കോവിഡ് വ്യാപനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ പ്രഖ്യാപിച്ച ‘വർക്ക് ഫ്രം ഹോം’ പദ്ധതിക്ക് പുതിയ വെർഷൻ ഒരുക്കിയിരിക്കുന്നു ഇന്ത്യൻ റെയിൽവേ. ‘വർക്ക് ഫ്രം ഹോട്ടൽ’ എന്നാണു പദ്ധതിയുടെ പേര്. വീട്ടിലെ അന്തരീക്ഷത്തിൽ നിന്നു മാറിയിരുന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹോട്ടൽ മുറികൾ പാക്കേജ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതാണു പദ്ധതി. മൂന്നാര്‍, തേക്കടി, കുമരകം, മാരാരി ബീച്ച്, കോവളം, വയനാട്, കൊച്ചി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് താമസം. ഏറ്റവു കുറഞ്ഞത് അഞ്ചു രാത്രിയെങ്കിലും ഹോട്ടലിൽ താമസിക്കണം. 10,126 രൂപയാണ് ചാർജ്. റൂം, ഊണ്, ചായ, പാർക്കിങ്, ഇൻഷുറൻസ്, വൈഫൈ എന്നിവ ഉൾപ്പെടുന്നതാണതാണു പാക്കേജ്. അധിക തുക നൽകി പാക്കേജ് വ്യത്യാസപ്പെടുത്താം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വെബ് സൈറ്റിലാണ് ‘വർക്ക് ഫ്രം ഹോട്ടൽ’ ബുക്ക് ചെയ്യേണ്ടതത്.
യാത്ര ചെയ്യാൻ കഴിയാതെ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മാറ്റത്തിന് അവസരം നൽകുകയാണ് ലക്ഷ്യമെന്നു റെയിൽവേ. റിലാക്സ് ചെയ്ത് ഹോളിഡേ അന്തരീക്ഷത്തിൽ ജോലി ചെയ്യാമെന്നു വാഗ്ദാനം. അണുമുക്തമാക്കിയ മികച്ച മുറികളാണ് അതിഥികൾക്കായി ഒരുക്കിയിട്ടുള്ളത്. ഐആർസിടിസിയുടെ മൊബൈൽ ആപിലും വർക്ക് ഫ്രം ഹോം ബുക്ക് ചെയ്യാം.