Tuesday 29 June 2021 12:06 PM IST : By Firoz begum/M.A. Latheef

ലോകത്ത് എല്ലായിടത്തും യാചകരുണ്ട്: യൂറോപ്യൻ യൂണിയന്റെ ആസ്ഥാനത്തും ഭിക്ഷാടകരെ കണ്ടു

1 - brusel

പാരീസിൽ നിന്നും ജർമ്മനിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ബ്രസ്സൽസ് സന്ദർശിച്ചത്. ബെൽജിയത്തിൻ്റെ തലസ്ഥാനമാണ് ബ്രസ്സൽസ്.

യൂറോപ്യൻ യൂണിയൻ്റെ ആസ്ഥാനവും, നാറ്റോ ഉൾപ്പടെയുള്ള മറ്റു പല അന്താരാഷ്ട്ര സംഘടനകളുടെ ആ സ്ഥാനവും ഇവിടെയാണ്. നെതർലാൻറ്, ജർമ്മനി, ലക്സംബർഗ്, ഫ്രാൻസ് എന്നിവയാണ് അതിർത്തി രാജ്യങ്ങൾ.

ബെൽജിയത്തിൽ ഏകദേശം ഒന്നരക്കോടിയിലധികം ജനങ്ങളുണ്ട്‌. പ്രധാന ഭാഷ ഫ്രഞ്ചും, ഡച്ചും ആണ്. ജർമ്മൻ ഭാഷയും ഉണ്ട്. പാർലമെൻ്ററി ഭരണവ്യവസ്ഥയാണെങ്കിലും ഭരണഘടനാ പ്രതിസന്ധിയുണ്ടായാൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം രാജാവിൽ നിക്ഷിപ്തമാണ്.

2 - brusel

ബ്രസ്സൽസിലേക്ക് പോകുന്ന ഹൈവേയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം ഗോതമ്പിന്റെയും ചോളത്തിന്റെയും കൃഷിയിടങ്ങളാണ്. ട്രാക്ടറുകളും മറ്റു യന്ത്രങ്ങളുമുപയോഗിച്ച് കൃഷി നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പൊടിപാറുന്ന കാഴ്ചകൾ യാത്രയിൽ സമൃദ്ധമായിരുന്നു. ബസ്സിന്റെ വേഗതക്കനുസരിച്ച് പുറകിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ഇത്തരം കാഴ്ചകൾക്കിടയിൽ ധാരാളം കാറ്റാടി യന്ത്രങ്ങളും...

ബസ്സിറങ്ങി നഗരഹൃദയത്തിലെ പ്രധാന സന്ദർശക കേന്ദ്രമായ Grand Place Square ലാണ് ഞങ്ങളെത്തിയത്. അവിടേക്കു പോകുന്ന വഴിയിൽ ഒരു കത്തീഡ്രൽ ചർച്ച് ഉണ്ട്. അടുത്ത കാലത്ത് കത്തിപ്പോയ ഫ്രാൻസിലെ നോത്രദാം പള്ളിയുടെ മാതൃകയിലാണ് ഈ പള്ളിയും പണിതിട്ടുള്ളത്. യൂറോപ്പിലെ ചർച്ചുകൾക്ക് നിർമ്മാണ രീതികളിലും, ശില്പമാതൃകയിലും, കൊത്തുപണികളിലും സമാനതകളേറെയുണ്ട്. കല്ലുകൾ പതിച്ച പാതകളിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് നടക്കുമ്പോൾ യാചിക്കുന്ന ഒരു സ്ത്രീയെ കാണുകയുണ്ടായി. സമ്പന്നമായ യൂറോപ്പിലെ ബ്രസ്സൽസിൽ മാത്രമാണ് ഈ കാഴ്ച കണ്ടത്. മറ്റെവിടെയും കാണുകയുണ്ടായില്ല. തലസ്ഥാന പ്രദേശത്തെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് ബ്രസ്സൽസ് നഗരം. പത്താം നൂറ്റാണ്ടിൽ ചാൾമാഗ്നെയുടെ പേരമകൻ ഒരു കോട്ടയായി സ്ഥാപിച്ച ബ്രസ്സൽസ് ഇന്ന് 10 ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന വൻ നഗരമാണ്. ബ്രസ്സൽസിലെ സെൻട്രൽ സ്ക്വയറാണ് ഗ്രാൻറ് പ്ലേസ് അഥവാ ഗ്രോട്ട് മാർക്ക്. പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ഗിൽഡ് ഹൗസസ്, ടൗൺഹാൾ, ബെൽ ടവർ, ബ്രസ്സൽസ് സിറ്റി ഹിസ്റ്ററി മ്യൂസിയം ഉൾപ്പെടുന്ന കിംഗ്സ് ഹൗസ് എന്നിവയാൽ സമ്പന്നമാണിവിടം. ബ്രസ്സൽസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും അവിസ്മരണീയമായ ലാൻറ് മാർക്കുമാണ് ഗ്രാൻറ് പ്ലേസ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ സ്ക്വയറുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.1998 മുതൽ യുനെസ്കോ ലോക പൈതൃക സൈറ്റാണ്. Grand place ന്റെ തൊട്ടടുത്ത കെട്ടിടത്തിലിരുന്നാണ് കാൾ മാർക്സ് മൂലധനവുമായി ബന്ധപ്പെട്ട ചില രചനകൾ നിർവ്വഹിച്ചത്. വിശ്വ പ്രശസ്തനായ വിക്ടർ ഹ്യൂഗോ ഇവിടെ വെച്ചു കഥയെഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ വിശ്വകൃതികൾ രൂപം കൊണ്ട സ്ഥലം കൂടിയാണിത്.

3 - brusel

തെരുവിലൂടെ മുന്നോട്ടു പോകുമ്പോൾ കാണുന്ന കവലയിൽ ഒരു കൊച്ചു ശില്പത്തിനു മുന്നിൽ ആൾക്കൂട്ടം. കൊച്ചു കുട്ടി മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന പിച്ചളയിൽ തീർത്ത ഒരു ശില്പം, മാൻ കിൻ പിസ്സ്. ജലദൗർലഭ്യം ഉണ്ടായിരുന്ന കാലത്ത് ജനങ്ങൾക്ക് വെള്ളം നൽകിയിരുന്ന സ്ഥലമായിരുന്നു ഇത്. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഒട്ടേറെ നിർമ്മിതികൾ തകർക്കപ്പെട്ടതിന്റെ കൂട്ടത്തിൽ ഇതും തകർക്കപ്പെട്ടു. പിന്നീട് അതിന്റെ സ്മരണക്കായി പുന:സൃഷ്ടിച്ച ശില്പമാണിത്. യുദ്ധങ്ങൾ ഓരോ രാജ്യത്തിന്റെയും വർഷങ്ങളുടെ നിർമ്മിതികളെയാണല്ലോ ആദ്യം തകർക്കുന്നത്. യൂറോപ്പിൽ ഭൂരിഭാഗവും പഴയ രീതിയിൽ പിന്നീട് പുനഃസൃഷ്ടിച്ചെടുക്കുകയായിരുന്നു. ലിറ്റിൽ മാൻപീ നിൽക്കുന്ന തെരുവിന്റെ ഇരുവശത്തുമുള്ള ചോക്ളേറ്റ് ഷോപ്പുകളിൽ മാൻ പീയുടെ ചോക്ളേറ്റ് മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കാണാനും കൗതുകമുണ്ട്. ഷോപ്പുകളിൽ വിവിധയിനം രുചിക്കൂട്ടുകളിലുള്ള ഐസ്ക്രീമുകളും, വാഫ്ൾസും ചില്ലു കൂടുകളിൽ കലാപരമായി ക്രമീകരിച്ചു വെച്ചിട്ടുണ്ട്. മിക്ക ഷോപ്പുകളിലും മോശമല്ലാത്ത തിരക്കുമുണ്ടായിരുന്നു. ചോക്കലേറ്റ്, വാഫ്ൾസ് എന്നിവക്കു പേരുകേട്ട സ്ഥലമാണ് ബെൽജിയം. ലോകത്തിൽ തന്നെ ഏറ്റവും രുചികരമായ ചോക്കലേറ്റുകളും വാഫ്ൾസും വിൽക്കുന്ന ഈ തെരുവിൽ (Grand place) വാഹനങ്ങൾ വരികയില്ല. വാഹനങ്ങൾ കയറാത്ത സിറ്റികൾ യൂറോപ്പിൽ ധാരാളം കാണാം. രണ്ട് കുതിരവണ്ടികൾ മാത്രമാണ് ഈ തെരുവിൽ ഞങ്ങളെ കടന്നു പോയത്. അര മണിക്കൂർ യാത്രക്ക് 40 യൂറോയാണത്രെ കുതിര സവാരിയുടെ ചാർജ്ജ്. ഈ തെരുവിലൂടെ നടക്കുമ്പോൾ കോഴിക്കോട് മിഠായിതെരുവിനെ ഓർമ്മ വന്നു. തെരുവിനെ സജീവമാക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്ന സന്ദർശകക്കൂട്ടങ്ങൾ.

5 - brusel

തിരക്കേറിയ ഇടനാഴികളിലൂടെ അവിടെ നിന്നും മടങ്ങുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. അപ്പോഴും റോഡിലെ ക്ലീനിംഗ് വിഭാഗം പ്രവർത്തനനിരതരായിരുന്നു. റോഡിൽ മൂന്ന് കോച്ചുകൾ ഉള്ള പബ്ലിക് ബസ്സുകൾ (മെട്രോ ട്രെയിൻ പോലെയുള്ളത്) ഊഴം കാത്ത് ഒന്നിനു പിറകെ ഒന്നായി നിർത്തിയിട്ടിരിക്കുന്നതും കണ്ടു. നമ്മുടെ നാട്ടിൽ കാണാത്ത കാഴ്ചയായിരുന്നു അത്.

ഉച്ചക്കു ശേഷം അറ്റോമിയം. ബ്രസ്സൽസിൽ കാണാനും ഓർമ്മിക്കാനുമുള്ള മറ്റൊരു കാഴ്ചയാണിത്. ഒരു ആറ്റത്തിന്റെ മാതൃകയിൽ ഉണ്ടാക്കിയ ലാൻ്റ് മാർക്ക് നിർമ്മിതിയാണിത്. 1958ൽ ബ്രസ്സൽസിൽ നടന്ന ലോക ഫെയറിന് വേണ്ടി ആന്ദ്രേ വാറ്റ്റിക് എന്ന എഞ്ചിനീയർ രൂപകല്പന ചെയ്തതാണിത്. ഒരു ഇരുമ്പ് ആറ്റത്തിന്റെ പരൽ രൂപമാണിത്. ഒമ്പതു ഗോളങ്ങൾ പരസ്പരം കുഴലുകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ആകെ ഉയരം 102 മീറ്റർ. ഈ ട്യൂബുകൾക്കകത്തു കൂടിയാണ് ലിഫ്റ്റുകൾ നീങ്ങുന്നത്. ഇതിനകത്ത് ഏറ്റവും താഴെ സ്ഥിരമായ ഒരു എക്സിബിഷൻ ഹാൾ ഉണ്ട്. കൂടാതെ മറ്റ് ഗോളങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾക്ക് ഉപയുക്തമാക്കാവുന്ന തരത്തിൽ ഉള്ള കോൺഫറൻസ് ഹാളുകളും ഉണ്ട്. സിനിമാ പ്രദർശനം, പാർട്ടികൾ എന്നിവക്കു ഉപയോഗിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഏറ്റവും ഉയരെയുള്ള ഗോളത്തിൽ ഒരു റെസ്റ്റോറൻ്റുമുണ്ട്. അവിടെ നിന്നാൽ ബ്രസ്സൽസിന്റെ ഒരു പനോരമ വ്യൂ കാണാം. അറുപത് വർഷത്തിലത്തിലധികമായി ഇത് ബെൽജിയത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് പോയിന്റായി നിലനിൽക്കുന്നു. ഇതിന്റെ മുൻഭാഗത്തുള്ള മനോഹരമായ പുൽതകിടികൾ ജലധാരകൾ സൃഷ്ടിച്ച് കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്. സമയ ദൗർലഭ്യം കാഴ്ചകളെ പരിമിതപ്പെടുത്തി. പാക്കേജ് ടൂറുകളുടെ പ്രധാന പരിമിതിയും അതാണ്. നമ്മുടെ താല്പര്യങ്ങളെ ഗ്രൂപ്പിന്റെ ടൈംടേബിളിലേക്കു ഒതുക്കി വെക്കേണ്ടി വരുന്നു.

4 - brusel

യൂറോപ്പിൽ ടൂർ പാക്കേജിലല്ലാതെ സ്വന്തമായി വരണമെന്നാണ് ഗൈഡിന്റെ ഉപദേശം. ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് എയർപോർട്ടിൽ നിന്ന് ദിവസവാടകക്ക് കാർ കിട്ടും. ദിവസവാടക 50 യൂറോ ആണെന്നാണ് അറിഞ്ഞത്. മടങ്ങിപ്പോകുമ്പോൾ ഏത് എയർപോർട്ടിലും കാർ തിരിച്ചേൽപ്പിക്കാം. കാരവനും ഇത് പോലെ വാടകക്ക് ലഭിക്കും. പാക്കേജുകളിൽ രാജ്യങ്ങളുടെ എണ്ണം കൂടുമെങ്കിലും, പരിമിതമായ ദിനങ്ങൾക്കുള്ളിൽ ഒരു രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ പോലും കാണാനാവാതെ അടുത്ത രാജ്യത്തേക്കു ഓടേണ്ട അവസ്ഥയായിരിക്കും. അതിനാൽ കാണുന്ന രാജ്യങ്ങൾ വിശദമായി കാണാനും അറിയാനും അനുഭവിക്കാനും ഉതകുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഞങ്ങളുടെ യാത്രയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ (ബെൽജിയം ഉൾപ്പെടെ) ചെറിയ ഭാഗങ്ങൾ മാത്രമാണ് ഞങ്ങൾക്കു കാണാനായത്. അതൊന്നും പൂർണ്ണമായില്ല എന്ന തോന്നൽ ഉള്ളതുകൊണ്ടു തന്നെ അവിടങ്ങളിലേക്ക് ഇനിയും യാത്രകൾ അനിവാര്യമാണ്.