടെ ശരീരത്തിലെയും കൂട്ടിലെയും ജലം പുറന്തള്ളും. ബബ്‌ളിങ് എന്നു വിളിക്കുന്ന ഈ പ്രക്രിയയുടെ ചിത്രം കാത്തിരുന്ന് പകർത്തിയ ഒന്നാണ്. തേനീച്ച തേനെടുത്ത് സൂക്ഷിക്കുന്നതും അതിലെ ജലാംശം മുഴുവൻ വലിച്ചെടുത്ത് കളഞ്ഞ് ഏറ്റവും സത്ത് മാത്രമായിട്ടാണ്. അവ തേനിലെ അധിക ജലം കളയുന്നതും ഇതുപോലൊരു ബബ്‌ളിങ്ങിലൂടെയാണ്. ഇണയെ ആകർഷിക്കാനായി പലതരത്തിൽ ചാടുന്ന ചിലന്തികളാണ് ജംപിങ് സ്പൈഡർ. കാഴ്ചയിൽ അതൊരു നൃത്തം പോലെ തോന്നും. ചാട്ടത്തിനിടയിൽ ഉരുണ്ടിരിക്കുന്ന അതിന്റെ പിൻഭാഗം പൊങ്ങി നിൽക്കും. ആ സമയത്ത് നേരേ മുൻ വശത്തു നിന്നു നോക്കിയാൽ ചിറകുവിരിച്ചിരിക്കുന്നതു പോലെ തോന്നും.

തട്ടേക്കാട് പക്ഷികളുടെ ചിത്രം പകർത്താൻ പോയ ഒരു സന്ദർഭം, സഹയാത്രികരും ഗൈഡും എനിക്കു പക്ഷികളെ കാട്ടിത്തരാൻ ഏറെ ശ്രമിക്കുന്നുണ്ട്. എനിക്ക് ഒന്നിനെയും കാണാൻ കിട്ടുന്നില്ല. മുകളിലേക്കു നോക്കിയാൽ ആകാശത്തിന്റെ വെള്ളിത്തിളക്കം മാത്രം. യാദൃച്ഛികമായി ഒരു പൂമ്പാറ്റയെക്കണ്ടു. ലെൻസു മാറ്റി, മാക്രോയിൽ അതിന്റെ ചിത്രം പകർത്തി. തൊട്ടുത്ത ഇലയിൽ രണ്ടു ചെറു ജീവികൾ. അതിനപ്പുറം മറ്റൊന്ന്. കൂടെയുള്ളവർ‌ മൂന്നു പക്ഷികളെ കണ്ട് ഫൊട്ടോ എടുക്കുമ്പോഴേക്ക് 10–15 ചെറു ജീവികളുടെ മനോഹരമായ ചിത്രം എടുക്കാൻ കഴിഞ്ഞു...

ഒരു തുള്ളി മുതല

ഒട്ടേറെ ആളുകൾ തങ്ങളുടെ മുറ്റത്തെ ‘കാടു’കളിലേക്ക് ക്യാമറയുമായി ഇറങ്ങാൻ കോവിഡ് മഹാമാരി വഴിയൊരുക്കിയിട്ടുണ്ട്. സ്പാനിഷ് കവിയായ ഫെഡറിക്കോ ഗാർഷ്യ ലോർക വരണ്ട പാതയോരത്ത് കണ്ടുമുട്ടുന്ന ഓന്തിനെ ഒരു തുള്ളി മുതല എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ‘ദി ഓൾഡ് ലിസാഡ്’ എന്ന കവിത ആരംഭിക്കുന്നത്. പ്രകൃതിയുടെ ആത്മാവിലേക്ക് ഇറങ്ങി സഞ്ചരിക്കാൻ മനുഷ്യനു സാധിക്കണമെങ്കിൽ അത്തരത്തിലുള്ള ഭാവാത്മകമായ ചിന്ത അനിവാര്യം. ശാലിനി ബിനുവിന്റെ ഫൊട്ടോകൾ നമുക്കു കാട്ടിത്തരുന്നതും മാക്രോ ഫൊട്ടോഗ്രഫിയുടെ ആ ശക്തി തന്നെ.

Tags:
  • Manorama Traveller