ലോകാദ്ഭുതമായ താജ്മഹലിന്റെ നഗരത്തിൽ ട്രെയിൻ ഇറങ്ങിയത് നന്നേ പുലർച്ചെ. അപ്പർ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ കയറിപ്പറ്റിയതാണ് താജിന്റെ രൂപം. കാത്തിരിപ്പിനു വിരാമമാകുന്ന ആവേശത്താലാകും ഉത്തരേന്ത്യൻ ശൈത്യത്തിന്റെ തണുപ്പൊന്നും ഏശുന്നില്ല... ഡൽഹിയിൽ ഒരു ഫൊട്ടോഗ്രഫി വർക്കിനു വന്നു മടങ്ങുമ്പോഴാണ് താജ്മഹൽ കണ്ടിട്ടു പോയാൽപോരേ എന്നു മനസ്സു ചോദിച്ചത്. രാത്രി ട്രെയിൻ കേറി ആഗ്രയിലേക്ക്.
മോഹഭംഗം, പിന്നെ പുതിയൊരു മോഹം
റെയിൽവേ സ്‌റ്റേഷനിൽ നിന്നു സൈക്കിൾ റിക്ഷയിൽ കയറി താജിനു സമീപത്തേക്കു പോകുമ്പോഴാണ് റിക്ഷാവാല പറയുന്നത്, ‘ഇന്നു താജ് തുറക്കില്ല, വെള്ളിയാഴ്ചയല്ലേ?’ താജ്മഹലിന്റെ ഏതോ കവാടത്തിൽ ഇറക്കി അയാൾ സ്ഥലം വിട്ടു. സുബ്ഹി ബാങ്ക് കേട്ട ദിശയിലേക്കു നീങ്ങി. അരണ്ടവെളിച്ചത്തിൽ തെരുവുകളുടെ രൂപമൊന്നും വ്യക്തമല്ല. പള്ളി കണ്ടെത്തി നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ താജ്മഹൽ മിനാരത്തിൽ മുത്തമിട്ടു നിൽക്കുന്ന ഉദയസൂര്യൻ... നാളെ താജ്മഹലിന്റെ പശ്ചാത്തലത്തിൽ ഒരു സൂര്യോദയം പകർത്തിയിട്ടു മടങ്ങാമെന്ന് ഉറപ്പിച്ചു. അറിയാവുന്ന ഹിന്ദിയിൽ സംസാരിച്ച് 200 രൂപ വാടകയ്ക്ക് മുറി തരപ്പെടുത്തി, താജ്മഹലിനു വെസ്‌റ്റ് ഗേറ്റിനു സമീപംതന്നെ.
ഇന്ത്യക്കാർ വേണ്ട, വിദേശികൾ വരൂ
7 മണികഴിഞ്ഞ് ക്യാമറയുമായി യമുനാതീരത്തേക്ക്. നദിയിലൂടെ വഞ്ചിയിൽ സഞ്ചരിച്ച് താജ്മഹലിന്റെ ചിത്രം പകർത്താം എന്നു കേട്ടിട്ടുണ്ട്. നദീതീരത്തു നിൽക്കുമ്പോഴാണ് ആ ദൃശ്യം കണ്ണിൽപെട്ടത്. യമുനാനദിയിലേക്ക് ഭക്തിയോടെ പാൽ അർപിക്കുന്ന യുവാവ്, സമീപത്ത് താജ്മഹൽ... മൂന്നും ചേർത്തുവെച്ച് ഒരു ഫ്രെയിം ക്ലിക്കു ചെയ്തു. കടവിൽ വഞ്ചിയുമായി നിൽക്കുന്ന ആളെ കണ്ടപ്പോൾ ലോട്ടറി അടിച്ച സന്തോഷം തോന്നി. സംസാരിച്ചപ്പോൾ നദിയിൽ തോണിയാത്ര വിലക്കിയിരിക്കുന്നു എന്ന് കടത്തുകാരൻ ആണയിട്ടു. വിദേശികളായ സഞ്ചാരികളുമായി ഒരു തോണി ഒഴുകി നടക്കുന്നത് അവിടെനിന്നുതന്നെ കാണാം. ഇനി വിദേശികൾക്കു മാത്രം സഞ്ചരിക്കാം, നാട്ടുകാർക്ക് പാടില്ലെന്നാണോ?
അൽപസമയത്തിനിടെ രണ്ടു വിദേശികൾ തോണിയാത്രയ്ക്ക് എത്തി. അവർക്കൊപ്പം തോണിയിലേക്ക് ചാടിക്കയറുമ്പോൾ കടത്തുകാരൻ എന്നോടു വലിയ തുക യാത്രക്കൂലിയായി തരണം എന്നു പറയുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാനുള്ള വ്യഗ്രതയിൽ തല കുലുക്കി സമ്മതിച്ചു. 10 മിനിട്ട് വഞ്ചിയാത്ര. അതിനിടയ്ക്ക് താജ്മഹലും യമുനാനദിയും ഉൾപ്പെടുന്ന ഒട്ടേറെ ഫ്രെയിമുകൾ. വഞ്ചിക്കാരൻ വ്യത്യസ്തകോണുകളിൽ വഞ്ചി നിർത്തി പല പല ഫ്രെയിമുകൾ വിദേശികൾക്കു കാണിച്ചുകൊടുത്തു. അവർക്കൊപ്പം ഒരാൾകൂടി വഞ്ചിയിലുണ്ട് എന്നത് അങ്ങേര് അറിഞ്ഞിട്ടു കൂടിയില്ല എന്ന ഭാവം... തിരികെ കടവിൽ അടുത്ത് യാത്ര കഴിഞ്ഞു എന്നു പറഞ്ഞപ്പോൾ 100 രൂപ വള്ളക്കാരന്റെ കയ്യിൽ കൊടുത്തപ്പോൾ അതുപോര, 200 വേണമത്രേ...
മെഹ്താബ് ബാഗിലെ അസ്തമയം
അസ്തമയ ചിത്രം പകർത്തുക എന്നതായി പിന്നെ ലക്ഷ്യം. മെഹ്താബ് ബാഗ് എന്ന സ്ഥലമാണ് സൺസെറ്റ് ഷൂട്ടിങ് പോയിന്റ് എന്നു മനസ്സിലാക്കി. താമസസ്ഥലത്തുനിന്നു 10–12കി മീ അകലെയാണിത്. മുഗൾ ഭരണാധികാരികൾ യമുനാനദിക്കരയിൽ നിർമിച്ച 11 ഉദ്യാനങ്ങളിൽ അവസാനത്തേതാണ് മേഹ്താബ് ബാഗ്. 100 രൂപയുടെ ടിക്കറ്റെടുത്ത് അകത്തു പ്രവേശിച്ചു. ക്യാമറയല്ലാതെ മറ്റൊന്നും അകത്തേക്കു കൊണ്ടുപോകാൻ സാധിക്കില്ല. ബാഗും മറ്റു സാധനങ്ങളും ഒരു കടയിൽ ഏൽപിച്ച് ഉദ്യാനത്തിനുള്ളിൽ കയറി സൂര്യാസ്തമയം കാത്തിരുന്നു. അവിടെനിന്ന് താജ്മഹലിന്റെ ലോങ്ഷോട്ടിലുള്ള ഏതാനും ചിത്രങ്ങൾ പകർത്തി.
പകലിനു വിരാമമിട്ട് സൂര്യൻ മറയുന്ന സമയമായി. എന്നാൽ, ഉത്തരായനകാലത്തിന്റെ അവസാനഘട്ടമായതിനാൽ പടിഞ്ഞാറൻ ചക്രവാളത്തിലേക്കു മറയുന്ന സൂര്യൻ ഒരുവശത്തും താജ്മഹൽ മറ്റൊരു വശത്തും ആയിട്ടായിരുന്നു അസ്തമയം. രണ്ടുംകൂടി ഒരു ഫ്രെയിമിലേക്കു കൊണ്ടുവരാൻ പറ്റാത്ത അവസ്ഥ...
ആഗ്രയിലെ രണ്ടാം ദിനം
സൂര്യോദയവും താജിന്റെ ഉൾവശവും കാണാൻ പുലർച്ചെ തന്നെ മുറിയിൽനിന്ന് ഇറങ്ങി. താജ്മഹലിനു മുന്നിലെത്തിയപ്പോൾ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. ടിക്കറ്റെടുത്ത് താജ്മഹൽ കവാടത്തിനു മുന്നിലെത്തി. കവാടത്തിലൂടെ മിനാരം കണ്ടപ്പോഴുണ്ടായ അനുഭൂതി... അതു പറഞ്ഞറിയിക്കാനാകില്ല.
പക്ഷേ, സൂര്യൻ വീണ്ടും പറ്റിച്ചു, മൂപ്പര് ആ വഴിക്കെങ്ങും വന്നില്ല. വെളുത്ത നിറത്തിലുള്ള ആകാശം മാത്രം. പല ആംഗിളുകളിൽ താജ്മഹലിന്റെ ദൃശ്യങ്ങൾ പകർത്തി. കണ്ടു പരിചയിച്ച താജ്മഹൽ ഫ്രെയിം പകർത്താനും മറന്നില്ല. ആ വെണ്ണക്കൽ സൗധത്തിനുള്ളിലേക്കു നടന്നു, മുംതാസിന്റെ കബർ കണ്ടു, അവിടെങ്ങും ഫൊട്ടോഗ്രഫി അനുവദിച്ചിട്ടില്ല. താജ്മഹലിന്റെ സൗന്ദര്യം ആസ്വദിച്ച് കുറച്ചധികം നേരം അവിടിരുന്നു. എങ്കിലും മനസ്സിൽ ഒരു നിരാശ, എന്തോ ഒരു കുറവ്.
ആഗ്ര ഫോർട്ട്
ഉച്ചയോടെ റൂം വെക്കേറ്റ് ചെയ്തു. ആഗ്ര ഫോർട്ടിലേക്കു പോയി. നീണ്ടു പടർന്ന് വിശാലമായ കോട്ട. താജ്മഹലിനു പിൻവശത്ത് യമുനാനദിയുടെ മറുകരയാണ് ആഗ്രകോട്ട. കോട്ടയുടെ മുകളിൽ നിന്നാൽ താജ്മഹൽ കാണാം, കയ്യിലുള്ള സൂം ലെൻസ് ഉപയോഗിച്ച് അതും പകർത്താൻ ചില ശ്രമം നടത്തി. തലയ്ക്കു മുകളിൽ മഴമേഘങ്ങൾ ഇരുണ്ടു കൂടുന്നു. ഇന്നത്തെ സൂര്യാസ്തമയം ഏറെക്കുറെ തീരുമാനമായെന്ന് മനസ്സിലുറപ്പിച്ചു.
യാദൃച്ഛികമായാണ് കോട്ടയുടെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു കിടക്കുന്നതു കണ്ടത്. അതിലൂടെ യമുനാനദിക്കരയിലേക്കും അതുവഴി താജ്മഹലിനു പിന്നിലും എത്താം. ആ വഴി നടന്നു. യമുനയുടെ തീരം തരിശായി കിടക്കുന്നു. ആരും ചോദ്യം ചെയ്യാൻ വന്നില്ല, ഭാഗ്യം. ഇടയ്ക്ക് മുള്ളുകമ്പുകൾകൊണ്ട് ചില തടസ്സങ്ങളൊക്കെ സൃഷ്ടിച്ചിരുന്നു, അതൊക്കെ ചാടിക്കടന്നു. ചാറ്റൽമഴ തുടങ്ങിയിരുന്നതിനാൽ സൂര്യാസ്തമയത്തിന്റെ ചിത്രം കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. ഒടുവിൽ ഒരു സ്ഥലം കണ്ടു, സമീപത്തൊരു കെട്ടിടവുമുണ്ട്. അവിടെ നിന്ന് താജ്മഹലിന്റെ നല്ല ഫ്രെയിമുകൾ കിട്ടും... മഴ തുടങ്ങി, പ്രകാശം നഷ്ടമായി. പുതിയ സ്ഥലവും പുതിയ ഫ്രെയിമുകളും കാരണം ആഗ്ര വിട്ടു പോകാൻ തോന്നുന്നില്ല .
രാത്രി റെയിൽവേ സ്‌റ്റേഷനിലേക്കാണ് ചെന്നു കയറിയത്. അവിടെ വലിയ ജനത്തിരക്ക്. വിരിച്ചു കിടക്കാൻ കയ്യിൽ ഒന്നുമില്ല, ഉള്ളത് ക്യാമറ ബാഗും ഒരു സ്വെറ്ററും. തണുപ്പ് അസഹ്യമായിരിക്കുന്നു. റെയിൽവേ സ്‌റ്റേഷനു പുറത്ത് പാതിരാത്രിയിലും തുറന്നിരിക്കുന്ന ചായക്കടകൾ അൽപം ആശ്വാസം പകർന്നു. ഇടയ്ക്കിടയ്ക്ക് ചായകുടിച്ചും ചായക്കടയ്ക്കു പുറത്ത് കനലുകൂട്ടി തീ കായുന്നവർക്കൊപ്പമിരുന്ന് കൈകൾ ചൂടുപിടിപ്പിച്ചും സമയം തള്ളിനീക്കി.
കാത്തിരിപ്പിനു വിരാമം
ആഗ്രയിൽ ട്രെയിൻ ഇറങ്ങിയപ്പോൾ കേട്ടതു പോലെ സുബ്ഹി ബാങ്ക് കേട്ട് തീവണ്ടിയാപ്പീസിൽനിന്നു പുറത്തിറങ്ങി. പള്ളിയിൽ ചെന്നു നിസ്കരിച്ചു. യമുനാ നദിക്കരയിൽ തലേന്നു കണ്ട പുതിയ ‘വ്യൂ പോയിന്റ്’ ലക്ഷ്യമാക്കി നടന്നു. ആഗ്ര കോട്ടയുടെ സമീപത്തുകൂടെ അവിടെത്തി. ക്യാമറ സെറ്റ് ചെയ്തപ്പോഴേക്ക് ആകാശം ചുവന്നു തുടങ്ങി. മുകളിൽ പ്രഭാതകിരണങ്ങൾ പൊഴിച്ചു സൂര്യൻ. താഴെ അരുണകിരണങ്ങളെ മന്ദഹാസത്തോടെ ഏറ്റുവാങ്ങുന്ന യമുന. ഇടയ്ക്ക് സൗന്ദര്യത്തികവായി താജ്മഹൽ...
ഒരു പകൽ സന്ദർശനത്തിനായി ആഗ്രയിൽ എത്തി, മൂന്നു നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും ആഗ്രഹിച്ച ഫോട്ടോ കിട്ടിയതിന്റെ ആഹ്ലാദം ഒന്നു വേറേ.