Thursday 30 December 2021 03:20 PM IST : By സ്വന്തം ലേഖകൻ

ഉരുകിയൊലിച്ച ലാവയിൽ ഇല്ലാതായ ഭൂമികയുടെ ചരിത്രം; ബ്രോമോ അഗ്നിപർവതത്തിന്റെ താഴ്‌വരയിൽ!

dormant-vent

പുകയുന്ന അഗ്നിപർവതങ്ങൾ ഒരുകാലത്ത് ഇന്തോനേഷ്യയുടെ ശാപമായിരുന്നു. ഉരുകിയൊലിച്ച ലാവയിൽ ഇല്ലാതായ ഭൂമികയുടെ ചരിത്രമാണ് ഇന്തോനേഷ്യക്കു പറയാനുള്ളത്. പ്രകൃതി ആ രാജ്യത്തിനു സമ്മാനിച്ച തീതുപ്പുന്ന പർവതങ്ങൾ പിൽക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറി. അഗ്നിപർവത സ്ഫോടനത്തിന്റെ ശാസ്ത്ര പാഠങ്ങൾ വായിച്ചു പഠിച്ചവർ ബാലിയും ബ്രൊമോയും സന്ദർശിച്ച് ലാവ പ്രവാഹം നേരിൽ കണ്ടു. ലോകത്ത് ഏറ്റവും ഭീതിജനകമായ ദൃശ്യം അഗ്നിപർവത്തിൽ ഉറയുന്ന ലാവയാണെന്ന് ദൃക്സാക്ഷികൾ വിവരിച്ചു. സുരക്ഷിതമായ സന്ദർശിക്കാവുന്ന സ്ഥലങ്ങൾ തിരഞ്ഞ് ബ്രോമോയിലേക്ക് പുറപ്പെടുമ്പോൾ സുഹൃത്തുക്കൾ നൽകിയ വിവരണങ്ങളായിരുന്നു വഴികാട്ടി. 

ഇന്തോനേഷ്യൻ ഭാഷയിൽ ബ്രാഹ്മവു എന്ന സ്ഥലപ്പേരിന്റെ ഇംഗ്ലിഷാണ് ബ്രോമോ. ‘മൗണ്ട് ബ്രോമോ’ എന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ വിശദമായ വിവരം ലഭിക്കും. ഹിന്ദുമത വിശ്വാസങ്ങളിലെ ബ്രഹ്മാവിന്റെ പേരും  ഇന്തോനേഷ്യയുടെ പൂർവകാല ചരിത്രവുമെല്ലാം ഇതിന്റെ ഭാഗമാണ്. ബ്രോമോ അഗ്നിപർവതത്തിന്റെ താഴ്‌വരയിൽ എത്താൻ രണ്ടു മാർഗങ്ങളുണ്ട്. ജക്കാത്ത – സുരാബയ വിമാന സർവീസാണ് ആദ്യത്തേത്. ജക്കാർത്ത– മലാങ് വിമാനത്താവളങ്ങളാണ് രണ്ടാമത്തെ ആശ്രയം. സുരാബയയിൽ നിന്നു ബ്രോമോ വരെ ടാക്സി സർവീസുണ്ട്. ഗതാഗതക്കുരുക്കിൽ വലയുന്ന നഗരമാണു ജക്കാർത്ത. അതു തിരിച്ചറിഞ്ഞ് യാത്രയുടെ സമയം ക്രമീകരിക്കണമെന്നുമാത്രം. 

man-inside-vent

ടാക്സി യാത്രയിൽ ആദ്യ ഗ്രാമവും സഞ്ചാരികളുടെ ഇടത്താവളവുമാണു ടെൻഗർ.  ഫൂട് ഹിൽസ് എന്നാണ് ഈ നാടിന്റെ പഴയ പേര്. ഇടുങ്ങിയ ചുരത്തിലൂടെ ടാക്സി യാത്ര രസകരമാണ്. മഞ്ഞു മൂടിയ കുന്നിൻ ചെരിവിൽ ഇറങ്ങി വരുന്ന വാഹനങ്ങളുടെ വെളിച്ചം ദൂരെ കാണാം. ടെൻഗറിൽ ആഡംബര ഹോട്ടലുകളില്ല. വലിയ റിസോർട്ടുമില്ല. നാലു മുറിയുള്ള വില്ലകൾ വാടകയ്ക്കു കിട്ടാനുണ്ട്. അതു പരിചയക്കാർ മുഖേന മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. 

നാട്ടുകഥകളിലും പുരാണങ്ങളിലും വിശ്വാസം അർപ്പിച്ചു ജീവിക്കുന്നവരാണ് ടെൻഗറിലുള്ളവർ. പ്രകൃതിയെ ആരാധിച്ചു ജീവിക്കുന്ന ഹിന്ദുമത വിശ്വാസികളാണ്‌ ഇവർ. പുരാതന കാലത്ത് ഇന്തോനേഷ്യ ഹിന്ദു രാജ്യമായിരുന്നു. അവരുടെ പിൻതലമുറയാണ് ഡയാക്ക്, ടെൻഗെർ വംശജർ. അവിടത്തുകാർ അഗ്നി പർവതത്തിന്റെ ശാന്തത നിലനിർത്താൻ ബലി നടത്താറുണ്ട്. കോഴി, ആട് എന്നിവയെ ബലി അർപ്പിക്കുന്നത് ആചാരങ്ങളോടെയാണ്. കസോഡോ എന്ന ആചാരം പതിനാലു ദിവസത്തെ ആഘോഷങ്ങളോടെ കൊണ്ടാടുന്നു. ലുഹർ പോടെൻ ക്ഷേത്രത്തിനു സമീപത്താണ് ആചാരങ്ങൾ നടത്തുക. അഗ്നിപർവതം പൊട്ടിയൊലിക്കാതിരിക്കാൻ നാട്ടുകാർ വച്ചു പുലർത്തുന്ന വിശ്വാസത്തിനു പിന്നിലൊരു കഥയുണ്ട്. ക്ഷേത്രത്തിനു സമീപത്തു വച്ചു പരിചയപ്പെട്ടയാൾ ആ കഥ പറഞ്ഞു. 

Tengger-Village

പതിനഞ്ചാം നൂറ്റാണ്ടിൽ ഈസ്റ്റ് ജാവയിൽ മജാപഹിത് എന്നൊരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യത്തെ റോരോ ആൻടെങ് രാജാവും ജോക്കോ സംഗെർ രാജ്ഞിയും ഒരിക്കൽ ബ്രോമോയിലെത്തി. അവരുടെ പേരുകളിലെ അക്ഷരങ്ങൾ ചേർത്ത് ടെൻഗെർ എന്ന് ആ സ്ഥലത്തിനു പേരിട്ടു. പിൽക്കാലത്ത് അവിടെ സ്ഥിരതാമസമാക്കിയ രാജദമ്പതികൾക്കു മക്കളുണ്ടായില്ല. പർവതത്തെ ദൈവികമായി ആരാധിച്ച രാജാവ് മക്കളുണ്ടായാൽ ഏറ്റവും ഒടുവിലത്തെയാളെ ബലി നൽകാമെന്നു പ്രാർഥിച്ചു. രാജാവിന് ഇരുപത്തഞ്ചു മക്കളുണ്ടായി. പക്ഷേ, പുത്രനെ ബലി നൽകാൻ രാജാവിനു മനസ്സു വന്നില്ല. ദൈവകോപം ഉണ്ടായെന്നും രാജാവ് ബലിക്കു നിർബന്ധിതനായെന്നും കഥ. പിൽക്കാലത്ത് ആടിനെയും കോഴിയെയും ബലിയർപ്പിച്ച് തദ്ദേശവാസികൾ രാജാവിന്റെ വിശ്വാസം പാലിക്കുന്നു. 

ലുഹർ പോടെൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മണൽ സമുദ്രം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രോത്സവത്തിന് ഗ്രാമവാസികൾ ഒത്തു ചേരുന്നു. പതിനാലാം ദിവസത്തെ ഉത്സവത്തിന് ആളുകൾ മലകയറിച്ചെന്ന് കാണിക്ക എറിയും. വിപത്തുകളിൽ നിന്നു രക്ഷിക്കാൻ പ്രാർഥന നടത്തി മലയിറങ്ങും. 

sunrise-at-bromo

ടെൻഗറിലെ സൂര്യോദയം

മൗണ്ട് ബ്രോമോ ആക്ടിവ് വോൾകാനിക് മൗണ്ട് ആയതിനാൽ ഇതിനു ചുറ്റും എപ്പോഴും ഭീതിയുടെ നിഴലുണ്ട്.  ഇന്തോനേഷ്യൻ ദ്വീപ സമൂഹത്തിൽ ജാവാ ദ്വീപിലാണ് ബ്രോമോ. മഞ്ഞു പെയ്യുന്ന ടെൻഗറിന്റെ രാത്രി സഞ്ചാരികൾക്ക് ഹരം പകരുന്നു. ബാർ ബി ക്യൂ ഭക്ഷണം പാകം ചെയ്ത് രാത്രിയുടെ തണുപ്പിനെ മറികടക്കുന്നവരാണ് ഏറെയും. പുലർച്ചെ രണ്ടിന് മലകയറാൻ തലേ ദിവസം നന്നായി ഭക്ഷണം കഴിക്കണം. 

ബ്രോമോയിൽ സൂര്യോദയം കാണാൻ പുലർച്ചെ രണ്ടിനു മലകയറണം. പെനാജെകാൻ ഹിൽസാണു വ്യൂ പോയിന്റ്. ബ്രോമോയുടെ അടിവാരത്തിനപ്പുറം മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ല. ടെൻഗെറിൽ ഓഫ് റോഡ് യാത്രയ്ക്ക് യോജിച്ച ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുണ്ട്. അര മണിക്കൂർ ഫോർ വീൽ ഡ്രൈവിനു ശേഷം മലയിലൂടെ നടക്കണം. സൂര്യോദയം കാണാനുള്ള ആവേശത്തിൽ ആരും മലകയറ്റം വലിയ കഷ്ടപ്പാടായി കരുതുന്നില്ല. നടക്കാൻ വയ്യാത്തവരുടെ സഹായത്തിന് കുതിരയുണ്ട്. കുതിരപ്പുറത്തിരുന്നാലും മലയുടെ മുകളിലെത്താൻ ഒന്നര മണിക്കൂർ വേണം. 

padang

മല കയറുമ്പോൾ താഴ്‌വരയുടെ മനോഹരദൃശ്യം കാണാം. വീടുകളിൽ തെളിയുന്ന വൈദ്യുതി വിളക്കുകളുടെ ഭംഗി ആസ്വദിക്കാം. നടന്നു ക്ഷീണിച്ച് വ്യൂ പോയിന്റിലെത്തുന്നവർ ഇരുന്നു വിശ്രമിക്കുന്നു. കുശലം പറഞ്ഞ് സൂര്യോദയത്തിനായി കാത്തിരിപ്പ് രസകരമാണ്. മുകളിലേക്കുള്ള പാതയിലൂടെ വിളക്കു തെളിച്ചു നടന്നു കയറുന്ന സഞ്ചാരികളുടെ നിര രസകരമായ കാഴ്ചയാണ്. സൂര്യൻ ഉദിക്കുന്നതു വരെ ആ പാതയിൽ നുറുങ്ങു വെട്ടം കാണാം. 

കാത്തിരിപ്പിനൊടുവിൽ ഉദയസൂര്യൻ കിഴക്കേ മാനത്ത് എത്തി നോക്കി. ആളുകൾ ആവേശത്തോടെ ചാടി എഴുന്നേറ്റി. ട്രൈപോഡും ക്യാമറയും തയാർ. ചിലർ ഇരുട്ടിനെ വകവയ്ക്കാതെ ക്ലിക്ക് ചെയ്തു. പതുക്കെപ്പതുക്കെ ആകാശത്ത് പലനിറങ്ങൾ തെളിഞ്ഞു. സൂര്യന്റെ പകുതി വട്ടം തെളിഞ്ഞപ്പോൾ ചിലർ കൂവി വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു. ചിലർ ആർപ്പു വിളിച്ചു. മറ്റു ചിലർ ഹർഷാരവം മുഴക്കി. 

വെളിച്ചം പരന്നപ്പോൾ വെളുത്ത കമ്പിളി പുതച്ചതു പോലെ ടെൻഗെർ ഗ്രാമത്തെ മേഘം മൂടി. അങ്ങകലെ  പ്രൗഢിയോടെ നിൽക്കുന്ന സെമെരു എന്ന അഗ്നിപർവ്വതം കണ്ടു. സ്വർഗീയ ദൃശ്യത്തിന്റെ അനുഭവം പങ്കുവച്ച് സംഘങ്ങളായി ആളുകൾ മലയിറങ്ങി. 

semeru

തിളയ്ക്കുന്ന ലാവ

ഇനി പോകുന്നത് ബ്രോമോയുടെ ലാവ പുകയുന്ന സ്ഥലത്തേക്കാണ് – ടൂർഗൈഡ് വിളിച്ചു പറഞ്ഞു. ഞങ്ങൾ ഹാർഡ് ടോപിൽ (Hardtop) യാത്രതിരിച്ചു.  സാൻഡ് ഓഫ് സീ (Sand of Sea )  അഥവാ  മണൽ സമുദ്രത്തിലൂടെയാണ് വോൾക്കാനിക് വെന്റിലേക്കു യാത്ര. ഇരുപതു മിനിറ്റു കഴിഞ്ഞപ്പോൾ Sand of Sea എത്തി. കുതിരയുമായി ആളുകൾ പുറകെ കൂടി. ഒരു കിലോമീറ്റർ നടക്കാതെ, കുതിരപ്പുറത്തു പോകാൻ ക്ഷണിച്ചു. ഒന്നു രണ്ടു പേർ ഒഴികെ മറ്റാരും കുതിരപ്പുറത്തു കയറിയില്ല. ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. ശിവനാണ് പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ മുറ്റത്ത് ഒരിടത്തായി ബലി നടത്തുന്ന പീഠം കണ്ടു. മണൽപ്പരപ്പും ക്ഷേത്രവും ബലി നടത്തുന്ന സ്ഥലവും ചേർന്ന് ആകെപ്പാടെ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം. 

ക്ഷേത്ര ദർശനത്തിനു ശേഷം മലയിലേക്ക് നടന്നു. യാത്രികരുടെ സൗകര്യത്തിനായി പടവുകൾ നിർമിച്ചിട്ടുണ്ട്. ഇരുവശത്തു കുന്നുകളാണ്. പ്രതീക്ഷയുടെ പ്രതീകം പോലെ പച്ചപ്പണിഞ്ഞ ഒരു കുന്ന് കണ്ടു. അതു പണ്ട് അഗ്നിപർവത സ്ഫോടനം ഉണ്ടായ സ്ഥലമാണെന്നു ഗൈഡ് വിവരിച്ചു. പർവതത്തിന്റെ മുകളിൽ എത്തിയപ്പോൾ സൾഫറിന്റെ ഗന്ധം വമിച്ചു. എല്ലാവരും മുഖാവരണം ധരിച്ചു. തുടർച്ചയായി സൾഫർ ശ്വസിച്ചാൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണുകൾ കാത്തിരുന്ന വിരുന്നിലേക്ക് ഗൈഡ് വിരൽ ചൂണ്ടി. പുകയുന്ന വൊൾക്കാനിക് വെന്റ് കണ്ടു. സന്ദർശകരുടെ സുരക്ഷയ്ക്കായി ഇരുമ്പു വേലി കെട്ടിയിട്ടുണ്ട്. ലാവ തിളച്ചു മറയുന്ന ദൃശ്യം എല്ലാവരും ക്യാമറയിൽ പകർത്തി. മൂന്നു മീറ്റർ താഴെയാണ് ലാവ തിളയ്ക്കുന്നത്. ജിയോളജിസ്റ്റിന്റെ കൗതുകത്തിൽ അതിന്റെ ഓരോ ഇളക്കവും നോക്കി നിന്നു.  പുസ്കതങ്ങളിൽ വായിച്ചറിഞ്ഞതിനെക്കാൾ പത്തിരട്ടി ഭയാനകമാണ് ലാവയുടെ രൂപം. 

siva-temple

ലാവ പുകയുന്ന സ്ഥലത്തിനരികെ വിഘ്നേശ്വരന്റെ ശിൽപ്പമുണ്ട്. സന്ദർശകരിൽ പലരും അവിടെ പുഷ്പാർച്ചന നടത്തി. ബലി കർമം നടത്തുന്നതിനു മുൻപുള്ള പ്രാർഥനാ സ്ഥലമാണിത്. ലാവയുടെ അരികിൽ മരണഭയമില്ലാതെ ഒരാൾ നടക്കുന്നതു കണ്ടു. കാലിടറിയാൽ സംഭവിക്കാവുന്ന ദാരുണാന്ത്യത്തെക്കുറിച്ച് അയാൾക്ക് അറിയാതിരിക്കാൻ വഴിയില്ല. ചിലർ ലാവയിലേക്ക് ഭക്തിപൂർവം എറിയുന്ന നാണയങ്ങൾ പെറുക്കിയെടുക്കുകയാണ് അയാൾ. തിളച്ചു മറിയുന്ന ലാവയെക്കാൾ കുടുംബഭാരം അയാളുടെ കണ്ണുകളിൽ തിളച്ചു മറിയുന്നതു കാണാൻ സാധിച്ചു. 

മണൽസമുദ്രത്തിലൂടെ മടക്കയാത്ര ആരംഭിച്ചു. വൊൾക്കാനിക് ഡസ്റ്റ് നിറഞ്ഞാണ് അവിടെ മരുപ്രദേശമുണ്ടായത്. ആ നിലം ഫലഭൂയിഷ്ഠമാണത്രേ. മണൽപ്പരപ്പിനെ തഴുകിയെത്തിയ കാറ്റിൽ സൾഫറിന്റെ ഗന്ധമുണ്ടായിരുന്നു. എങ്കിലും അപരിചിതമായ കാഴ്ചകളിൽ ദുർഗന്ധം ശല്യമായി തോന്നിയില്ല. രണ്ടു മലകളുടെ നടുവിലൂടെ വാഹനം കുതിച്ചു. മലഞ്ചെരിവിലൂടെ ഒഴുകിയെത്തിയ കാറ്റിന്റെ ഇരമ്പം ഏതൊക്കെയോ ഇംഗ്ലിഷ് പാട്ടുകൾ ഓർമിപ്പിച്ചു.  മണൽ പരപ്പ് മാറി. പച്ചപ്പരവതാനി വിരിച്ച പോലെയുള്ള പഡാങ് സാവനയിലെത്തി. അഗ്നിപർവതം നിലനിൽക്കുന്ന പ്രദേശത്ത് കണ്ണിനു കുളിരു പകരുന്ന കാഴ്ചയാണ് ചെടികൾ നിറഞ്ഞ പഡാങ്. ഭയാനകമായ തീപ്പുഴയിൽ മുങ്ങിയ കണ്ണുകളിലേക്ക് പഡാന കുളിരുന്ന ദൃശ്യമൊരുക്കി. അതൊരു വലിയ ആശ്വാസമായി.

Bromo-Scape
Tags:
  • Manorama Traveller