കഴിഞ്ഞ രണ്ടു വർഷത്തിനിടെ എത്ര സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്? ആലുവ സ്വദേശികളായ ലെന്റിൻ ജോസഫിനോടും അലീന ലെന്റിനോടും ചോദിച്ചാൽ അവരുടെ മറുപടി, അധികമൊന്നുമില്ല, നാൽപതു രാജ്യങ്ങളേ കണ്ടുള്ളു എന്നായിരിക്കും. നാൽപത് ഇടങ്ങളല്ല, രാജ്യങ്ങൾ തന്നെ. ആരേയും അസൂയാലുവാക്കുന്ന ഈ നേട്ടം സാധ്യമായതിനു പിന്നിൽ സഞ്ചരിക്കാനും കാഴ്ചകൾ കാണാനുമുള്ള മോഹങ്ങൾ മാത്രമല്ല, വ്യക്തമായ ആസൂത്രണ മികവും റോബോട്ടിക്സ് രംഗത്ത് പ്രവർത്തിക്കുന്ന ഇവരെ സഹായിച്ചിട്ടുണ്ട്.
കൊച്ചിയിൽ നിന്ന് ആരംഭിച്ച് നാൽപതാം രാജ്യത്ത് നിന്ന് തിരികെ വരാൻ വിമാനം കയറുന്ന ഒറ്റ യാത്രയോ തുടർച്ചയായ പര്യടനമോ ആയിരുന്നില്ല ഈ ദമ്പതികള്‍ സ്വീകരിച്ചത്. സഞ്ചാരസൗകര്യങ്ങൾ ധാരാളമുള്ള, യാത്രാ രേഖകളും അനുമതികളും ലഭിക്കാൻ വലിയ നൂലാമാലകളില്ലാത്ത, ബജറ്റ് ഫ്രണ്ട്‌ലി ആയ ഇടങ്ങൾ നോക്കിയായിരുന്നു ഡെസ്‌റ്റിനേഷനുകള്‍ ഉറപ്പിച്ചത്. അക്കൂട്ടത്തിൽ ഒരു ട്രിപ്പിൽ സഞ്ചരിക്കാവുന്ന ഇടങ്ങളെല്ലാം കൂട്ടി ഇണക്കുകയും ചെയ്തു. എല്ലാ രാജ്യത്തും 24 മണിക്കൂറെങ്കിലും ചെലവിടാനും അവിടത്തെ പ്രധാന കാഴ്ചകളിൽ പലതും കാണാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മിക്കവാറും രാജ്യങ്ങളിലെ ഗ്രാമങ്ങളും നഗരങ്ങളും തനതു ഭക്ഷണങ്ങളും പ്രത്യേകം ആസ്വദിക്കുകയും ചെയ്ത് ഈ സഞ്ചാരങ്ങളോരോന്നിനെയും ഓർമിക്കത്തക്ക അനുഭവമാക്കി മാറ്റി. ദമ്പതിമാരുടെ ഏഷ്യൻ സഞ്ചാര അനുഭവങ്ങളിലൂടെ...
തുടക്കം ട്രാവൽ ചലഞ്ച്
2020 തുടക്കത്തിൽ വിവാഹിതരായ ലെന്റിന്റെയും അലീനയുടെയും മധുവിധു യാത്രയ്ക്കു മുൻപാണ് ലോകം കോവിഡ് വ്യാധിയുടെ പിടിയിൽ അമരുന്നത്. ലോക്ഡൗൺ ദിവസങ്ങളിൽ ഇനിയെന്ന് ലോകം കാണാൻ പറ്റും എന്നമ്പരന്ന് ഇരിക്കവേയാണ് ഞങ്ങൾ സഞ്ചാര സ്വപ്നങ്ങൾ ചർച്ച ചെയ്യുന്നത്. ഇരുനൂറോളം ലോകരാജ്യങ്ങളുള്ളപ്പോൾ, ഈ ജീവിത കാലത്ത് അതിലൊരു 40 എണ്ണമെങ്കിലും കാണാൻ പറ്റുമോ എന്നായിരുന്നു അലീനയുടെ സംശയം. അതിനൊരു പ്രയാസവുമില്ല, വെറും രണ്ട് വർഷം കിട്ടിയാൽ മതി എന്നായി ലെന്റിൻ. എന്നാൽ അതിനൊരു കൈ നോക്കാം എന്ന് തീരുമാനമെടുത്തത് ഒരുമിച്ചായിരുന്നു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഒന്നൊന്നായി കുറയുകയും ലോകം വീണ്ടും പതിവു തിരക്കുകളിലേക്കു മടങ്ങുകയും ചെയ്തതോടെ ഇരുവരും തങ്ങളുടെ ട്രാവൽ ചലഞ്ചിനു തയാറെടുത്ത് കഴിഞ്ഞിരുന്നു.
യൂറോപ്പിൽ 100 ദിവസത്തിലേറെയും ഏഷ്യയിൽ 76 ദിവസവും യുഎഇയിൽ ഒരുമാസവും യുഎസ്എയിൽ 45 ദിവസവുമായി രണ്ട് വർഷത്തിനിടെ 250 ദിവസത്തോളം പര്യടനങ്ങളിലായിരുന്നു, ആകെ സന്ദർശിച്ചത് 40 രാജ്യങ്ങളും.
യൂറോപ്പിലെ കുറച്ച് യാത്രകൾക്ക് ശേഷമാണ് ഏഷ്യയിലെ സഞ്ചാരത്തിന് ഒരുക്കം തുടങ്ങിയത്. പല രാജ്യങ്ങളും നമ്മുടെ അയൽപക്കം പോലെ ആണെങ്കിലും മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ യൂറോപ്യൻ ട്രിപ്പുകളെക്കാൾ ഏറെ ശ്രദ്ധ ആവശ്യമായിരുന്നു. ഷെങ്കൻ വീസയുണ്ടെങ്കിൽ ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള പേപ്പർ വർക്കുകൾ പാതിയോളം കുറയുമായിരുന്നു, എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ അങ്ങനെയൊരു സൗകര്യമില്ല. മാത്രമല്ല ഓരോ രാജ്യത്തിന്റെയും വീസ നിയമങ്ങൾ പലതായിരുന്നു. ചില രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ സൗകര്യമുണ്ട്, പല ഇടങ്ങളിലും അതില്ല. കുറച്ച് രാജ്യങ്ങളിൽ ഇലക്ട്രോണിക് വീസ വേണം തുടങ്ങി പല വെല്ലുവിളികൾ. എന്നാൽ സാംസ്കാരികമായും കാഴ്ചകളിലും പ്രകൃതിയിലും വലിയ വൈവിധ്യമുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളുമാണ്. തായ്‌ലൻഡിൽ തുടങ്ങി മലേഷ്യയിൽ അവസാനിക്കും വിധം പത്ത് രാജ്യങ്ങളെ കൂട്ടിയിണക്കി ഒരു ട്രിപ്പാണ് പ്ലാൻ ചെയ്തത്.
തായ് മണ്ണിൽ
കഴിഞ്ഞ വേനലവധി ദിനങ്ങളിൽ ഒരു രാത്രികാല വിമാനത്തിലാണ് ബാങ്കോക്കിലേക്ക് പുറപ്പെട്ടത്. അടുത്ത ദിവസം പുലർച്ചെ 4.30 ന് തായ് എയർപോർട്ടിലിറങ്ങി. ഇന്ത്യയിൽ നിന്ന് തന്നെ ഇ–വിസ എടുത്തിരുന്നതിനാൽ അവിടെ വച്ച് ഓൺ അറൈവൽ വീസ നടപടികൾ വേഗത്തിൽ പൂർത്തിയായി, എമിഗ്രേഷൻ നടപടികൾ സുഗമമായി അവസാനിച്ചു.
ബാങ്കോക്കിൽ ഇറങ്ങിയെങ്കിലും ഞങ്ങൾ ആദ്യ ഡെസ്റ്റിനേഷനായി നിശ്ചയിച്ചിരുന്നത് പട്ടായ ആയിരുന്നു. മനോഹരമായ ബീച്ചുകളും ജീവൻ തുടിക്കുന്ന നിശാജീവിതവുമൊക്കെയുള്ള സ്ഥലമാണ് ഇത്. പകൽ ഞങ്ങൾ അവിടത്തെ കോറൽ ഐലൻഡ് ട്രിപ്പിനു പോയി. മനോഹരമായ കുറേ പവിഴ ദ്വീപുകളുടെ സന്ദർശനത്തിനൊപ്പം ജെറ്റ് സ്കീയിങ്, ബനാന റൈഡ്, കടലിന്റെ അടിത്തട്ടിലൂടെ നടക്കുന്ന സീ വോക്ക് തുടങ്ങിയ ആക്റ്റിവിറ്റികളും ആ പായ്ക്കേജിൽ അടങ്ങിയിരുന്നു. ലോക സഞ്ചാരികൾ ഏറെ എത്തുന്ന ബുദ്ധക്ഷേത്രം സാങ്ചുറി ഓഫ് ്ട്രൂത്ത് സന്ദർശിക്കാനും സമയം കണ്ടെത്തി.
പട്ടായയിലെ എടുത്തു പറയേണ്ട അനുഭവം അവിടത്തെ തെരുവുകളിലൂടെയുള്ള രാത്രി നടത്തമായിരുന്നു. ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ കൊൽക്കത്തയിലെ സോനഗച്ചി പോലെ രാജ്യാന്തര വിനോദസഞ്ചാര രംഗത്ത് കുപ്രസിദ്ധിയാർജിച്ച ഇടമാണ് പട്ടായ. അവിടത്തെ തെരുവുകളിലൂടെ രാത്രി നടക്കുമ്പോൾ ഇരുവശത്തും ചമഞ്ഞൊരുങ്ങി ‘കസ്റ്റമേഴ്സിനെ’ ആകർഷിക്കാൻ നിൽക്കുന്ന യുവതികളെ കണ്ടു.
പട്ടായയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഫ്ലോട്ടിങ് മാർക്കറ്റ്, ടൈഗർപാർക്ക്, ബിഗ് ബുദ്ധ ടെംപിൾ, തുടങ്ങിയ കാഴ്ചകളും കാണാൻ മറന്നില്ല. എന്നാൽ അവിടെ ലഭിച്ച സ്ട്രീറ്റ് ഫൂഡിനെപ്പറ്റി പറയാതിരിക്കാനാകില്ല. രുചികരം, അതിലുപരി വൃത്തിയുടെ കാര്യത്തിലും ഒന്നാന്തരം. ഭക്ഷണപദാർഥങ്ങളിൽ പെട്ടെന്ന് ബാക്‌റ്റീരിയൽ ഇൻഫക്‌ഷൻ വരാൻ സാധ്യതയുണ്ട് തായ്‌ലൻഡിലെ ഹ്യുമിഡ് സാഹചര്യങ്ങളിൽ. അതുകൊണ്ട് അവിടെ സ്ട്രീറ്റ് ഫൂഡ് കഴിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. എന്നാൽ പട്ടായ വോക്കിങ് സ്ട്രീറ്റുകളിൽ കണ്ട ഭക്ഷണ സ്‌റ്റാളുകൾ വൃത്തിയിലും മറ്റും ഏറെ ശ്രദ്ധപുലർത്തുന്നതു കണ്ടു.
പട്ടായക്കു ശേഷം ബാങ്കോക്കും ക്രാബി ഐലൻഡും ഫുക്കറ്റുമായിരുന്നു തായ്‌ലൻഡിൽ ഞങ്ങളുടെ ഡെസ്‌റ്റിനേഷനുകളിൽ ഉൾപ്പെട്ടിരുന്നത്. ലോകത്തെ മനോഹരമായ ബീച്ചുകളിലൊന്നായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ക്രാബിയിൽ സന്ദർശകർക്ക് വിവിധ ആക്റ്റിവിറ്റികളുണ്ട്. ഒട്ടേറെ ഡേ ടൂറുകളും അവിടെ നിന്ന് ലഭ്യമാണ്, മിക്കവാറും എല്ലാം ദ്വീപ് സന്ദർശനങ്ങളും കടൽ സഞ്ചാരങ്ങളും തന്നെ. ഞങ്ങൾ ഏറെ ആസ്വദിച്ചത് 7 ഐലൻഡ് ടൂറും ഹോങ് ഐലൻഡ് ടൂറും ആണ്. അവയില്ലാതെ ക്രാബി സഞ്ചാരവും തായ് ബീച്ച് അനുഭവവും പൂർണമാകില്ല എന്നേ ഞങ്ങൾ പറയൂ.
രാവും പകലും കാഴ്ചകൾക്ക് മാറ്റി വയ്ക്കേണ്ട ഇടമാണ് ഫുക്കറ്റ്. മായാ ബേയിലേക്കും ഫുക്കറ്റ് ഐലൻഡിലേക്കും പോയതും ഫുക്കറ്റ് സിറ്റിയിലെ ത്രസിപ്പിക്കുന്ന രാത്രിയും ഒക്കെ ഓരോ സഞ്ചാരിയേയും വീണ്ടും തായ്‌ലൻഡിലേക്ക് കൊണ്ടുവരും.
സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് ചാർജ് മറ്റ് തായ് എയർപോർട്ടുകളെ അപേക്ഷിച്ച് തെക്കൻ തായ്‌ലൻഡിലുള്ള ഫുക്കറ്റിൽ നിന്ന് കുറവാണ്. അതുകൊണ്ടാണ് ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷനായി സിംഗപ്പൂർ തിരഞ്ഞെടുത്തതും. സഞ്ചാരികളെ സംബന്ധിച്ച് താരതമ്യേന ചെലവുകൂടിയ രാജ്യമാണ് ഇത്. യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ വികസിത രാജ്യങ്ങളുടെ സൗകര്യങ്ങൾ കാണാൻ ഏഷ്യയിലെ ജനങ്ങൾക്ക് സൗകര്യം കുറവായിരുന്ന കാലത്ത് സിംഗപ്പൂർ ഏഷ്യയിലെ അദ്ഭുതപ്പെടുത്തുന്ന ഇടങ്ങളിലൊന്നായിരുന്നു. സൗന്ദര്യവും സാങ്കേതികവിദ്യകളും വൃത്തിയും എല്ലാം ഒത്തുചേർന്ന അപൂർവകാഴ്ചയായിരുന്നു. ഇന്നും സിംഗപ്പൂരിന്റെ പ്രൗഢിക്ക് കുറവൊന്നുമില്ല.
ഫുക്കറ്റിൽ നിന്ന് പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് മാത്രമാണ് ഞങ്ങൾ വിമാന ടിക്കറ്റ് എടുത്തത്. വീസ ഇന്ത്യയിൽ നിന്ന് തന്നെ നേടിയിരുന്നു, അത് മൂന്നു മാസം കാലളവ് ഉള്ളതായിരുന്നതിനാൽ കാലാവധിയുടെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
ചെറുരാജ്യമായ സിംഗപ്പൂരിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടു തീർക്കാൻ ഒരാഴ്ചയായിരുന്നു ഞങ്ങൾ സമയം കണ്ടെത്തിയിരുന്നത്. ആ രാജ്യത്തിന്റെ അടയാളമായി മാറിയ ഹോട്ടലാണ് മറീന ബേ സാൻഡ്സ്. അതിലെ സ്കൈ പാർക്ക് ഒബ്സർവേഷൻ ഡെക്കിൽ നിന്നുള്ള സിംഗപ്പൂരിന്റെ ദൃശ്യം മനസ്സിൽ മായാതെ കിടക്കും. അതിനു ചേർന്നുള്ള ഉദ്യാനത്തിന്റെ രാത്രികാല ദൃശ്യവും അവിസ്മരണീയമാണ്.
ജ്യുവൽ ചാങ്ഗി എയർപോർട്ടാണ് സിംഗപ്പൂർ ട്രിപ്പിൽ വിട്ടുപോകാതെ കാണേണ്ട ഒരു സ്ഥലം. വിമാനം ഇറങ്ങുമ്പോൾ അവിടം കാണാൻ പറ്റിയില്ലെങ്കിലും പേടിക്കേണ്ട, പിന്നീട് പ്രവേശന ടിക്കറ്റെടുത്ത് എയർപോർട്ടിനുള്ളിൽ കറങ്ങാം. കാനപ്പി പാർക്ക്, നെറ്റ് വോക്കിങ്, ലോകത്തെ വലിയ ഇൻഡോർ വെള്ളച്ചാട്ടം തുടങ്ങി കാഴ്ചകളും വിനോദങ്ങളുമായി നാല്–അഞ്ച് മണിക്കൂർ ചെലവഴിക്കാനുള്ള ഇടമാണ് ജ്യുവൽ ചാങ്ഗി.
സെന്റോസ ദ്വീപിലേക്കുള്ള കേബിൾ കാർ, ചൈനീസ് റസ്റ്ററന്റുകളും ഷോപ്പുകളും നിറഞ്ഞ ചൈന ടൗൺ, ഇന്ത്യയിലെത്തിയതു പോലെ തോന്നിപ്പിക്കുന്ന ഇന്ത്യ ടൗൺ, റൈഡുകളും ഗെയിമുകളും ഒട്ടേറെയുള്ള യൂണിവേഴ്സൽ സ്‌റ്റുഡിയോ അങ്ങനെ സിംഗപ്പൂരിലെ കാണേണ്ട പട്ടിക നീണ്ടതാണ്.
ഫോർട്ട് കാനിങ് ട്രീ ടണലാണ് ഫൊട്ടോഗ്രഫി പ്രേമികളെ സംബന്ധിച്ച് ഒരു പ്രധാന ഇടം. നഗരത്തിലെ കുന്നിൻ മുകളിലുള്ള ഒരു ചെറു തുരങ്കം അഥവാ ഗുഹയാണ് ഇത്. ഭൂമിക്കുള്ളിലേക്ക് ഇറങ്ങാൻ പടികളുണ്ട്. താഴെ എത്തി മുകളിലേക്ക് നോക്കിയാൽ തുരങ്കത്തിന്റെ ഭിത്തിയോട് ചേർന്ന് വളഞ്ഞ് ചുറ്റി കയറി പോകുന്ന പടവുകളും മുകളിലേക്ക് തുറന്ന മുഖത്തേക്ക് പടർന്ന് കിടക്കുന്ന മഞ്ഞ ഇലകളുള്ള റെയിൻ ട്രീയുടെ ശാഖകളും എലാം ചേർന്ന ഒന്നാന്തരം ഫ്രെയിം. അവിടെ ഇരുന്ന് ഫോട്ടോ പകർത്താതെ പോന്നാൽ പിന്നീട് നഷ്ടബോധമുണ്ടാകും ഉറപ്പ്.
ഒരാഴ്ചത്തെ കറക്കത്തിനു ശേഷം ഞങ്ങൾ അടുത്ത െഡസ്റ്റിനേഷൻ ലക്ഷ്യമാക്കി സഞ്ചാരം പുനരാരംഭിച്ചു. സിംഗപ്പൂർ വീസയുള്ള ഇന്ത്യൻ പൗരൻമാർക്ക് വീസ ഇല്ലാതെ തന്നെ സന്ദർശിക്കാവുന്ന രാജ്യത്തേക്ക്...